Tuesday, July 21, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി

Photobucket


ഈ പടത്തെപ്പറ്റിയും, പടം എടുത്ത സാഹചര്യങ്ങളെ പറ്റിയും ദീപക് തന്നെ പറയുന്നത് കേള്‍ക്കൂ

ഈ പടം എന്റെ പാനസോണിക് കാമറയില്‍ എടുത്തതാണ് (bridge camera 28-504 effective focal length). സ്ഥലം ഡബ്ലിനിലെ ഒരു പാര്‍ക്ക്‌. സമയം ഉച്ചനേരം. ഞാന്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന ഈ കൊക്ക് അകലെ വെള്ളത്തില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നെ കണ്ടതും പറന്നുയര്‍ന്ന കൊക്ക് വീണ്ടും അങ്ങകലെ പറന്നിറങ്ങി ഇരുന്നപോഴാണ് ഈ ഫോട്ടോ എടുത്തത്. എന്റെ ശരീരം ഒളിപ്പിച്ചു ഇന്റെലിജെന്റ്റ്‌ ഓട്ടോമോഡില്‍ (പാനാസോണിക്കില്‍ ഫുള്‍ ഓട്ടോ മോഡിന്റെ പേര് ) ഇട്ടു എടുത്തതാണ്. അതുകൊണ്ട് ഫ്രേമില്‍ വരുന്ന ചില ഇലകളും മറ്റും ഒബ്ജെക്റ്റ്‌ അല്പം ഡിസട്രാക്റ്റ് ആക്കുന്നുണ്ട്‌.അതുപോലെ ഈ വെള്ളത്തില്‍ പലയിടത്തും മറ്റുകിളികള്‍ ഉണ്ടായിരുന്നു. അതും ഒരു പ്രശ്നം ആയിരുന്നു. (കാണാന്‍ അധികം ഭംഗിയില്ലാത്ത ആ കിളികള്‍ എന്നെ കണ്ടാല്‍ പറക്കും എന്നത് ഒരു പ്രശ്നം. രണ്ടു അത്തരം കിളികള്‍ ഫ്രേമില്‍ വന്നാല്‍ ഈ കൊക്കിന്റെ പ്രാധാന്യം ഇല്ലാതെയാവുകയോ ശ്രദ്ധ അതിലേക്കു പോവുകയോ ചെയ്യും. അതാണ് ഇങ്ങനെ പോട്രൈറ്റ് മോഡില്‍ ഫോട്ടോ എടുത്തതിന്റെ ഒരു കാരണം. രണ്ടാമത് ഉയരം കൂടുതലുള്ള കിളികളെ ലാന്‍ഡ്‌സ്കെപ്‌ മോഡില്‍ എടുക്കുന്നതിനെക്കാള്‍ പോട്രൈറ്റ് മോഡില്‍ എടുക്കുന്നത് കൂടുതല്‍ ഭംഗിയാവും എന്നതാണ് അനുഭവം.- ഇതും സന്ദര്‍ഭം അനുസരിച്ചാണ്.അതും പോട്രൈറ്റ് മോഡില്‍ എടുക്കാന്‍ കാരണമായി.

ടെക്നിക്കല്‍ ഡാറ്റ:

ExposureTime - 1/125 seconds
FNumber - 4.20
ExposureProgram - Normal program
ISOSpeedRatings - 125
MeteringMode - Multi-segment
LightSource - Auto
Flash - Flash not fired, compulsory flash mode
ExposureMode - Auto
White Balance - Auto
Contrast - Normal
Saturation - Normal
Sharpness - Normalഈ പടത്തിലെ പ്രശ്നങ്ങളെപ്പറ്റി ദീപക്ക് തന്നെ മുകളില്‍ എഴുതിയിരിക്കുന്നു. ചെറിയ ചില പ്രശ്നങ്ങളൊഴിച്ചാല്‍, നല്ലൊരു പടമാണിത്. എന്റെ നിരീക്ഷണങ്ങള്‍ ചുവടെ:

1. ഉയരം കൂടിയ പക്ഷികളെ വെര്‍ട്ടിക്കല്‍ കോമ്പോസിഷനില്‍ എടുക്കുമ്പോള്‍ ക്രോപ്പിങ്ങ് - പ്രത്യേകിച്ചും പ്രതിബിംബം കൂടി പടത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ - ബുദ്ധിമുട്ടാകും.

2. മുളകളുടെ ഇലകള്‍, ചുള്ളിക്കമ്പുകള്‍, ഫോട്ടോയുടെ മുകളിലെ റോഡ്, മണ്‍തിട്ട, വെള്ളത്തിലെ വെളുത്ത പൊട്ടുകള്‍ - എന്നിവ ഒരല്‍പ്പം ഡിസ്ട്രാക്റ്റിങ്ങ് ആണ്. ഇത് ദീപക്ക് തന്നെ മുകളില്‍ പറഞ്ഞുകഴിഞ്ഞു. ഇലകള്‍ മാത്രമാണെങ്കില്‍ അത്ര പ്രശ്നമുണ്ടാകുമായിരുന്നില്ല. പടവുമായി ബാലന്‍സ് ചെയ്ത് പോയേനേ. Subject Isolation സാധിക്കാതെ വന്നതിന്റെ പ്രശ്നങ്ങളാണിവ.


ഇനി നമുക്ക് ഈ പടത്തിലെ അനാവശ്യ ഭാഗങ്ങളൊന്ന് ക്രോപ്പ് ചെയ്തു നോക്കാം.

എല്ലാ ക്രോപ്പിങ്ങിലും ചുള്ളിക്കമ്പുകളുടേയും ഇലകളുടേയും ഭാഗങ്ങള്‍ വന്നിട്ടുണ്ട്. കോമ്പോസിഷന്‍ മാക്സിമം നന്നാക്കിയും, അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കിയുമുള്ള ക്രോപ്പിങ്ങ് പരീക്ഷണമാണ് ഇതെല്ലാം. കൂടുതല്‍ നല്ല ക്രോപ്പിങ്ങ് ചെയ്യാം എന്ന് വായനക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍ ദയവായി ശ്രമിക്കുമല്ലോ.Photobucket

ദീപക്ക് പറഞ്ഞ പോലെ ഒരു വെര്‍ട്ടിക്കല്‍ ക്രോപ്പിങ്ങ്. പ്രതിബിംബം സഹിതം


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു horizontal frame


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു vertical frame


Photobucket

കുറച്ചുകൂടി tight ക്രോപ്പിങ്ങ്.പക്ഷികളുടെ ഫോട്ടോ എടുക്കുമ്പോള്‍

1. കഴിവതും raw മോഡില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. എടുക്കുന്ന സമയത്ത് വൈറ്റ് ബാലന്‍സ് തെറ്റാണെങ്കിലും, post processing - ല്‍ കറക്റ്റ് ചെയ്യാന്‍ സാധിക്കും.

2.ക്യാമറ Burst mode - ല്‍ ഇട്ട് ഷൂട്ട് ചെയ്യുക. സെക്കന്റില്‍ 2 ഫ്രെയിം മുതല്‍ 6 ഫ്രെയിം വരെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ക്യാമറകള്‍ ഉണ്ട്. ഫോക്കസ് ചെയ്തതിനുശേഷം രണ്ടോ മൂന്നോ സെക്കന്റ് സമയം ബട്ടന്‍ ഞെക്കിപ്പിടിച്ചിരിക്കുക. ഏതെങ്കിലും ഒരു ഫ്രെയിമെങ്കിലും ഷേക്ക് ഇല്ലാതെ കൃത്യമായി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നും കിട്ടിയില്ലെങ്കിലും നിരാശപ്പെടണ്ട. വീണ്ടും ശ്രമിക്കുക.

3. അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. DOF-നെ വരുതിയില്‍ നിര്‍ത്താന്‍ അത് സഹായിക്കും. Sports മോഡിലും പരീക്ഷിക്കാവുന്നതാണ്.

4. Subject Isolation - പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. എങ്കിലും ശ്രമിക്കുക.

5. കൃത്യമായി ഫോക്കസ് ചെയ്യുക.

6. ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക - നിരാശകൂടാതെ, ക്ഷമയോടെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ആശംസകള്‍..

- കുട്ടു
for c4Camera

Thursday, July 16, 2009

സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി

ഈ പോസ്റ്റിന് സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി എന്നു തന്നെ പേരിടാൻ ഒരു കാരണമുണ്ട്. വലിയ സിറ്റികളിലെ രാത്രിക്കാഴ്ചകൾ കൃത്രിമപ്രകാശത്തിന്റെ പ്രഭാപൂരത്തിലായിരിക്കും എന്നറിയാമല്ലോ. അനവധി സ്ട്രീറ്റ് ലൈറ്റുകളുടെയും, മറ്റു ഇലക്ട്രിക് ലൈറ്റുകളുടെയും ഇടമുറിയാതെയുള്ള പ്രകാശധാരയിൽ കുളിച്ചാവും ഏതൊരു മെട്രോപ്പോലിറ്റൻ സിറ്റിയും രാത്രികാലങ്ങളിൽ കാണപ്പെടുക. ഇലക്ട്രിസിറ്റിക്ക് യാതൊരു ക്ഷാമവുമില്ലാതത ഗൾഫ് നാടുകളിൽ രാത്രികാലങ്ങളിലെ സിറ്റിലൈറ്റുകൾ ഒരു കാഴ്ചതന്നെയാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെ പ്രതിബിംബങ്ങൾ ഉണ്ടാ‍ക്കുവാൻ പാകത്തിന് അവയ്ക്കുമുമ്പിൽ ഒരു ജലാശയമുണ്ടെങ്കിൽ പറയാനുമില്ല!

ദുബായിയിലുള്ള ജോസ് ഏബ്രഹാം എന്ന ഫോട്ടോഗ്രാഫർ അയച്ചു തന്ന ഒരു ചിത്രമാണ് ഈക്കുറി നാം അവലോകനം ചെയ്യുവാൻ പോകുന്നത്. ദുബായിയിലെ ക്രീക്കിന്റെ ഒരു ഭാഗമാണ് രംഗം. ഒരു നദിപോലെ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ഒരു ജലപാതയാണ് ക്രീക്ക്. ഇതിലെ ജലം കടൽ വെള്ളമാണെന്നുമാത്രം. ദുബായ് ക്രീക്കിനിരുവശത്തുമായി ദേര, ബർദുബായ് എന്നീ നഗരങ്ങൾ സ്ഥിതിചെയ്യുന്നു.രാത്രികാലങ്ങളിൽ ക്രീക്കിന്റെ ഓരങ്ങളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഈ ഫോട്ടോയിൽ കാണുന്നത് ബർദുബായ് സൈഡിൽ നിന്നുകൊണ്ട് കാണുന്ന ദേരസിറ്റിയുടെ ഭാഗമാണ്. വൈദ്യുതദീപങ്ങളാൽ അലംകൃതമായി ഈ ഫോട്ടോയിൽ കാണപ്പെടുന്ന കെട്ടിടങ്ങൾ എത്തിസാലാത് ബിൽഡിംഗ്, ലെ മെറിഡിയൻ ഹോട്ടൽ, നാഷനൽ ബാങ്ക് ഓഫ് ദുബായ്, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയാണ്.

ഈ ചിത്രം പകർത്തിയിരിക്കുന്നത് കാനന്റെ ഫുൾ ഫ്രെയിം സെൻസർ ക്യാമറയായ 5D ഉപയോഗിച്ചാണ്. EF 28-70 mm ലെൻസ് 43 mm എന്ന ഫോക്കൽ ലെങ്തിൽ സെറ്റ് ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എക്സ്പോഷർ ഡേറ്റ ഇപ്രകാരമാണ്.

 • ISO 400,
 • Shutter speed 1 second,
 • അപ്പർച്ചർ സൈസ് f/4

ക്യാമറ ട്രൈപ്പോഡിൽ ഉറപ്പിച്ചാണ് ഫോട്ടോ എടുത്തത്. കുറഞ്ഞ ലൈറ്റിൽ ഫോട്ടോഗ്രാഫി ചെയ്യുമ്പോഴൊക്കെ ട്രൈപ്പോഡ് ഉപയോഗിക്കുക തന്നെ വേണം. എങ്കിൽ മാത്രമേ shake-free ഇമേജ് ലഭിക്കുകയുള്ളൂ. ഇത്രയും തുറന്ന അപ്പർച്ചറിൽ (f/4) ഇതുപോലെയൊരു സീൻ ഷാർപ്പായി കിട്ടുമോ, ഇതിനേക്കാൾ ചെറിയ ഒരു അപ്പർച്ചർ അല്ലേ ഇവിടെ നല്ലത് എന്നു സംശയം തോന്നുന്നവർ ഹൈപർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് വായിച്ചു പഠിക്കുക. മലയാളത്തിൽ അത് വായിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ വായിക്കാം.

ഈ ചിത്രം പകർത്തിയിരിക്കുന്ന സമയം സന്ധ്യാസമയമാണ്. ത്രിസന്ധ്യ എന്നു പറയാം. സൂര്യാസ്തമയം കഴിഞ്ഞു, എന്നാൽ ചക്രവാളത്തിൽ നിന്ന് പൂർണ്ണമായും പ്രകാശം അപ്രത്യക്ഷമായിട്ടില്ലതാനും. രാത്രികാല സിറ്റി ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ ഒരു സമയമാണിത്. കാരണം, സിറ്റിയിലുള്ള വൈദ്യുതവിളക്കുകൾ പൂർണ്ണമായും കെട്ടിടങ്ങളുടെ ഭിത്തികളെ പ്രകാശിപ്പിക്കുകയില്ല. അതേ സമയം ചക്രവാളത്തിൽ നിന്നുവരുന്ന നേർത്ത സൂര്യപ്രകാശം (ഇത് Reflected and diffused light ആണെന്നോർക്കുക) കെട്ടിടങ്ങളിലുള്ള ലൈറ്റുകളുടെ പ്രകാശത്തെ Compliment ചെയ്യും. ഈ ചിത്രം എടുത്തിരിക്കുന്ന രംഗത്തിന്റെ പ്രത്യേകത, ഇവിടെ സൂര്യാസ്തമയം കഴിഞ്ഞ ചക്രവാളം ഫോട്ടോഗ്രാഫറുടെ പിറകിലാണ് എന്നതാണ്. അതായത് ഈ കെട്ടിടങ്ങൾ പടിഞ്ഞാറോട്ട് മുഖമായാണ് ക്രീക്ക് സൈഡിൽ നിൽക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ഭംഗിയായി Twilight ഈ ചിത്രത്തിൽ ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടുള്ളത്.

കാനൻ 5D എന്ന ഈ ക്യാമറ ഒരു 35 mm Full frame സെൻസർ ക്യാമറ ആയതിനാലാണ് 43mm എന്ന ഫോക്കൽ ലെങ്ത് ഉപയോഗിക്കുവാനായത്. Entry level SLR with 1.5 crop factor ആയിരുന്നു എങ്കിൽ, ഇതേ ആംഗിളിൽ ഒരു ചിത്രം ലഭിക്കുവാൻ 28 mm ഫോക്കൽ ലെങ്ത് ഉപയോഗിക്കേണ്ടി വന്നേനേ. ISO 400 @ 1 second എന്ന സെറ്റിംഗ് ആയതിനാൽ നോയിസ് വളരെ കുറവാണെന്നതും ശ്രദ്ധിക്കുക. ടെക്നിക്കലായി മറ്റു പ്രശ്നങ്ങളൊന്നും ഈ ചിത്രത്തിനില്ല.

ഇനി ഈ ചിത്രത്തിന്റെ കമ്പോസിംഗ് ഒന്നു പരിശോധിക്കാം. അവിടെയും കുറ്റങ്ങളായി അധികമൊന്നും പറയാനില്ല. എങ്കിലും എനിക്ക് തോന്നിയ ചിലകാര്യങ്ങൾ പറയട്ടെ. ചിത്രത്തിന്റെ Horizontal orientation അത്ര നേരെയല്ല എന്നതാണ് ആദ്യമായി കണ്ണിൽ പെടുന്ന കാര്യം. ക്രീക്കിലെ ജലത്തിന്റെ അങ്ങേ അരിക് ശ്രദ്ധിക്കൂ. വലത്തേക്ക് പോകും തോറും ഒരു ചെരിവുണ്ട് അല്ലേ? ട്രൈപ്പോഡിൽ ക്യാമറ ഉറപ്പിച്ചപ്പോൾ ഫോട്ടോഗ്രാഫർ ശ്രദ്ധിക്കാതെപോയ വളരെ നേരിയ ഒരു ചെരിവാണത്. ഇത് വളരെ എളുപ്പത്തിൽ ഫോട്ടോഷോപ്പിലെ Rotate image എന്ന ടൂൾ ഉപയോഗിച്ച് പരിഹരിക്കാം. ഇവിടെ 1° Clockwise റൊട്ടേഷൻ നൽകി.

ചിത്രത്തിന്റെ ലംബമായ അരികുകൾ ശ്രദ്ധിച്ചാൽ മറ്റൊരു ലെൻസ് ഡിസ്റ്റോർഷൻ കണ്ണിൽ പെടും. കെട്ടിടങ്ങളുടെ അരികുകളും ഫ്രെയിമിന്റെ അരികും തമ്മിൽ മുകളിലേക്ക് പോകുംതോറും അകന്നുപോകുന്നതായി തോന്നുന്നില്ലേ. ഇതാണ് പെർസ്പെക്റ്റീവ് ഡിസ്റ്റോർഷൻ - കാഴ്ചയിലുണ്ടാകുന്ന ഡിസ്റ്റോർഷൻ. ഇതു പരിഹരിക്കുവാനുള്ള ഒരു ടൂളും ഫോട്ടോഷോപ്പ് ഫിൽറ്ററുകളുടെ കൂട്ടത്തിലുണ്ട്. Lense Correction എന്നാണിതിന്റെ പേര്. ഇത് ഉപയോഗിച്ച് ചിത്രം നേരെയാക്കുക.ഇനി നമുക്കു വേണ്ട രീതിയിൽ ചിത്രത്തെ ക്രോപ്പ് ചെയ്യാം. ചിത്രത്തിന്റെ ഒറിജിനൽ Aspect ratio ആയ 2:3 തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി. ഇപ്രകാരം മാറ്റിയെടുത്ത ചിത്രമാണ് താഴെയുള്ളത്. മറ്റു രീതിയിലുള്ള കളർ കറക്ഷനുകളൊന്നും തന്നെ നടത്തിയിട്ടില്ല.സിറ്റിലൈറ്റ് / രാത്രികാല ചിത്രങ്ങളെടുക്കുമ്പോൾ ഓർത്തിരിക്കേണ്ട കാര്യങ്ങൾ:

 • ഫ്രെയിമിൽ ചലിക്കുന്ന വസ്തുക്കൾ ഇല്ലെങ്കിൽ കുറഞ്ഞ ISO സെറ്റിംഗ് മതിയാവും. നോയിസ് കുറയ്ക്കാൻ ഇത് സഹായകമാണ്.
 • ക്യാമറ ട്രൈപ്പോഡിലോ, മറ്റേതെങ്കിലും ഉറപ്പുള്ള പ്രതലത്തിലോ വച്ച് മാത്രം ലോ-ലൈറ്റ് ഫോട്ടൊഗ്രാഫി ചെയ്യുക.
 • ക്യാമറ അനങ്ങുന്നത് -ട്രൈപ്പോഡിൽ ആണെങ്കിൽ കൂടി - ഒഴിവാക്കാൻ ഒന്നുകിൽ റിമോട്ട് ഉപയോഗിക്കാം. അല്ലെങ്കിൽ സെൽഫ് ടൈമർ സെറ്റ് ചെയ്യാം.
 • Twilight ഉപയോഗിക്കാൻ പറ്റുന്ന സമയമാണെങ്കിൽ അത് ഉപയോഗിക്കുക. പൂർണ്ണമായും രാത്രിയായതിൻ ശേഷം എടുക്കുന്ന ചിത്രങ്ങളേക്കാൾ ഇവ നന്നായിരിക്കും.
 • വൈഡ് ആംഗിൾ ഷോട്ടൂകൾ എടുക്കുമ്പോൾ ചിത്രത്തിന്റെ ഫോർഗ്രൌണ്ടിൽ കുറേ സ്ഥലം വിടുന്നത് ഡെപ്ത് കൂട്ടിക്കാണിക്കുവാൻ ഉപകരിക്കും. എന്നാൽ ചിത്രവുമായി ചേരാത്ത വസ്തുക്കൾ ഈ ഫോർഗ്രൌണ്ടിൽ വരാതെ നോക്കുക.
ഇത്രയുമാണ് ഈ ചിത്രത്തിന്റെ അവലോകനമായി എനിക്ക് പറയുവാനുള്ളത്. ഇനി വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കട്ടെ. ഇവിടെ അഭിപ്രായങ്ങൾ എഴുതുന്നവരാരും “ഞാനൊരു തുടക്കക്കാരനാണ്, അതിനാൽ അഭിപ്രായം പറയാൻ അറിയില്ല” എന്നു വിചാരിക്കേണ്ടതീല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നെഴുതാം. മറ്റുചിത്രങ്ങളെ നിങ്ങളുടേതായ കാഴ്ചപ്പാടിലൂടെ പഠിക്കുന്നതിലൂടെമാത്രമേ നിങ്ങൾക്കും നല്ല ഫോട്ടോഗ്രാഫർ ആകുവാൻ കഴിയുകയുള്ളൂ എന്നോർക്കുമല്ലോ.

- അപ്പു

Monday, July 13, 2009

പാഠം 3: സബ്ജക്റ്റ് പ്ലേസ്‌മെന്റ്

Photobucket


ഈ ഫോട്ടോ c4Camera-ക്കു അയച്ചുതന്നതിന് ഹരീഷ് തൊടുപുഴയ്ക്ക് ആദ്യമേ നന്ദി പറയട്ടെ. തേക്കടിയിലെ തടാകത്തില്‍ വച്ച് ഹരീഷ് എടുത്തതാണ് ഈ ചിത്രം. അതും ഒരു ബോട്ടില്‍ ഇരുന്നുകൊണ്ട്. കൈയ്യിലുണ്ടായിരുന്ന കിറ്റ് ലെൻസ് ഉപയോഗിച്ചുകൊണ്ട് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡിലാണ് ( F10, 1/250 sec, ISO 400) ഈ പടം എടുത്തിരിക്കുന്നത്. താരതമ്യേന ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ - ഒരു പക്ഷെ ആ ലെന്‍സിന്റെ സ്വീറ്റ് സ്പോട്ട് - foreground മുതല്‍ ബാക്ക്ഗൌന്‍ഡ് വരെ എല്ലാം ഫോക്കസിലാണ്.

മനോഹരമായ തടാകത്തിനരികില്‍, കുടയും ചൂടി കൂനിക്കൂടിയിരുന്ന് ഒരു വൃദ്ധ മീന്‍ പിടിക്കുന്നു. പശ്ച്ചാത്തലത്തിലുള്ള പുല്‍മേടില്‍ നിന്ന് അവരെ പ്രത്യേകം എടുത്തുകാണിക്കുവാന്‍ (Contrast) വളരെ കളര്‍ഫുള്‍ ആ‍യ അവരുടെ വസ്ത്രം സഹായിക്കുന്നു. ഏറെക്കുറെ നിശ്ചലമായ വെള്ളത്തില്‍ അവരുടെ പ്രതിബിംബം കാണാം. ഫ്രെയിമില്‍ എല്ലായിടത്തും തുല്യമായ ലൈറ്റിങ്ങ്. വൈകുന്നേരം നാലുമണിയോടത്തനേരത്ത് ഒട്ടും നിഴലില്ലാതെ ഇത്രയും മനോഹരമായ ലൈറ്റിങ്ങ് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ആകാശം മേഘാവൃതമായിരുന്നു എന്ന് ഊഹിക്കുന്നു. മനോഹരമായ ഒരു പടം എടുക്കാന്‍ വേണ്ടതെല്ലാം അവിടെയുണ്ട്. ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും ഫോട്ടോ എടുത്ത് അര്‍മ്മാദിക്കാന്‍ സ്കോപ്പുള്ള സിറ്റുവേഷന്‍ ആയിരുന്നു അത് എന്നതില്‍ ഒരു സംശയവുമില്ല.


ഫോട്ടോയില്‍ ഈ സാഹചര്യങ്ങള്‍ എങ്ങിനെ പ്രതിഫലിച്ചു എന്നു നമുക്ക് പരിശോധിക്കാം.
 • ഫോട്ടോയില്‍ എല്ലായിടത്തും ഈവന്‍ ലൈറ്റിങ്ങ് കിട്ടിയിട്ടുണ്ട്.
 • ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ ഫോട്ടോയില്‍ എല്ലാം ഷാര്‍പ്പായി, ഫോക്കസില്‍ കിട്ടി
 • ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് മുകളില്‍ വലതുഭാഗത്ത് തുടങ്ങി സ്ത്രീയുടെ പുറകില്‍ വരെ നീണ്ടുകിടക്കുന്ന മണല്‍ത്തിട്ടയാണ്. ഫോട്ടോയിലെ മറ്റുള്ള ഭാഗങ്ങളേക്കാളും തെളിച്ചവും, വലിപ്പവും ആ മണല്‍ത്തിട്ടയ്ക്കുണ്ട്.
 • പിന്നെ ശ്രദ്ധയില്‍പ്പെടുന്നത് മീന്‍പിടിക്കുന്ന സ്ത്രീ ആണ്. Dead center placement..! ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്യാത്ത കുറേ ഏരിയയുടെ ഇടയ്ക്ക് പാവമൊരു സ്ത്രീ എന്ന ഒരു തോന്നല്‍ ഉളവാക്കുന്നു ആ കാഴ്ച. സ്ത്രീയ്ക്കു പുറകിലുള്ള ഏരിയ ഈ ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രമല്ല, അഭംഗിയാവുകയും ചെയ്തു.
 • വേറൊന്ന്, വെള്ളത്തിലേക്ക് നീണ്ടുനില്‍ക്കുന്ന ചെറിയ മണല്‍ത്തിട്ടയാണ്. ഫോട്ടോയുടെ പ്രധാന സബ്ജക്റ്റ് ആയ സ്ത്രീയെ നോക്കുമ്പോള്‍ ഒരല്‍പ്പം അലോസരമുണ്ടാക്കുന്നുണ്ട് ആ മണല്‍ത്തിട്ട. അത് ഫോട്ടോയില്‍ Essential Part ആണ് എന്നും തോന്നുന്നില്ല.
 • വെള്ളത്തില്‍ നില്‍ക്കുന്ന രണ്ടു മരക്കുറ്റികള്‍ ഒരല്‍പ്പം distracting ആണ്. പക്ഷെ, അതത്ര സാരമുള്ളതല്ല.

ഇനി ഈ ഫോട്ടോയില്‍ ചെയ്യാവുന്ന ഏറ്റവും നല്ല എഡിറ്റിങ്ങ് rule of third പ്രകാരം ക്രോപ്പ് ചെയ്യുക എന്നതാണ്. നമുക്കൊന്ന് ചെയ്തുനോക്കിയാലോ?


Photobucket


Photobucketഫോട്ടോയുടെ 75 ശതമാനത്തോളം സ്ഥലം ക്രോപ്പ് ചെയ്തു കളഞ്ഞു എന്ന് മനസ്സിലായല്ലൊ. ഇത് ഫോട്ടോയുടെ ക്ലാരിറ്റിയെ പ്രതികൂലമായി ബാധിച്ചില്ലേ. സ്ത്രീയുടെ പുറകിലെ സ്ഥലം ഇപ്പോഴും distracting ആണ്. അതും ഒഴിവാക്കി ക്ലോസ് ക്രോപ്പിങ്ങ് ചെയ്താല്‍ ഇത്ര ഭംഗിയുണ്ടാകുമെന്ന് തോന്നുന്നില്ല.


Update (14/June/2009 06:45 PM)
ദീപക്കിന്റെ അഭിപ്രായ പ്രകാരം ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.

Photobucket


Update (14/June/2009 08:58 PM)
സപ്തന്‍ ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.

Photobucketഎന്റെ കാഴ്ചപ്പാടില്‍, ഈ ഫോട്ടോയിലെ പിശകുകള്‍ ഇവയാണ്.
 • തെറ്റായ subject placement നു ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ. ഈ ഫോട്ടോയുടെ പ്രധാന subject ആയി ഫോട്ടോഗ്രാഫര്‍ എടുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം പുറകിലെ മണല്‍ത്തിട്ടയും, വെള്ളത്തിലെ ചെറിയ തിട്ടയും കവര്‍ന്നെടുത്തു. റൂള്‍-ഓഫ്-തേഡ് പോലുള്ള കമ്പോഷിഷന്‍ ടെക്ക്നിക്ക് ഇതില്‍ ഉപയോഗിക്കാമായിരുന്നു. ഈ ദൃശ്യം കുറച്ചുകൂടി സൂം-ഇന്‍ ചെയ്ത് വെള്ളത്തിലെ തിട്ടയെ ഒഴിവാ‍ക്കി ഒരു കോമ്പോസിഷനായിരുന്നില്ലേ കൂടുതല്‍ മനോഹരമാകുക ?
 • Many distracting elements in background (സ്ത്രീയുടെ മുന്നിലും പിന്നിലുമുള്ള മണല്‍ത്തിട്ട, മരക്കുറ്റികള്‍ etc.). കോമ്പോസിഷനില്‍ ഒരല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു.

എന്റെ പരിമിതമായ അറിവു വച്ച് ഇത്രയൊക്കെയേ പറയാനുള്ളൂ.
ബാക്കി വായനക്കാര്‍ പറയൂ.

- കുട്ടു.
for C4Camera.

Wednesday, July 08, 2009

പാഠം 2 : റൂൾ ഓഫ് തേഡ്സ്
ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഒരു ദൃശ്യം. നേരിൽ, മനസിനു വളരെ കുളിർമ്മയേകുന്ന ഒരു സ്ഥലം. വിശാലമായ പാടശേഖരം, ഞാൻ നിൽക്കുന്നിടത്തൊരു മൈതാനം, അതിനു പിന്നിലൊരു അമ്പലം. മൈതാനത്തിന്റെ ഒരരികിലായി നിൽക്കുന്ന ഈ മരം. ഫോട്ടോയെടുക്കുന്ന സമയത്ത്, അതിനു താഴെ മേയുന്ന ഒരു പശുവും. നല്ലരംഗം. പക്ഷേ തെറ്റായ കമ്പോസിംഗ് മൂലം ഫ്രെയിം കാണുവാൻ തീരെ ഭംഗിയില്ല. ഇതിലെ പിശകുകൾ ഇനി പറയുന്നു.

1. ബാക്ഗ്രൌണ്ടിലുള്ള റോഡും പാടത്തിന്റെ അങ്ങേയറ്റത്തെ അരികും ഫ്രെയിമിന്റെ താഴത്തെ അരികുമായി സമാന്തരമല്ല, ചരിഞ്ഞുപോയി. ഇത് വളരെ സാധാരണമായി ആളുകൾ വരുത്താറുള്ള ഒരു അബദ്ധമാണ്. വ്യൂഫൈന്ററിൽ കൂടി നോക്കുമ്പോൾ ഇത്തരം ലൈനുകളിലേക്ക് നമ്മുടെ ശ്രദ്ധപോകാത്തതാണ് കാരണം. ശ്രദ്ധമൂഴുവൻ ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുക്കളിലേക്ക് മാത്രമായിപ്പോകുന്നു.

2. ഫ്രെയിമിലെ മരവും, പശുവും ഫ്രെയിമിന്റെ ഒത്തനടുവിൽ ആയിപ്പോയി. ഇത്തരം ചിത്രങ്ങൾ കാണുവാൻ വളരെ അഭംഗിയാണ്. ഇവിടെയാ‍ണ് റൂൾ ഓഫ് തേഡ്സ് നമ്മുടെ സഹായത്തിനെത്തുന്നത്. ഒരു ഫ്രെയിമിൽ നെടുകയും കുറുകെയും തുല്യ അകലത്തിലായി ഈരണ്ടു സാങ്കൽ‌പ്പിക രേഖകൾ വരയ്ക്കുക. ഈ രേഖകളുടെ സംഗമസ്ഥാനമായി നാലു പോയിന്റുകൾ ലഭിക്കും. ഇവയിൽ ഏതെങ്കിലും ഒരു പോയിന്റിലോ അതിന്റെ പരിസരങ്ങളിലോ പ്രധാന വസ്തുവിനെ പ്രതിഷ്ഠിച്ചാൽ ആ ഫ്രെയിം കാണുവാൻ കൂടുതൽ ഭംഗിയുണ്ടാവും.

3. റൂൾ ഓഫ് തേഡ്സിനോടൊപ്പം ഓർക്കേണ്ട മറ്റുകാര്യങ്ങൾ കുറേയേറെയുണ്ട്. അവയൊക്കെ ഇനിയും വരാനുള്ള ഫ്രെയിമുകളോടൊപ്പം പറയാം. ഈ ഫ്രെയിമിൽ മേഞ്ഞുകൊണ്ടുനിൽക്കുന്ന ഒരു പശുവുണ്ടല്ലോ. ഇങ്ങനെ ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഒരു മൃഗമോ, ഒരു വശത്തേക്ക് നോക്കുന്ന ഒരു മനുഷ്യനോ ഫ്രെയിമിൽ ഉണ്ടെങ്കിൽ അത് / അയാൾ / അവൾ മുമ്പോട്ട് നോക്കുന്ന വശത്തേക്ക് കൂടുതൽ സ്ഥലം നൽകുക. എങ്കിൽ മാത്രമേ ഫ്രെയിമിന്റെ ഡെപ്ത് നമുക്ക് അനുഭവേദ്യമാവുകയുള്ളൂ..

ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മേൽ‌പ്പറഞ്ഞ ഫ്രെയിം റീക്കമ്പോസ് ചെയ്യുമ്പോൾ കിട്ടുന്നതു നോക്കൂ (ഈ ചിത്രം മുകളിലെ ചിത്രത്തിൽ നിന്ന് ക്രോപ്പ് ചെയ്തതാണ്).
4. ഇവിടെ മരത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രത്തിലില്ല എന്നതു ശ്രദ്ധിക്കുക. മരത്തിനെ ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് ഒരു ഫോട്ടോഫ്രെയിം പോലെ ഉപയോഗിച്ചിരിക്കുകയാണ്. എങ്കിലും ആ മരത്തിന്റെ മുഴുവൻ രൂപവും തണലും നമുക്ക് മനസിൽ കാണുവാൻ സാധിക്കുന്നുണ്ട് അല്ലേ?

5. ബാക്ഗ്രൌണ്ടിലെ റോഡ് ഫ്രെയിമിനു സമാന്തരമായപ്പോൾ വന്ന മാറ്റവും ശ്രദ്ധിക്കുക.

ബാക്കി കുറവുകൾ വായനക്കാർ പറയൂ.....

- അപ്പു

Friday, July 03, 2009

പാഠം 1. ലീഡ് ലൈന്‍സ്

Photobucket


സ്ഥലം: പാലക്കാട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമം.

പാലക്കാട്ടെ പാടശേഖരങ്ങളുടെ കാര്യം അറിയാമല്ലൊ. അതിങ്ങനെ കിലോമീറ്ററോളം പരന്ന് കിടക്കും. പുതുമഴയ്ക്കു ശേഷം പാടങ്ങളെല്ലാം ഉഴുതുകിടക്കുന്ന കാഴ്ച അതിമനോഹരമാണ്. ഉഴവു ചാലുകളും, വരമ്പുകളും ചേര്‍ന്ന് മനോഹരമായ ഒരു പാറ്റേണ്‍ അപ്പോള്‍ രൂപപ്പെടുന്നു.

ഈ പടത്തില്‍, ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍ ആണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്ത് നല്ല ലൈറ്റിങ്ങായിരുന്നു . വലതുവശത്തെ ഓലപ്പുരയായിരുന്നു പ്രധാന ആകര്‍ഷണമായി ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്. അതിലേക്ക് നയിക്കുന്ന പാറ്റേണ്‍ നിറഞ്ഞ ഒരു ഫോര്‍ഗ്രൌണ്ടും. അതിനനുസരിച്ച് ഫ്രെയിം കമ്പോസ് ചെയ്യ്ത. പടം എടുത്തു.

പക്ഷെ, പിന്നീട് കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോഴാണ് പ്രശ്നങ്ങള്‍ മനസ്സിലായത്.

പ്രശ്നങ്ങളായി എനിക്ക് തോന്നുന്നവ:

1. ഇതിന്റെ മിഡില്‍ ഏരിയ - (പച്ചപ്പുല്ല് നിറഞ്ഞ ഭാഗം) വൈദ്യുതിലൈനുകളും, പരസ്യം എഴുതിയ ചുമരുകളും (അതാണ് ഏറ്റവും വൃത്തികേട്‌), ട്രാന്‍സ്ഫോര്‍മറുകളും എല്ലാം ചേര്‍ന്ന് ആകെ cluttered ആണ്. ഏറ്റവും കുറഞ്ഞത്, പരസ്യങ്ങള്‍ എഴുതിയ ആ ചുമരുകള്‍ വരാതെ ഫ്രെയിം കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

2. ഈ രംഗത്തിന്റെ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ. ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍, മുതലാളി, തൊഴിലാളി തുടങ്ങിയവരും നാലഞ്ച് നല്ല പടങ്ങള്‍ക്കുള്ള സ്കോപ്പ് ഉള്ളവയായിരുന്നു. പക്ഷെ അന്ന് അതും ശ്രച്ചിച്ചില്ല.

നിങ്ങളുടെ അഭിപ്രായം പറയൂ...
- കുട്ടുUpdate
(08th July, 2009)

അനുഭവപാഠങ്ങള്‍:
ഈ ഫോട്ടോയില്‍ നിന്നും നമ്മള്‍ പഠിച്ച പാഠങ്ങള്‍.

1. ഈ ഫോട്ടോയില്‍ ഒരു സംഗതിക്കും പ്രാധാന്യമില്ല. എല്ലാം കൂടി അവിയല്‍ പരുവം. എന്തിനു ഈ ഫോട്ടോ എടുത്തു എന്ന് ചോദിച്ചാല്‍ ഒരുത്തരവും ഫോട്ടോഗ്രാഫര്‍ക്ക് പറയാനില്ല.

2. മനോഹരമായി വിവിധ ഫോട്ടോകള്‍ എടുക്കാനുള്ള സ്കോപ്പ് ഇതില്‍
ഉണ്ടായിരുന്നു. അതെല്ലാം അവഗണിച്ചു. ഫോട്ടോ എടുക്കുന്നതിനു മുന്‍പേ സബ്ജക്റ്റിനെ നന്നായി കണ്ട്, മനസ്സിലാക്കി ഏതൊക്കെ ആംഗിളില്‍ എടുത്താല്‍ മനോഹരമാകും എന്നെല്ലാം ആലോചിച്ചുറപ്പിച്ചാവണമായിരുന്നു ക്യാമറ ക്ലിക്കുന്നത്.

3. ലീഡ് ലൈനുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. ഉള്ള ലീഡ് ലൈനുകള്‍ ഫോട്ടോയില്‍ അങ്ങോളമിങ്ങോളം കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനേ ഉപകരിച്ചുള്ളൂ. ഫ്രെയിം സിമ്പിളാകണം.

4. ഫീല്‍ഡിലെ അനാവശ്യ വസ്തുക്കള്‍ - (അതായത് നമ്മള്‍ എടുക്കാന്‍ പോകുന്ന ഫ്രെയിമില്‍ അനാവശ്യമാണെന്ന് നമുക്ക് തോന്നുന്നവ. ഇവിടെ മിഡില്‍ ഗ്രൌന്‍ഡ്, ഇലക്ട്രിക്ക് ലൈന്‍, പരസ്യം എഴുതിയ ചുമര്‍, പിന്നെ വിരസമായ ആകാശം) - ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് റിവ്യൂ ചെയ്യണം.

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP