Monday, October 19, 2009

കറക്റ്റ് എക്സ്പോഷര്‍ എന്നാലെന്ത് (Expose To The Right) - (Repost)

“ഹലോ.. ഡാ കുട്ടൂ..”

“പറ രാജു.. നീയെവ്ടേടാ..? കുറേ കാലമായല്ലോ വിളിച്ചിട്ട്. നിന്റെ അമ്മയെ കണ്ടിരുന്നു ഇന്നലെ. നീ എവിടെയോ ടൂറ് പോയിരിക്കുകയാണെന്നാണല്ലോ പറഞ്ഞത്.”

“ങ്ഹാ.. ഞാന്‍ പോയിരുന്നു. ഇന്നു രാവിലെയാ എത്തിയത്. എടുത്ത ഫോട്ടോകള്‍ ഒക്കെ കമ്പ്യൂട്ടറിലിട്ട് അലക്കി വെളുപ്പിച്ചോണ്ടിരിക്കുവാ . അപ്പൊ ഡാ എനിക്കൊരു സംശയം.”

“ങ്ഹും? എന്താ?”

“ചില പടങ്ങളില്‍ - പ്രത്യേകിച്ച് ഇരുട്ടും വെളിച്ചവും കൂടി വരുന്ന ഫ്രെയിമുകളില്‍ - ഇരുട്ടിനെ വെളുപ്പിച്ചപ്പോ നിറയെ നോയ്‌സ്. ഒരു എസ്കാമ്പിള്‍ പറയാന്‍‍.. ങ്ഹാ.. കിട്ടിപ്പോയി. ഒരു ഇടനാഴിയുടെ പടം എടുത്തിരുന്നു. വെളിച്ചമുള്ള സ്ഥലമെല്ലാം കൃത്യമായി പതിഞ്ഞിരിക്കുന്നു. പക്ഷെ ഷാഡോ ഏരിയ കറുത്തുതന്നെ ഇരിക്കുന്നു. ഒന്ന വെളുപ്പിക്കാമെന്ന് വച്ചപ്പോഴോ.. ഫയങ്കര നോയ്‌സും.”

“ഓഹ്.. അതുശരി. ഏത് ഫോര്‍മാറ്റിലാ നീ പടം എടുത്തിരിക്കുന്നത് ..?

“കുറേ എണ്ണം jpg ഫോര്‍മാറ്റില്‍, raw ഫോര്‍മാറ്റിലും കുറച്ചെണ്ണം ഉണ്ട്. രണ്ടായാലും ഷാഡോ വെളുപ്പിക്കുമ്പോ നോയ്സ് ഉണ്ട്. റോ മോഡില്‍ നോയ്സ് കുറവാണെന്ന് മാത്രം.”

“എടാ രാജുമോനേ നിന്റെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ ഇനി നീ ഒരിക്കലും മറക്കാത്ത ഒരു പാഠം ഇതാ ഇപ്പോ പഠിക്കാന്‍ പോകുന്നു.”

“അതെന്താ ?”

“നീയെടുത്തില്ലേ jpg ഫയല്‍‌സ് ..? അതിന്റെ കാര്യം പോക്കാ. ഗ്രെയിന്‍സ് ഇല്ലാതെ കൂടുതല്‍ വെളുപ്പിക്കാന്‍ പറ്റില്ല. ഓരോ തവണ എഡിറ്റ് ചെയ്ത് സേവ് ചെയ്യുമ്പോഴും കുറേ ഡാറ്റ മിസ്സാവും. എന്നാല്‍ നിന്റെ റോ ഫയലുകളുടെ കാര്യം....... അതിന്റെ കാര്യവും ഏകദേശം പോക്കാ.”

“റോ ഫയലിനെന്താണ് കുഴപ്പം..? നീയല്ലേ പറഞ്ഞത് റോ ഫയല്‍ ഗമ്പ്ലീറ്റ് ഡാറ്റയാണ്. ക്യാമറ കണ്ട കാര്യങ്ങള്‍ മുഴുവന്‍ റോ ഫയലില്‍ നിറഞ്ഞിരിക്കുവാണെന്നെല്ലാം. എന്നിട്ടിപ്പോ ഞാന്‍ റോ ഫയലില്‍ പടം എടുത്തുകൊണ്ടുവന്നിട്ട് അതിന്റെ കാര്യവും പോക്കാണെന്ന് പറയുന്നോ..?”

“എടാ, jpeg യേക്കാളും ഡാറ്റ റോ ഫയലില്‍ ഉണ്ട്. റോ ഫയല്‍ എഡിറ്റ് ചെയ്ത് കുറേയൊക്കെ ക്ലീന്‍ ഫോട്ടോ എക്സ്പോര്‍ട്ട് ചെയ്തെടുക്കാം. പക്ഷെ നോയ്‌സ് ഇല്ലാത്ത ഫോട്ടോ വേണെങ്കില്‍ പടം എടുക്കുന്ന സമയത്ത് ചില ടെക്ക്നിക്കുകള്‍ കൂടി പ്രയോഗിക്കണം.”

“അതെന്താ അങ്ങിനെയൊരു ടെക്ക്നിക്ക് ..?”

“ഓക്കെ. ഞാന്‍ പറഞ്ഞുതരാം. സെന്‍സര്‍ കണ്ട വെളിച്ചത്തെ അതേ പോലെ ഫയലില്‍ സേവ് ചെയ്തതാണ് റോ ഫയല്‍. ഇതറിയാലോ.. സെന്‍സര്‍ കാണുന്ന സീനില്‍ എല്ലായിടത്തും വെളിച്ചത്തിന്റെ Distribution ഒരുപോലെയല്ല. അതുകൊണ്ട് നീ എടുക്കാനുദ്ദേശിക്കുന്ന സീനിലെ വെളിച്ചക്കുറവുള്ള ഏരിയയേയും, വെളിച്ചക്കൂടുതലുള്ള ഏരിയയേയും സെന്‍സര്‍ പ്രതേകം പ്രത്യേകമാണ് ഡീല്‍ ചെയ്യുന്നത്. വെളിച്ചം ശേഖരിക്കാനുള്ള സെന്‍സറിന്റെ കഴിവാണ് ഡൈനാമിക്ക് റേഞ്ച്. സാ‍ധാരണ ഡിജിറ്റല്‍ ക്യാമറകളുടെ സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് 5 സ്റ്റോപ്പ് ആണ്. ഇതു മനസ്സിലാക്കാന്‍ ഇപ്പൊ ഇരിക്കുന്നിടത്തുനിന്നും നീ എഴുന്നേറ്റ് ചുമ്മാ ആ ജനലിലൂടെ പുറത്തേക്കൊന്ന് നോക്ക്…”

“അളിയാ.. ഒരടിപൊളി പീസ്.. ഒരു സെക്കന്റേ…”

“എടാ‍…. ഡാ‍.…”

“ശ്ശെ..അവള്‍ ഓട്ടോയില്‍ കേറിപ്പോയി..ങ്ഹാ.. ബാക്കി പറ.”

“ഇപ്പോ നീ കാണുന്ന സീനിലെ വെളിച്ചത്തെ Brightest Tones, Brighter Tones, Mid tone, Darker Tones, Darkest Tones എന്നീ രീതിയില്‍ categorize ചെയ്യാന്‍ കഴിയില്ലേ?”

“ഉം..അത് ശരിയാണ്.”

“സാധാരണ ഒരു റോ ഫയല്‍ 12 ബിറ്റിലാണ് റെക്കോഡ് ചെയ്യുന്നത്. Brightest Tone നും Darkest Tone നും ഇടയ്ക്കുള്ള 4096 (2^12) പ്രകാശ വ്യതിയാനങ്ങളെ (Tonal Values) സ്വീകരിക്കാന്‍ നിന്റെ ക്യാമറയൂടെ സെന്‍സര്‍ സന്നദ്ധനാണ് എന്നര്‍ത്ഥം. സെന്‍സര്‍ തന്റെ കപ്പാസിറ്റി ഏറ്റവും കൂടുതല്‍ ഉപയോഗിന്നുന്നത് Brightest Tones, റെക്കോര്‍ഡ് ചെയ്യാനാണ്. 4096 ഇല്‍ 2048-ഉം (2^11) ഇതിനായി ഉപയോഗിക്കുന്നു. Brighter Tones (1024) , Mid tone (512), Darker Tones (256)‌, Darkest Tones(128) എന്നിങ്ങനെയാണ് ബാക്കി നാല് സ്റ്റോപ്പുകളീലും ലെവല്‍ ഉപയോഗം. ഇപ്പൊ വല്ലതും മനസ്സിലായോ?.”

“ങുഹും..വെളിച്ചം കുറഞ്ഞ ഏരിയയ്ക്കായി സെന്‍സര്‍ കുറച്ച് കപ്പാസിറ്റിയേ ഉപയോഗിക്കുന്നുള്ളൂ എന്നല്ലേ..? ഓ.. ഇതു മനസ്സിലാക്കാന്‍ ഇത്രവലിയ മാത്തമാറ്റിക്സ് ഒക്കെ പറയണോ..?”

“അതെന്നെ. അപ്പോ ഞാന്‍ വിചാരിച്ച പോലെ അത്ര മണ്ടനല്ല നീ.”

“എന്റെ ഫോട്ടോയില്‍ വെളുത്തിരിക്കുന്ന ഏരിയയില്‍ ഉള്ള അത്രയും ഡാറ്റ, ഷാഡോ ഏരിയയില്‍ ഇല്ല. അതുകൊണ്ട് അത് വെളുപ്പിക്കുമ്പൊ നോ‌യ്‌സ് വരുന്നു. ശരിയല്ലേ?”

“അതെന്നെ. അതാണ് അതിന്റെ കാരണം. ഷാഡോ ഏരിയയില്‍ കൂടുതല്‍ വെളിച്ചം കിട്ടണമെങ്കില്‍ നീ എന്തുചെയ്യണമായിരുന്നു..?”

“ഒന്നോ രണ്ടോ പോയന്റ് എക്സ്പോഷര്‍ കൂട്ടിയിട്ട് എടുത്താല്‍ പോരേ?”

“അതുമതി. പക്ഷെ ചിത്രത്തിലെ വെളിച്ചം കൂടുതലുള്ള ഭാഗം കൂടുതല്‍ വെളുത്ത് ഉജാല മുക്കിയ തോര്‍ത്ത് പോലെയായി മാറും. അത് വരാതിരിക്കാനും ഉണ്ട് ഒരു ടെക്ക്നിക്ക്.”

“അതെന്താ?”

“നിന്റെ ക്യാമറേല് എടുത്ത ഫോട്ടോ റിവ്യൂ നടത്തുമ്പോ Highlights എന്ന മോഡ് കണ്ടിട്ടുണ്ടോ..”

“ഉം. ഓവര്‍ എക്സ്പോസ്ഡ് ആയ ഭാഗം മിന്നി വിളങ്ങി വിരാജിക്കുന്ന മോഡ് അല്ലേ?”

“അതെ. അങ്ങിനെ മിന്നി വിരാജിക്കുന്നതിനെ blinkies എന്നാണ് പറയുക. അപ്പോ നീ ചെയ്യേണ്ടതെന്താണെന്ന് വച്ചാ‍ല് എക്സ്പോഷര്‍ ഒന്നോ രണ്ടോ പോയന്റ് കൂട്ടിയിട്ടശേഷം പടം എടുക്കുക. എന്നിട്ട് highlights mode-ല്‍ റിവ്യൂ ചെയ്യുക. ഫോട്ടോയില്‍ എവിടെയെങ്കിലും ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുണ്ടെങ്കില്‍ ഒരു പോയന്റ് എക്സ്പോഷര്‍ കുറയ്ക്കുക.എന്നിട്ട് വീണ്ടും പടാം എടുക്കുക. അങ്ങിനെ കുറച്ചു കുറച്ച് ഒരു നിമിഷത്തില്‍ blinkies ഒന്നുമില്ലാത്ത ചിത്രം നിനക്കു കിട്ടും. ഇപ്പോള്‍ നിന്റെ കൈയിലിരിക്കുന്നതാണ് നല്ല സ്വാദിഷ്ടമായ.. അല്ല.. കൃത്യമായി എക്സ്പോസ് ചെയ്ത പടം.

“ആ പടങ്ങള്‍ ആകെ വെളുത്തിരിക്കില്ലേ?”

“ഇരിക്കും. അതിനെ ഫോട്ടോഷോപ്പില്‍ ഇട്ട് എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്ത് നല്ല ഫോട്ടോ ആക്കി മാറ്റാം. ക്യാമറയുടെ സെന്‍സറിനെക്കൊണ്ട് കഴിയാവുന്നത്ര ഡാറ്റ നമ്മള്‍ കളക്റ്റ് ചെയ്യിച്ച് ഫയലാക്കി. ആ ഡാറ്റയെ മനോധര്‍മ്മം പോലെ ഫ്രെയിമില്‍ ഉപയോഗിച്ച് ഫോട്ടോയുടെ മൊത്തം എക്സ്പോഷര്‍ എങ്ങിനെവേണമെന്ന് തീരുമാനിക്കാം.”

“അടിപൊളി ഐഡിയ... ഇപ്പൊത്തന്നെ ഇത് ചെയ്തുതോക്കിയിട്ടേയുള്ളൂ... അപ്പോ അളിയാ.. ഞാന്‍ പിന്നെ വിളിക്കാമേ.”

“ഏടാ.. പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്... ഡാ.. ഡാ....”


[ രാജു ഫോണ്‍ കട്ട് ചെയ്തു. സാരല്ല വൈകാതെ വിളിക്കും(തെറി) ]

------------- അരമണിക്കൂറിന് ശേഷം ----------------

“ഹലോ.. കുട്ടൂ”

“ങ്ഹാ.. പറ”

“എടാ എന്തുപരിപാടിയാ നീ പറഞ്ഞുതന്നത് ?”

“എന്തേ?”

“പടം എല്ലാം വെളുത്തിരിക്കുന്നു. ഒന്നുപോലും ശരിയായില്ല. ഫോട്ടോഷോപ്പില്‍ എക്സ്പോഷര്‍ കുറച്ചിട്ടൊന്നും കാര്യമുണ്ടായില്ല.”

“ഓക്കെ. jpeg ഫോര്‍മാറ്റിലായിരിക്കും പടമെടുത്തത്.. അല്ല്ലേ?”

“അതെ“

“എടാ ഒരു കാര്യം പറഞ്ഞുതരുമ്പൊ അത് മുഴുവനായി കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകണം. ഈ ഐഡിയ ശരിയായി വര്‍ക്ക് ചെയ്യണമെങ്കില്‍ Raw mode-ഇല്‍ ഏടുക്കണം. റോ മോഡിലേ എടുക്കാവൂ. അങ്ങനെ ഞങ്ങളുമറിയട്ടെ നീയും ഒരു ഫോട്ടോഗ്രാഫറാണെന്ന്.”

“ഓക്കെ. അത് ശരി.. അപ്പൊ ശര്യെടാ..”

“ഡാ നീയിപ്പൊ ചുളുവില്‍ പഠിച്ച ഈ പരിപാടിയുടെ പേരെന്താനെന്നറിയുമോ? Expose to the Right എന്ന്”

“അതു ശരി..”

“Expose to the Right - ന് എന്തുകൊണ്ടാണ് ആ പേര് എന്നറിയുമോ.”

“ഇല്ല”

“ഈ ഹിസ്റ്റോഗ്രാം എന്നുപറഞ്ഞ കുന്ത്രാണ്ടം ഇല്ലേ, അത് സീനിലുള്ള മൊത്തം ലൈറ്റിന്റെ റപ്രസന്റേഷന്‍ ആണെന്നറിയാമല്ലോ? അതായത് ഇടതുഭാഗത്തുള്ള ഇരുട്ടില്‍ (absolute black) നിന്ന് വലതുഭാഗത്തുള്ള വെളിച്ചത്തില്‍ (absolute white) എത്തുന്നതിന് ഇടയ്ക്കുള്ള എല്ലാ പ്രകാശ വ്യതിയാനങ്ങളും ഹിസ്റ്റോഗ്രാമില്‍ കാണാം. പൊതുവെ പറഞ്ഞാല്‍ ഇരുണ്ട പടങ്ങളുടെ ഹിസ്റ്റോഗ്രാം ഇടത്തോട്ടും, തെളിച്ചമുള്ള പടങ്ങളുടെ ഹിസ്റ്റോഗ്രാം വലത്തോട്ടും നീങ്ങിയിരിക്കും.”

“ഓഹ്.. അതുശരി. ഹിസ്റ്റോഗ്രാമിനെ പരമാവധി വലത്തോട്ട് കൊണ്ടുപോകുന്ന തരത്തില്‍ എക്സ്പോസ് ചെയ്യുക എന്നല്ലേ Expose to the Right എന്ന പരിപാടിയില്‍ ചെയ്യൂന്നത്. അപ്പോ ഷാഡൊ ഏരിയയും കൂടി പരമാവധി എക്സ്പോസ് ചെയ്യുന്നു. അല്ലേ?”

“അതെ. അതുതന്നെ. പക്ഷെ നീ കാണുന്ന ഹിസ്റ്റോഗ്രാമിനെ മുഴുവനായങ്ങ് വിശ്വസിക്കരുത് കെട്ടോ.”

“അതെന്താ?”

“നിന്റെ ക്യാമറ റോ മോഡില്‍ ആണ് പടം എടുക്കുന്നതെങ്കിലും, ആ റോ ഫയലിനെ നേരിട്ട് ക്യാമറയുടെ എല്‍.സി.ഡിയില്‍ കാണിക്കാന്‍ പറ്റില്ല. അതുകൊണ്ട് നിന്റെ ക്യാമറയിലെ നിലവിലുള്ള സെറ്റിങ്ങ് സ് അനുസരിച്ച് റോ ഫയലിനെ interpret ചെയ്ത് കിട്ടുന്ന ഇമേജും, അതിന്റെ ഹിസ്റ്റോഗ്രാമും ആണ് കാണിക്കുന്നത്. അതുകൊണ്ട് റോ-ഫയലിലെ യഥാര്‍ഥ ഹിസ്റ്റോഗ്രാമും, നീ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മില്‍ നേരിയ ഒരു വ്യത്യാസം ഉണ്ടാകും. അത് സാരമില്ല. സുരക്ഷിതമായി എത്രവരെ ഓവര്‍ എക്സ്പോസ് ചെയ്യാം എന്ന് കാലക്രമേണ നാം പഠിക്കും. റോ-ഫയലിലെ ഹിസ്റ്റോഗ്രാമും, ക്യാമറയിലെ എല്‍.സി.ഡി - യില്‍ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനുള്ള ഒരു വഴി ക്യാമറയുടെ കോണ്ട്രാസ്റ്റ് ഏറ്റവും കുറവ് ആയി സെറ്റ് ചെയ്യുക എന്നതാണ്. ആട്ടെ, ETTR എന്ന കണ്‍സപ്റ്റ് ആദ്യമായി അവതരിപ്പിച്ചത് ആരാണെന്നറിയുമോ?”

“ഇല്ല”

"തോമസ് നോള്‍ (Thomas Knol)."

"അത് ഫോട്ടോഷോപ്പിന്റെ സ്ഥാപകരില്‍ ഒരാളല്ലേ?”

“അതെ. തോമസ് നോളും, സഹോദരനായ ജോണ്‍ നോളും (John Knol) ചേര്‍ന്നാണ് ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയറിന് തുടക്കം കുറിച്ചത്. ങ്ഹാ..അപ്പോ ഈ പുതിയ ഫോട്ടോഗ്രാഫി പാഠത്തിന് നീയെപ്പോഴാ ചെലവ് ചെയ്യണത് ?”

“ഓ.. ചെലവ്... ആദ്യം ഇതൊന്ന് വര്‍ക്ക് ചെയ്യുമോ എന്ന് നോക്കട്ടെ. എന്നിട്ട് ചെലവ് ചെയ്യാം.”

“ഓക്കെ ഡാ. ബൈ.”

“ബൈ..”

=======================================================


Expose To The Right എന്ന വിഷയത്തപ്പറ്റി പറ്റി ബ്രൈറ്റ് എഴുതിയ എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍ എന്ന ആര്‍ട്ടിക്കിളിന്റെ പ്രസക്തഭാഗങ്ങള്‍:

ഒരു സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് (പ്രകാശം ശേഖരിക്കാനുള്ള കഴിവ്.അതിന്റെ പരിധി കഴിഞ്ഞാല്‍ വെള്ളനിറം മാത്രമേ കാണു.)ഏകദേശം അഞ്ചു സ്റ്റോപ്പാണ്. Raw മോഡ് 12 ബി്റ്റിലാണ് റെക്കോര്‍ഡ്‌ ചെയ്യുന്നത്.അതായത് 4096(2^12) പ്രകാശ വ്യതിയാനങ്ങള്‍(Tonal values)സെന്‍സറില്‍ ശേഖരിക്കപ്പെടും.ഈ പ്രകാശ വ്യതിയാനങ്ങള്‍അഞ്ചു സ്റൊപ്പിലും തുല്യമായല്ല ശേഖരിക്കപ്പെടുന്നത്.ചാര്‍ട്ട് നോക്കുക.സെന്‍സറിന്റെ പകുതിയോളം കപ്പാസിറ്റി ഏറ്റവും പ്രകാശമുള്ള ഭാഗം ചിത്രീകരിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.ഏറ്റവും കുറവ് ഏറ്റവും ഇരുണ്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനും.(ഡിജിറ്റല്‍ ഫോട്ടോകളുടെ ബ്രൈറ്റ്നസ്സ് കൂട്ടുമ്പോള്‍ ഇരുണ്ട ഭാഗങ്ങളില്‍ നോയ്സും പോസ്റ്ററയ്സേഷനും പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ടാണ്.)

ഇനി നമുക്ക് ഡിജിറ്റല്‍ ഫോടോഗ്രാഫിയുടെ അടിസ്ഥാന നിയമത്തിലേക്കുവരാം. 'Expose to the right'.Every body repeat after me. IN DIGITAL PHOTOGRAPHY THE RULE IS EXPOSE TO THE RIGHT:-)

എന്താണ് EXPOSE TO THE RIGHT? (RAW ഫോര്‍മാറ്റിനു മാത്രം ബാധകം.)

സെന്‍സര്‍ വെളിച്ചത്തിനോട് പെരുമാറുന്നത് ഫിലിമിനേപ്പോലെയല്ല എന്നു നാം കണ്ടു.ശരിയായ എക്സ്പോഷര്‍ ലൈറ്റ് മീറ്റര്‍ തീരുമാനിക്കുന്നതല്ല.(ലൈറ്റ് മീറ്റര്‍ പ്രത്യേകിച്ചും കൂടുതല്‍ കൃത്യതയുള്ള സ്പോട്ട് മീറ്റര്‍ ഫിലിം കാലഘട്ടത്തിന്റെ,പ്രത്യേകിച്ച് സ്ലൈഡ് ഫിലിം (ട്രാന്‍സ്പെരെന്‍സി ഫിലിം) കാലഘട്ടത്തിന്റെ അവശിഷ്ടമാണ്.)ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ഉപയോഗിക്കേണ്ടത് ഹിസ്റ്റോഗ്രാമാണ്(Histogram).ഹിസ്റ്റോഗ്രാമിന്റെ അടിസ്ഥാനത്തില്‍, പ്രധാന ഭാഗങ്ങള്‍ വെളുത്തുപോകാത്ത രീതിയില്‍ ഫോട്ടോ ഓവര്‍ എക്സ്പോസ് ചെയ്യുക.ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം വലതുവശത്തേക്ക് പരമാവധി നീങ്ങിയിരിക്കും.അതാണ് EXPOSE TO THE RIGHT.അതായത് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ശരിയായ എക്സ്പോഷര്‍ വളരെ മങ്ങിയ ഒട്ടും ഭംഗിയില്ലാത്ത ചിത്രമാണ്‌ നല്‍കുക .അത് പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ഡിജിറ്റല്‍ ക്യാമറയില്‍ കറക്റ്റ് എക്സ്പോഷര്‍(ലൈറ്റ് മീറ്ററിന്റെ അടിസ്ഥാനത്തില്‍) സെറ്റ് ചെയ്തു ഫോട്ടോയെടുക്കുന്നവര്‍ അവരുടെ വിലകൂടിയ ക്യാമറയുടെ സെന്‍സര്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല.(അത് കുഴപ്പമില്ല. അവരുടെ ക്യാമറ അവരുടെ ഫോട്ടോ.പക്ഷേ താന്‍ ഫോട്ടോയില്‍ മാറ്റമൊന്നും വരുത്താറില്ല എന്നു അഭിമാനിക്കുകയും അങ്ങിനെ മാറ്റം വരുത്തുന്നത് എന്തോ മോശം ഏര്‍പ്പാടാണ് എന്നും മറ്റും പ്രഖ്യാപിക്കുന്നത് ശരിയല്ല)

താഴെയുള്ള ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം ശ്രദ്ധിക്കുക.സെന്‍സര്‍ വെളിച്ചം ശേഖരിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നതിന്റെ അടിസ്ഥാനത്തില്‍ സീനില്‍ നിന്ന് പരമാവധി വെളിച്ചം ശേഖരിച്ചിരിക്കുന്നു(Sensor is used just as a light bucket).ഇനി അഡ്ജസ്റ്റ് ചെയ്ത ചിത്രവും അതിന്റെ ഹിസ്റ്റോഗ്രാമും നോക്കൂ.( ഇതെന്റെ മികച്ച ചിത്രമൊന്നുമല്ല.ആരും ഇനി അതില്‍ പിടിച്ചു തൂങ്ങണ്ട:-) )ഇനി ഞാന്‍ പറഞ്ഞത് പോരെങ്കില്‍ ഇനി Ian Lyons പറയുന്നതു നോക്കൂ.

....Get your histogram as close to the right side as possible but not so close as to cause the over exposure indicator to flash. The ideal exposure ensures that you have maximum number of levels describing your image without loosing important detail in the highlights. The closer you get to this ideal then the more of those levels are being used to describe your shadows. If you underexpose you will need to open them again to ensure the final image is as you require. The problem with this approach is that we only have 128 levels available to the shadows. You start pulling curves, etc to open the shadows and you'll get posterisation, etc......

...We need to get away from the concepts of exposure that have served us well with film. The CCD/CMOS isn't film and does not react like film in the highlight shadow regions. Exposure on film tends to roll-off smoothly in the shadows and highlights. With digital the capture is linear and there is no roll-off....

....Remember that you will likely still have the RAW file for a long time. It really is your equal of the negative; don't trash it. Even if the current crop of conversion apps can't handle the blown highlights future apps will. However, NOTHING will ever get you back the lost shadow detail......

ഞാന്‍ ഒരു സ്റ്റോപ്പെങ്കിലും കൂട്ടിയേ ഫോട്ടോയെടുക്കാറുള്ളൂ.jpeg ഉപയോഗിക്കാറുമില്ല.(ഒരു പ്രധാന കാര്യം,വിവരദോഷികളെ ഒറിജിനല്‍ ഫയല്‍ കാണിക്കരുത്.നിങ്ങള്‍ക്ക് ഫോട്ടോഗ്രാഫി അറിയില്ലന്നേ അവര്‍ കരുതൂ. Raw ഫോര്‍മാറ്റില്‍ ചിത്രമെടുത്തു പിന്നീട് പ്രോസ്സസ് ചെയ്യുന്നത് ബുദ്ധിമുട്ടുതന്നെയാണ്.പക്ഷേ ആ ബുദ്ധിമുട്ട് സഹിക്കാന്‍ തെയ്യാറല്ലാത്തവര്‍ ഫോട്ടോഗ്രാഫി എന്ന കല കൊണ്ടുനടക്കാന്‍ യോഗ്യരല്ല. It is easy to take a photograph, but it is harder to make a masterpiece in photography than in any other art medium”. എന്നു Ansel Adams ഫിലിം ഫോട്ടോഗ്രാഫി യെപറ്റി പറഞ്ഞത് ഡിജിറ്റലിന്റെ കാര്യത്തിലും ശരിയാണ്.


നന്ദി ബ്രൈറ്റ്..


for c4Camera,
കുട്ടു | kuttu


ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP