Thursday, September 24, 2009

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫര്‍മാരുടെ മാത്രമല്ല, ക്യാമറ കയ്യിലുള്ള ആരുടെയും ഇഷ്ടവിഷയങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങള്‍ . ചെറിയ നീരുറവകള്‍ മുതല്‍ നയാഗ്രാ വെള്ളച്ചാട്ടം വരെ ഇവയില്‍ പെടും. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള പ്രകൃതി ദൃശ്യവും ഇതാവണം.

പ്രകൃതിയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ , ജലപാതങ്ങളുടെ ‘സില്‍ക്കി - സ്മൂത്ത്’ ആയ കാഴ്ച, വെളിച്ചവും ജലകണങ്ങളും ചേര്‍ന്ന് തീര്‍ക്കുന്ന മായികമായ ഫീല്‍ - ഇവയെല്ലാം കൊണ്ടും കാഴ്ചക്കാരെ വളരെ ആകര്‍ഷിക്കുന്നവയാണ് വെള്ളച്ചാട്ടങ്ങളുടെ ചിത്രങ്ങള്‍ . തീര്‍ച്ചയായും വെള്ളച്ചാട്ടം എന്ന സബ്ജക്റ്റിന്റെ ഏത് ഭാവം അല്ലെങ്കില്‍ എഫക്ട് ആണ് ചിത്രത്തിലൂടെ കാഴ്ചക്കാരനിലെത്തിക്കേണ്ടത് എന്നത് ഫോട്ടോഗ്രാഫറുടെ ഇഷ്ടം തന്നെ. അതിനനുസരിച്ചുള്ള ഫ്രെയിമുകള്‍ , എക്സ്പോഷറുകള്‍ തുടങ്ങിയവയെല്ലാം ഫോട്ടോഗ്രാഫര്‍ ആഗ്രഹിക്കും പോലെ.

നനുത്ത ജലകണങ്ങള്‍ തീര്‍ക്കുന്ന ലോലമായ സൌന്ദര്യം മുതല്‍ കുത്തിയൊഴുക്കിന്റെ , ശക്തിയുടെ ഭീകരവും രൌദ്രവുമായ ഭാവം വരെ എന്തെല്ലാം ചിത്രീകരിക്കാം ഒരു വെള്ളച്ചാട്ടത്തിലൂടെ !


വെളിച്ചത്തിന്റെ അലഭ്യത, മികച്ചതും വ്യത്യസ്ഥവുമായ ഫ്രെയിമുകള്‍ സൃഷ്ടിക്കാനുള്ള പ്രയാസം, വഴുക്കുള്ള പാറപ്പുറത്തോ മറ്റു ഇടുങ്ങിയ സാഹചര്യങ്ങളിലോ നിന്ന് ചിത്രമെടുക്കുമ്പൊള്‍ ഉള്ള അപകട സാധ്യതകള്‍ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വെല്ലുവിളികള്‍ നിറഞ്ഞതുമാണ് വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി.

മി | Mi എന്ന ബ്ലോഗര്‍ അയച്ചു തന്ന വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന്റെ താഴെക്കാണുന്ന ചിത്രം ഇത്തവണ നമുക്ക് അവലോകനം ചെയ്യാം.





ചിത്രത്തിന്റെ സാങ്കേതിക വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Camera Model Name: Canon EOS 1000D
Tv(Shutter Speed): 0.6Sec.
Av(Aperture Value): F36
Metering Modes: Evaluative metering
Exposure Compensation: 0
ISO Speed: 100
Lens: EF-S18-55mm f/3.5-5.6
Focal Length: 55.0 mm
Image size: 3888 x 2592
Image Quality: RAW
Flash: Off
White Balance: Auto
AF mode: One-Shot AF
Picture Style: Standard

പാറകളും അടുത്തുള്ള ചെടികളും ഒക്കെ ഉള്‍പ്പെടുത്തി, ജലത്തിന്റെ സ്മൂത്ത് ആ‍യ വീഴ്ച ഭംഗിയായി ചിത്രീകരിക്കുകയായിരുന്നു ഫോട്ടോയെടുക്കുമ്പോള്‍ മി | Mi ഉദ്ദേശിച്ചിരുന്നത് എന്ന് കരുതാം. ഫ്രെയിം നല്ല രീതിയില്‍ കമ്പോസ് ചെയ്തിരിക്കുന്നു. ട്രൈപ്പോഡ് ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത് - വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒന്ന്.

വെളിച്ചമാണ് ഈ ചിത്രത്തിലെ വില്ലന്‍. വെയില്‍ നേരിട്ട് വെള്ളച്ചാട്ടത്തില്‍ പതിക്കുന്ന സാഹചര്യത്തില്‍ ഇരുണ്ടതും പ്രകാശമേറിയതുമായ ഭാഗങ്ങള്‍ ഫ്രെയിമില്‍ വരുന്നതിനാല്‍ കൃത്യമായ വെളിച്ചനിയന്ത്രണം ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്യാവശ്യമാണ്. ജലപാതത്തിനെ ‘സില്‍ക്കി സ്മൂത്ത്‘ ആയി പിടിച്ചെടുക്കുന്നതിനുവേണ്ടി 0.6Sec. സമയം ഷട്ടര്‍ തുറന്നു വച്ചിട്ടുണ്ട്. വെളിച്ചത്തെ നിയന്ത്രിക്കാന്‍ വളരെ ചെറിയ അപേര്‍ച്ചര്‍ (F36) , കുറഞ്ഞ ISO Speed(100) ഇവ ഉപയോഗിച്ചെങ്കിലും ചിത്രത്തിലെ വലിയൊരു ഭാഗം ഓവര്‍ എക്സ്പോസ്ഡ് ആയിട്ടാണ് കാണുന്നത്. ലോംഗ് എക്സ്പോഷര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അധികം വെയില്‍ ഇല്ലാത്ത നേരത്ത് ചിത്രമെടുക്കുന്നതാവും നല്ലത്.

വെള്ളച്ചാട്ടത്തിന്റെ പടം എടുക്കുമ്പോള്‍ എക്സ്പോഷര്‍ വളരെ അധികം ശ്രദ്ധിക്കണം. മാട്രിക്സ് മീറ്ററിങ്ങായിരിക്കും കൂടുതല്‍ നല്ലത്.

ഈ പടം ഓവര്‍ എക്സ്പോസ്ഡ് അയതിനാല്‍ ഫ്രെയിമിലെ മറ്റു നിറങ്ങള്‍ - ചെടികളുടെ പച്ച, പാറകളുടെ നിറം ഇവ മങ്ങിപ്പോയിരിക്കുന്നു. - വെള്ളച്ചാട്ടങ്ങളുടെ ഫോട്ടോകളില്‍ പാറകളുടെ നിറങ്ങള്‍ , മരങ്ങളുടെയും ചെടികളുടെയും പച്ച , മറ്റു നിറങ്ങളിലുള്ള ഇലകള്‍ ഇവയെല്ലാം ഫ്രെയിമിന്റെ മനോഹാരിത കൂട്ടും.

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയില്‍ Bracketing , ഫില്‍ട്ടറുകളുടെ ഉപയോഗം തുടങ്ങി മറ്റു നുറുങ്ങുകള്‍ അറിവുള്ളവര്‍ ഇവിടെ പങ്കുവെക്കുമെന്നു കരുതുന്നു.

ട്രൈപ്പോഡും ചിലവഴിക്കാന്‍ സമയവും ഉണ്ടെങ്കില്‍ എക്സ്പോഷര്‍, മീറ്ററിംഗ് , കമ്പോസിംഗ് തുടങ്ങി ഫോട്ടോഗ്രാഫിയുടെ നിരവധി സാങ്കേതിക കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനും പറ്റിയ നല്ലൊരു വിഷയവും കൂടിയാണ് വെള്ളച്ചാട്ടങ്ങള്‍ .
ഇനി നിങ്ങള്‍ പറയൂ...

for c4Camera,
ശ്രീലാല്‍


Update (26 Sept, 2009) By കുട്ടു | Kuttu

ഈ പടത്തില്‍ എന്റെ നിരീക്ഷണങ്ങള്‍

  • നല്ല കോമ്പോസിഷന്‍.
  • മുഴുവന്‍ വെള്ളച്ചാട്ടവും കാണാന്‍ പറ്റാത്തതുകൊണ്ട് ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നുണ്ട്. പക്ഷെ അത് സാരമുള്ളതല്ല. എങ്കിലും 55mm ഫോക്കല്‍ ലെങ്ത്തിന് പകരം 18 mm-ഓ അതില്‍ കുറവോ (ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍) തിരഞ്ഞെടുക്കാമായിരുന്നു. എങ്കില്‍ കുറച്ചുകൂടി ദൃശ്യങ്ങള്‍ - ഒരുപക്ഷെ വെള്ളച്ചാട്ടം മുഴുവനായും - ഫ്രെയിമില്‍ വന്നേനെ.
  • ചെറിയ അപ്പര്‍ച്ചര്‍ കാരണമാണെന്ന് തോന്നുന്നു ഷാര്‍പ്പ്നെസ്സ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരു പരിധിയില്‍ കൂടുതല്‍ അപ്പര്‍ച്ചര്‍ കുറച്ചാല്‍ (വലിയ അപ്പര്‍ച്ചര്‍ നമ്പര്‍) ഡിഫ്രാക്ഷന്‍ എന്ന പ്രശ്നം അവതരിക്കും.
  • വെള്ളച്ചാട്ടം ഓവര്‍ എക്സ്പോസ്ഡ് ആണ്. റോ ഫയല്‍ ആയതുകൊണ്ട് കുറച്ചൊക്കെ ശരിയാക്കാം. എന്നാലും ചില ഭാഗങ്ങളിലെ ഡാറ്റ നഷ്ടപ്പെട്ടിട്ടുണ്ട്. ND/Polarizer തുടങ്ങിയ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. Polarizer ഉപയോഗിച്ചിരുന്നെങ്കില്‍ പാറപ്പുറത്ത് കാണുന്ന റിഫ്ലക്ഷന്‍ ഒഴിവായിക്കിട്ടിയേനെ.
  • ഫോക്കസ് Continuous മോഡില്‍ ആണെന്ന് തോന്നുന്നു. ചിത്രം ചെറിയ രീതിയില്‍ ഔട്ട്-ഓഫ്-ഫോക്കസ് ആണ് പടം. വെള്ളച്ചാട്ടം എടുക്കുമ്പോള്‍ സ്റ്റാറ്റിക്ക് ഫോക്കസ് ആണ് പൊതുവെ നല്ലത്. ഇല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തിനൊപ്പം ക്യാമറ ഫോക്കസ് ചെയ്യാന്‍ കഷ്ടപ്പെടും. പലപ്പോഴും നമ്മള്‍ ഉദ്ദേശിച്ച പോലെ ഷാര്‍പ്പ് ഫോക്കസ് കിട്ടില്ല.


വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി - ഒരാമുഖം
വെള്ളച്ചാട്ടങ്ങള്‍..!! ഫോട്ടോ എടുക്കാന്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രകൃതി ദൃശ്യങ്ങളില്‍ ഒന്നാണത്

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയില്‍ പൊതുവെ രണ്ട് രീതിയിലാണ് പടം എടുക്കാറുള്ളത്.

1) കൂടിയ ഷട്ടര്‍സ്പീഡില്‍, വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണുന്ന രീതിയില്‍. “വെള്ളം ചാടി വരുന്നു..” എന്ന ഒരു ഫീലാണ് അത്തരം പടങ്ങള്‍ കാണുമ്പോള്‍ നമുക്കുണ്ടാകുക. കൂടുതല്‍ വെള്ളം ഒഴുകുന്ന, വലിയ വെള്ളച്ചാട്ടങ്ങളുടെ ഭീകരത അതേപോലെ ഫോട്ടോയില്‍ കൊണ്ടുവരാന്‍ പലരും ഈ മാര്‍ഗ്ഗം അവലംബിക്കാറുണ്ട്.

2) കുറഞ്ഞ ഷട്ടര്‍സ്പീഡില്‍, വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണാതെ എടുക്കുന്നവ. ഇത്തരം പടങ്ങളില്‍ വെള്ളം പാലുപോലെ, അല്ലെങ്കില്‍ വെളുത്ത സില്‍ക്കുപോലെ പാറക്കെട്ടുകളില്‍ക്കൂടി ഒഴുകിയിറങ്ങുകയാണ്. ലാന്‍ഡ്‌സ്കേപ്പ് ഫോട്ടോഗ്രാഫിയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.

ചാടിവരുന്ന വെള്ളത്തെ ഒരു നിമിഷം ഫ്രീസ് ചെയ്ത രീതിയിലുള്ള പടമാണ് ആദ്യത്തെ രീതിയില്‍ കിട്ടുക. എന്നാലിവിടെ, വെള്ളത്തിന്റെ ഒഴുക്ക് ഫോട്ടോയില്‍ ഫീല്‍ ചെയ്യും.

വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണുന്ന (splash) പടങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. വെള്ളത്തിന് സില്‍ക്കി സ്മൂത്ത്നെസ്സ് കൊടുക്കുന്ന, രണ്ടാമത്തെ രീതിയിലുള്ള പടങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഉണ്ട്. അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ മാത്രം. എനിക്കിഷ്ടം സില്‍ക്കി സ്മൂത്ത്നെസ്സ് കൊടുക്കുന്ന തരത്തിലുള്ള പടങ്ങളാണ്.

കോമ്പോസിഷന്‍:
വെള്ളം ഒരു moving subject ആണല്ലൊ. അതുകൊണ്ട് ഫോട്ടോയില്‍ ആ മൂവ്മെന്റ് ഫീല്‍ ചെയ്യണം. ഫ്രെയിമില്‍ വെള്ളം വീണ്, അത് ഫ്രെയിമിലൂടെ തന്നെ വേറെ ഒരു ഭാഗത്തേക്ക് ഒഴുകിപ്പോകുന്നു എന്ന ഫീല്‍ ഉണ്ടാക്കുന്ന തരത്തിലാണ് ഫോട്ടോ കമ്പോസ് ചെയ്യേണ്ടത് എന്നര്‍ത്ഥം. എല്ലായിപ്പോഴും വെള്ളച്ചാട്ടം മുഴുവന്‍ ഒറ്റ ഫ്രെയിമില്‍ കിട്ടിക്കോളണമെന്നില്ല (Ultra Wide Lens ഇട്ടാല്‍ പോലും). കിട്ടുന്നഭാഗം നന്നായി കമ്പോസ് ചെയ്യാന്‍ ശ്രമിക്കുക.

എക്സ്പോഷര്‍:
ഇനി ശ്രദ്ധിക്കേണ്ട കാര്യം എക്സ്പോഷര്‍ എങ്ങിനെ കറക്റ്റ് ചെയ്യും എന്നതാണ്. കറക്റ്റ് എക്സ്പോഷര്‍ കിട്ടാന്‍ എളുപ്പവഴി ഒന്നുമില്ല. ശരിയാകുന്നത് വരെ ശ്രമിക്കുക. കൃത്യമായ എക്സ്പോഷര്‍ പെട്ടെന്ന് കിട്ടാന്‍ താഴെ പറയുന്ന പൊടിക്കൈകള്‍ നമ്മെ സഹായിക്കും.

  • ക്യാമറ സെറ്റിങ്ങുകള്‍: (1) File Type = .Raw (2) ISO = Lowest ISO value (3) ISO Auto = Off. (4) Metering Mode = Matrix. “ISO Auto = Off.“ എന്ന സെറ്റിങ്ങിനെ ഒരിക്കലും അവഗണിക്കരുത്. “ക്യാമറ സ്വമേധയാ ISO കൂട്ടണ്ട. നമ്മള്‍ സെറ്റ് ചെയ്ത ISO ഉപയോഗിച്ചോണ്ടാ മതി“. എന്നാണതിനര്‍ഥം.

  • മീറ്ററിങ്ങ്മോഡായി മാട്രിക്സ് (evaluative, honeycomb, Segment, multi-zone metering എന്നെല്ലാം ഇതിനു പേരുണ്ട്) ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നു ശ്രദ്ധിച്ചല്ലോ. തൂവെള്ള വെള്ളം, കറുകറുത്ത പാറക്കെട്ടുകള്‍ - പ്രകാശത്തിന്റെ ഈ വൈരുദ്ധ്യമാണ് കറക്റ്റ് എക്സ്പോഷര്‍ തിരഞ്ഞെടുക്കുക എന്ന ജോലി ഇത്രയും കഠിനമാക്കുന്നത്. ക്യാമറയുടെ മാട്രിക്സ് മീറ്ററിങ്ങ് ഈ ജോലിയില്‍ നമ്മെ സഹായിക്കും.
  • അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍, ലെന്‍സിന്റെ സ്വീറ്റ് അപ്പര്‍ചര്‍ തിരഞ്ഞെടുക്കുക. ഫ്രെയിം കമ്പോസ് ചെയ്യുക. ചുമ്മാ ഒന്ന് ക്ലിക്കി നോക്കുക. എടുത്ത പടത്തിന്റെ ഷട്ടര്‍സ്പീഡ് ഓര്‍മ്മിക്കുക. അതിനുശേഷം ക്യാമറ മാന്വല്‍ മോഡിലിടുക. അതേ അപ്പര്‍ച്ചറും, നമ്മള്‍ക്ക് കിട്ടിയ ഷട്ടര്‍ സ്പീഡും തിരഞ്ഞെടുക്കുക. ഇനി ചെയ്യേണ്ടത് ഷട്ടര്‍ സ്പീഡ് ഓരോ സ്റ്റെപ് ആയി കുറയ്ക്കുക - ഫോട്ടോ എടുക്കുക - റിവ്യൂ ചെയ്യുക. റിവ്യൂ ടിപ്സ്: റിവ്യൂ ചെയ്യുമ്പോള്‍ highlights എന്ന മോഡ് ഓണ്‍ ചെയ്യുക. highlights എന്താണെന്ന് അറിയാത്തവര്‍ക്കായി പറയാം. റിവ്യൂ മോഡില്‍ (ഫോട്ടോ എടുത്തുകഴിഞ്ഞ്, അതിന്റെ പ്രിവ്യൂ കണ്ട് ബോധ്യപ്പെടില്ലേ ആ മോഡ്) ആ ഫോട്ടോയുടെ എക്സിഫ് ഡാറ്റ, ഹിസ്റ്റോഗ്രാം, ഹൈലൈറ്റ്സ് തുടങ്ങിയവ കാണാന്‍ പറ്റും. Highlights Mode -il ഓവര്‍ എക്സ്പോസ്ഡ് ആയഭാഗം Blink ചെയ്തോണ്ടിരിക്കും. പടത്തില്‍ കൂടുതല്‍ ബ്ലിങ്കീസ് കണ്ടാല്‍ ഷട്ടര്‍ സ്പീഡ് കൂട്ടുക. ബ്ലിങ്കീസ് ഒന്നും കണ്ടില്ലെങ്കില്‍ വീണ്ടും ഷട്ടര്‍സ്പീഡ് കുറയ്ക്കുക. ഇങ്ങനെ ബ്ലിങ്കീസ് ഒന്നുമില്ലാത്തതോ, ഏറ്റവും കുറവോ ഉള്ള ഒരു ഷട്ടര്‍സ്പീഡില്‍ നിങ്ങള്‍ എത്തിച്ചേരും. ആ മോഡില്‍ പടം എടുത്തുനോക്കുക. വെള്ളം സില്‍ക്കി സ്മൂത്ത് ആയോ? ഇല്ലെങ്കില്‍ ഇവിടെയാണ് ഫില്‍ട്ടറുകള്‍ നിങ്ങളുടെ രക്ഷയ്ക്കെത്തുന്നത്. അത് വഴിയേ പറയാം.
ഫില്‍ട്ടറുകളുടെ ഉപയോഗം:
മൂന്നാമത്തെ സ്റ്റെപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തു. എന്നിട്ടും പടത്തില്‍ വെളിച്ചം കൂടുതലാണ്. എന്തുചെയ്യും..? നമുക്ക് നോക്കാം.

  • ആദ്യം ഒരു പോളറൈസര്‍ ഫില്‍ട്ടര്‍ ഇട്ടുനോക്കുക. അത് വെളിച്ചത്തെ 1-2 stops കുറയ്ക്കും. മാത്രമല്ല, വെള്ളത്തിലും, പാറകളിലും, ഇലകളിലും ഉള്ള റിഫ്ലക്ഷന്‍ ഒഴിവാകുകയും ചെയ്യും. വെള്ളത്തിന്റെ (വെള്ളച്ചാട്ടം, അരുവി, തടാകം etc.) പടം എടുക്കാന്‍ പോളറൈസര്‍ അത്യാവശ്യമായ സംഗതിയാണ്. പോളറൈസര്‍ ഇട്ടശേഷം മൂന്നാമത്തെ സ്റ്റെപ്പില്‍ പറഞ്ഞ സംഗതി ആവര്‍ത്തിക്കുക.

ഇപ്പോഴും വെളിച്ചം കൂടുതലാണോ ?

  • എങ്കില്‍ അതിനു പുറമേ ഒരു ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍ട്ടര്‍ ഇടുക (ND2, ND4, ND8 എന്നിങ്ങനെ വിവിധ ഗ്രേഡുകളില്‍ ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍ട്ടര്‍ ഉണ്ട്. ND8 filter, ND2 കടത്തിവിടുന്നതിലും കുറവ് വെളിച്ചമേ കടത്തിവിടൂ.) മൂന്നാമത്തെ സ്റ്റെപ്പ് ആവര്‍ത്തിക്കുക.

ഇപ്പോഴും വെളിച്ചം കൂടുതലാണെന്നോ?
  • അതേയ്... നട്ടുച്ച നേരം വെള്ളച്ചാട്ടങ്ങളുടെ പടം പിടിക്കാന്‍ പറ്റിയതല്ല. രാവിലെയോ, വൈകുന്നേരമോ ആണ് പറ്റിയ സമയം..

ഇനി ഇത്രയൊന്നും മിനക്കെടാന്‍ വയ്യെങ്കില്‍ ഒരു എളുപ്പവഴി പറയാം. ക്യാമറ അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഇടുക, ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ തിരഞ്ഞെടുക്കുക. ക്ലിക്കുക. ത്രേള്ളൂ. (ഈ രീതിയിലെടുത്ത പടങ്ങള്‍ക്ക് ചെറുതായി ഡിഫ്രാക്ഷന്റെ പ്രശ്നമുണ്ടാകും. പക്ഷെ തല്‍ക്കാലം അത് നമുക്ക് വിടാം. കമ്പ്യൂട്ടറില്‍ ചെറിയ സൈസില്‍ കാണുമ്പോ അതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നേ...)

ഈ രീതിയില്‍ ഞാന്‍ എടുത്ത ഒന്നുരണ്ടു പടങ്ങള്‍ ഇവിടെ കാണാം.



ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP