Monday, October 19, 2009

കറക്റ്റ് എക്സ്പോഷര്‍ എന്നാലെന്ത് (Expose To The Right) - (Repost)

“ഹലോ.. ഡാ കുട്ടൂ..”

“പറ രാജു.. നീയെവ്ടേടാ..? കുറേ കാലമായല്ലോ വിളിച്ചിട്ട്. നിന്റെ അമ്മയെ കണ്ടിരുന്നു ഇന്നലെ. നീ എവിടെയോ ടൂറ് പോയിരിക്കുകയാണെന്നാണല്ലോ പറഞ്ഞത്.”

“ങ്ഹാ.. ഞാന്‍ പോയിരുന്നു. ഇന്നു രാവിലെയാ എത്തിയത്. എടുത്ത ഫോട്ടോകള്‍ ഒക്കെ കമ്പ്യൂട്ടറിലിട്ട് അലക്കി വെളുപ്പിച്ചോണ്ടിരിക്കുവാ . അപ്പൊ ഡാ എനിക്കൊരു സംശയം.”

“ങ്ഹും? എന്താ?”

“ചില പടങ്ങളില്‍ - പ്രത്യേകിച്ച് ഇരുട്ടും വെളിച്ചവും കൂടി വരുന്ന ഫ്രെയിമുകളില്‍ - ഇരുട്ടിനെ വെളുപ്പിച്ചപ്പോ നിറയെ നോയ്‌സ്. ഒരു എസ്കാമ്പിള്‍ പറയാന്‍‍.. ങ്ഹാ.. കിട്ടിപ്പോയി. ഒരു ഇടനാഴിയുടെ പടം എടുത്തിരുന്നു. വെളിച്ചമുള്ള സ്ഥലമെല്ലാം കൃത്യമായി പതിഞ്ഞിരിക്കുന്നു. പക്ഷെ ഷാഡോ ഏരിയ കറുത്തുതന്നെ ഇരിക്കുന്നു. ഒന്ന വെളുപ്പിക്കാമെന്ന് വച്ചപ്പോഴോ.. ഫയങ്കര നോയ്‌സും.”

“ഓഹ്.. അതുശരി. ഏത് ഫോര്‍മാറ്റിലാ നീ പടം എടുത്തിരിക്കുന്നത് ..?

“കുറേ എണ്ണം jpg ഫോര്‍മാറ്റില്‍, raw ഫോര്‍മാറ്റിലും കുറച്ചെണ്ണം ഉണ്ട്. രണ്ടായാലും ഷാഡോ വെളുപ്പിക്കുമ്പോ നോയ്സ് ഉണ്ട്. റോ മോഡില്‍ നോയ്സ് കുറവാണെന്ന് മാത്രം.”

“എടാ രാജുമോനേ നിന്റെ ഫോട്ടോഗ്രാഫി ജീവിതത്തില്‍ ഇനി നീ ഒരിക്കലും മറക്കാത്ത ഒരു പാഠം ഇതാ ഇപ്പോ പഠിക്കാന്‍ പോകുന്നു.”

“അതെന്താ ?”

“നീയെടുത്തില്ലേ jpg ഫയല്‍‌സ് ..? അതിന്റെ കാര്യം പോക്കാ. ഗ്രെയിന്‍സ് ഇല്ലാതെ കൂടുതല്‍ വെളുപ്പിക്കാന്‍ പറ്റില്ല. ഓരോ തവണ എഡിറ്റ് ചെയ്ത് സേവ് ചെയ്യുമ്പോഴും കുറേ ഡാറ്റ മിസ്സാവും. എന്നാല്‍ നിന്റെ റോ ഫയലുകളുടെ കാര്യം....... അതിന്റെ കാര്യവും ഏകദേശം പോക്കാ.”

“റോ ഫയലിനെന്താണ് കുഴപ്പം..? നീയല്ലേ പറഞ്ഞത് റോ ഫയല്‍ ഗമ്പ്ലീറ്റ് ഡാറ്റയാണ്. ക്യാമറ കണ്ട കാര്യങ്ങള്‍ മുഴുവന്‍ റോ ഫയലില്‍ നിറഞ്ഞിരിക്കുവാണെന്നെല്ലാം. എന്നിട്ടിപ്പോ ഞാന്‍ റോ ഫയലില്‍ പടം എടുത്തുകൊണ്ടുവന്നിട്ട് അതിന്റെ കാര്യവും പോക്കാണെന്ന് പറയുന്നോ..?”

“എടാ, jpeg യേക്കാളും ഡാറ്റ റോ ഫയലില്‍ ഉണ്ട്. റോ ഫയല്‍ എഡിറ്റ് ചെയ്ത് കുറേയൊക്കെ ക്ലീന്‍ ഫോട്ടോ എക്സ്പോര്‍ട്ട് ചെയ്തെടുക്കാം. പക്ഷെ നോയ്‌സ് ഇല്ലാത്ത ഫോട്ടോ വേണെങ്കില്‍ പടം എടുക്കുന്ന സമയത്ത് ചില ടെക്ക്നിക്കുകള്‍ കൂടി പ്രയോഗിക്കണം.”

“അതെന്താ അങ്ങിനെയൊരു ടെക്ക്നിക്ക് ..?”

“ഓക്കെ. ഞാന്‍ പറഞ്ഞുതരാം. സെന്‍സര്‍ കണ്ട വെളിച്ചത്തെ അതേ പോലെ ഫയലില്‍ സേവ് ചെയ്തതാണ് റോ ഫയല്‍. ഇതറിയാലോ.. സെന്‍സര്‍ കാണുന്ന സീനില്‍ എല്ലായിടത്തും വെളിച്ചത്തിന്റെ Distribution ഒരുപോലെയല്ല. അതുകൊണ്ട് നീ എടുക്കാനുദ്ദേശിക്കുന്ന സീനിലെ വെളിച്ചക്കുറവുള്ള ഏരിയയേയും, വെളിച്ചക്കൂടുതലുള്ള ഏരിയയേയും സെന്‍സര്‍ പ്രതേകം പ്രത്യേകമാണ് ഡീല്‍ ചെയ്യുന്നത്. വെളിച്ചം ശേഖരിക്കാനുള്ള സെന്‍സറിന്റെ കഴിവാണ് ഡൈനാമിക്ക് റേഞ്ച്. സാ‍ധാരണ ഡിജിറ്റല്‍ ക്യാമറകളുടെ സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് 5 സ്റ്റോപ്പ് ആണ്. ഇതു മനസ്സിലാക്കാന്‍ ഇപ്പൊ ഇരിക്കുന്നിടത്തുനിന്നും നീ എഴുന്നേറ്റ് ചുമ്മാ ആ ജനലിലൂടെ പുറത്തേക്കൊന്ന് നോക്ക്…”

“അളിയാ.. ഒരടിപൊളി പീസ്.. ഒരു സെക്കന്റേ…”

“എടാ‍…. ഡാ‍.…”

“ശ്ശെ..അവള്‍ ഓട്ടോയില്‍ കേറിപ്പോയി..ങ്ഹാ.. ബാക്കി പറ.”

“ഇപ്പോ നീ കാണുന്ന സീനിലെ വെളിച്ചത്തെ Brightest Tones, Brighter Tones, Mid tone, Darker Tones, Darkest Tones എന്നീ രീതിയില്‍ categorize ചെയ്യാന്‍ കഴിയില്ലേ?”

“ഉം..അത് ശരിയാണ്.”

“സാധാരണ ഒരു റോ ഫയല്‍ 12 ബിറ്റിലാണ് റെക്കോഡ് ചെയ്യുന്നത്. Brightest Tone നും Darkest Tone നും ഇടയ്ക്കുള്ള 4096 (2^12) പ്രകാശ വ്യതിയാനങ്ങളെ (Tonal Values) സ്വീകരിക്കാന്‍ നിന്റെ ക്യാമറയൂടെ സെന്‍സര്‍ സന്നദ്ധനാണ് എന്നര്‍ത്ഥം. സെന്‍സര്‍ തന്റെ കപ്പാസിറ്റി ഏറ്റവും കൂടുതല്‍ ഉപയോഗിന്നുന്നത് Brightest Tones, റെക്കോര്‍ഡ് ചെയ്യാനാണ്. 4096 ഇല്‍ 2048-ഉം (2^11) ഇതിനായി ഉപയോഗിക്കുന്നു. Brighter Tones (1024) , Mid tone (512), Darker Tones (256)‌, Darkest Tones(128) എന്നിങ്ങനെയാണ് ബാക്കി നാല് സ്റ്റോപ്പുകളീലും ലെവല്‍ ഉപയോഗം. ഇപ്പൊ വല്ലതും മനസ്സിലായോ?.”

“ങുഹും..വെളിച്ചം കുറഞ്ഞ ഏരിയയ്ക്കായി സെന്‍സര്‍ കുറച്ച് കപ്പാസിറ്റിയേ ഉപയോഗിക്കുന്നുള്ളൂ എന്നല്ലേ..? ഓ.. ഇതു മനസ്സിലാക്കാന്‍ ഇത്രവലിയ മാത്തമാറ്റിക്സ് ഒക്കെ പറയണോ..?”

“അതെന്നെ. അപ്പോ ഞാന്‍ വിചാരിച്ച പോലെ അത്ര മണ്ടനല്ല നീ.”

“എന്റെ ഫോട്ടോയില്‍ വെളുത്തിരിക്കുന്ന ഏരിയയില്‍ ഉള്ള അത്രയും ഡാറ്റ, ഷാഡോ ഏരിയയില്‍ ഇല്ല. അതുകൊണ്ട് അത് വെളുപ്പിക്കുമ്പൊ നോ‌യ്‌സ് വരുന്നു. ശരിയല്ലേ?”

“അതെന്നെ. അതാണ് അതിന്റെ കാരണം. ഷാഡോ ഏരിയയില്‍ കൂടുതല്‍ വെളിച്ചം കിട്ടണമെങ്കില്‍ നീ എന്തുചെയ്യണമായിരുന്നു..?”

“ഒന്നോ രണ്ടോ പോയന്റ് എക്സ്പോഷര്‍ കൂട്ടിയിട്ട് എടുത്താല്‍ പോരേ?”

“അതുമതി. പക്ഷെ ചിത്രത്തിലെ വെളിച്ചം കൂടുതലുള്ള ഭാഗം കൂടുതല്‍ വെളുത്ത് ഉജാല മുക്കിയ തോര്‍ത്ത് പോലെയായി മാറും. അത് വരാതിരിക്കാനും ഉണ്ട് ഒരു ടെക്ക്നിക്ക്.”

“അതെന്താ?”

“നിന്റെ ക്യാമറേല് എടുത്ത ഫോട്ടോ റിവ്യൂ നടത്തുമ്പോ Highlights എന്ന മോഡ് കണ്ടിട്ടുണ്ടോ..”

“ഉം. ഓവര്‍ എക്സ്പോസ്ഡ് ആയ ഭാഗം മിന്നി വിളങ്ങി വിരാജിക്കുന്ന മോഡ് അല്ലേ?”

“അതെ. അങ്ങിനെ മിന്നി വിരാജിക്കുന്നതിനെ blinkies എന്നാണ് പറയുക. അപ്പോ നീ ചെയ്യേണ്ടതെന്താണെന്ന് വച്ചാ‍ല് എക്സ്പോഷര്‍ ഒന്നോ രണ്ടോ പോയന്റ് കൂട്ടിയിട്ടശേഷം പടം എടുക്കുക. എന്നിട്ട് highlights mode-ല്‍ റിവ്യൂ ചെയ്യുക. ഫോട്ടോയില്‍ എവിടെയെങ്കിലും ഓവര്‍ എക്സ്പോസ്ഡ് ആയിട്ടുണ്ടെങ്കില്‍ ഒരു പോയന്റ് എക്സ്പോഷര്‍ കുറയ്ക്കുക.എന്നിട്ട് വീണ്ടും പടാം എടുക്കുക. അങ്ങിനെ കുറച്ചു കുറച്ച് ഒരു നിമിഷത്തില്‍ blinkies ഒന്നുമില്ലാത്ത ചിത്രം നിനക്കു കിട്ടും. ഇപ്പോള്‍ നിന്റെ കൈയിലിരിക്കുന്നതാണ് നല്ല സ്വാദിഷ്ടമായ.. അല്ല.. കൃത്യമായി എക്സ്പോസ് ചെയ്ത പടം.

“ആ പടങ്ങള്‍ ആകെ വെളുത്തിരിക്കില്ലേ?”

“ഇരിക്കും. അതിനെ ഫോട്ടോഷോപ്പില്‍ ഇട്ട് എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്ത് നല്ല ഫോട്ടോ ആക്കി മാറ്റാം. ക്യാമറയുടെ സെന്‍സറിനെക്കൊണ്ട് കഴിയാവുന്നത്ര ഡാറ്റ നമ്മള്‍ കളക്റ്റ് ചെയ്യിച്ച് ഫയലാക്കി. ആ ഡാറ്റയെ മനോധര്‍മ്മം പോലെ ഫ്രെയിമില്‍ ഉപയോഗിച്ച് ഫോട്ടോയുടെ മൊത്തം എക്സ്പോഷര്‍ എങ്ങിനെവേണമെന്ന് തീരുമാനിക്കാം.”

“അടിപൊളി ഐഡിയ... ഇപ്പൊത്തന്നെ ഇത് ചെയ്തുതോക്കിയിട്ടേയുള്ളൂ... അപ്പോ അളിയാ.. ഞാന്‍ പിന്നെ വിളിക്കാമേ.”

“ഏടാ.. പ്രധാനപ്പെട്ട ഒരു കാര്യംകൂടിയുണ്ട്... ഡാ.. ഡാ....”


[ രാജു ഫോണ്‍ കട്ട് ചെയ്തു. സാരല്ല വൈകാതെ വിളിക്കും(തെറി) ]

------------- അരമണിക്കൂറിന് ശേഷം ----------------

“ഹലോ.. കുട്ടൂ”

“ങ്ഹാ.. പറ”

“എടാ എന്തുപരിപാടിയാ നീ പറഞ്ഞുതന്നത് ?”

“എന്തേ?”

“പടം എല്ലാം വെളുത്തിരിക്കുന്നു. ഒന്നുപോലും ശരിയായില്ല. ഫോട്ടോഷോപ്പില്‍ എക്സ്പോഷര്‍ കുറച്ചിട്ടൊന്നും കാര്യമുണ്ടായില്ല.”

“ഓക്കെ. jpeg ഫോര്‍മാറ്റിലായിരിക്കും പടമെടുത്തത്.. അല്ല്ലേ?”

“അതെ“

“എടാ ഒരു കാര്യം പറഞ്ഞുതരുമ്പൊ അത് മുഴുവനായി കേള്‍ക്കാനുള്ള ക്ഷമ ഉണ്ടാകണം. ഈ ഐഡിയ ശരിയായി വര്‍ക്ക് ചെയ്യണമെങ്കില്‍ Raw mode-ഇല്‍ ഏടുക്കണം. റോ മോഡിലേ എടുക്കാവൂ. അങ്ങനെ ഞങ്ങളുമറിയട്ടെ നീയും ഒരു ഫോട്ടോഗ്രാഫറാണെന്ന്.”

“ഓക്കെ. അത് ശരി.. അപ്പൊ ശര്യെടാ..”

“ഡാ നീയിപ്പൊ ചുളുവില്‍ പഠിച്ച ഈ പരിപാടിയുടെ പേരെന്താനെന്നറിയുമോ? Expose to the Right എന്ന്”

“അതു ശരി..”

“Expose to the Right - ന് എന്തുകൊണ്ടാണ് ആ പേര് എന്നറിയുമോ.”

“ഇല്ല”

“ഈ ഹിസ്റ്റോഗ്രാം എന്നുപറഞ്ഞ കുന്ത്രാണ്ടം ഇല്ലേ, അത് സീനിലുള്ള മൊത്തം ലൈറ്റിന്റെ റപ്രസന്റേഷന്‍ ആണെന്നറിയാമല്ലോ? അതായത് ഇടതുഭാഗത്തുള്ള ഇരുട്ടില്‍ (absolute black) നിന്ന് വലതുഭാഗത്തുള്ള വെളിച്ചത്തില്‍ (absolute white) എത്തുന്നതിന് ഇടയ്ക്കുള്ള എല്ലാ പ്രകാശ വ്യതിയാനങ്ങളും ഹിസ്റ്റോഗ്രാമില്‍ കാണാം. പൊതുവെ പറഞ്ഞാല്‍ ഇരുണ്ട പടങ്ങളുടെ ഹിസ്റ്റോഗ്രാം ഇടത്തോട്ടും, തെളിച്ചമുള്ള പടങ്ങളുടെ ഹിസ്റ്റോഗ്രാം വലത്തോട്ടും നീങ്ങിയിരിക്കും.”

“ഓഹ്.. അതുശരി. ഹിസ്റ്റോഗ്രാമിനെ പരമാവധി വലത്തോട്ട് കൊണ്ടുപോകുന്ന തരത്തില്‍ എക്സ്പോസ് ചെയ്യുക എന്നല്ലേ Expose to the Right എന്ന പരിപാടിയില്‍ ചെയ്യൂന്നത്. അപ്പോ ഷാഡൊ ഏരിയയും കൂടി പരമാവധി എക്സ്പോസ് ചെയ്യുന്നു. അല്ലേ?”

“അതെ. അതുതന്നെ. പക്ഷെ നീ കാണുന്ന ഹിസ്റ്റോഗ്രാമിനെ മുഴുവനായങ്ങ് വിശ്വസിക്കരുത് കെട്ടോ.”

“അതെന്താ?”

“നിന്റെ ക്യാമറ റോ മോഡില്‍ ആണ് പടം എടുക്കുന്നതെങ്കിലും, ആ റോ ഫയലിനെ നേരിട്ട് ക്യാമറയുടെ എല്‍.സി.ഡിയില്‍ കാണിക്കാന്‍ പറ്റില്ല. അതുകൊണ്ട് നിന്റെ ക്യാമറയിലെ നിലവിലുള്ള സെറ്റിങ്ങ് സ് അനുസരിച്ച് റോ ഫയലിനെ interpret ചെയ്ത് കിട്ടുന്ന ഇമേജും, അതിന്റെ ഹിസ്റ്റോഗ്രാമും ആണ് കാണിക്കുന്നത്. അതുകൊണ്ട് റോ-ഫയലിലെ യഥാര്‍ഥ ഹിസ്റ്റോഗ്രാമും, നീ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മില്‍ നേരിയ ഒരു വ്യത്യാസം ഉണ്ടാകും. അത് സാരമില്ല. സുരക്ഷിതമായി എത്രവരെ ഓവര്‍ എക്സ്പോസ് ചെയ്യാം എന്ന് കാലക്രമേണ നാം പഠിക്കും. റോ-ഫയലിലെ ഹിസ്റ്റോഗ്രാമും, ക്യാമറയിലെ എല്‍.സി.ഡി - യില്‍ കാണുന്ന ഹിസ്റ്റോഗ്രാമും തമ്മിലുള്ള വ്യത്യാസം കുറയ്ക്കാനുള്ള ഒരു വഴി ക്യാമറയുടെ കോണ്ട്രാസ്റ്റ് ഏറ്റവും കുറവ് ആയി സെറ്റ് ചെയ്യുക എന്നതാണ്. ആട്ടെ, ETTR എന്ന കണ്‍സപ്റ്റ് ആദ്യമായി അവതരിപ്പിച്ചത് ആരാണെന്നറിയുമോ?”

“ഇല്ല”

"തോമസ് നോള്‍ (Thomas Knol)."

"അത് ഫോട്ടോഷോപ്പിന്റെ സ്ഥാപകരില്‍ ഒരാളല്ലേ?”

“അതെ. തോമസ് നോളും, സഹോദരനായ ജോണ്‍ നോളും (John Knol) ചേര്‍ന്നാണ് ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വെയറിന് തുടക്കം കുറിച്ചത്. ങ്ഹാ..അപ്പോ ഈ പുതിയ ഫോട്ടോഗ്രാഫി പാഠത്തിന് നീയെപ്പോഴാ ചെലവ് ചെയ്യണത് ?”

“ഓ.. ചെലവ്... ആദ്യം ഇതൊന്ന് വര്‍ക്ക് ചെയ്യുമോ എന്ന് നോക്കട്ടെ. എന്നിട്ട് ചെലവ് ചെയ്യാം.”

“ഓക്കെ ഡാ. ബൈ.”

“ബൈ..”

=======================================================


Expose To The Right എന്ന വിഷയത്തപ്പറ്റി പറ്റി ബ്രൈറ്റ് എഴുതിയ എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍ എന്ന ആര്‍ട്ടിക്കിളിന്റെ പ്രസക്തഭാഗങ്ങള്‍:

ഒരു സെന്‍സറിന്റെ ഡൈനാമിക്ക് റേഞ്ച് (പ്രകാശം ശേഖരിക്കാനുള്ള കഴിവ്.അതിന്റെ പരിധി കഴിഞ്ഞാല്‍ വെള്ളനിറം മാത്രമേ കാണു.)ഏകദേശം അഞ്ചു സ്റ്റോപ്പാണ്. Raw മോഡ് 12 ബി്റ്റിലാണ് റെക്കോര്‍ഡ്‌ ചെയ്യുന്നത്.അതായത് 4096(2^12) പ്രകാശ വ്യതിയാനങ്ങള്‍(Tonal values)സെന്‍സറില്‍ ശേഖരിക്കപ്പെടും.ഈ പ്രകാശ വ്യതിയാനങ്ങള്‍അഞ്ചു സ്റൊപ്പിലും തുല്യമായല്ല ശേഖരിക്കപ്പെടുന്നത്.ചാര്‍ട്ട് നോക്കുക.



സെന്‍സറിന്റെ പകുതിയോളം കപ്പാസിറ്റി ഏറ്റവും പ്രകാശമുള്ള ഭാഗം ചിത്രീകരിക്കാനാണ് ഉപയോഗിക്കപ്പെടുന്നത്.ഏറ്റവും കുറവ് ഏറ്റവും ഇരുണ്ട ഭാഗങ്ങള്‍ ചിത്രീകരിക്കാനും.(ഡിജിറ്റല്‍ ഫോട്ടോകളുടെ ബ്രൈറ്റ്നസ്സ് കൂട്ടുമ്പോള്‍ ഇരുണ്ട ഭാഗങ്ങളില്‍ നോയ്സും പോസ്റ്ററയ്സേഷനും പ്രത്യക്ഷപ്പെടുന്നത് ഇതുകൊണ്ടാണ്.)

ഇനി നമുക്ക് ഡിജിറ്റല്‍ ഫോടോഗ്രാഫിയുടെ അടിസ്ഥാന നിയമത്തിലേക്കുവരാം. 'Expose to the right'.Every body repeat after me. IN DIGITAL PHOTOGRAPHY THE RULE IS EXPOSE TO THE RIGHT:-)

എന്താണ് EXPOSE TO THE RIGHT? (RAW ഫോര്‍മാറ്റിനു മാത്രം ബാധകം.)

സെന്‍സര്‍ വെളിച്ചത്തിനോട് പെരുമാറുന്നത് ഫിലിമിനേപ്പോലെയല്ല എന്നു നാം കണ്ടു.ശരിയായ എക്സ്പോഷര്‍ ലൈറ്റ് മീറ്റര്‍ തീരുമാനിക്കുന്നതല്ല.(ലൈറ്റ് മീറ്റര്‍ പ്രത്യേകിച്ചും കൂടുതല്‍ കൃത്യതയുള്ള സ്പോട്ട് മീറ്റര്‍ ഫിലിം കാലഘട്ടത്തിന്റെ,പ്രത്യേകിച്ച് സ്ലൈഡ് ഫിലിം (ട്രാന്‍സ്പെരെന്‍സി ഫിലിം) കാലഘട്ടത്തിന്റെ അവശിഷ്ടമാണ്.)ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ഉപയോഗിക്കേണ്ടത് ഹിസ്റ്റോഗ്രാമാണ്(Histogram).ഹിസ്റ്റോഗ്രാമിന്റെ അടിസ്ഥാനത്തില്‍, പ്രധാന ഭാഗങ്ങള്‍ വെളുത്തുപോകാത്ത രീതിയില്‍ ഫോട്ടോ ഓവര്‍ എക്സ്പോസ് ചെയ്യുക.ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം വലതുവശത്തേക്ക് പരമാവധി നീങ്ങിയിരിക്കും.അതാണ് EXPOSE TO THE RIGHT.അതായത് ഡിജിറ്റല്‍ ഫോട്ടോഗ്രഫിയില്‍ ശരിയായ എക്സ്പോഷര്‍ വളരെ മങ്ങിയ ഒട്ടും ഭംഗിയില്ലാത്ത ചിത്രമാണ്‌ നല്‍കുക .അത് പിന്നീട് അഡ്ജസ്റ്റ് ചെയ്യുകയാണ് വേണ്ടത്.ഡിജിറ്റല്‍ ക്യാമറയില്‍ കറക്റ്റ് എക്സ്പോഷര്‍(ലൈറ്റ് മീറ്ററിന്റെ അടിസ്ഥാനത്തില്‍) സെറ്റ് ചെയ്തു ഫോട്ടോയെടുക്കുന്നവര്‍ അവരുടെ വിലകൂടിയ ക്യാമറയുടെ സെന്‍സര്‍ ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല.(അത് കുഴപ്പമില്ല. അവരുടെ ക്യാമറ അവരുടെ ഫോട്ടോ.പക്ഷേ താന്‍ ഫോട്ടോയില്‍ മാറ്റമൊന്നും വരുത്താറില്ല എന്നു അഭിമാനിക്കുകയും അങ്ങിനെ മാറ്റം വരുത്തുന്നത് എന്തോ മോശം ഏര്‍പ്പാടാണ് എന്നും മറ്റും പ്രഖ്യാപിക്കുന്നത് ശരിയല്ല)

താഴെയുള്ള ചിത്രത്തിന്റെ ഹിസ്റ്റോഗ്രാം ശ്രദ്ധിക്കുക.സെന്‍സര്‍ വെളിച്ചം ശേഖരിക്കാനുള്ള ഒരു ഉപാധി മാത്രമാണെന്നതിന്റെ അടിസ്ഥാനത്തില്‍ സീനില്‍ നിന്ന് പരമാവധി വെളിച്ചം ശേഖരിച്ചിരിക്കുന്നു(Sensor is used just as a light bucket).



ഇനി അഡ്ജസ്റ്റ് ചെയ്ത ചിത്രവും അതിന്റെ ഹിസ്റ്റോഗ്രാമും നോക്കൂ.( ഇതെന്റെ മികച്ച ചിത്രമൊന്നുമല്ല.ആരും ഇനി അതില്‍ പിടിച്ചു തൂങ്ങണ്ട:-) )



ഇനി ഞാന്‍ പറഞ്ഞത് പോരെങ്കില്‍ ഇനി Ian Lyons പറയുന്നതു നോക്കൂ.

....Get your histogram as close to the right side as possible but not so close as to cause the over exposure indicator to flash. The ideal exposure ensures that you have maximum number of levels describing your image without loosing important detail in the highlights. The closer you get to this ideal then the more of those levels are being used to describe your shadows. If you underexpose you will need to open them again to ensure the final image is as you require. The problem with this approach is that we only have 128 levels available to the shadows. You start pulling curves, etc to open the shadows and you'll get posterisation, etc......

...We need to get away from the concepts of exposure that have served us well with film. The CCD/CMOS isn't film and does not react like film in the highlight shadow regions. Exposure on film tends to roll-off smoothly in the shadows and highlights. With digital the capture is linear and there is no roll-off....

....Remember that you will likely still have the RAW file for a long time. It really is your equal of the negative; don't trash it. Even if the current crop of conversion apps can't handle the blown highlights future apps will. However, NOTHING will ever get you back the lost shadow detail......

ഞാന്‍ ഒരു സ്റ്റോപ്പെങ്കിലും കൂട്ടിയേ ഫോട്ടോയെടുക്കാറുള്ളൂ.jpeg ഉപയോഗിക്കാറുമില്ല.(ഒരു പ്രധാന കാര്യം,വിവരദോഷികളെ ഒറിജിനല്‍ ഫയല്‍ കാണിക്കരുത്.നിങ്ങള്‍ക്ക് ഫോട്ടോഗ്രാഫി അറിയില്ലന്നേ അവര്‍ കരുതൂ. Raw ഫോര്‍മാറ്റില്‍ ചിത്രമെടുത്തു പിന്നീട് പ്രോസ്സസ് ചെയ്യുന്നത് ബുദ്ധിമുട്ടുതന്നെയാണ്.പക്ഷേ ആ ബുദ്ധിമുട്ട് സഹിക്കാന്‍ തെയ്യാറല്ലാത്തവര്‍ ഫോട്ടോഗ്രാഫി എന്ന കല കൊണ്ടുനടക്കാന്‍ യോഗ്യരല്ല. It is easy to take a photograph, but it is harder to make a masterpiece in photography than in any other art medium”. എന്നു Ansel Adams ഫിലിം ഫോട്ടോഗ്രാഫി യെപറ്റി പറഞ്ഞത് ഡിജിറ്റലിന്റെ കാര്യത്തിലും ശരിയാണ്.


നന്ദി ബ്രൈറ്റ്..


for c4Camera,
കുട്ടു | kuttu


Thursday, October 08, 2009

ഫോട്ടോഗ്രാഫിക്ക് ബാലന്‍സ് - അപ്‌ഡേറ്റ്

എന്താണ് ബാലന്‍സ്?

നിങ്ങള്‍ സീസോ (Seesaw/teeter-totter) കണ്ടിട്ടില്ലേ? ഇരുവശത്തും കുട്ടികള്‍ ഇരുന്ന് ആടിക്കളിക്കുന്ന ആ കുന്ത്രാണ്ടം തന്നെ. പാര്‍ക്കിലൊക്കെ കാണാം. ഇല്ലെങ്കില്‍ ഇപ്പോ, ഇവിടെ കണ്ടോളൂ. ഇനി ഇവനെ കണ്ടിട്ടില്ല എന്ന് പറയരുത്. കണ്ടല്ലോ?ശരി. അപ്പോ കാര്യത്തിലേക്ക് വരാം.

ആ സീസോയുടെ ഒരു വശത്തുമാത്രം ഒരാള്‍ ഇരിക്കുന്നു എന്ന് സങ്കല്‍പ്പിക്കുക. ആ ദൃശ്യം മനസ്സില്‍ ഉണ്ടാക്കുന്നത് Balanced എന്ന ഫീലിങ്ങോ അതോ Imbalanced എന്ന ഫീലിങ്ങോ? തീര്‍ച്ചയായും Imbalanced എന്ന ഫീലിങ്ങ് തന്നെയല്ലേ? മാത്രമല്ല മനസ്സിലെ Imbalanced ഫീലിങ്ങ് നമ്മളെ അസ്വസ്ഥരാക്കുകയും ചെയ്യുന്നു.

ഇനി, സീസോയുടെ മറ്റേയറ്റത്തും ഒരാള്‍ വന്നിരുന്നതായി സങ്കല്‍പ്പിക്കുക (1:1). നോക്കൂ, എത്ര പെട്ടെന്നാണ് ആ ദൃശ്യം Balanced ആയി നമുക്ക് അനുഭവപ്പെട്ടത്. ഇരുവരും ആടിക്കളിക്കുന്നുണ്ടെങ്കിലും ആ ദൃശ്യം Balanced ആയിത്തന്നെ നില്‍ക്കുന്നു. ഒരാള്‍ മുകളിലേയ്ക്ക് ഉയരുമ്പോള്‍, മറ്റെയാള്‍ താഴോട്ട് പോയി ദൃശ്യത്തിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നു. ശരിയല്ലേ?


വേറെ ഒരു ഉദാഹരണം പറയാം.

സീസോയില്‍ രണ്ടറ്റങ്ങളില്‍ ഇരിക്കുന്നവര്‍ രണ്ട് സിനിമാനടന്മാരാണെന്ന് സങ്കല്‍പ്പിക്കുക. കൃഷ്ണന്‍‌കുട്ടി നായരും, പറവൂര്‍ ഭരതനും (1:1). എങ്കില്‍ ആ ദൃശ്യം നമ്മിലുണ്ടാക്കുന്നതോ Imbalanced ഫീലിങ്ങ്. കൃഷ്ണന്‍‌കുട്ടിനായര്‍ ഇരിക്കുന്ന വശത്ത് അതേപോലെ ഒരാള്‍ കൂടി ഇരുന്നിരുന്നെങ്കില്‍ (2:1) ദൃശ്യം Balanced ആണ് എന്ന ഫീലിങ്ങും നമുക്കുണ്ടാകും. രസകരം തന്നെയല്ലേ?

ഇതില്‍നിന്നെന്തു മനസ്സിലാക്കാം? വസ്തുക്കളുടെ സ്ഥാനം, വലിപ്പം, എണ്ണം എന്നിവയെക്കെല്ലാം ദൃശ്യത്തിലെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ പങ്കുണ്ട് എന്നല്ലേ? ത്രിമാനരൂപത്തില്‍ നാം കാണുന്ന ദൃശ്യത്തിന്റെ ദ്വിമാന രൂപമാണല്ലോ ഫോട്ടോ. ഫോട്ടോയിളുള്ള വിവിധ ഒബ്ജക്റ്റുകള്‍ തമ്മില്‍ ബാലന്‍സ് നിലനിര്‍ത്തിയാല്‍ ഫോട്ടോയ്ക്ക് ആകര്‍ഷണീയത കൂടും. ഇല്ലെങ്കില്‍, ഒരു വശം മാത്രം താഴ്ന്ന സീസോയെപ്പോലെ imbalance feeling ആണ് ഫോട്ടോ കാണുമ്പോള്‍ നമുക്ക് അനുഭവപ്പെടുക.


ബാലന്‍സിനെ പറ്റി കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന ചിത്രം നോക്കൂ.


Photobucket




Symmetrical Balance

ഫോട്ടോയില്‍ ഇരുവശത്തും ഒബ്ജക്റ്റുകള്‍ ഒരേപോലെ നിര്‍ത്തി കമ്പോസ് ചെയ്യുന്നതിനെ Symmetrical Balance എന്നുപറയുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഒരാളുടെ മുഖത്തിന്റെ ക്ലോസപ്പ് ഫോട്ടോ ആണ് (പാസ്പ്പോര്‍ട്ട് സൈസ് ഫോട്ടോയില്‍ കാണുന്ന പോലെ). അതിനെ നടുവിലൂടെ (in y axis) മടക്കിനോക്കൂ. ഇരുവശവും ബാലന്‍സ് നിലനിര്‍ത്തുന്നില്ലേ? ഒരു കണ്ണ്, ചെവി, മൂക്കിന്റെ പകുതി, വായുടെ പകുതി എന്നുവേണ്ട ഒരു വശത്തുകാണുന്ന എല്ലാറ്റിനേയും ബാലന്‍സ് ചെയ്യാന്‍ എതിര്‍വശത്തും ഇവയൊക്കെയുണ്ട്.


Symmetrical Balance - വിവിധ സാധ്യതകള്‍

1. Radial Symmetry -- rotating around a center point

2. Exact Symmetry--a mirror image or an exactly repeated design

3. Axial Symmetry--having 2 opposing repeats, one on each side of an axis.


Asymmetrical Balance
ഫോട്ടോയുടെ central axis നു ഇരുപുറത്തുമുള്ള ഒബ്ജക്റ്റുകള്‍ തമ്മില്‍ സാമ്യമില്ലാതെ തന്നെ - ബാലന്‍സ് ഉണ്ട് - എന്ന തോന്നല്‍ ഉളവാക്കുന്നതരത്തില്‍ ഫ്രെയിം കമ്പോസ് ചെയ്യുന്നതാണ് Asymmetrical Balance. ഫോട്ടോഗ്രാഫറുടെ ക്രിയാത്മകമായ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ നല്ലൊരു വഴിയാണ് Asymmetrical Balancing.





Photobucket



മുകളിലെ ചിത്രത്തിലെ ആദ്യത്തെ ഭാഗത്ത് Symmetrically Balance ചെയ്ത ഒരു പടമാണ്. രണ്ടാമത്തെ ഭാഗത്തെ ഫോട്ടോയില്‍ വലതുവശവും ഇടതുവശവും തമ്മില്‍ ബാലന്‍സ് ഇല്ല. പക്ഷെ, ചെറിയ മരത്തിന്റെ പ്ലേസ്മെന്റ് അകലെയായതിനാല്‍ - വലിയത് അടുത്ത്, ചെറിയത് അകലെ - എന്ന ഒരു ഫീലിങ്ങ് കാഴ്ചക്കാരില്‍ ഉണ്ടാകുന്നു. ഫോട്ടോ imbalanced ആണെന്ന് നമുക്ക് തോന്നുന്നുമില്ല.


ഫോട്ടോയ്ക്കു ഭംഗി നല്‍കുന്ന ഒരു ഘടകമാണ് ബാലന്‍സ് എന്നു നാം പഠിച്ചുകഴിഞ്ഞു. എല്ലാ ഫോട്ടോയ്ക്കും ബാലന്‍സ് ഉണ്ടായിക്കൊള്ളണം എന്ന് നിയമമൊന്നുമില്ല. അതൊരു മാര്‍ഗ്ഗനിര്‍ദ്ദേശം മാത്രമാണ്. ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ ബാലന്‍സ് ഇല്ലാതേയും പടങ്ങള്‍ എടുക്കാറുണ്ട്. ഉദാഹരണത്തിന്, ഒരു സുമോ ഗുസ്തിക്കാരന്റെ അടുത്ത് നന്നെ മെലിഞ്ഞ ഒരാളെ വച്ച് കമ്പോസ് ചെയ്ത പടം ഒന്നാലോചിച്ചുനോക്കൂ. കാണുമ്പോള്‍ത്തന്നെ ചിരിവരില്ലേ? ആ ചിരിയ്ക്ക് കാരണം ബാലന്‍സ് ഇല്ലായ്മയാണ്.

ചുരുക്കിപ്പറഞ്ഞാല്‍, ഫോട്ടോഗ്രാഫര്‍ എന്താണോ പറയാനുദ്ദേശിച്ചത് അതിനനുസരിച്ച് തന്റെ ഫ്രെയിമില്‍ ബാലന്‍സ് കൊണ്ടുവരികയോ കൊണ്ടുവരാതിരിക്കുകയോ ചെയ്യാമെന്നര്‍ത്ഥം.

ഉദാഹരണ ചിത്രങ്ങള്‍.

ഇവയില്‍ ഏതെല്ലാം ബാലന്‍സിങ്ങ് ആണ് ഉപയോഗിച്ചിരിക്കുന്നത് എന്നും, ബാലന്‍സിംഗ് ഇല്ലെങ്കില്‍ അതും നിങ്ങള്‍ തന്നെ കണ്ടെത്തൂ.

Photobucket






Photobucket



Photobucket



for C4Camera,
- കുട്ടു.

Thursday, September 24, 2009

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫര്‍മാരുടെ മാത്രമല്ല, ക്യാമറ കയ്യിലുള്ള ആരുടെയും ഇഷ്ടവിഷയങ്ങളിലൊന്നാണ് വെള്ളച്ചാട്ടങ്ങള്‍ . ചെറിയ നീരുറവകള്‍ മുതല്‍ നയാഗ്രാ വെള്ളച്ചാട്ടം വരെ ഇവയില്‍ പെടും. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ ചിത്രീകരിക്കപ്പെട്ടിട്ടുള്ള പ്രകൃതി ദൃശ്യവും ഇതാവണം.

പ്രകൃതിയുടെ മനോഹാരിതയുടെ പശ്ചാത്തലത്തില്‍ , ജലപാതങ്ങളുടെ ‘സില്‍ക്കി - സ്മൂത്ത്’ ആയ കാഴ്ച, വെളിച്ചവും ജലകണങ്ങളും ചേര്‍ന്ന് തീര്‍ക്കുന്ന മായികമായ ഫീല്‍ - ഇവയെല്ലാം കൊണ്ടും കാഴ്ചക്കാരെ വളരെ ആകര്‍ഷിക്കുന്നവയാണ് വെള്ളച്ചാട്ടങ്ങളുടെ ചിത്രങ്ങള്‍ . തീര്‍ച്ചയായും വെള്ളച്ചാട്ടം എന്ന സബ്ജക്റ്റിന്റെ ഏത് ഭാവം അല്ലെങ്കില്‍ എഫക്ട് ആണ് ചിത്രത്തിലൂടെ കാഴ്ചക്കാരനിലെത്തിക്കേണ്ടത് എന്നത് ഫോട്ടോഗ്രാഫറുടെ ഇഷ്ടം തന്നെ. അതിനനുസരിച്ചുള്ള ഫ്രെയിമുകള്‍ , എക്സ്പോഷറുകള്‍ തുടങ്ങിയവയെല്ലാം ഫോട്ടോഗ്രാഫര്‍ ആഗ്രഹിക്കും പോലെ.

നനുത്ത ജലകണങ്ങള്‍ തീര്‍ക്കുന്ന ലോലമായ സൌന്ദര്യം മുതല്‍ കുത്തിയൊഴുക്കിന്റെ , ശക്തിയുടെ ഭീകരവും രൌദ്രവുമായ ഭാവം വരെ എന്തെല്ലാം ചിത്രീകരിക്കാം ഒരു വെള്ളച്ചാട്ടത്തിലൂടെ !


വെളിച്ചത്തിന്റെ അലഭ്യത, മികച്ചതും വ്യത്യസ്ഥവുമായ ഫ്രെയിമുകള്‍ സൃഷ്ടിക്കാനുള്ള പ്രയാസം, വഴുക്കുള്ള പാറപ്പുറത്തോ മറ്റു ഇടുങ്ങിയ സാഹചര്യങ്ങളിലോ നിന്ന് ചിത്രമെടുക്കുമ്പൊള്‍ ഉള്ള അപകട സാധ്യതകള്‍ അങ്ങനെ പല കാരണങ്ങള്‍ കൊണ്ടും വെല്ലുവിളികള്‍ നിറഞ്ഞതുമാണ് വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി.

മി | Mi എന്ന ബ്ലോഗര്‍ അയച്ചു തന്ന വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിന്റെ താഴെക്കാണുന്ന ചിത്രം ഇത്തവണ നമുക്ക് അവലോകനം ചെയ്യാം.





ചിത്രത്തിന്റെ സാങ്കേതിക വിവരങ്ങള്‍ താഴെ കൊടുത്തിരിക്കുന്നു.

Camera Model Name: Canon EOS 1000D
Tv(Shutter Speed): 0.6Sec.
Av(Aperture Value): F36
Metering Modes: Evaluative metering
Exposure Compensation: 0
ISO Speed: 100
Lens: EF-S18-55mm f/3.5-5.6
Focal Length: 55.0 mm
Image size: 3888 x 2592
Image Quality: RAW
Flash: Off
White Balance: Auto
AF mode: One-Shot AF
Picture Style: Standard

പാറകളും അടുത്തുള്ള ചെടികളും ഒക്കെ ഉള്‍പ്പെടുത്തി, ജലത്തിന്റെ സ്മൂത്ത് ആ‍യ വീഴ്ച ഭംഗിയായി ചിത്രീകരിക്കുകയായിരുന്നു ഫോട്ടോയെടുക്കുമ്പോള്‍ മി | Mi ഉദ്ദേശിച്ചിരുന്നത് എന്ന് കരുതാം. ഫ്രെയിം നല്ല രീതിയില്‍ കമ്പോസ് ചെയ്തിരിക്കുന്നു. ട്രൈപ്പോഡ് ഉപയോഗിച്ചാണ് ഈ ചിത്രമെടുത്തിട്ടുള്ളത് - വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയ്ക്ക് ഏറ്റവും അത്യാവശ്യമായ ഒന്ന്.

വെളിച്ചമാണ് ഈ ചിത്രത്തിലെ വില്ലന്‍. വെയില്‍ നേരിട്ട് വെള്ളച്ചാട്ടത്തില്‍ പതിക്കുന്ന സാഹചര്യത്തില്‍ ഇരുണ്ടതും പ്രകാശമേറിയതുമായ ഭാഗങ്ങള്‍ ഫ്രെയിമില്‍ വരുന്നതിനാല്‍ കൃത്യമായ വെളിച്ചനിയന്ത്രണം ഇത്തരം സന്ദര്‍ഭങ്ങളില്‍ അത്യാവശ്യമാണ്. ജലപാതത്തിനെ ‘സില്‍ക്കി സ്മൂത്ത്‘ ആയി പിടിച്ചെടുക്കുന്നതിനുവേണ്ടി 0.6Sec. സമയം ഷട്ടര്‍ തുറന്നു വച്ചിട്ടുണ്ട്. വെളിച്ചത്തെ നിയന്ത്രിക്കാന്‍ വളരെ ചെറിയ അപേര്‍ച്ചര്‍ (F36) , കുറഞ്ഞ ISO Speed(100) ഇവ ഉപയോഗിച്ചെങ്കിലും ചിത്രത്തിലെ വലിയൊരു ഭാഗം ഓവര്‍ എക്സ്പോസ്ഡ് ആയിട്ടാണ് കാണുന്നത്. ലോംഗ് എക്സ്പോഷര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അധികം വെയില്‍ ഇല്ലാത്ത നേരത്ത് ചിത്രമെടുക്കുന്നതാവും നല്ലത്.

വെള്ളച്ചാട്ടത്തിന്റെ പടം എടുക്കുമ്പോള്‍ എക്സ്പോഷര്‍ വളരെ അധികം ശ്രദ്ധിക്കണം. മാട്രിക്സ് മീറ്ററിങ്ങായിരിക്കും കൂടുതല്‍ നല്ലത്.

ഈ പടം ഓവര്‍ എക്സ്പോസ്ഡ് അയതിനാല്‍ ഫ്രെയിമിലെ മറ്റു നിറങ്ങള്‍ - ചെടികളുടെ പച്ച, പാറകളുടെ നിറം ഇവ മങ്ങിപ്പോയിരിക്കുന്നു. - വെള്ളച്ചാട്ടങ്ങളുടെ ഫോട്ടോകളില്‍ പാറകളുടെ നിറങ്ങള്‍ , മരങ്ങളുടെയും ചെടികളുടെയും പച്ച , മറ്റു നിറങ്ങളിലുള്ള ഇലകള്‍ ഇവയെല്ലാം ഫ്രെയിമിന്റെ മനോഹാരിത കൂട്ടും.

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയില്‍ Bracketing , ഫില്‍ട്ടറുകളുടെ ഉപയോഗം തുടങ്ങി മറ്റു നുറുങ്ങുകള്‍ അറിവുള്ളവര്‍ ഇവിടെ പങ്കുവെക്കുമെന്നു കരുതുന്നു.

ട്രൈപ്പോഡും ചിലവഴിക്കാന്‍ സമയവും ഉണ്ടെങ്കില്‍ എക്സ്പോഷര്‍, മീറ്ററിംഗ് , കമ്പോസിംഗ് തുടങ്ങി ഫോട്ടോഗ്രാഫിയുടെ നിരവധി സാങ്കേതിക കാര്യങ്ങള്‍ പഠിക്കാനും പരിശീലിക്കാനും പറ്റിയ നല്ലൊരു വിഷയവും കൂടിയാണ് വെള്ളച്ചാട്ടങ്ങള്‍ .
ഇനി നിങ്ങള്‍ പറയൂ...

for c4Camera,
ശ്രീലാല്‍


Update (26 Sept, 2009) By കുട്ടു | Kuttu

ഈ പടത്തില്‍ എന്റെ നിരീക്ഷണങ്ങള്‍

  • നല്ല കോമ്പോസിഷന്‍.
  • മുഴുവന്‍ വെള്ളച്ചാട്ടവും കാണാന്‍ പറ്റാത്തതുകൊണ്ട് ഒരു അപൂര്‍ണ്ണത ഫീല്‍ ചെയ്യുന്നുണ്ട്. പക്ഷെ അത് സാരമുള്ളതല്ല. എങ്കിലും 55mm ഫോക്കല്‍ ലെങ്ത്തിന് പകരം 18 mm-ഓ അതില്‍ കുറവോ (ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുമെങ്കില്‍) തിരഞ്ഞെടുക്കാമായിരുന്നു. എങ്കില്‍ കുറച്ചുകൂടി ദൃശ്യങ്ങള്‍ - ഒരുപക്ഷെ വെള്ളച്ചാട്ടം മുഴുവനായും - ഫ്രെയിമില്‍ വന്നേനെ.
  • ചെറിയ അപ്പര്‍ച്ചര്‍ കാരണമാണെന്ന് തോന്നുന്നു ഷാര്‍പ്പ്നെസ്സ് ഗണ്യമായി കുറഞ്ഞിരിക്കുന്നു. ഒരു പരിധിയില്‍ കൂടുതല്‍ അപ്പര്‍ച്ചര്‍ കുറച്ചാല്‍ (വലിയ അപ്പര്‍ച്ചര്‍ നമ്പര്‍) ഡിഫ്രാക്ഷന്‍ എന്ന പ്രശ്നം അവതരിക്കും.
  • വെള്ളച്ചാട്ടം ഓവര്‍ എക്സ്പോസ്ഡ് ആണ്. റോ ഫയല്‍ ആയതുകൊണ്ട് കുറച്ചൊക്കെ ശരിയാക്കാം. എന്നാലും ചില ഭാഗങ്ങളിലെ ഡാറ്റ നഷ്ടപ്പെട്ടിട്ടുണ്ട്. ND/Polarizer തുടങ്ങിയ ഫില്‍ട്ടറുകള്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഈ പ്രശ്നം പരിഹരിക്കാമായിരുന്നു. Polarizer ഉപയോഗിച്ചിരുന്നെങ്കില്‍ പാറപ്പുറത്ത് കാണുന്ന റിഫ്ലക്ഷന്‍ ഒഴിവായിക്കിട്ടിയേനെ.
  • ഫോക്കസ് Continuous മോഡില്‍ ആണെന്ന് തോന്നുന്നു. ചിത്രം ചെറിയ രീതിയില്‍ ഔട്ട്-ഓഫ്-ഫോക്കസ് ആണ് പടം. വെള്ളച്ചാട്ടം എടുക്കുമ്പോള്‍ സ്റ്റാറ്റിക്ക് ഫോക്കസ് ആണ് പൊതുവെ നല്ലത്. ഇല്ലെങ്കില്‍ ഒഴുകുന്ന വെള്ളത്തിനൊപ്പം ക്യാമറ ഫോക്കസ് ചെയ്യാന്‍ കഷ്ടപ്പെടും. പലപ്പോഴും നമ്മള്‍ ഉദ്ദേശിച്ച പോലെ ഷാര്‍പ്പ് ഫോക്കസ് കിട്ടില്ല.


വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫി - ഒരാമുഖം
വെള്ളച്ചാട്ടങ്ങള്‍..!! ഫോട്ടോ എടുക്കാന്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട പ്രകൃതി ദൃശ്യങ്ങളില്‍ ഒന്നാണത്

വാട്ടര്‍ഫാള്‍ ഫോട്ടോഗ്രാഫിയില്‍ പൊതുവെ രണ്ട് രീതിയിലാണ് പടം എടുക്കാറുള്ളത്.

1) കൂടിയ ഷട്ടര്‍സ്പീഡില്‍, വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണുന്ന രീതിയില്‍. “വെള്ളം ചാടി വരുന്നു..” എന്ന ഒരു ഫീലാണ് അത്തരം പടങ്ങള്‍ കാണുമ്പോള്‍ നമുക്കുണ്ടാകുക. കൂടുതല്‍ വെള്ളം ഒഴുകുന്ന, വലിയ വെള്ളച്ചാട്ടങ്ങളുടെ ഭീകരത അതേപോലെ ഫോട്ടോയില്‍ കൊണ്ടുവരാന്‍ പലരും ഈ മാര്‍ഗ്ഗം അവലംബിക്കാറുണ്ട്.

2) കുറഞ്ഞ ഷട്ടര്‍സ്പീഡില്‍, വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണാതെ എടുക്കുന്നവ. ഇത്തരം പടങ്ങളില്‍ വെള്ളം പാലുപോലെ, അല്ലെങ്കില്‍ വെളുത്ത സില്‍ക്കുപോലെ പാറക്കെട്ടുകളില്‍ക്കൂടി ഒഴുകിയിറങ്ങുകയാണ്. ലാന്‍ഡ്‌സ്കേപ്പ് ഫോട്ടോഗ്രാഫിയില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന മാര്‍ഗ്ഗവും ഇതുതന്നെ.

ചാടിവരുന്ന വെള്ളത്തെ ഒരു നിമിഷം ഫ്രീസ് ചെയ്ത രീതിയിലുള്ള പടമാണ് ആദ്യത്തെ രീതിയില്‍ കിട്ടുക. എന്നാലിവിടെ, വെള്ളത്തിന്റെ ഒഴുക്ക് ഫോട്ടോയില്‍ ഫീല്‍ ചെയ്യും.

വെള്ളത്തുള്ളികള്‍ തെളിഞ്ഞു കാണുന്ന (splash) പടങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരുപാടുപേരുണ്ട്. വെള്ളത്തിന് സില്‍ക്കി സ്മൂത്ത്നെസ്സ് കൊടുക്കുന്ന, രണ്ടാമത്തെ രീതിയിലുള്ള പടങ്ങള്‍ ഇഷ്ടപ്പെടുന്നവരും ഉണ്ട്. അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ മാത്രം. എനിക്കിഷ്ടം സില്‍ക്കി സ്മൂത്ത്നെസ്സ് കൊടുക്കുന്ന തരത്തിലുള്ള പടങ്ങളാണ്.

കോമ്പോസിഷന്‍:
വെള്ളം ഒരു moving subject ആണല്ലൊ. അതുകൊണ്ട് ഫോട്ടോയില്‍ ആ മൂവ്മെന്റ് ഫീല്‍ ചെയ്യണം. ഫ്രെയിമില്‍ വെള്ളം വീണ്, അത് ഫ്രെയിമിലൂടെ തന്നെ വേറെ ഒരു ഭാഗത്തേക്ക് ഒഴുകിപ്പോകുന്നു എന്ന ഫീല്‍ ഉണ്ടാക്കുന്ന തരത്തിലാണ് ഫോട്ടോ കമ്പോസ് ചെയ്യേണ്ടത് എന്നര്‍ത്ഥം. എല്ലായിപ്പോഴും വെള്ളച്ചാട്ടം മുഴുവന്‍ ഒറ്റ ഫ്രെയിമില്‍ കിട്ടിക്കോളണമെന്നില്ല (Ultra Wide Lens ഇട്ടാല്‍ പോലും). കിട്ടുന്നഭാഗം നന്നായി കമ്പോസ് ചെയ്യാന്‍ ശ്രമിക്കുക.

എക്സ്പോഷര്‍:
ഇനി ശ്രദ്ധിക്കേണ്ട കാര്യം എക്സ്പോഷര്‍ എങ്ങിനെ കറക്റ്റ് ചെയ്യും എന്നതാണ്. കറക്റ്റ് എക്സ്പോഷര്‍ കിട്ടാന്‍ എളുപ്പവഴി ഒന്നുമില്ല. ശരിയാകുന്നത് വരെ ശ്രമിക്കുക. കൃത്യമായ എക്സ്പോഷര്‍ പെട്ടെന്ന് കിട്ടാന്‍ താഴെ പറയുന്ന പൊടിക്കൈകള്‍ നമ്മെ സഹായിക്കും.

  • ക്യാമറ സെറ്റിങ്ങുകള്‍: (1) File Type = .Raw (2) ISO = Lowest ISO value (3) ISO Auto = Off. (4) Metering Mode = Matrix. “ISO Auto = Off.“ എന്ന സെറ്റിങ്ങിനെ ഒരിക്കലും അവഗണിക്കരുത്. “ക്യാമറ സ്വമേധയാ ISO കൂട്ടണ്ട. നമ്മള്‍ സെറ്റ് ചെയ്ത ISO ഉപയോഗിച്ചോണ്ടാ മതി“. എന്നാണതിനര്‍ഥം.

  • മീറ്ററിങ്ങ്മോഡായി മാട്രിക്സ് (evaluative, honeycomb, Segment, multi-zone metering എന്നെല്ലാം ഇതിനു പേരുണ്ട്) ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നു ശ്രദ്ധിച്ചല്ലോ. തൂവെള്ള വെള്ളം, കറുകറുത്ത പാറക്കെട്ടുകള്‍ - പ്രകാശത്തിന്റെ ഈ വൈരുദ്ധ്യമാണ് കറക്റ്റ് എക്സ്പോഷര്‍ തിരഞ്ഞെടുക്കുക എന്ന ജോലി ഇത്രയും കഠിനമാക്കുന്നത്. ക്യാമറയുടെ മാട്രിക്സ് മീറ്ററിങ്ങ് ഈ ജോലിയില്‍ നമ്മെ സഹായിക്കും.
  • അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍, ലെന്‍സിന്റെ സ്വീറ്റ് അപ്പര്‍ചര്‍ തിരഞ്ഞെടുക്കുക. ഫ്രെയിം കമ്പോസ് ചെയ്യുക. ചുമ്മാ ഒന്ന് ക്ലിക്കി നോക്കുക. എടുത്ത പടത്തിന്റെ ഷട്ടര്‍സ്പീഡ് ഓര്‍മ്മിക്കുക. അതിനുശേഷം ക്യാമറ മാന്വല്‍ മോഡിലിടുക. അതേ അപ്പര്‍ച്ചറും, നമ്മള്‍ക്ക് കിട്ടിയ ഷട്ടര്‍ സ്പീഡും തിരഞ്ഞെടുക്കുക. ഇനി ചെയ്യേണ്ടത് ഷട്ടര്‍ സ്പീഡ് ഓരോ സ്റ്റെപ് ആയി കുറയ്ക്കുക - ഫോട്ടോ എടുക്കുക - റിവ്യൂ ചെയ്യുക. റിവ്യൂ ടിപ്സ്: റിവ്യൂ ചെയ്യുമ്പോള്‍ highlights എന്ന മോഡ് ഓണ്‍ ചെയ്യുക. highlights എന്താണെന്ന് അറിയാത്തവര്‍ക്കായി പറയാം. റിവ്യൂ മോഡില്‍ (ഫോട്ടോ എടുത്തുകഴിഞ്ഞ്, അതിന്റെ പ്രിവ്യൂ കണ്ട് ബോധ്യപ്പെടില്ലേ ആ മോഡ്) ആ ഫോട്ടോയുടെ എക്സിഫ് ഡാറ്റ, ഹിസ്റ്റോഗ്രാം, ഹൈലൈറ്റ്സ് തുടങ്ങിയവ കാണാന്‍ പറ്റും. Highlights Mode -il ഓവര്‍ എക്സ്പോസ്ഡ് ആയഭാഗം Blink ചെയ്തോണ്ടിരിക്കും. പടത്തില്‍ കൂടുതല്‍ ബ്ലിങ്കീസ് കണ്ടാല്‍ ഷട്ടര്‍ സ്പീഡ് കൂട്ടുക. ബ്ലിങ്കീസ് ഒന്നും കണ്ടില്ലെങ്കില്‍ വീണ്ടും ഷട്ടര്‍സ്പീഡ് കുറയ്ക്കുക. ഇങ്ങനെ ബ്ലിങ്കീസ് ഒന്നുമില്ലാത്തതോ, ഏറ്റവും കുറവോ ഉള്ള ഒരു ഷട്ടര്‍സ്പീഡില്‍ നിങ്ങള്‍ എത്തിച്ചേരും. ആ മോഡില്‍ പടം എടുത്തുനോക്കുക. വെള്ളം സില്‍ക്കി സ്മൂത്ത് ആയോ? ഇല്ലെങ്കില്‍ ഇവിടെയാണ് ഫില്‍ട്ടറുകള്‍ നിങ്ങളുടെ രക്ഷയ്ക്കെത്തുന്നത്. അത് വഴിയേ പറയാം.
ഫില്‍ട്ടറുകളുടെ ഉപയോഗം:
മൂന്നാമത്തെ സ്റ്റെപ്പില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്തു. എന്നിട്ടും പടത്തില്‍ വെളിച്ചം കൂടുതലാണ്. എന്തുചെയ്യും..? നമുക്ക് നോക്കാം.

  • ആദ്യം ഒരു പോളറൈസര്‍ ഫില്‍ട്ടര്‍ ഇട്ടുനോക്കുക. അത് വെളിച്ചത്തെ 1-2 stops കുറയ്ക്കും. മാത്രമല്ല, വെള്ളത്തിലും, പാറകളിലും, ഇലകളിലും ഉള്ള റിഫ്ലക്ഷന്‍ ഒഴിവാകുകയും ചെയ്യും. വെള്ളത്തിന്റെ (വെള്ളച്ചാട്ടം, അരുവി, തടാകം etc.) പടം എടുക്കാന്‍ പോളറൈസര്‍ അത്യാവശ്യമായ സംഗതിയാണ്. പോളറൈസര്‍ ഇട്ടശേഷം മൂന്നാമത്തെ സ്റ്റെപ്പില്‍ പറഞ്ഞ സംഗതി ആവര്‍ത്തിക്കുക.

ഇപ്പോഴും വെളിച്ചം കൂടുതലാണോ ?

  • എങ്കില്‍ അതിനു പുറമേ ഒരു ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍ട്ടര്‍ ഇടുക (ND2, ND4, ND8 എന്നിങ്ങനെ വിവിധ ഗ്രേഡുകളില്‍ ന്യൂട്രല്‍ ഡെന്‍സിറ്റി ഫില്‍ട്ടര്‍ ഉണ്ട്. ND8 filter, ND2 കടത്തിവിടുന്നതിലും കുറവ് വെളിച്ചമേ കടത്തിവിടൂ.) മൂന്നാമത്തെ സ്റ്റെപ്പ് ആവര്‍ത്തിക്കുക.

ഇപ്പോഴും വെളിച്ചം കൂടുതലാണെന്നോ?
  • അതേയ്... നട്ടുച്ച നേരം വെള്ളച്ചാട്ടങ്ങളുടെ പടം പിടിക്കാന്‍ പറ്റിയതല്ല. രാവിലെയോ, വൈകുന്നേരമോ ആണ് പറ്റിയ സമയം..

ഇനി ഇത്രയൊന്നും മിനക്കെടാന്‍ വയ്യെങ്കില്‍ ഒരു എളുപ്പവഴി പറയാം. ക്യാമറ അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഇടുക, ലെന്‍സ് സപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ തിരഞ്ഞെടുക്കുക. ക്ലിക്കുക. ത്രേള്ളൂ. (ഈ രീതിയിലെടുത്ത പടങ്ങള്‍ക്ക് ചെറുതായി ഡിഫ്രാക്ഷന്റെ പ്രശ്നമുണ്ടാകും. പക്ഷെ തല്‍ക്കാലം അത് നമുക്ക് വിടാം. കമ്പ്യൂട്ടറില്‍ ചെറിയ സൈസില്‍ കാണുമ്പോ അതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നേ...)

ഈ രീതിയില്‍ ഞാന്‍ എടുത്ത ഒന്നുരണ്ടു പടങ്ങള്‍ ഇവിടെ കാണാം.



Tuesday, August 18, 2009

ഓഗസ്റ്റ്‌ 19 ലോക ഫോട്ടോഗ്രാഫി ദിനം .



പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രശസ്തമായ കണ്ടു പിടുത്തങ്ങളില്‍ ഒന്നായ ഫോട്ടോഗ്രാഫി യുടെ തുടക്കം പാരീസില്‍ നിന്നാണെന്നു അവകാശപ്പെടുന്നത് 1839 ആഗസ്ത്‌ 19 നായിരുന്നു. മറു വാദഗതികളെ നിഷ്പ്രഭമാക്കി ഈ ദിനം ലോക ഫോട്ടോഗ്രാഫി ദിനമായി പരക്കെ അംഗീകരിക്കപ്പെട്ടു. പിന്നീട് ഈ ദിനത്തെ ലോക ഫോട്ടോഗ്രാഫി ദിനമായി ലോകം മുഴുവന്‍ കൊണ്ടാടുന്നു. ഇന്ത്യ നാഷണല്‍ ഫോട്ടോഗ്രാഫി കൌണ്‍സില്‍ 1991 മുതല്‍ക്കാണ് ആഗസ്ത്‌ 19 ലോക ഫോട്ടോഗ്രാഫി ദിനമായി കൊണ്ടാടുന്നതിനുള്ള പദ്ധതികള്‍ തുടങ്ങിയത്. എന്നാല്‍ പ്രചാരണത്തിന്റെ അഭാവം മൂലം നമ്മുടെ രാജ്യത്ത് ഈ ദിനത്തിന്റെ പ്രാധാന്യം എടുത്തു കാട്ടാന്‍ ആയില്ല എന്നത് ഒരു ന്യൂനതയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിവിധ ഫോട്ടോഗ്രാഫി ക്ലബ്ബുകളും സംഘടനകളും വൈവിധ്യമാര്‍ന്ന ഫോട്ടോ പ്രദര്‍ശനങ്ങളും സെമിനാറുകളും ഈ ദിനത്തില്‍ ഒരുക്കുന്നു എന്നത് ശ്രദ്ധേയമാണ്. കൊല്‍ക്കത്തയിലെ നാഷണല്‍ അക്കാദമി ഓഫ് ഫോട്ടോഗ്രാഫി , ഫോട്ടോ പ്രദര്‍ശനവും സെമിനാറുകളും പരിശീലന ക്ലാസ്സുകളും ഉള്‍പ്പെടെ വ്യത്യസ്തയിനം പരിപാടികളുമായി ആഗുസ്ത് 19 മുതല്‍ നാല് ദിവസത്തെ ആഘോഷത്തിനു ഈ വര്ഷം മുതല്‍
തുടക്കം കുറിക്കുന്നു. അതെ പോലെ കേരള സര്‍ക്കാരിന്റെ പബിക് റിലേഷന്‍സ് വകുപ്പ് തിരുവനന്തുപുരം കനകക്കുന്നു കൊട്ടാരത്തില്‍ വിവിധ പരിപാടികളോടെ ഈ ദിവസം ആഘോഷിക്കുന്നു. ഏകദേശം ഇരുപതിനായിരത്തോളം അംഗങ്ങളുള്ള കേരളത്തിലെ പ്രമുഖ ഫോട്ടോഗ്രാഫി സംഘടനയായ AKPA പ്രാദേശികമായി പല പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഫോടോഗ്രഫെഴ്സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള ഈ പരിപാടികള്‍ ഏറെ ആള്‍ക്കാര്‍ക്ക് പ്രയോജനം ചെയ്യുന്നു. ഫോടോഗ്രഫിയില്‍ താല്പര്യമുള്ളവര്‍ക്ക് പ്രാദേശികഭാര ഭാരവാഹികളുമായി ബന്ധപ്പെട്ട് തികച്ചും സൌജന്യമായി ഇത്തരം പരിശീലന പരിപാടികളില്‍ പങ്കെടുക്കാവുന്നതാണ്.

Tuesday, August 04, 2009

ഡെപ്ത് ഓഫ് ഫീല്‍ഡ്

Photobucket


കൈപ്പള്ളി അയച്ചു തന്നതാണ് ഈ പടം. ചൈനയിലെ വന്മതിലെ ഒരിടമാണ് ലൊക്കേഷന്‍. ചിത്രത്തില്‍ കാണുന്ന പോലെ ഒരു തുടലില്‍ ദമ്പതികള്‍ ഒരു പൂട്ട് പൂട്ടിയിടുന്നു. ഇങ്ങനെ ചെയ്താല്‍ ദാമ്പത്യജീവിതം കൂടുതല്‍ ദൃഢമാകും എന്നാണ് വിശ്വാ‍സം.

ടെക്കിനിക്കല്‍ ഡാറ്റ:
ExposureTime - 1/125 seconds
FNumber - 8.00
ExposureProgram - Normal program
MeteringMode - Multi-segment
FocalLength - 35 mm
ExposureMode - Auto
White Balance - Auto


  • മനോഹരമായ ഒരു പടമാണിത്. DOF (Depth of Field) നന്നായി കണ്ട്രോള്‍ ചെയ്തിരിക്കുന്നു. f8-ലും ഇത്ര കുറവ് DOF കിട്ടിയത്കൊണ്ട് പടം എടുത്തത് 35mm മാക്രോ ഉള്ള Prime ലെന്‍സ് ഉപയോഗിച്ചാണ് എന്ന് അനുമാനിക്കുന്നു.

  • ഫോട്ടോയുടെ ഇടതുവശത്ത് താഴെ കാണുന്ന ലൈനുകള്‍ പൂട്ടുകളുടെ ലൈനിനെ നന്നായി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പക്ഷെ ഏറ്റവും ഇടതുവശത്ത്, ഫോട്ടോയുടെ ഇടത് അരികിന് പാരലല്‍ ആയി കാണുന്ന ലൈനും, ആ ലൈനിന് മുകളില്‍ (ഇടത്, മുകളില്‍) കാണുന്ന കൈ (?) ഫോട്ടോയില്‍ അത്ര അനിവാര്യമാണെന്ന് തോന്നുന്നില്ല. അത് ക്രോപ്പ് ചെയ്ത് വേര്‍ഷന്‍ താഴെ കൊടുക്കുന്നു. ക്രോപ്പിങ്ങ് കൊണ്ട് ഫോട്ടോയുടെ ടോട്ടാലിറ്റിയില്‍ ദോഷപരമായ മാറ്റമൊന്നും വന്നിട്ടില്ലെന്ന് തോന്നുന്നു (എന്റെ അഭിപ്രായത്തില്‍. നമുക്ക് ചര്‍ച്ചചെയ്യാം).


Photobucket


  • വേറെ ഒരു ആംഗിള്‍ കൂടി പരീക്ഷിക്കാവുന്ന ഒരു പടമായിരുന്നു ഇത് എന്നു തോന്നുന്നു. അതായത് ഈ പടത്തില്‍ പൂട്ടുകളുടെ നിര വലതു ഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് മുകളില്‍ തന്നെ അവസാനിക്കുന്നതിന് പകരം, വലതുഭാഗത്ത് മുകളില്‍ നിന്ന് തുടങ്ങി ഇടതുഭാഗത്ത് ഫോട്ടോയുടെ മധ്യത്തിലായി (Vertically Middle) അവസാനിക്കുന്ന രീതിയില്‍ എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി powerful ആയ ഒരു കോമ്പോസിഷന്‍ ആകുമായിരുന്നില്ലേ?


ബാക്കി വായനക്കാന്‍ പറയൂ.

- കുട്ടു
for C4Camera.


Update (by Kuttu, on Aug 06, 2009)
ഈ പടത്തില്‍ ഗോള്‍ഡന്‍ റേഷ്യോ റൂള്‍ apply ചെയ്താല്‍:

Photobucket

Tuesday, July 21, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി

Photobucket


ഈ പടത്തെപ്പറ്റിയും, പടം എടുത്ത സാഹചര്യങ്ങളെ പറ്റിയും ദീപക് തന്നെ പറയുന്നത് കേള്‍ക്കൂ

ഈ പടം എന്റെ പാനസോണിക് കാമറയില്‍ എടുത്തതാണ് (bridge camera 28-504 effective focal length). സ്ഥലം ഡബ്ലിനിലെ ഒരു പാര്‍ക്ക്‌. സമയം ഉച്ചനേരം. ഞാന്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന ഈ കൊക്ക് അകലെ വെള്ളത്തില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നെ കണ്ടതും പറന്നുയര്‍ന്ന കൊക്ക് വീണ്ടും അങ്ങകലെ പറന്നിറങ്ങി ഇരുന്നപോഴാണ് ഈ ഫോട്ടോ എടുത്തത്. എന്റെ ശരീരം ഒളിപ്പിച്ചു ഇന്റെലിജെന്റ്റ്‌ ഓട്ടോമോഡില്‍ (പാനാസോണിക്കില്‍ ഫുള്‍ ഓട്ടോ മോഡിന്റെ പേര് ) ഇട്ടു എടുത്തതാണ്. അതുകൊണ്ട് ഫ്രേമില്‍ വരുന്ന ചില ഇലകളും മറ്റും ഒബ്ജെക്റ്റ്‌ അല്പം ഡിസട്രാക്റ്റ് ആക്കുന്നുണ്ട്‌.അതുപോലെ ഈ വെള്ളത്തില്‍ പലയിടത്തും മറ്റുകിളികള്‍ ഉണ്ടായിരുന്നു. അതും ഒരു പ്രശ്നം ആയിരുന്നു. (കാണാന്‍ അധികം ഭംഗിയില്ലാത്ത ആ കിളികള്‍ എന്നെ കണ്ടാല്‍ പറക്കും എന്നത് ഒരു പ്രശ്നം. രണ്ടു അത്തരം കിളികള്‍ ഫ്രേമില്‍ വന്നാല്‍ ഈ കൊക്കിന്റെ പ്രാധാന്യം ഇല്ലാതെയാവുകയോ ശ്രദ്ധ അതിലേക്കു പോവുകയോ ചെയ്യും. അതാണ് ഇങ്ങനെ പോട്രൈറ്റ് മോഡില്‍ ഫോട്ടോ എടുത്തതിന്റെ ഒരു കാരണം. രണ്ടാമത് ഉയരം കൂടുതലുള്ള കിളികളെ ലാന്‍ഡ്‌സ്കെപ്‌ മോഡില്‍ എടുക്കുന്നതിനെക്കാള്‍ പോട്രൈറ്റ് മോഡില്‍ എടുക്കുന്നത് കൂടുതല്‍ ഭംഗിയാവും എന്നതാണ് അനുഭവം.- ഇതും സന്ദര്‍ഭം അനുസരിച്ചാണ്.അതും പോട്രൈറ്റ് മോഡില്‍ എടുക്കാന്‍ കാരണമായി.

ടെക്നിക്കല്‍ ഡാറ്റ:

ExposureTime - 1/125 seconds
FNumber - 4.20
ExposureProgram - Normal program
ISOSpeedRatings - 125
MeteringMode - Multi-segment
LightSource - Auto
Flash - Flash not fired, compulsory flash mode
ExposureMode - Auto
White Balance - Auto
Contrast - Normal
Saturation - Normal
Sharpness - Normal



ഈ പടത്തിലെ പ്രശ്നങ്ങളെപ്പറ്റി ദീപക്ക് തന്നെ മുകളില്‍ എഴുതിയിരിക്കുന്നു. ചെറിയ ചില പ്രശ്നങ്ങളൊഴിച്ചാല്‍, നല്ലൊരു പടമാണിത്. എന്റെ നിരീക്ഷണങ്ങള്‍ ചുവടെ:

1. ഉയരം കൂടിയ പക്ഷികളെ വെര്‍ട്ടിക്കല്‍ കോമ്പോസിഷനില്‍ എടുക്കുമ്പോള്‍ ക്രോപ്പിങ്ങ് - പ്രത്യേകിച്ചും പ്രതിബിംബം കൂടി പടത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ - ബുദ്ധിമുട്ടാകും.

2. മുളകളുടെ ഇലകള്‍, ചുള്ളിക്കമ്പുകള്‍, ഫോട്ടോയുടെ മുകളിലെ റോഡ്, മണ്‍തിട്ട, വെള്ളത്തിലെ വെളുത്ത പൊട്ടുകള്‍ - എന്നിവ ഒരല്‍പ്പം ഡിസ്ട്രാക്റ്റിങ്ങ് ആണ്. ഇത് ദീപക്ക് തന്നെ മുകളില്‍ പറഞ്ഞുകഴിഞ്ഞു. ഇലകള്‍ മാത്രമാണെങ്കില്‍ അത്ര പ്രശ്നമുണ്ടാകുമായിരുന്നില്ല. പടവുമായി ബാലന്‍സ് ചെയ്ത് പോയേനേ. Subject Isolation സാധിക്കാതെ വന്നതിന്റെ പ്രശ്നങ്ങളാണിവ.


ഇനി നമുക്ക് ഈ പടത്തിലെ അനാവശ്യ ഭാഗങ്ങളൊന്ന് ക്രോപ്പ് ചെയ്തു നോക്കാം.

എല്ലാ ക്രോപ്പിങ്ങിലും ചുള്ളിക്കമ്പുകളുടേയും ഇലകളുടേയും ഭാഗങ്ങള്‍ വന്നിട്ടുണ്ട്. കോമ്പോസിഷന്‍ മാക്സിമം നന്നാക്കിയും, അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കിയുമുള്ള ക്രോപ്പിങ്ങ് പരീക്ഷണമാണ് ഇതെല്ലാം. കൂടുതല്‍ നല്ല ക്രോപ്പിങ്ങ് ചെയ്യാം എന്ന് വായനക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍ ദയവായി ശ്രമിക്കുമല്ലോ.



Photobucket

ദീപക്ക് പറഞ്ഞ പോലെ ഒരു വെര്‍ട്ടിക്കല്‍ ക്രോപ്പിങ്ങ്. പ്രതിബിംബം സഹിതം


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു horizontal frame


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു vertical frame


Photobucket

കുറച്ചുകൂടി tight ക്രോപ്പിങ്ങ്.



പക്ഷികളുടെ ഫോട്ടോ എടുക്കുമ്പോള്‍

1. കഴിവതും raw മോഡില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. എടുക്കുന്ന സമയത്ത് വൈറ്റ് ബാലന്‍സ് തെറ്റാണെങ്കിലും, post processing - ല്‍ കറക്റ്റ് ചെയ്യാന്‍ സാധിക്കും.

2.ക്യാമറ Burst mode - ല്‍ ഇട്ട് ഷൂട്ട് ചെയ്യുക. സെക്കന്റില്‍ 2 ഫ്രെയിം മുതല്‍ 6 ഫ്രെയിം വരെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ക്യാമറകള്‍ ഉണ്ട്. ഫോക്കസ് ചെയ്തതിനുശേഷം രണ്ടോ മൂന്നോ സെക്കന്റ് സമയം ബട്ടന്‍ ഞെക്കിപ്പിടിച്ചിരിക്കുക. ഏതെങ്കിലും ഒരു ഫ്രെയിമെങ്കിലും ഷേക്ക് ഇല്ലാതെ കൃത്യമായി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നും കിട്ടിയില്ലെങ്കിലും നിരാശപ്പെടണ്ട. വീണ്ടും ശ്രമിക്കുക.

3. അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. DOF-നെ വരുതിയില്‍ നിര്‍ത്താന്‍ അത് സഹായിക്കും. Sports മോഡിലും പരീക്ഷിക്കാവുന്നതാണ്.

4. Subject Isolation - പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. എങ്കിലും ശ്രമിക്കുക.

5. കൃത്യമായി ഫോക്കസ് ചെയ്യുക.

6. ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക - നിരാശകൂടാതെ, ക്ഷമയോടെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ആശംസകള്‍..

- കുട്ടു
for c4Camera

Thursday, July 16, 2009

സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി

ഈ പോസ്റ്റിന് സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി എന്നു തന്നെ പേരിടാൻ ഒരു കാരണമുണ്ട്. വലിയ സിറ്റികളിലെ രാത്രിക്കാഴ്ചകൾ കൃത്രിമപ്രകാശത്തിന്റെ പ്രഭാപൂരത്തിലായിരിക്കും എന്നറിയാമല്ലോ. അനവധി സ്ട്രീറ്റ് ലൈറ്റുകളുടെയും, മറ്റു ഇലക്ട്രിക് ലൈറ്റുകളുടെയും ഇടമുറിയാതെയുള്ള പ്രകാശധാരയിൽ കുളിച്ചാവും ഏതൊരു മെട്രോപ്പോലിറ്റൻ സിറ്റിയും രാത്രികാലങ്ങളിൽ കാണപ്പെടുക. ഇലക്ട്രിസിറ്റിക്ക് യാതൊരു ക്ഷാമവുമില്ലാതത ഗൾഫ് നാടുകളിൽ രാത്രികാലങ്ങളിലെ സിറ്റിലൈറ്റുകൾ ഒരു കാഴ്ചതന്നെയാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെ പ്രതിബിംബങ്ങൾ ഉണ്ടാ‍ക്കുവാൻ പാകത്തിന് അവയ്ക്കുമുമ്പിൽ ഒരു ജലാശയമുണ്ടെങ്കിൽ പറയാനുമില്ല!

ദുബായിയിലുള്ള ജോസ് ഏബ്രഹാം എന്ന ഫോട്ടോഗ്രാഫർ അയച്ചു തന്ന ഒരു ചിത്രമാണ് ഈക്കുറി നാം അവലോകനം ചെയ്യുവാൻ പോകുന്നത്. ദുബായിയിലെ ക്രീക്കിന്റെ ഒരു ഭാഗമാണ് രംഗം. ഒരു നദിപോലെ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ഒരു ജലപാതയാണ് ക്രീക്ക്. ഇതിലെ ജലം കടൽ വെള്ളമാണെന്നുമാത്രം. ദുബായ് ക്രീക്കിനിരുവശത്തുമായി ദേര, ബർദുബായ് എന്നീ നഗരങ്ങൾ സ്ഥിതിചെയ്യുന്നു.



രാത്രികാലങ്ങളിൽ ക്രീക്കിന്റെ ഓരങ്ങളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഈ ഫോട്ടോയിൽ കാണുന്നത് ബർദുബായ് സൈഡിൽ നിന്നുകൊണ്ട് കാണുന്ന ദേരസിറ്റിയുടെ ഭാഗമാണ്. വൈദ്യുതദീപങ്ങളാൽ അലംകൃതമായി ഈ ഫോട്ടോയിൽ കാണപ്പെടുന്ന കെട്ടിടങ്ങൾ എത്തിസാലാത് ബിൽഡിംഗ്, ലെ മെറിഡിയൻ ഹോട്ടൽ, നാഷനൽ ബാങ്ക് ഓഫ് ദുബായ്, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയാണ്.

ഈ ചിത്രം പകർത്തിയിരിക്കുന്നത് കാനന്റെ ഫുൾ ഫ്രെയിം സെൻസർ ക്യാമറയായ 5D ഉപയോഗിച്ചാണ്. EF 28-70 mm ലെൻസ് 43 mm എന്ന ഫോക്കൽ ലെങ്തിൽ സെറ്റ് ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എക്സ്പോഷർ ഡേറ്റ ഇപ്രകാരമാണ്.

  • ISO 400,
  • Shutter speed 1 second,
  • അപ്പർച്ചർ സൈസ് f/4

ക്യാമറ ട്രൈപ്പോഡിൽ ഉറപ്പിച്ചാണ് ഫോട്ടോ എടുത്തത്. കുറഞ്ഞ ലൈറ്റിൽ ഫോട്ടോഗ്രാഫി ചെയ്യുമ്പോഴൊക്കെ ട്രൈപ്പോഡ് ഉപയോഗിക്കുക തന്നെ വേണം. എങ്കിൽ മാത്രമേ shake-free ഇമേജ് ലഭിക്കുകയുള്ളൂ. ഇത്രയും തുറന്ന അപ്പർച്ചറിൽ (f/4) ഇതുപോലെയൊരു സീൻ ഷാർപ്പായി കിട്ടുമോ, ഇതിനേക്കാൾ ചെറിയ ഒരു അപ്പർച്ചർ അല്ലേ ഇവിടെ നല്ലത് എന്നു സംശയം തോന്നുന്നവർ ഹൈപർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് വായിച്ചു പഠിക്കുക. മലയാളത്തിൽ അത് വായിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ വായിക്കാം.

ഈ ചിത്രം പകർത്തിയിരിക്കുന്ന സമയം സന്ധ്യാസമയമാണ്. ത്രിസന്ധ്യ എന്നു പറയാം. സൂര്യാസ്തമയം കഴിഞ്ഞു, എന്നാൽ ചക്രവാളത്തിൽ നിന്ന് പൂർണ്ണമായും പ്രകാശം അപ്രത്യക്ഷമായിട്ടില്ലതാനും. രാത്രികാല സിറ്റി ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ ഒരു സമയമാണിത്. കാരണം, സിറ്റിയിലുള്ള വൈദ്യുതവിളക്കുകൾ പൂർണ്ണമായും കെട്ടിടങ്ങളുടെ ഭിത്തികളെ പ്രകാശിപ്പിക്കുകയില്ല. അതേ സമയം ചക്രവാളത്തിൽ നിന്നുവരുന്ന നേർത്ത സൂര്യപ്രകാശം (ഇത് Reflected and diffused light ആണെന്നോർക്കുക) കെട്ടിടങ്ങളിലുള്ള ലൈറ്റുകളുടെ പ്രകാശത്തെ Compliment ചെയ്യും. ഈ ചിത്രം എടുത്തിരിക്കുന്ന രംഗത്തിന്റെ പ്രത്യേകത, ഇവിടെ സൂര്യാസ്തമയം കഴിഞ്ഞ ചക്രവാളം ഫോട്ടോഗ്രാഫറുടെ പിറകിലാണ് എന്നതാണ്. അതായത് ഈ കെട്ടിടങ്ങൾ പടിഞ്ഞാറോട്ട് മുഖമായാണ് ക്രീക്ക് സൈഡിൽ നിൽക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ഭംഗിയായി Twilight ഈ ചിത്രത്തിൽ ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടുള്ളത്.

കാനൻ 5D എന്ന ഈ ക്യാമറ ഒരു 35 mm Full frame സെൻസർ ക്യാമറ ആയതിനാലാണ് 43mm എന്ന ഫോക്കൽ ലെങ്ത് ഉപയോഗിക്കുവാനായത്. Entry level SLR with 1.5 crop factor ആയിരുന്നു എങ്കിൽ, ഇതേ ആംഗിളിൽ ഒരു ചിത്രം ലഭിക്കുവാൻ 28 mm ഫോക്കൽ ലെങ്ത് ഉപയോഗിക്കേണ്ടി വന്നേനേ. ISO 400 @ 1 second എന്ന സെറ്റിംഗ് ആയതിനാൽ നോയിസ് വളരെ കുറവാണെന്നതും ശ്രദ്ധിക്കുക. ടെക്നിക്കലായി മറ്റു പ്രശ്നങ്ങളൊന്നും ഈ ചിത്രത്തിനില്ല.

ഇനി ഈ ചിത്രത്തിന്റെ കമ്പോസിംഗ് ഒന്നു പരിശോധിക്കാം. അവിടെയും കുറ്റങ്ങളായി അധികമൊന്നും പറയാനില്ല. എങ്കിലും എനിക്ക് തോന്നിയ ചിലകാര്യങ്ങൾ പറയട്ടെ. ചിത്രത്തിന്റെ Horizontal orientation അത്ര നേരെയല്ല എന്നതാണ് ആദ്യമായി കണ്ണിൽ പെടുന്ന കാര്യം. ക്രീക്കിലെ ജലത്തിന്റെ അങ്ങേ അരിക് ശ്രദ്ധിക്കൂ. വലത്തേക്ക് പോകും തോറും ഒരു ചെരിവുണ്ട് അല്ലേ? ട്രൈപ്പോഡിൽ ക്യാമറ ഉറപ്പിച്ചപ്പോൾ ഫോട്ടോഗ്രാഫർ ശ്രദ്ധിക്കാതെപോയ വളരെ നേരിയ ഒരു ചെരിവാണത്. ഇത് വളരെ എളുപ്പത്തിൽ ഫോട്ടോഷോപ്പിലെ Rotate image എന്ന ടൂൾ ഉപയോഗിച്ച് പരിഹരിക്കാം. ഇവിടെ 1° Clockwise റൊട്ടേഷൻ നൽകി.

ചിത്രത്തിന്റെ ലംബമായ അരികുകൾ ശ്രദ്ധിച്ചാൽ മറ്റൊരു ലെൻസ് ഡിസ്റ്റോർഷൻ കണ്ണിൽ പെടും. കെട്ടിടങ്ങളുടെ അരികുകളും ഫ്രെയിമിന്റെ അരികും തമ്മിൽ മുകളിലേക്ക് പോകുംതോറും അകന്നുപോകുന്നതായി തോന്നുന്നില്ലേ. ഇതാണ് പെർസ്പെക്റ്റീവ് ഡിസ്റ്റോർഷൻ - കാഴ്ചയിലുണ്ടാകുന്ന ഡിസ്റ്റോർഷൻ. ഇതു പരിഹരിക്കുവാനുള്ള ഒരു ടൂളും ഫോട്ടോഷോപ്പ് ഫിൽറ്ററുകളുടെ കൂട്ടത്തിലുണ്ട്. Lense Correction എന്നാണിതിന്റെ പേര്. ഇത് ഉപയോഗിച്ച് ചിത്രം നേരെയാക്കുക.



ഇനി നമുക്കു വേണ്ട രീതിയിൽ ചിത്രത്തെ ക്രോപ്പ് ചെയ്യാം. ചിത്രത്തിന്റെ ഒറിജിനൽ Aspect ratio ആയ 2:3 തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി. ഇപ്രകാരം മാറ്റിയെടുത്ത ചിത്രമാണ് താഴെയുള്ളത്. മറ്റു രീതിയിലുള്ള കളർ കറക്ഷനുകളൊന്നും തന്നെ നടത്തിയിട്ടില്ല.



സിറ്റിലൈറ്റ് / രാത്രികാല ചിത്രങ്ങളെടുക്കുമ്പോൾ ഓർത്തിരിക്കേണ്ട കാര്യങ്ങൾ:

  • ഫ്രെയിമിൽ ചലിക്കുന്ന വസ്തുക്കൾ ഇല്ലെങ്കിൽ കുറഞ്ഞ ISO സെറ്റിംഗ് മതിയാവും. നോയിസ് കുറയ്ക്കാൻ ഇത് സഹായകമാണ്.
  • ക്യാമറ ട്രൈപ്പോഡിലോ, മറ്റേതെങ്കിലും ഉറപ്പുള്ള പ്രതലത്തിലോ വച്ച് മാത്രം ലോ-ലൈറ്റ് ഫോട്ടൊഗ്രാഫി ചെയ്യുക.
  • ക്യാമറ അനങ്ങുന്നത് -ട്രൈപ്പോഡിൽ ആണെങ്കിൽ കൂടി - ഒഴിവാക്കാൻ ഒന്നുകിൽ റിമോട്ട് ഉപയോഗിക്കാം. അല്ലെങ്കിൽ സെൽഫ് ടൈമർ സെറ്റ് ചെയ്യാം.
  • Twilight ഉപയോഗിക്കാൻ പറ്റുന്ന സമയമാണെങ്കിൽ അത് ഉപയോഗിക്കുക. പൂർണ്ണമായും രാത്രിയായതിൻ ശേഷം എടുക്കുന്ന ചിത്രങ്ങളേക്കാൾ ഇവ നന്നായിരിക്കും.
  • വൈഡ് ആംഗിൾ ഷോട്ടൂകൾ എടുക്കുമ്പോൾ ചിത്രത്തിന്റെ ഫോർഗ്രൌണ്ടിൽ കുറേ സ്ഥലം വിടുന്നത് ഡെപ്ത് കൂട്ടിക്കാണിക്കുവാൻ ഉപകരിക്കും. എന്നാൽ ചിത്രവുമായി ചേരാത്ത വസ്തുക്കൾ ഈ ഫോർഗ്രൌണ്ടിൽ വരാതെ നോക്കുക.
ഇത്രയുമാണ് ഈ ചിത്രത്തിന്റെ അവലോകനമായി എനിക്ക് പറയുവാനുള്ളത്. ഇനി വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കട്ടെ. ഇവിടെ അഭിപ്രായങ്ങൾ എഴുതുന്നവരാരും “ഞാനൊരു തുടക്കക്കാരനാണ്, അതിനാൽ അഭിപ്രായം പറയാൻ അറിയില്ല” എന്നു വിചാരിക്കേണ്ടതീല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നെഴുതാം. മറ്റുചിത്രങ്ങളെ നിങ്ങളുടേതായ കാഴ്ചപ്പാടിലൂടെ പഠിക്കുന്നതിലൂടെമാത്രമേ നിങ്ങൾക്കും നല്ല ഫോട്ടോഗ്രാഫർ ആകുവാൻ കഴിയുകയുള്ളൂ എന്നോർക്കുമല്ലോ.

- അപ്പു

Monday, July 13, 2009

പാഠം 3: സബ്ജക്റ്റ് പ്ലേസ്‌മെന്റ്

Photobucket


ഈ ഫോട്ടോ c4Camera-ക്കു അയച്ചുതന്നതിന് ഹരീഷ് തൊടുപുഴയ്ക്ക് ആദ്യമേ നന്ദി പറയട്ടെ. തേക്കടിയിലെ തടാകത്തില്‍ വച്ച് ഹരീഷ് എടുത്തതാണ് ഈ ചിത്രം. അതും ഒരു ബോട്ടില്‍ ഇരുന്നുകൊണ്ട്. കൈയ്യിലുണ്ടായിരുന്ന കിറ്റ് ലെൻസ് ഉപയോഗിച്ചുകൊണ്ട് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡിലാണ് ( F10, 1/250 sec, ISO 400) ഈ പടം എടുത്തിരിക്കുന്നത്. താരതമ്യേന ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ - ഒരു പക്ഷെ ആ ലെന്‍സിന്റെ സ്വീറ്റ് സ്പോട്ട് - foreground മുതല്‍ ബാക്ക്ഗൌന്‍ഡ് വരെ എല്ലാം ഫോക്കസിലാണ്.

മനോഹരമായ തടാകത്തിനരികില്‍, കുടയും ചൂടി കൂനിക്കൂടിയിരുന്ന് ഒരു വൃദ്ധ മീന്‍ പിടിക്കുന്നു. പശ്ച്ചാത്തലത്തിലുള്ള പുല്‍മേടില്‍ നിന്ന് അവരെ പ്രത്യേകം എടുത്തുകാണിക്കുവാന്‍ (Contrast) വളരെ കളര്‍ഫുള്‍ ആ‍യ അവരുടെ വസ്ത്രം സഹായിക്കുന്നു. ഏറെക്കുറെ നിശ്ചലമായ വെള്ളത്തില്‍ അവരുടെ പ്രതിബിംബം കാണാം. ഫ്രെയിമില്‍ എല്ലായിടത്തും തുല്യമായ ലൈറ്റിങ്ങ്. വൈകുന്നേരം നാലുമണിയോടത്തനേരത്ത് ഒട്ടും നിഴലില്ലാതെ ഇത്രയും മനോഹരമായ ലൈറ്റിങ്ങ് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ആകാശം മേഘാവൃതമായിരുന്നു എന്ന് ഊഹിക്കുന്നു. മനോഹരമായ ഒരു പടം എടുക്കാന്‍ വേണ്ടതെല്ലാം അവിടെയുണ്ട്. ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും ഫോട്ടോ എടുത്ത് അര്‍മ്മാദിക്കാന്‍ സ്കോപ്പുള്ള സിറ്റുവേഷന്‍ ആയിരുന്നു അത് എന്നതില്‍ ഒരു സംശയവുമില്ല.


ഫോട്ടോയില്‍ ഈ സാഹചര്യങ്ങള്‍ എങ്ങിനെ പ്രതിഫലിച്ചു എന്നു നമുക്ക് പരിശോധിക്കാം.
  • ഫോട്ടോയില്‍ എല്ലായിടത്തും ഈവന്‍ ലൈറ്റിങ്ങ് കിട്ടിയിട്ടുണ്ട്.
  • ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ ഫോട്ടോയില്‍ എല്ലാം ഷാര്‍പ്പായി, ഫോക്കസില്‍ കിട്ടി
  • ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് മുകളില്‍ വലതുഭാഗത്ത് തുടങ്ങി സ്ത്രീയുടെ പുറകില്‍ വരെ നീണ്ടുകിടക്കുന്ന മണല്‍ത്തിട്ടയാണ്. ഫോട്ടോയിലെ മറ്റുള്ള ഭാഗങ്ങളേക്കാളും തെളിച്ചവും, വലിപ്പവും ആ മണല്‍ത്തിട്ടയ്ക്കുണ്ട്.
  • പിന്നെ ശ്രദ്ധയില്‍പ്പെടുന്നത് മീന്‍പിടിക്കുന്ന സ്ത്രീ ആണ്. Dead center placement..! ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്യാത്ത കുറേ ഏരിയയുടെ ഇടയ്ക്ക് പാവമൊരു സ്ത്രീ എന്ന ഒരു തോന്നല്‍ ഉളവാക്കുന്നു ആ കാഴ്ച. സ്ത്രീയ്ക്കു പുറകിലുള്ള ഏരിയ ഈ ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രമല്ല, അഭംഗിയാവുകയും ചെയ്തു.
  • വേറൊന്ന്, വെള്ളത്തിലേക്ക് നീണ്ടുനില്‍ക്കുന്ന ചെറിയ മണല്‍ത്തിട്ടയാണ്. ഫോട്ടോയുടെ പ്രധാന സബ്ജക്റ്റ് ആയ സ്ത്രീയെ നോക്കുമ്പോള്‍ ഒരല്‍പ്പം അലോസരമുണ്ടാക്കുന്നുണ്ട് ആ മണല്‍ത്തിട്ട. അത് ഫോട്ടോയില്‍ Essential Part ആണ് എന്നും തോന്നുന്നില്ല.
  • വെള്ളത്തില്‍ നില്‍ക്കുന്ന രണ്ടു മരക്കുറ്റികള്‍ ഒരല്‍പ്പം distracting ആണ്. പക്ഷെ, അതത്ര സാരമുള്ളതല്ല.

ഇനി ഈ ഫോട്ടോയില്‍ ചെയ്യാവുന്ന ഏറ്റവും നല്ല എഡിറ്റിങ്ങ് rule of third പ്രകാരം ക്രോപ്പ് ചെയ്യുക എന്നതാണ്. നമുക്കൊന്ന് ചെയ്തുനോക്കിയാലോ?


Photobucket


Photobucket



ഫോട്ടോയുടെ 75 ശതമാനത്തോളം സ്ഥലം ക്രോപ്പ് ചെയ്തു കളഞ്ഞു എന്ന് മനസ്സിലായല്ലൊ. ഇത് ഫോട്ടോയുടെ ക്ലാരിറ്റിയെ പ്രതികൂലമായി ബാധിച്ചില്ലേ. സ്ത്രീയുടെ പുറകിലെ സ്ഥലം ഇപ്പോഴും distracting ആണ്. അതും ഒഴിവാക്കി ക്ലോസ് ക്രോപ്പിങ്ങ് ചെയ്താല്‍ ഇത്ര ഭംഗിയുണ്ടാകുമെന്ന് തോന്നുന്നില്ല.


Update (14/June/2009 06:45 PM)
ദീപക്കിന്റെ അഭിപ്രായ പ്രകാരം ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.

Photobucket


Update (14/June/2009 08:58 PM)
സപ്തന്‍ ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.

Photobucket



എന്റെ കാഴ്ചപ്പാടില്‍, ഈ ഫോട്ടോയിലെ പിശകുകള്‍ ഇവയാണ്.
  • തെറ്റായ subject placement നു ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ. ഈ ഫോട്ടോയുടെ പ്രധാന subject ആയി ഫോട്ടോഗ്രാഫര്‍ എടുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം പുറകിലെ മണല്‍ത്തിട്ടയും, വെള്ളത്തിലെ ചെറിയ തിട്ടയും കവര്‍ന്നെടുത്തു. റൂള്‍-ഓഫ്-തേഡ് പോലുള്ള കമ്പോഷിഷന്‍ ടെക്ക്നിക്ക് ഇതില്‍ ഉപയോഗിക്കാമായിരുന്നു. ഈ ദൃശ്യം കുറച്ചുകൂടി സൂം-ഇന്‍ ചെയ്ത് വെള്ളത്തിലെ തിട്ടയെ ഒഴിവാ‍ക്കി ഒരു കോമ്പോസിഷനായിരുന്നില്ലേ കൂടുതല്‍ മനോഹരമാകുക ?
  • Many distracting elements in background (സ്ത്രീയുടെ മുന്നിലും പിന്നിലുമുള്ള മണല്‍ത്തിട്ട, മരക്കുറ്റികള്‍ etc.). കോമ്പോസിഷനില്‍ ഒരല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു.

എന്റെ പരിമിതമായ അറിവു വച്ച് ഇത്രയൊക്കെയേ പറയാനുള്ളൂ.
ബാക്കി വായനക്കാര്‍ പറയൂ.

- കുട്ടു.
for C4Camera.

Wednesday, July 08, 2009

പാഠം 2 : റൂൾ ഓഫ് തേഡ്സ്




ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഒരു ദൃശ്യം. നേരിൽ, മനസിനു വളരെ കുളിർമ്മയേകുന്ന ഒരു സ്ഥലം. വിശാലമായ പാടശേഖരം, ഞാൻ നിൽക്കുന്നിടത്തൊരു മൈതാനം, അതിനു പിന്നിലൊരു അമ്പലം. മൈതാനത്തിന്റെ ഒരരികിലായി നിൽക്കുന്ന ഈ മരം. ഫോട്ടോയെടുക്കുന്ന സമയത്ത്, അതിനു താഴെ മേയുന്ന ഒരു പശുവും. നല്ലരംഗം. പക്ഷേ തെറ്റായ കമ്പോസിംഗ് മൂലം ഫ്രെയിം കാണുവാൻ തീരെ ഭംഗിയില്ല. ഇതിലെ പിശകുകൾ ഇനി പറയുന്നു.

1. ബാക്ഗ്രൌണ്ടിലുള്ള റോഡും പാടത്തിന്റെ അങ്ങേയറ്റത്തെ അരികും ഫ്രെയിമിന്റെ താഴത്തെ അരികുമായി സമാന്തരമല്ല, ചരിഞ്ഞുപോയി. ഇത് വളരെ സാധാരണമായി ആളുകൾ വരുത്താറുള്ള ഒരു അബദ്ധമാണ്. വ്യൂഫൈന്ററിൽ കൂടി നോക്കുമ്പോൾ ഇത്തരം ലൈനുകളിലേക്ക് നമ്മുടെ ശ്രദ്ധപോകാത്തതാണ് കാരണം. ശ്രദ്ധമൂഴുവൻ ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുക്കളിലേക്ക് മാത്രമായിപ്പോകുന്നു.

2. ഫ്രെയിമിലെ മരവും, പശുവും ഫ്രെയിമിന്റെ ഒത്തനടുവിൽ ആയിപ്പോയി. ഇത്തരം ചിത്രങ്ങൾ കാണുവാൻ വളരെ അഭംഗിയാണ്. ഇവിടെയാ‍ണ് റൂൾ ഓഫ് തേഡ്സ് നമ്മുടെ സഹായത്തിനെത്തുന്നത്. ഒരു ഫ്രെയിമിൽ നെടുകയും കുറുകെയും തുല്യ അകലത്തിലായി ഈരണ്ടു സാങ്കൽ‌പ്പിക രേഖകൾ വരയ്ക്കുക. ഈ രേഖകളുടെ സംഗമസ്ഥാനമായി നാലു പോയിന്റുകൾ ലഭിക്കും. ഇവയിൽ ഏതെങ്കിലും ഒരു പോയിന്റിലോ അതിന്റെ പരിസരങ്ങളിലോ പ്രധാന വസ്തുവിനെ പ്രതിഷ്ഠിച്ചാൽ ആ ഫ്രെയിം കാണുവാൻ കൂടുതൽ ഭംഗിയുണ്ടാവും.

3. റൂൾ ഓഫ് തേഡ്സിനോടൊപ്പം ഓർക്കേണ്ട മറ്റുകാര്യങ്ങൾ കുറേയേറെയുണ്ട്. അവയൊക്കെ ഇനിയും വരാനുള്ള ഫ്രെയിമുകളോടൊപ്പം പറയാം. ഈ ഫ്രെയിമിൽ മേഞ്ഞുകൊണ്ടുനിൽക്കുന്ന ഒരു പശുവുണ്ടല്ലോ. ഇങ്ങനെ ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഒരു മൃഗമോ, ഒരു വശത്തേക്ക് നോക്കുന്ന ഒരു മനുഷ്യനോ ഫ്രെയിമിൽ ഉണ്ടെങ്കിൽ അത് / അയാൾ / അവൾ മുമ്പോട്ട് നോക്കുന്ന വശത്തേക്ക് കൂടുതൽ സ്ഥലം നൽകുക. എങ്കിൽ മാത്രമേ ഫ്രെയിമിന്റെ ഡെപ്ത് നമുക്ക് അനുഭവേദ്യമാവുകയുള്ളൂ..

ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മേൽ‌പ്പറഞ്ഞ ഫ്രെയിം റീക്കമ്പോസ് ചെയ്യുമ്പോൾ കിട്ടുന്നതു നോക്കൂ (ഈ ചിത്രം മുകളിലെ ചിത്രത്തിൽ നിന്ന് ക്രോപ്പ് ചെയ്തതാണ്).




4. ഇവിടെ മരത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രത്തിലില്ല എന്നതു ശ്രദ്ധിക്കുക. മരത്തിനെ ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് ഒരു ഫോട്ടോഫ്രെയിം പോലെ ഉപയോഗിച്ചിരിക്കുകയാണ്. എങ്കിലും ആ മരത്തിന്റെ മുഴുവൻ രൂപവും തണലും നമുക്ക് മനസിൽ കാണുവാൻ സാധിക്കുന്നുണ്ട് അല്ലേ?

5. ബാക്ഗ്രൌണ്ടിലെ റോഡ് ഫ്രെയിമിനു സമാന്തരമായപ്പോൾ വന്ന മാറ്റവും ശ്രദ്ധിക്കുക.

ബാക്കി കുറവുകൾ വായനക്കാർ പറയൂ.....

- അപ്പു

Friday, July 03, 2009

പാഠം 1. ലീഡ് ലൈന്‍സ്

Photobucket


സ്ഥലം: പാലക്കാട്ടെ ഒരു ഉള്‍നാടന്‍ ഗ്രാമം.

പാലക്കാട്ടെ പാടശേഖരങ്ങളുടെ കാര്യം അറിയാമല്ലൊ. അതിങ്ങനെ കിലോമീറ്ററോളം പരന്ന് കിടക്കും. പുതുമഴയ്ക്കു ശേഷം പാടങ്ങളെല്ലാം ഉഴുതുകിടക്കുന്ന കാഴ്ച അതിമനോഹരമാണ്. ഉഴവു ചാലുകളും, വരമ്പുകളും ചേര്‍ന്ന് മനോഹരമായ ഒരു പാറ്റേണ്‍ അപ്പോള്‍ രൂപപ്പെടുന്നു.

ഈ പടത്തില്‍, ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍ ആണ് ആദ്യം എന്നെ ആകര്‍ഷിച്ചത്. അന്തരീക്ഷം മേഘാവൃതമായതിനാല്‍ ആ സമയത്ത് നല്ല ലൈറ്റിങ്ങായിരുന്നു . വലതുവശത്തെ ഓലപ്പുരയായിരുന്നു പ്രധാന ആകര്‍ഷണമായി ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്. അതിലേക്ക് നയിക്കുന്ന പാറ്റേണ്‍ നിറഞ്ഞ ഒരു ഫോര്‍ഗ്രൌണ്ടും. അതിനനുസരിച്ച് ഫ്രെയിം കമ്പോസ് ചെയ്യ്ത. പടം എടുത്തു.

പക്ഷെ, പിന്നീട് കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോഴാണ് പ്രശ്നങ്ങള്‍ മനസ്സിലായത്.

പ്രശ്നങ്ങളായി എനിക്ക് തോന്നുന്നവ:

1. ഇതിന്റെ മിഡില്‍ ഏരിയ - (പച്ചപ്പുല്ല് നിറഞ്ഞ ഭാഗം) വൈദ്യുതിലൈനുകളും, പരസ്യം എഴുതിയ ചുമരുകളും (അതാണ് ഏറ്റവും വൃത്തികേട്‌), ട്രാന്‍സ്ഫോര്‍മറുകളും എല്ലാം ചേര്‍ന്ന് ആകെ cluttered ആണ്. ഏറ്റവും കുറഞ്ഞത്, പരസ്യങ്ങള്‍ എഴുതിയ ആ ചുമരുകള്‍ വരാതെ ഫ്രെയിം കമ്പോസ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നു.

2. ഈ രംഗത്തിന്റെ ഒരു ഫോട്ടോ മാത്രമേ എടുത്തുള്ളൂ. ഫോര്‍ഗ്രൌണ്ടില്‍ കാണുന്ന പാറ്റേണ്‍, മുതലാളി, തൊഴിലാളി തുടങ്ങിയവരും നാലഞ്ച് നല്ല പടങ്ങള്‍ക്കുള്ള സ്കോപ്പ് ഉള്ളവയായിരുന്നു. പക്ഷെ അന്ന് അതും ശ്രച്ചിച്ചില്ല.

നിങ്ങളുടെ അഭിപ്രായം പറയൂ...
- കുട്ടു



Update
(08th July, 2009)

അനുഭവപാഠങ്ങള്‍:
ഈ ഫോട്ടോയില്‍ നിന്നും നമ്മള്‍ പഠിച്ച പാഠങ്ങള്‍.

1. ഈ ഫോട്ടോയില്‍ ഒരു സംഗതിക്കും പ്രാധാന്യമില്ല. എല്ലാം കൂടി അവിയല്‍ പരുവം. എന്തിനു ഈ ഫോട്ടോ എടുത്തു എന്ന് ചോദിച്ചാല്‍ ഒരുത്തരവും ഫോട്ടോഗ്രാഫര്‍ക്ക് പറയാനില്ല.

2. മനോഹരമായി വിവിധ ഫോട്ടോകള്‍ എടുക്കാനുള്ള സ്കോപ്പ് ഇതില്‍
ഉണ്ടായിരുന്നു. അതെല്ലാം അവഗണിച്ചു. ഫോട്ടോ എടുക്കുന്നതിനു മുന്‍പേ സബ്ജക്റ്റിനെ നന്നായി കണ്ട്, മനസ്സിലാക്കി ഏതൊക്കെ ആംഗിളില്‍ എടുത്താല്‍ മനോഹരമാകും എന്നെല്ലാം ആലോചിച്ചുറപ്പിച്ചാവണമായിരുന്നു ക്യാമറ ക്ലിക്കുന്നത്.

3. ലീഡ് ലൈനുകള്‍ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല. ഉള്ള ലീഡ് ലൈനുകള്‍ ഫോട്ടോയില്‍ അങ്ങോളമിങ്ങോളം കണ്‍ഫ്യൂഷന്‍ സൃഷ്ടിക്കാനേ ഉപകരിച്ചുള്ളൂ. ഫ്രെയിം സിമ്പിളാകണം.

4. ഫീല്‍ഡിലെ അനാവശ്യ വസ്തുക്കള്‍ - (അതായത് നമ്മള്‍ എടുക്കാന്‍ പോകുന്ന ഫ്രെയിമില്‍ അനാവശ്യമാണെന്ന് നമുക്ക് തോന്നുന്നവ. ഇവിടെ മിഡില്‍ ഗ്രൌന്‍ഡ്, ഇലക്ട്രിക്ക് ലൈന്‍, പരസ്യം എഴുതിയ ചുമര്‍, പിന്നെ വിരസമായ ആകാശം) - ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടോ എന്ന് റിവ്യൂ ചെയ്യണം.

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP