Monday, October 19, 2009

കറക്റ്റ് എക്സ്പോഷര്‍ എന്നാലെന്ത് (Expose To The Right) - (Repost)

“ഹലോ.. ഡാ കുട്ടൂ..”

“പറ രാജു.. നീയെവ്ടേടാ..? കുറേ കാലമായല്ലോ വിളിച്ചിട്ട്. നിന്റെ അമ്മയെ കണ്ടിരുന്നു ഇന്നലെ. നീ എവിടെയോ ടൂറ് പോയിരിക്കുകയാണെന്നാണല്ലോ പറഞ്ഞത്.”

“ങ്ഹാ.. ഞാന്‍ പോയിരുന്നു. ഇന്നു രാവിലെയാ എത്തിയത്. എടുത്ത ഫോട്ടോകള്‍ ഒക്കെ കമ്പ്യൂട്ടറിലിട്ട് അലക്കി വെളുപ്പിച്ചോണ്ടിരിക്കുവാ . അപ്പൊ ഡാ എനിക്കൊരു സംശയം.”

“ങ്ഹും? എന്താ?”

“ചില പടങ്ങളില്‍ - പ്രത്യേകിച്ച് ഇരുട്ടും വെളിച്ചവും കൂടി വരുന്ന ഫ്രെയിമുകളില്‍ - ഇരുട്ടിനെ വെളുപ്പിച്ചപ്പോ നിറയെ നോയ്‌സ്. ഒരു എസ്കാമ്പിള്‍ പറയാന്‍‍.. ങ്ഹാ.. കിട്ടിപ്പോയി. ഒരു ഇടനാഴിയുടെ പടം എടുത്തിരുന്നു. വെളിച്ചമുള്ള സ്ഥലമെല്ലാം കൃത്യമായി പതിഞ്ഞിരിക്കുന്നു. പക്ഷെ ഷാഡോ ഏരിയ കറുത്തുതന്നെ ഇരിക്കുന്നു. ഒന്ന വെളുപ്പിക്കാമെന്ന് വച്ചപ്പോഴോ.. ഫയങ്കര നോയ്‌സും.”

“ഓഹ്.. അതുശരി. ഏത് ഫോര്‍മാറ്റിലാ നീ പടം എടുത്തിരിക്കുന്നത് ..?

“കുറേ എണ്ണം jpg ഫോര്‍മാറ്റില്‍, raw ഫോര്‍മാറ്റിലും കുറച്ചെണ്ണം ഉണ്ട്. രണ്ടായാലും ഷാഡോ വെളുപ്പിക്കുമ്പോ നോയ്സ് ഉണ്ട്. റോ മോഡില്‍ നോയ്സ് കുറവാണെന്ന് മാത്രം.”

“എടാ രാജുമോനേ നിന്റെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ ഇനി നീ ഒരിക്കലും മറക്കാത്ത ഒരു പാഠം ഇതാ ഇപ്പോ പഠിക്കാന്‍ പോകുന്നു.”

“അതെന്താ ?”

“നീയെടുത്തില്ലേ jpg ഫയല്‍‌സ് ..? അതിന്റെ കാര്യം പോക്കാ. ഗ്രെയിന്‍സ് ഇല്ലാതെ കൂടുതല്‍ വെളുപ്പിക്കാന്‍ പറ്റില്ല. ഓരോ തവണ എഡിറ്റ് ചെയ്ത് സേവ് ചെയ്യുമ്പോഴും കുറേ ഡാറ്റ മിസ്സാവും. എന്നാല്‍ നിന്റെ റോ ഫയലുകളുടെ കാര്യം....... അതിന്റെ കാര്യവും ഏകദേശം പോക്കാ.”

“റോ ഫയലിനെന്താണ് കുഴപ്പം..? നീയല്ലേ പറഞ്ഞത് റോ ഫയല്‍ ഗമ്പ്ലീറ്റ് ഡാറ്റയാണ്. ക്യാമറ കണ്ട കാര്യങ്ങള്‍ മുഴുവന്‍ റോ ഫയലില്‍ നിറഞ്ഞിരിക്കുവാണെന്നെല്ലാം. എന്നിട്ടിപ്പോ ഞാന്‍ റോ ഫയലില്‍ പടം എടുത്തുകൊണ്ടുവന്നിട്ട് അതിന്റെ കാര്യവും പോക്കാണെന്ന് പറയുന്നോ..?”

“എടാ, jpeg യേക്കാളും ഡാറ്റ റോ ഫയലില്‍ ഉണ്ട്. റോ ഫയല്‍ എഡിറ്റ് ചെയ്ത് കുറേയൊക്കെ ക്ലീന്‍ ഫോട്ടോ എക്സ്പോര്‍ട്ട് ചെയ്തെടുക്കാം. പക്ഷെ നോയ്‌സ് ഇല്ലാത്ത ഫോട്ടോ വേണെങ്കില്‍ പടം എടുക്കുന്ന സമയത്ത് ചില ടെക്ക്നിക്കുകള്‍ കൂടി പ്രയോഗിക്കണം.”

“അതെന്താ അങ്ങിനെയൊരു ടെക്ക്നിക്ക് ..?”

“ഓക്കെ. ഞാന്‍ പറഞ്ഞുതരാം. സെന്‍സര്‍ കണ്ട വെളിച്ചത്തെ അതേ പോലെ ഫയലില്‍ സേവ് ചെയ്തതാണ് റോ ഫയല്‍. ഇതറിയാലോ.. സെന്‍സര്‍ കാണുന്ന സീനില്‍ എല്ലായിടത്തും വെളിച്ചത്തിന്റെ Distribution ഒരുപോലെയല്ല. അതുകൊണ്ട് നീ എടുക്കാനുദ്ദേശിക്കുന്ന സീനിലെ വെളിച്ചക്കുറവുള്ള ഏരിയയേയും, വെളിച്ചക്കൂടുതലുള്ള ഏരിയയേയും സെന്‍സര്‍ പ്രതേകം പ്രത്യേകമാണ് ഡീല്‍ ചെയ്യുന്നത്. വെളിച്ചം ശേഖരിക്കാനുള്ള സെന്‍സറിന്റെ കഴിവാണ് ഡൈനാമിക്ക് റേഞ്ച്. സാ‍ധാരണ ഡിജിറ്റല്‍ ക്യാമറകളുടെ സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് 5 സ്റ്റോപ്പ് ആണ്. ഇതു മനസ്സിലാക്കാന്‍ ഇപ്പൊ ഇരിക്കുന്നിടത്തുനിന്നും നീ എഴുന്നേറ്റ് ചുമ്മാ ആ ജനലിലൂടെ പുറത്തേക്കൊന്ന് നോക്ക്…”

“അളിയാ.. ഒരടിപൊളി പീസ്.. ഒരു സെക്കന്റേ…”

“എടാ‍…. ഡാ‍.…”

“ശ്ശെ..അവള്‍ ഓട്ടോയില്‍ കേറിപ്പോയി..ങ്ഹാ.. ബാക്കി പറ.”

“ഇപ്പോ നീ കാണുന്ന സീനിലെ വെളിച്ചത്തെ Brightest Tones, Brighter Tones, Mid tone, Darker Tones, Darkest Tones എന്നീ രീതിയില്‍ categorize ചെയ്യാന്‍ കഴിയില്ലേ?”

“ഉം..അത് ശരിയാണ്.”

“സാധാരണ ഒരു റോ ഫയല്‍ 12 ബിറ്റിലാണ് റെക്കോഡ് ചെയ്യുന്നത്. Brightest Tone നും Darkest Tone നും ഇടയ്ക്കുള്ള 4096 (2^12) പ്രകാശ വ്യതിയാനങ്ങളെ (Tonal Values) സ്വീകരിക്കാന്‍ നിന്റെ ക്യാമറയൂടെ സെന്‍സര്‍ സന്നദ്ധനാണ് എന്നര്‍ത്ഥം. സെന്‍സര്‍ തന്റെ കപ്പാസിറ്റി ഏറ്റവും കൂടുതല്‍ ഉപയോഗിന്നുന്നത് Brightest Tones, റെക്കോര്‍ഡ് ചെയ്യാനാണ്. 4096 ഇല്‍ 2048-ഉം (2^11) ഇതിനായി ഉപയോഗിക്കുന്നു. Brighter Tones (1024) , Mid tone (512), Darker Tones (256)‌, Darkest Tones(128) എന്നിങ്ങനെയാണ് ബാക്കി നാല് സ്റ്റോപ്പുകളീലും ലെവല്‍ ഉപയോഗം. ഇപ്പൊ വല്ലതും മനസ്സിലായോ?.”

“ങുഹും..വെളിച്ചം കുറഞ്ഞ ഏരിയയ്ക്കായി സെന്‍സര്‍ കുറച്ച് കപ്പാസിറ്റിയേ ഉപയോഗിക്കുന്നുള്ളൂ എന്നല്ലേ..? ഓ.. ഇതു മനസ്സിലാക്കാന്‍ ഇത്രവലിയ മാത്തമാറ്റിക്സ് ഒക്കെ പറയണോ..?”

“അതെന്നെ. അപ്പോ ഞാന്‍ വിചാരിച്ച പോലെ അത്ര മണ്ടനല്ല നീ.”

“എന്റെ ഫോട്ടോയില്‍ വെളുത്തിരിക്കുന്ന ഏരിയയില്‍ ഉള്ള അത്രയും ഡാറ്റ, ഷാഡോ ഏരിയയില്‍ ഇല്ല. അതുകൊണ്ട് അത് വെളുപ്പിക്കുമ്പൊ നോ‌യ്‌സ് വരുന്നു. ശരിയല്ലേ?”

“അതെന്നെ. അതാണ് അതിന്റെ കാരണം. ഷാഡോ ഏരിയയില്‍ കൂടുതല്‍ വെളിച്ചം കിട്ടണമെങ്കില്‍ നീ എന്തുചെയ്യണമായിരുന്നു..?”

“ഒന്നോ രണ്ടോ പോയന്റ് എക്സ്പോഷര്‍ കൂട്ടിയിട്ട് എടുത്താല്‍ പോരേ?”

“അതുമതി. പക്ഷെ ചിത്രത്തിലെ വെളിച്ചം കൂടുതലുള്ള ഭാഗം കൂടുതല്‍ വെളുത്ത് ഉജാല മുക്കിയ തോര്‍ത്ത് പോലെയായി മാറും. അത് വരാതിരിക്കാനും ഉണ്ട് ഒരു ടെക്ക്നിക്ക്.”

“അതെന്താ?”

“നിന്റെ ക്യാമറേല് എടുത്ത ഫോട്ടോ റിവ്യൂ നടത്തുമ്പോ Highlights എന്ന മോഡ് കണ്ടിട്ടുണ്ടോ..”

“ഉം. ഓവര്‍ എക്സ്പോസ്ഡ് ആയ ഭാഗം മിന്നി വിളങ്ങി വിരാജിക്കുന്ന മോഡ് അല്ലേ?”

“അതെ. അങ്ങിനെ മിന്നി വിരാജിക്കുന്നതിനെ blinkies എന്നാണ് പറയുക. അപ്പോ നീ ചെയ്യേണ്ടതെന്താണെന്ന് വച്ചാ‍ല് എക്സ്പോഷര്‍ ഒന്നോ രണ്ടോ പോയന്റ് കൂട്ടിയിട്ടശേഷം പടം എടുക്കുക. എന്നിട്ട് highlights mode-ല്‍ റിവ്യൂ ചെയ്യുക. ഫോട്ടോയില്‍ എവിടെയെങ്കിലും ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുണ്ടെങ്കില്‍ ഒരു പോയന്റ് എക്സ്പോഷര്‍ കുറയ്ക്കുക.എന്നിട്ട് വീണ്ടും പടാം എടുക്കുക. അങ്ങിനെ കുറച്ചു കുറച്ച് ഒരു നിമിഷത്തില്‍ blinkies ഒന്നുമില്ലാത്ത ചിത്രം നിനക്കു കിട്ടും. ഇപ്പോള്‍ നിന്റെ കൈയിലിരിക്കുന്നതാണ് നല്ല സ്വാദിഷ്ടമായ.. അല്ല.. കൃത്യമായി എക്സ്പോസ് ചെയ്ത പടം.

“ആ പടങ്ങള്‍ ആകെ വെളുത്തിരിക്കില്ലേ?”

“ഇരിക്കും. അതിനെ ഫോട്ടോഷോപ്പില്‍ ഇട്ട് എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്ത് നല്ല ഫോട്ടോ ആക്കി മാറ്റാം. ക്യാമറയുടെ സെന്‍സറിനെക്കൊണ്ട് കഴിയാവുന്നത്ര ഡാറ്റ നമ്മള്‍ കളക്റ്റ് ചെയ്യിച്ച് ഫയലാക്കി. ആ ഡാറ്റയെ മനോധര്‍മ്മം പോലെ ഫ്രെയിമില്‍ ഉപയോഗിച്ച് ഫോട്ടോയുടെ മൊത്തം എക്സ്പോഷര്‍ എങ്ങിനെവേണമെന്ന് തീരുമാനിക്കാം.”

“അടിപൊളി ഐഡിയ... ഇപ്പൊത്തന്നെ ഇത് ചെയ്തുതോക്കിയിട്ടേയുള്ളൂ... അപ്പോ അളിയാ.. ഞാന്‍ പിന്നെ വിളിക്കാമേ.”

“ഏടാ.. പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്... ഡാ.. ഡാ....”


[ രാജു ഫോണ്‍ കട്ട് ചെയ്തു. സാരല്ല വൈകാതെ വിളിക്കും(തെറി) ]

------------- അരമണിക്കൂറിന് ശേഷം ----------------

“ഹലോ.. കുട്ടൂ”

“ങ്ഹാ.. പറ”

“എടാ എന്തുപരിപാടിയാ നീ പറഞ്ഞുതന്നത് ?”

“എന്തേ?”

“പടം എല്ലാം വെളുത്തിരിക്കുന്നു. ഒന്നുപോലും ശരിയായില്ല. ഫോട്ടോഷോപ്പില്‍ എക്സ്പോഷര്‍ കുറച്ചിട്ടൊന്നും കാര്യമുണ്ടായില്ല.”

“ഓക്കെ. jpeg ഫോര്‍മാറ്റിലായിരിക്കും പടമെടുത്തത്.. അല്ല്ലേ?”

“അതെ“

“എടാ ഒരു കാര്യം പറഞ്ഞുതരുമ്പൊ അത് മുഴുവനായി കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകണം. ഈ ഐഡിയ ശരിയായി വര്‍ക്ക് ചെയ്യണമെങ്കില്‍ Raw mode-ഇല്‍ ഏടുക്കണം. റോ മോഡിലേ എടുക്കാവൂ. അങ്ങനെ ഞങ്ങളുമറിയട്ടെ നീയും ഒരു ഫോട്ടോഗ്രാഫറാണെന്ന്.”

“ഓക്കെ. അത് ശരി.. അപ്പൊ ശര്യെടാ..”

“ഡാ നീയിപ്പൊ ചുളുവില്‍ പഠിച്ച ഈ പരിപാടിയുടെ പേരെന്താനെന്നറിയുമോ? Expose to the Right എന്ന്”

“അതു ശരി..”

“Expose to the Right - ന് എന്തുകൊണ്ടാണ് ആ പേര് എന്നറിയുമോ.”

“ഇല്ല”

“ഈ ഹിസ്റ്റോഗ്രാം എന്നുപറഞ്ഞ കുന്ത്രാണ്ടം ഇല്ലേ, അത് സീനിലുള്ള മൊത്തം ലൈറ്റിന്റെ റപ്രസന്റേഷന്‍ ആണെന്നറിയാമല്ലോ? അതായത് ഇടതുഭാഗത്തുള്ള ഇരുട്ടില്‍ (absolute black) നിന്ന് വലതുഭാഗത്തുള്ള വെളിച്ചത്തില്‍ (absolute white) എത്തുന്നതിന് ഇടയ്ക്കുള്ള എല്ലാ പ്രകാശ വ്യതിയാനങ്ങളും ഹിസ്റ്റോഗ്രാമില്‍ കാണാം. പൊതുവെ പറഞ്ഞാല്‍ ഇരുണ്ട പടങ്ങളുടെ ഹിസ്റ്റോഗ്രാം ഇടത്തോട്ടും, തെളിച്ചമുള്ള പടങ്ങളുടെ ഹിസ്റ്റോഗ്രാം വലത്തോട്ടും നീങ്ങിയിരിക്കും.”

“ഓഹ്.. അതുശരി. ഹിസ്റ്റോഗ്രാമിനെ പരമാവധി വലത്തോട്ട് കൊണ്ടുപോകുന്ന തരത്തില്‍ എക്സ്പോസ് ചെയ്യുക എന്നല്ലേ Expose to the Right എന്ന പരിപാടിയില്‍ ചെയ്യൂന്നത്. അപ്പോ ഷാഡൊ ഏരിയയും കൂടി പരമാവധി എക്സ്പോസ് ചെയ്യുന്നു. അല്ലേ?”

“അതെ. അതുതന്നെ. പക്ഷെ നീ കാണുന്ന ഹിസ്റ്റോഗ്രാമിനെ മുഴുവനായങ്ങ് വിശ്വസിക്കരുത് കെട്ടോ.”

“അതെന്താ?”

“നിന്റെ ക്യാമറ റോ മോഡില്‍ ആണ് പടം എടുക്കുന്നതെങ്കിലും, ആ റോ ഫയലിനെ നേരിട്ട് ക്യാമറയുടെ എല്‍.സി.ഡിയില്‍ കാണിക്കാന്‍ പറ്റില്ല. അതുകൊണ്ട് നിന്റെ ക്യാമറയിലെ നിലവിലുള്ള സെറ്റിങ്ങ് സ് അനുസരിച്ച് റോ ഫയലിനെ interpret ചെയ്ത് കിട്ടുന്ന ഇമേജും, അതിന്റെ ഹിസ്റ്റോഗ്രാമും ആണ് കാണിക്കുന്നത്. അതുകൊണ്ട് റോ-ഫയലിലെ യഥാര്‍ഥ ഹിസ്റ്റോഗ്രാമും, നീ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മില്‍ നേരിയ ഒരു വ്യത്യാസം ഉണ്ടാകും. അത് സാരമില്ല. സുരക്ഷിതമായി എത്രവരെ ഓവര്‍ എക്സ്പോസ് ചെയ്യാം എന്ന് കാലക്രമേണ നാം പഠിക്കും. റോ-ഫയലിലെ ഹിസ്റ്റോഗ്രാമും, ക്യാമറയിലെ എല്‍.സി.ഡി - യില്‍ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനുള്ള ഒരു വഴി ക്യാമറയുടെ കോണ്ട്രാസ്റ്റ് ഏറ്റവും കുറവ് ആയി സെറ്റ് ചെയ്യുക എന്നതാണ്. ആട്ടെ, ETTR എന്ന കണ്‍സപ്റ്റ് ആദ്യമായി അവതരിപ്പിച്ചത് ആരാണെന്നറിയുമോ?”

“ഇല്ല”

"തോമസ് നോള്‍ (Thomas Knol)."

"അത് ഫോട്ടോഷോപ്പിന്റെ സ്ഥാപകരില്‍ ഒരാളല്ലേ?”

“അതെ. തോമസ് നോളും, സഹോദരനായ ജോണ്‍ നോളും (John Knol) ചേര്‍ന്നാണ് ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയറിന് തുടക്കം കുറിച്ചത്. ങ്ഹാ..അപ്പോ ഈ പുതിയ ഫോട്ടോഗ്രാഫി പാഠത്തിന് നീയെപ്പോഴാ ചെലവ് ചെയ്യണത് ?”

“ഓ.. ചെലവ്... ആദ്യം ഇതൊന്ന് വര്‍ക്ക് ചെയ്യുമോ എന്ന് നോക്കട്ടെ. എന്നിട്ട് ചെലവ് ചെയ്യാം.”

“ഓക്കെ ഡാ. ബൈ.”

“ബൈ..”

=======================================================


Expose To The Right എന്ന വിഷയത്തപ്പറ്റി പറ്റി ബ്രൈറ്റ് എഴുതിയ എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍ എന്ന ആര്‍ട്ടിക്കിളിന്റെ പ്രസക്തഭാഗങ്ങള്‍:

ഒരു സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് (പ്രകാശം ശേഖരിക്കാനുള്ള കഴിവ്.അതിന്റെ പരിധി കഴിഞ്ഞാല്‍ വെള്ളനിറം മാത്രമേ കാണു.)ഏകദേശം അഞ്ചു സ്റ്റോപ്പാണ്. Raw മോഡ് 12 ബി്റ്റിലാണ് റെക്കോര്‍ഡ്‌ ചെയ്യുന്നത്.അതായത് 4096(2^12) പ്രകാശ വ്യതിയാനങ്ങള്‍(Tonal values)സെന്‍സറില്‍ ശേഖരിക്കപ്പെടും.ഈ പ്രകാശ വ്യതിയാനങ്ങള്‍അഞ്ചു സ്റൊപ്പിലും തുല്യമായല്ല ശേഖരിക്കപ്പെടുന്നത്.ചാര്‍ട്ട് നോക്കുക.



സെന്‍സറിന്റെ പകുതിയോളം കപ്പാസിറ്റി ഏറ്റവും പ്രകാശമുള്ള ഭാഗം ചിത്രീകരിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.ഏറ്റവും കുറവ് ഏറ്റവും ഇരുണ്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനും.(ഡിജിറ്റല്‍ ഫോട്ടോകളുടെ ബ്രൈറ്റ്നസ്സ് കൂട്ടുമ്പോള്‍ ഇരുണ്ട ഭാഗങ്ങളില്‍ നോയ്സും പോസ്റ്ററയ്സേഷനും പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ടാണ്.)

ഇനി നമുക്ക് ഡിജിറ്റല്‍ ഫോടോഗ്രാഫിയുടെ അടിസ്ഥാന നിയമത്തിലേക്കുവരാം. 'Expose to the right'.Every body repeat after me. IN DIGITAL PHOTOGRAPHY THE RULE IS EXPOSE TO THE RIGHT:-)

എന്താണ് EXPOSE TO THE RIGHT? (RAW ഫോര്‍മാറ്റിനു മാത്രം ബാധകം.)

സെന്‍സര്‍ വെളിച്ചത്തിനോട് പെരുമാറുന്നത് ഫിലിമിനേപ്പോലെയല്ല എന്നു നാം കണ്ടു.ശരിയായ എക്സ്പോഷര്‍ ലൈറ്റ് മീറ്റര്‍ തീരുമാനിക്കുന്നതല്ല.(ലൈറ്റ് മീറ്റര്‍ പ്രത്യേകിച്ചും കൂടുതല്‍ കൃത്യതയുള്ള സ്പോട്ട് മീറ്റര്‍ ഫിലിം കാലഘട്ടത്തിന്റെ,പ്രത്യേകിച്ച് സ്ലൈഡ് ഫിലിം (ട്രാന്‍സ്പെരെന്‍സി ഫിലിം) കാലഘട്ടത്തിന്റെ അവശിഷ്ടമാണ്.)ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ഉപയോഗിക്കേണ്ടത് ഹിസ്റ്റോഗ്രാമാണ്(Histogram).ഹിസ്റ്റോഗ്രാമിന്റെ അടിസ്ഥാനത്തില്‍, പ്രധാന ഭാഗങ്ങള്‍ വെളുത്തുപോകാത്ത രീതിയില്‍ ഫോട്ടോ ഓവര്‍ എക്സ്പോസ് ചെയ്യുക.ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം വലതുവശത്തേക്ക് പരമാവധി നീങ്ങിയിരിക്കും.അതാണ് EXPOSE TO THE RIGHT.അതായത് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ശരിയായ എക്സ്പോഷര്‍ വളരെ മങ്ങിയ ഒട്ടും ഭംഗിയില്ലാത്ത ചിത്രമാണ്‌ നല്‍കുക .അത് പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ഡിജിറ്റല്‍ ക്യാമറയില്‍ കറക്റ്റ് എക്സ്പോഷര്‍(ലൈറ്റ് മീറ്ററിന്റെ അടിസ്ഥാനത്തില്‍) സെറ്റ് ചെയ്തു ഫോട്ടോയെടുക്കുന്നവര്‍ അവരുടെ വിലകൂടിയ ക്യാമറയുടെ സെന്‍സര്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല.(അത് കുഴപ്പമില്ല. അവരുടെ ക്യാമറ അവരുടെ ഫോട്ടോ.പക്ഷേ താന്‍ ഫോട്ടോയില്‍ മാറ്റമൊന്നും വരുത്താറില്ല എന്നു അഭിമാനിക്കുകയും അങ്ങിനെ മാറ്റം വരുത്തുന്നത് എന്തോ മോശം ഏര്‍പ്പാടാണ് എന്നും മറ്റും പ്രഖ്യാപിക്കുന്നത് ശരിയല്ല)

താഴെയുള്ള ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം ശ്രദ്ധിക്കുക.സെന്‍സര്‍ വെളിച്ചം ശേഖരിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നതിന്റെ അടിസ്ഥാനത്തില്‍ സീനില്‍ നിന്ന് പരമാവധി വെളിച്ചം ശേഖരിച്ചിരിക്കുന്നു(Sensor is used just as a light bucket).



ഇനി അഡ്ജസ്റ്റ് ചെയ്ത ചിത്രവും അതിന്റെ ഹിസ്റ്റോഗ്രാമും നോക്കൂ.( ഇതെന്റെ മികച്ച ചിത്രമൊന്നുമല്ല.ആരും ഇനി അതില്‍ പിടിച്ചു തൂങ്ങണ്ട:-) )



ഇനി ഞാന്‍ പറഞ്ഞത് പോരെങ്കില്‍ ഇനി Ian Lyons പറയുന്നതു നോക്കൂ.

....Get your histogram as close to the right side as possible but not so close as to cause the over exposure indicator to flash. The ideal exposure ensures that you have maximum number of levels describing your image without loosing important detail in the highlights. The closer you get to this ideal then the more of those levels are being used to describe your shadows. If you underexpose you will need to open them again to ensure the final image is as you require. The problem with this approach is that we only have 128 levels available to the shadows. You start pulling curves, etc to open the shadows and you'll get posterisation, etc......

...We need to get away from the concepts of exposure that have served us well with film. The CCD/CMOS isn't film and does not react like film in the highlight shadow regions. Exposure on film tends to roll-off smoothly in the shadows and highlights. With digital the capture is linear and there is no roll-off....

....Remember that you will likely still have the RAW file for a long time. It really is your equal of the negative; don't trash it. Even if the current crop of conversion apps can't handle the blown highlights future apps will. However, NOTHING will ever get you back the lost shadow detail......

ഞാന്‍ ഒരു സ്റ്റോപ്പെങ്കിലും കൂട്ടിയേ ഫോട്ടോയെടുക്കാറുള്ളൂ.jpeg ഉപയോഗിക്കാറുമില്ല.(ഒരു പ്രധാന കാര്യം,വിവരദോഷികളെ ഒറിജിനല്‍ ഫയല്‍ കാണിക്കരുത്.നിങ്ങള്‍ക്ക് ഫോട്ടോഗ്രാഫി അറിയില്ലന്നേ അവര്‍ കരുതൂ. Raw ഫോര്‍മാറ്റില്‍ ചിത്രമെടുത്തു പിന്നീട് പ്രോസ്സസ് ചെയ്യുന്നത് ബുദ്ധിമുട്ടുതന്നെയാണ്.പക്ഷേ ആ ബുദ്ധിമുട്ട് സഹിക്കാന്‍ തെയ്യാറല്ലാത്തവര്‍ ഫോട്ടോഗ്രാഫി എന്ന കല കൊണ്ടുനടക്കാന്‍ യോഗ്യരല്ല. It is easy to take a photograph, but it is harder to make a masterpiece in photography than in any other art medium”. എന്നു Ansel Adams ഫിലിം ഫോട്ടോഗ്രാഫി യെപറ്റി പറഞ്ഞത് ഡിജിറ്റലിന്റെ കാര്യത്തിലും ശരിയാണ്.


നന്ദി ബ്രൈറ്റ്..


for c4Camera,
കുട്ടു | kuttu


32 comments:

കുട്ടു | Kuttu October 15, 2009 at 7:55 PM  

കറക്റ്റ് എക്സ്പോഷര്‍ എന്ത് ? എങ്ങിനെ
ഒരു പ്രൈമര്‍.

krish | കൃഷ് October 16, 2009 at 11:10 AM  

:)

muzhuvan vaayichiTT abhipraayam paRayaam.

krish | കൃഷ് October 16, 2009 at 1:34 PM  

Nice explanations, shall try later.



(njaan kooduthalum Jpeg formatil aanu shot edukkunnath. image edit cheyyaan kooduthal time kittaarilla. pinne RAW format will eat-up more space of memory card.)

Unknown October 17, 2009 at 6:57 PM  

കുട്ടു,

ആദ്യം ഒരു സംശയം!

-----------------------------------------------------------------------------------------------------------------------------------------------

“ഉം. ഓവര്‍ എക്സ്പോസ്ഡ് ആയ ഭാഗം മിന്നി വിളങ്ങി വിരാജിക്കുന്ന മോഡ് അല്ലേ?”

“അതെ. അങ്ങിനെ മിന്നി വിരാജിക്കുന്നതിനെ blinkies എന്നാണ് പറയുക. അപ്പോ നീ ചെയ്യേണ്ടതെന്താണെന്ന് വച്ചാ‍ല് എക്സ്പോഷര്‍ ഒന്നോ രണ്ടോ പോയന്റ് കൂട്ടിയിട്ടശേഷം പടം എടുക്കുക. എന്നിട്ട് highlights mode-ല്‍ റിവ്യൂ ചെയ്യുക. ഫോട്ടോയില്‍ എവിടെയെങ്കിലും ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുണ്ടെങ്കില്‍ ഒരു പോയന്റ് എക്സ്പോഷര്‍ കുറയ്ക്കുക.എന്നിട്ട് വീണ്ടും പടാം എടുക്കുക. അങ്ങിനെ കുറച്ചു കുറച്ച് ഒരു നിമിഷത്തില്‍ blinkies ഒന്നുമില്ലാത്ത ചിത്രം നിനക്കു കിട്ടും. ഇപ്പോള്‍ നിന്റെ കൈയിലിരിക്കുന്നതാണ് നല്ല സ്വാദിഷ്ടമായ.. അല്ല.. കൃത്യമായി എക്സ്പോസ് ചെയ്ത പടം.



“എക്സ്പോസ് റ്റു വലത് “- ചെയ്യുമ്പോൾ ഹൈലൈറ്റ് മാക്സിമം പോകാതെ എക്സ്പോസ് ചെയ്യണം എന്നാണ് കുട്ടു ഉദ്ദേശിച്ചത് എന്ന് എനിക്കു മനസ്സിലായി. പക്ഷേ മുകളിൽ പറഞ്ഞ ഭാഗം വായിച്ചപ്പോൾ ഒരു സംശയം – ശരിയായ എക്സ്പോഷർ ചിത്രങ്ങൾ എടുക്കുവാനല്ലേ ഈ മുകൾ ഭാഗം കൊണ്ട് ഉദ്ദേശിക്കുന്നത്?

ഇങ്ങനെ കിട്ടുന്ന സ്റ്റോപ് വിലകളിൽ ഒന്നോ രണ്ടോ കൂട്ടിയിട്ടെടുകുമ്പോഴല്ലേ “എക്സ്പോസ് റ്റു വലത്“ ആകുന്നത്?



ഒരു സ്റ്റോപ് വേണോ 2 സ്റ്റോപ് വേണോ എന്ന് എങ്ങനെ തീരുമാനിക്കും? എന്റെ അറിവിൽ (പ്രായോഗിക ജ്ഞാനം ഇല്ല) ഫ്രെയിമിൽ കൂടുതൽ ഷാഡോ ( ഡാർക്ക് പ്രദേശം – ഇരുണ്ട ഭാഗങ്ങൾ ഉണ്ടെങ്കിൽ ) 2 സ്റ്റോപ് കൊടുക്കാം എന്നതാണ്.





അതൊക്കെ പോട്ടെ – റോ മോഡിൽ ചിത്രങ്ങെളെടുക്കുന്നതിനെക്കുറിച്ച് :

കുട്ടു പറഞ്ഞതും ബ്രൈറ്റ് എഴുതിയതും എല്ലാം അംഗീകരിക്കുന്നു . റോ മോഡിൽ കൂടുതൽ ഡാറ്റ കിട്ടും, പ്രോസസ്സ് ചെയ്ത് നല്ല ചിത്രങ്ങൾ ഉണ്ടാക്കാം – ശരി.



എന്തിനു വേണ്ടി ഫോട്ടോ എടുക്കുന്നു, എത്ര സമയം പോസ്റ്റ് പ്രോസസിങ്ങിന് ലഭിക്കുന്നു എന്നത് പരിഗണിച്ചു വേണം റോ മോഡ് ഉപയോഗിക്കുവാൻ എന്നാണ് എനിക്ക് പറയുവാനുള്ളത്. പ്രൊഫഷനലായി ചെയ്യുന്നവർ തീർച്ചയായും റോയിൽ തന്നെയെടുക്കും. പോസ്റ്റ് പ്രോസസിങ്ങിന് സമയം ഇല്ല, ഫോട്ടോഷോപ്പിൽ വലിയ പരിചയമില്ല – ഇവർക്കൊക്കെ റോ മോഡ് സമയം, മെമ്മറി മെനകെടുത്തലാകും.

കുട്ടു | Kuttu October 17, 2009 at 10:03 PM  

സപ്തവര്‍ണ്ണങ്ങള്‍:
നമ്മള്‍ ഒരു സീന്‍ എടുക്കുന്നു എന്ന് വിചാരിക്കുക. EV-2 ആയാല്‍ ബ്ലിങ്കീസ്
ഉണ്ട്. EV-1 ആയാല്‍ ബ്ലിങ്കീസ് ഒന്നുമില്ല. അതിനര്‍ത്ഥം എവിടേയും ഡാറ്റ പോയിട്ടില്ല എന്നല്ലേ? അതുകൊണ്ട് EV-1 ഇല്‍ എടുക്കുക. ഈ പടം കമ്പ്യൂട്ടറിലിട്ടാലും, ക്യാമറയില്‍ റിവ്യൂ ചെയ്യുമ്പോഴും ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുതന്നെയാണ് നമുക്കനുഭവപ്പെടുക. പക്ഷെ, പടക്കട ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ നമുക്കാവശ്യമായ രീതിയിലേക്ക് എക്സ്പോഷറിനെ കൊണ്ടുവരാം. നോയ്സ് ഒട്ടുമില്ലാതെ തന്നെ.

പക്ഷെ jpeg ആയിട്ടാണ് പടം എടുക്കുന്നതെങ്കില്‍ ഇതൊന്നും ബാധകമല്ല. lcd യില്‍ കണ്ടു തൃപ്തിപ്പെടുന്ന എക്സ്പോഷറില്‍ എടുക്കുകയാണല്ലോ നമ്മള്‍ ചെയ്യാറ്. പിന്നെ ചെറിയ കറക്ഷന്‍ പടക്കട വച്ച് ചെയ്യുമെന്ന് മാത്രം. കൂടുതല്‍ ചെയ്യാന്‍ പോയാല്‍ ഒന്നുകില്‍ വെളുത്തഭാഗം അടിച്ചുപോകും, അല്ലെങ്കില്‍ ഷാഡോ ഏരിയയില്‍ നോയ്സ് വരും.

ഒരു സ്റ്റോപ് വേണോ 2 സ്റ്റോപ് വേണോ എന്ന് തീരുമാനിക്കാന്‍ ഫോര്‍മുല ഒന്നുമില്ല. പക്ഷെ രണ്ടുമൂന്ന് പ്രാവശ്യം പടം എടുത്ത് റിവ്യൂ ചെയ്യുമ്പോള്‍ അത് പരിചയമാകും. പ്രധാനമായും ഹൈലൈറ്റ്സ് ഓണ്‍ ചെയ്തിട്ട് ഫോട്ടോ എടുക്കുമ്പോള്‍


എന്തിന് റോ മോഡ്:
കൂട്ടുകാരുടെ കല്യാണത്തിനു പോകുന്നു, അല്ലെങ്കില്‍ ഒരു ടൂര്‍ പോകുന്നു. ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ jpeg എടുക്കുന്നതാണ് നല്ലത് എന്ന് പൊതുവായി പറയാം.

പക്ഷെ അതിലും എനിക്ക് ചെറിയ വിയോജിപ്പുണ്ട്. പടങ്ങള്‍ റോ മോഡില്‍ത്തന്നെ എടുക്കുക, റോ-തെറാപ്പി പോലെയുള്ള സോഫ്റ്റ്‌വെയറില്‍ ഇട്ട് ബാച്ച് കണ്‍‌വേര്‍ഷന്‍ നടത്തുക. ഫയലുകള്‍ സെലക്റ്റ് ചെയ്യുക. കണ്‍‌വെര്‍ട്ട് ബട്ടന്‍ പ്രസ് ചെയ്യുക. ഇത്രേ പണിയുള്ളൂ. jpg മാത്രം മതിയെങ്കില്‍ റോ മുഴുവന്‍ ഡിലീറ്റ് ചെയ്യുക. digital negatives സൂക്ഷിക്കണമെങ്കില്‍ മാത്രം അവ സൂക്ഷിച്ചാല്‍ മതി.

ചില ഫോട്ടോകള്‍ ഡാറ്റാ ലോസ്സ് കൂടാതെ എഡിറ്റ് ചെയ്യണമെങ്കില്‍ അവയുടെ റോ വേര്‍ഷനും കൂടി എടുത്തുവയ്ക്കുക. jpg ആണെങ്കില്‍ ഓരോ സേവിനും ഒരുപാട് ഡാറ്റ പോകുമല്ലോ.

Faisal Mohammed October 18, 2009 at 12:17 PM  

ബഹു. കുട്ടു,

താങ്കളുടെ ലേഖനം വളരെ ‘വായാനാത്മകവും’ ഉപകാരപ്രദവുമാണ്,സാങ്കേതിക വിഷയങ്ങള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്ന മടുപ്പൊഴിവാക്കി വളരെ സരസമായി എഴുതിയിരിക്കുന്നു, നന്ദി, അഭിനന്ദനങ്ങള്‍, ആശംസകള്‍ !!!
ഇതില്‍ വിവരിച്ചിരിക്കുന്ന സങ്കേതത്തിനോട് കൂട്ടിവായിക്കാവുന്ന ഒരു സംഭവം മാ‍സങ്ങള്‍ക്കു മുമ്പ് ബെറ്റര്‍ ഫോട്ടോഗ്രഫി മാസിക റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ ഒന്നു പകര്‍ത്തട്ടെ !
(Better Photography, Vol:13, No.1, June 2009 - 12th anniversary issue, Page 24)
Photographer Disqualified for Excessive Photo Manipulation - Kicks off Global Debate.
:- The Danish Press Photography Union excluded Copenhagen - based photo journalists Klavs Bo Christmen from the judging for this year's Press Photo Awards. Apparently, Klav's looked like they were worked upon excessively in photoshop.
During the judging, the panelists were repeatedly saying that the submitted photos were excessively 'manipulated'. some of these got pulled from the competition right away, but in three cases the judges decided to ask Klav for the RAW files (original files), in order to compare the original to the final images. after finding excessive manipulation, his images were removed from the competition. one of the judges Miriam Dalsgaard explained, " It should not mean that we do not accept or recognise editing in Photoshop, but this example is really extreme".....
....റിപ്പോര്‍ട്ട് ഇങ്ങനെ തുടരുന്നു.

ഇവര്‍ എക്സെസ്സിവ് മാനിപ്പുലേഷന്‍ എന്ന് ആരോപിക്കുന്ന ഈ സങ്കേതം അത് മറ്റൊന്നുമല്ല, താങ്കള്‍ ലേഖനത്തില്‍ വിവരിച്ചിരിക്കുന്ന എക്സ്പോസ്സ് റ്റു ദ് റൈറ്റ് തന്നെയാണ്. കമ്മ്യൂണിറ്റി സൈറ്റുകളിലെ റെഡിമൈഡ് കമന്റുകള്‍ക്കു വേണ്ടിയല്ലാതെ അതിനുമപ്പുറത്തേയ്ക്ക് ഫോട്ടോയെടുക്കുന്നവര്‍ക്ക് ഈ സങ്കേതം ഒരു പാരയാകുമോ ?. ലേഖനത്തില്‍ കൊടുത്തിട്ടുള്ള ഫോട്ടോകൂടി കണ്ടാല്‍ സംഗതി വ്യക്തമാകും.

വിശ്വസ്തതയോടെ,

കുട്ടു | Kuttu October 18, 2009 at 2:17 PM  

പാച്ചു:
കമന്റിന് നന്ദി.

ആ മാഗസിന്‍ എന്റെ കൈയിലുണ്ട്. ഇതേ ആര്‍ട്ടിക്കിള്‍ ഞാന്‍ കാണുകയും ചെയ്തിരുന്നു. അതോടൊപ്പം ആ ഫോട്ടോയും കൊടുത്തിട്ടുണ്ടായിരുന്നു.

Excessive manipulation നും Expose To The Right ഉം രണ്ടും രണ്ടാണ്.

ETTR എന്നത് സെന്‍‌സറിന്റെ കഴിവ് പരമാവധി ഉപയോഗിച്ച് ഫോട്ടോ എടുക്കുന്ന ഒരു സങ്കേതം ആണ്. പ്രധാനമായും ഷാഡോ ഏരിയകള്‍ കൂടുതല്‍ വ്യക്തമായിക്കിട്ടാന്‍ ഉപയോഗിക്കുന്ന സങ്കേതം.
ഫോട്ടോ എടുക്കാന്‍ ആ സങ്കേതം ഉപയോഗിച്ചു എന്നത്കൊണ്ട് മാത്രം ആരും മത്സരത്തിന് ആ പടം നിരസിക്കും എന്ന് തോന്നുന്നില്ല.

ആ സംഘാടകര്‍ തന്നെ പറയുന്നത് കേള്‍ക്കൂ

It should not mean that we do not accept or recognise editing in Photoshop, but this example is really extreme".....

R‍eally Extreme എന്നതാണ് ആ നിരീക്ഷണത്തിലെ ഹൈലൈറ്റ്. ഫോട്ടോ എടുക്കാനുള്ള ഒരാളുടെ കഴിവാണോ, ഫോട്ടോഷോപ്പിലുള്ള അയാളുടെ കഴിവാണോ തെളിയിക്കപ്പെടേണ്ടത് എന്നതാണ് ചോദ്യം.

ഏത് രീതിയില്‍(.Raw/.jpeg) ഫോട്ടോ എടുത്താലും ഫോട്ടോഗ്രാഫര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ഫോട്ടോഷോപ്പിലിട്ട് എന്തും കാണിക്കാം. കല എന്നതിന്റെ നിര്‍വ്വചനം ആര്‍ക്കും വ്യക്തമായിപ്പറയാന്‍ കഴിയാത്ത പോലെ “എന്റെ ഫോട്ടോ എന്താണ്” എന്ന് നിര്‍വ്വചിക്കാനുള്ള സ്വാതന്ത്ര്യവും ഫോട്ടോഗ്രാഫര്‍ക്കുണ്ട്.

എങ്കിലും ചില സംഘാടകര്‍ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താറുണ്ട്. അത് എത്രത്തോളം നീതിമത്കരിക്കേണ്ടതാണെന്ന് അറിയില്ല.


പിന്നെ ETTR ഒരു പുതിയ സംഗതിയൊന്നുമല്ല. എത്രയോ കാലങ്ങളായി ഫോട്ടോഗ്രാഫേഴ്സ് ഉപയോഗിക്കുന്ന കാര്യമാണത്. ഡിജിറ്റല്‍ നെഗറ്റീവ്സ് ഉണ്ടാക്കാന്‍ ഏറ്റവും റെക്കമെന്റഡ് ആയിട്ടുള്ള സങ്കേതവും അതാണ്.

കുട്ടു | Kuttu October 18, 2009 at 2:26 PM  

പാച്ചു റഫര്‍ ചെയ്യുന്ന വാര്‍ത്ത:

ഇവിടെ

കുട്ടു | Kuttu October 18, 2009 at 2:28 PM  

ഇതും കൂടി

Unknown October 18, 2009 at 8:55 PM  

“പക്ഷെ അതിലും എനിക്ക് ചെറിയ വിയോജിപ്പുണ്ട്. പടങ്ങള്‍ റോ മോഡില്‍ത്തന്നെ എടുക്കുക, റോ-തെറാപ്പി പോലെയുള്ള സോഫ്റ്റ്‌വെയറില്‍ ഇട്ട് ബാച്ച് കണ്‍‌വേര്‍ഷന്‍ നടത്തുക. ഫയലുകള്‍ സെലക്റ്റ് ചെയ്യുക. കണ്‍‌വെര്‍ട്ട് ബട്ടന്‍ പ്രസ് ചെയ്യുക. ഇത്രേ പണിയുള്ളൂ. jpg മാത്രം മതിയെങ്കില്‍ റോ മുഴുവന്‍ ഡിലീറ്റ് ചെയ്യുക. digital negatives സൂക്ഷിക്കണമെങ്കില്‍ മാത്രം അവ സൂക്ഷിച്ചാല്‍ മതി.

ചില ഫോട്ടോകള്‍ ഡാറ്റാ ലോസ്സ് കൂടാതെ എഡിറ്റ് ചെയ്യണമെങ്കില്‍ അവയുടെ റോ വേര്‍ഷനും കൂടി എടുത്തുവയ്ക്കുക. jpg ആണെങ്കില്‍ ഓരോ സേവിനും ഒരുപാട് ഡാറ്റ പോകുമല്ലോ“

കുട്ടു,
കൂട്ട കണ്വേർഷൻ നടത്താനുള്ള പ്രോഗ്രാമുകൾ ഉണ്ട്. അവ കൊണ്ട് ജെപെഗിലേക്ക് മാറ്റുമ്പോൾ ഡാറ്റാ (ഏറ്റവും കുറവ് ഡാറ്റാ പോകുന്ന രീതിയിൽ) പോകാതെ ചെയ്യണമെങ്കിൽ ഓരോ ഫയലും പ്രത്യേകം പ്രത്യേകം പരിഗണിക്കേണ്ടേ?

പിന്നെ മറ്റോരു കാര്യം - റോ + ജെപിജി ഫയൽ രീതിയിൽ ക്യാമറ മെമ്മറിയിലേക്ക് എഴുതുന്ന കാര്യത്തിലാണ് . ഉദാഹരണത്തിന് നിക്കോൺ ഡി 70 എസ് - റോ + ജെപിജി രീതിയിൽ ഫോട്ടോ എടൂക്കുമ്പോൾ ജെപിജി ഏറ്റവും താഴ്ന്ന നിലവാരത്തിലേ റെക്കോഡ് ചെയ്യൂ. ഏറ്റവും കൂടുതൽ നല്ല നിലവാരത്തിലുള്ള ജെ പി ജി വേണമെങ്കിൽ റോ പറ്റില്ല. പക്ഷേ ഇപ്പോഴുള്ള ക്യാമറകളിൽ പല കോമ്പിനേഷനുകൾ ഉള്ളതുകൊണ്ട് കാര്യങ്ങൾ കൂടുതൻ എളുപ്പമാകും.

Faisal Mohammed October 18, 2009 at 9:53 PM  

ബഹു. കുട്ടു,
എന്റെ കമന്റിനു കൂടുതല്‍ വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.
ഉദാ:- ഞാനൊരു ഫോട്ടോയെടുക്കുന്നു, താങ്കള്‍ പരിചയപ്പെടുത്തിയ സങ്കേതത്തില്‍, അപ്പോള്‍ ഒറിജിനല്‍ ഫയല്‍ വെളുത്തിരിക്കും - ശ്രീ. ക്ലാവ്സ് ബൊ ക്രിസ്റ്റ്മെന്റെ വിവാദ ഫോട്ടോ പോലെ - ഫോട്ടോഷോപ്പില്‍ ETTR ചെയ്ത് മനസ്സില്‍ / നേരില്‍ കണ്ടതു പോലെ സുന്ദരമാക്കി അവാര്‍ഡ് കമ്മിറ്റിക്കയക്കുന്നു, അവര്‍ ഒറിജിനല്‍ ഫയല്‍ ആവശ്യപ്പെടുന്നു, വെളുത്ത പടം കാണുന്നതോടെ തട്ടിപ്പുകാരനെന്നു മുദ്രകുത്തി അയോഗ്യനാക്കില്ലേ ! എന്നാണ് എന്റെ എളിയ സംശയം.

bright October 19, 2009 at 3:04 PM  

@ Paachu / പാച്ചു ,
താങ്കളുടെ സംശയം ന്യായമാണ്.പക്ഷേ ഒരു കാര്യം ഓര്‍ക്കേണ്ടത് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി ഇപ്പോഴും ഒരു മാറ്റത്തിന്റെ ഇടയിലാണ്.(transition stage).'ഇല്ലത്തുനിന്നു പുറപ്പെടുകയും ചെയ്തു അമ്മാത്ത് ഒട്ടു എത്തിയതുമില്ല' എന്ന അവസ്ഥ.അത് സ്വാഭാവികവുമാണ്.എല്ലാ പുതിയ ടെക്നോളജിയും ആദ്യം നയിക്കുന്നത് അതിനോട് സാമ്യമുള്ള മറ്റൊരു ടെക്നോളജിയുടെ ആളുകളായിരിക്കും.ഉദാഹരണങ്ങള്‍:ആദ്യകാല സിനിമാക്കാര്‍ നാടകക്കാരായിരുന്നു.അവരുടെ സിനിമകള്‍ നാടകം ഫിലിമില്‍ പകര്‍ത്തിയതായിരുന്നു.തിരക്കഥക്കു പകരം തിരനാടകമായിരുന്നു.പിന്നീടാണ് സിനിമ നാടകത്തില്‍നിന്നും വ്യതസ്തമാണെന്ന ബോധ്യമുണ്ടാകുന്നത്.അതുപോലെ ആദ്യകാല ടിവി പരിപാടികള്‍ ആകാശവാണിയുടെ ദൃശ്യരൂപമായിരുന്നു.വിശേഷിച്ചും വാര്‍ത്തകള്‍.ടിവി പരിപാടികള്‍ വ്യത്യസ്തമാക്കിയത് പിന്നീടുവന്ന തലമുറയാണ്.ആദ്യകാല കാറുകള്‍ കുതിരവണ്ടിയുടെ കുതിരയില്ലാത്ത ഒരു വേര്‍ഷനായിരുന്നു എന്തിനധികം, ആദ്യകാലത്തെ ട്രാഫിക്‌ നിയമങ്ങള്‍ പോലും കുതിരവണ്ടിക്ക് യോജിച്ചതായിരുനു.

ഫിലിം ഫോട്ടോഗ്രാഫിയും ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയും നാടകവും സിനിമയും പോലെയാണ്.ചില സാമ്യങ്ങളുണ്ട്. വ്യത്യാസങ്ങളുമുണ്ട്.ഈ വ്യത്യാസം പിടികിട്ടാത്ത ഫിലിം ഫോട്ടോഗ്രാഫി പുലികളാണ് ഇപ്പോള്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫി നയിക്കുന്നത്.ഈ വയസ്സന്മാര്‍ ചത്തു കട്ടിലൊഴിഞ്ഞാലേ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ കാണാന്‍ സാധിക്കൂ.അപ്പോള്‍ മാത്രമേ യാതൊരു യുക്തിയുമില്ലാത്ത ഇതു പോലുള്ള മത്സര നിയമങ്ങള്‍ മാറുകയുമുള്ളൂ.

ഡിജിറ്റല്‍ ഫോട്ടോഗ്രാഫി മറ്റൊരു മാധ്യമമാണ്.ഇപ്പോഴും ഡിജിറ്റല്‍ ക്യാമറകളുടെ ആകൃതി പോലും ഫിലിം ക്യാമറയുടെ അനുകരണമാണ്.അത് കുറച്ചൊക്കെ മാറിവരുന്നുണ്ട്.ഞാന്‍ എന്റെ പോസ്റ്റില്‍ പറഞ്ഞതുപോലെ വളരെ കൃത്യതയുള്ള ലൈറ്റ് മീറ്റര്‍ ട്രാന്‍സ്പെരെന്‍സി ഫിലിം കാലഘട്ടത്തിന്റെ അവശിഷ്ടമാണ്.മറ്റൊന്ന് 1/3 സ്റ്റോപ്പിന്റെ എക്ഷ്പോഷര്‍ കോമ്പന്‍സേഷന്‍ .ട്രാന്‍സ്പെരെന്‍സി ഫിലിമില്‍ 1/3 സ്റ്റോപ്പ്‌ വലിയ വ്യത്യാസമാണ്.എന്തെങ്കിലും തെറ്റുവന്നാല്‍ ഒരുതരം കറക്ഷനും സാധ്യമല്ല.ഡിജിറ്റലില്‍ രണ്ടു സ്റ്റോപ്പുവരെ വ്യത്യാസം വന്നാലും ഒരു പ്രശ്നവുമില്ല.

My camera is permanently set for +1 exposure compensation.I rarely use LCD for preview.Instead I concentrate more on composition,viewing angle etc.

Junaiths October 19, 2009 at 7:29 PM  

kuttoose romba thanx................

VINOD October 20, 2009 at 4:17 PM  

excellent article , thank you other for valueable discussions too

Unknown October 20, 2009 at 4:26 PM  

ETTR സാങ്കേതിക വശങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി. ബ്രൈറ്റിന്റെ ലേഖനം മുന്‍പൊരിക്കല്‍ ഞാന്‍ വായിച്ചിരുന്നു. പോസ്റ്റ് പ്രൊസസ്സിങ്ങിനെ കുറിച്ച് കമന്റിലൂടെ വിവരിച്ചിരുന്നെങ്കിലും കാര്യമായി മനസ്സിലാകാത്തത് കാരണം (പടക്കടയെ കുറിച്ച് വലിയ വിവരമില്ല) ഇത് പരീക്ഷിക്കാന്‍ മെനക്കെട്ടിട്ടില്ല. ഇങ്ങനെ എടുക്കുന്ന ചിത്രങ്ങള്‍ സാധാരണ കണ്‍വേര്‍ഷന്‍ സോഫ്റ്റ്‌വേറുകളുപയോഗിച്ച് കണ്‍വേര്‍ട്ട് ചെയ്തിട്ട് കാര്യമില്ലല്ലോ. പോസ്റ്റ് പ്രൊസസ്സിങ്ങിനെ കുറിച്ച് ലളിതമായ ഒരു പോസ്റ്റ് കൂടി ചേര്‍ക്കുകയാണെങ്കില്‍ വളരെ ഉപകാരപ്രദമായിരിക്കും.

Appu Adyakshari October 20, 2009 at 4:59 PM  

വളരെ നല്ല ആര്‍ട്ടിക്കിള്‍ പ്രശാന്ത്.
കുട്ടുവിന്റെ ആര്‍ട്ടിക്കിളും ബ്രൈറ്റിന്റെ ആര്‍ട്ടിക്കിളും വളരെ നന്നായി. നന്ദി. എല്ലാവര്‍ക്കും പ്രയോജനകരമവും എന്നുതന്നെ കരുതുന്നു.

കുഞ്ഞൻ October 20, 2009 at 6:39 PM  

gud 4 me..tnx

sUnIL October 20, 2009 at 8:27 PM  

very good!! thank you!!

കുട്ടു | Kuttu October 20, 2009 at 8:29 PM  

ഏകലവ്യന്‍:
വളരെ വലിയ ഒരു ടോപ്പിക്കാണത്.

ബ്രഷും കാന്‍‌വാസും എന്റെ കൈയിലുണ്ട്. നല്ലൊരു ചിത്രം വരയ്ക്കാന്‍ ഞാന്‍ എന്താ ചെയ്യേണ്ടത് എന്നു ചോദിക്കതുപോലെ വിഷമം പിടിച്ചതാണ് ഈ ചോദ്യം.

താങ്കള്‍ ഒരു ഫോട്ടോയെടുത്തു. ആ ഫോട്ടോയെ മറ്റുള്ളവര്‍ കാണേണ്ടത് ഏത് വിധത്തിലാണെന്ന് തീരുമാനിക്കാനുള്ള പരിപൂര്‍ണ്ണ അവകാശം നിങ്ങളുടേതാണ്. അതുകൊണ്ടുതന്നെ അതിനെ എങ്ങനെ പോസ്റ്റ് പ്രോസസ് ചെയ്യണം എന്നും താങ്കളാണ് തീരുമാനിക്കുന്നത്.

പോസ്റ്റ് പ്രോസസിങ്ങ് എന്നത് എന്തെങ്കിലും ഒരു സംഗതിയല്ല. its a group of activities. എല്ലാ ഫോട്ടോയും ഒരേ രീതിയിലല്ല പോസ്റ്റ് പ്രോസസ്സ് ചെയ്യുന്നത്. ഓരോന്നിനും ഓരോ തരം രീതി.

Unknown October 21, 2009 at 4:38 PM  

കുട്ടു
എന്റെ അപേക്ഷ ശരിയായ രീതിയില്‍ എഴുതി ഫലിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞില്ലെന്ന് തോന്നുന്നു. കുട്ടു പറഞ്ഞത് പോലെ ഓരോ ചിത്രവും ക്യാമറയില്‍ പകര്‍ത്തുന്നത് മുതല്‍ പ്രൊസസ്സ് ചെയ്ത് ഫൈനല്‍ പ്രൊഡക്ട് ആക്കുന്നത് വരെ ആ ചിത്രം എങ്ങിനെയിരിക്കണമെന്നത് തികച്ചും വ്യക്തിപരമായ അഭിരുചിക്കനുസരിച്ചിരിക്കും. ഞാന്‍ ഉദ്ദേശിച്ചത് അങ്ങനെയല്ല, അല്ലെങ്കില്‍ ഒരു ചിത്രതിന് എത്ര ബ്രൈറ്റ്നസ്സ്,കളര്‍ തുടങ്ങിയ കാര്യങ്ങള്‍ സെറ്റ് ചെയ്യണം എന്നതല്ല.
ഞാന്‍ ഇതുവരെ റോ ഫയലുകള്‍ കണ്‍വേര്‍ഷന്‍ സോഫ്റ്റ്‌വേറുകളുപയോഗിച്ച് കണ്‍വേര്‍ട്ട് ചെയ്യുകയായിരുന്നു ചെയ്തത്. പിന്നീട് കൂടിവന്നാല്‍ ബ്രൈറ്റ്നെസ്സോ, ഷാര്‍പ്പ്നെസ്സോ അഡ്ജറ്റ് ചെയ്യും. ബ്രൈറ്റിന്റെ ലേഖനത്തില്‍ കാണിച്ച സീനറി കണ്ടപ്പോഴാണ് പോസ്റ്റ് പ്രൊസസ്സിങ്ങിന്റെ പ്രസക്തി മനസ്സിലായത്. അതേ പോലെ ഏതെങ്കിലുമൊരു ചിത്രം ഉദാഹരണമാക്കിക്കൊണ്ട്, സ്റ്റെപ്പ് ബൈ സ്റ്റെപ്പ് ആയി പോസ്റ്റ് പ്രൊസസ്സിങ്ങിലെ വര്‍ക്ക്ഫ്ലോ ഒന്ന് വിശദീകരിക്കാമോ എന്നതായിരുന്നു എന്റെ ചോദ്യം. തീര്‍ച്ചയായും എല്ലാ ചിത്രങ്ങള്‍ക്കും അത് ഉപയോഗിക്കാന്‍ കഴിയില്ലായിരിക്കും, എങ്കിലും ഒരു ബേസിക് ഐഡിയ കിട്ടുമല്ലോ.

കുട്ടു | Kuttu October 22, 2009 at 7:02 PM  

ശ്രമിക്കാം ഏകലവ്യന്‍..

Unknown November 30, 2009 at 8:35 PM  

Nicely said.... :)

prasanth Gulfu January 29, 2010 at 11:50 AM  

super super

hi May 16, 2010 at 5:54 PM  

thanks :)

Anonymous August 23, 2010 at 12:10 PM  

സമകാലിക പ്രശ്നങ്ങൾ എന്ന ബ്ലോഗെഴുതുന്ന്
കാളിദാസൻ എന്ന പേരിലുള്ളവന്റെ വിശേങ്ങൾ അറിയാൻ വിസിറ്റ് ചെയ്യുക http://samakaleesam.blogspot.com

August 22, 2010 11:27 PM

usthAdh007 September 27, 2010 at 7:43 AM  

Kuttu oru samshayam...
f/stop koottanam kuraykkanam ennokkae paranju kaettu. f/stop ennullathu lens-intae shutter ethra maathram thurakkanam... athuvazhi ethra maathram vettam camera-yil kayatanam... anganae Depth Of Field enganae niyanthrikkanam ennullathallae..?! Enikku photography-udae saankaethika vashangal nallavannom ariyillaa... pakshae njaan cheyyaaru... prethyaekichu 'low light condition' aanael... f/stop aetavum kuranjathil ninnu onno rando maelil (sweet spot athaayirikkum ennu thonnunnu) ittittu, ISO koottiyittittu, pinnae Shutter Speed kuraykum. Camera Flash upayogikkaan ishttamillaathathukondu shutter speed kazhiyunnathra kuraykum (image stabilizer entae kit lens-inu undaayirunnael ennu aashikkaarundu. Ithraem cheythaalae kurachenkilum bhaedhamaayi pic kittaarullu allenkil Flash-intae intensity kootti pic edukkaendi varum. Appo ee situation-il over exposure cheythittu pinnae pic-intae histogram nokki adjust cheyyaan f/stop-il panithaal enganaa..? f/stop kuraykkaan nivarthiyilla... koottaan poyaal vettam kurayuka maathramalla aavashyamillaatha background details varikayum cheyyum... so i'm a lil'confused from what i read so far... =(

മേഘമല്‍ഹാര്‍(സുധീര്‍) October 15, 2010 at 7:04 AM  

നന്ദി

Prem Krishnan January 9, 2011 at 11:18 AM  

HDR nte karyam koodi vishadikarikkamo?

Unknown February 8, 2011 at 12:24 PM  

If ur reading this please reply...
i dont knw ur email address thats why pasting here.....i wanna talk to u..
please gimme ur email address....
mine is onlyrockers666@gmail.com

ഒടിയന്‍/Odiyan September 5, 2011 at 11:04 PM  

അമ്പട ..ഒരു ഫോട്ടോ എടുക്കുമ്പോള്‍ ഇങ്ങനൊക്കെ ഉണ്ടല്ലേ

anupama October 12, 2011 at 2:42 PM  

Dear Kutu,
Very informative and detailed post!Heraty Congrats!
Thanks a lot!
Sasneham,
Anu

Cyberfire™ February 25, 2014 at 12:35 PM  

ഫോട്ടോഗ്രഫി മേഖലയില്‍ പിച്ച വച്ചു വരുന്നതേയുള്ളൂ..അതുകൊണ്ടുള്ള ഒരു സംശയം ... highlight mode ൽ റിവ്യൂ കാണുന്നത് എങ്ങനെയാണ്?..

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP