പാഠം 2 : റൂൾ ഓഫ് തേഡ്സ്
ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഒരു ദൃശ്യം. നേരിൽ, മനസിനു വളരെ കുളിർമ്മയേകുന്ന ഒരു സ്ഥലം. വിശാലമായ പാടശേഖരം, ഞാൻ നിൽക്കുന്നിടത്തൊരു മൈതാനം, അതിനു പിന്നിലൊരു അമ്പലം. മൈതാനത്തിന്റെ ഒരരികിലായി നിൽക്കുന്ന ഈ മരം. ഫോട്ടോയെടുക്കുന്ന സമയത്ത്, അതിനു താഴെ മേയുന്ന ഒരു പശുവും. നല്ലരംഗം. പക്ഷേ തെറ്റായ കമ്പോസിംഗ് മൂലം ഫ്രെയിം കാണുവാൻ തീരെ ഭംഗിയില്ല. ഇതിലെ പിശകുകൾ ഇനി പറയുന്നു.
1. ബാക്ഗ്രൌണ്ടിലുള്ള റോഡും പാടത്തിന്റെ അങ്ങേയറ്റത്തെ അരികും ഫ്രെയിമിന്റെ താഴത്തെ അരികുമായി സമാന്തരമല്ല, ചരിഞ്ഞുപോയി. ഇത് വളരെ സാധാരണമായി ആളുകൾ വരുത്താറുള്ള ഒരു അബദ്ധമാണ്. വ്യൂഫൈന്ററിൽ കൂടി നോക്കുമ്പോൾ ഇത്തരം ലൈനുകളിലേക്ക് നമ്മുടെ ശ്രദ്ധപോകാത്തതാണ് കാരണം. ശ്രദ്ധമൂഴുവൻ ഫോക്കസ് ചെയ്തിരിക്കുന്ന വസ്തുക്കളിലേക്ക് മാത്രമായിപ്പോകുന്നു.
2. ഫ്രെയിമിലെ മരവും, പശുവും ഫ്രെയിമിന്റെ ഒത്തനടുവിൽ ആയിപ്പോയി. ഇത്തരം ചിത്രങ്ങൾ കാണുവാൻ വളരെ അഭംഗിയാണ്. ഇവിടെയാണ് റൂൾ ഓഫ് തേഡ്സ് നമ്മുടെ സഹായത്തിനെത്തുന്നത്. ഒരു ഫ്രെയിമിൽ നെടുകയും കുറുകെയും തുല്യ അകലത്തിലായി ഈരണ്ടു സാങ്കൽപ്പിക രേഖകൾ വരയ്ക്കുക. ഈ രേഖകളുടെ സംഗമസ്ഥാനമായി നാലു പോയിന്റുകൾ ലഭിക്കും. ഇവയിൽ ഏതെങ്കിലും ഒരു പോയിന്റിലോ അതിന്റെ പരിസരങ്ങളിലോ പ്രധാന വസ്തുവിനെ പ്രതിഷ്ഠിച്ചാൽ ആ ഫ്രെയിം കാണുവാൻ കൂടുതൽ ഭംഗിയുണ്ടാവും.
3. റൂൾ ഓഫ് തേഡ്സിനോടൊപ്പം ഓർക്കേണ്ട മറ്റുകാര്യങ്ങൾ കുറേയേറെയുണ്ട്. അവയൊക്കെ ഇനിയും വരാനുള്ള ഫ്രെയിമുകളോടൊപ്പം പറയാം. ഈ ഫ്രെയിമിൽ മേഞ്ഞുകൊണ്ടുനിൽക്കുന്ന ഒരു പശുവുണ്ടല്ലോ. ഇങ്ങനെ ഒരു വശത്തേക്ക് ചെരിഞ്ഞു നിൽക്കുന്ന ഒരു മൃഗമോ, ഒരു വശത്തേക്ക് നോക്കുന്ന ഒരു മനുഷ്യനോ ഫ്രെയിമിൽ ഉണ്ടെങ്കിൽ അത് / അയാൾ / അവൾ മുമ്പോട്ട് നോക്കുന്ന വശത്തേക്ക് കൂടുതൽ സ്ഥലം നൽകുക. എങ്കിൽ മാത്രമേ ഫ്രെയിമിന്റെ ഡെപ്ത് നമുക്ക് അനുഭവേദ്യമാവുകയുള്ളൂ..
ഈ കാര്യങ്ങൾ ശ്രദ്ധിച്ചുകൊണ്ട് മേൽപ്പറഞ്ഞ ഫ്രെയിം റീക്കമ്പോസ് ചെയ്യുമ്പോൾ കിട്ടുന്നതു നോക്കൂ (ഈ ചിത്രം മുകളിലെ ചിത്രത്തിൽ നിന്ന് ക്രോപ്പ് ചെയ്തതാണ്).
4. ഇവിടെ മരത്തിന്റെ മുഴുവൻ ഭാഗങ്ങളും ചിത്രത്തിലില്ല എന്നതു ശ്രദ്ധിക്കുക. മരത്തിനെ ഒരു വശത്തേക്ക് മാറ്റിക്കൊണ്ട് ഒരു ഫോട്ടോഫ്രെയിം പോലെ ഉപയോഗിച്ചിരിക്കുകയാണ്. എങ്കിലും ആ മരത്തിന്റെ മുഴുവൻ രൂപവും തണലും നമുക്ക് മനസിൽ കാണുവാൻ സാധിക്കുന്നുണ്ട് അല്ലേ?
5. ബാക്ഗ്രൌണ്ടിലെ റോഡ് ഫ്രെയിമിനു സമാന്തരമായപ്പോൾ വന്ന മാറ്റവും ശ്രദ്ധിക്കുക.
ബാക്കി കുറവുകൾ വായനക്കാർ പറയൂ.....
- അപ്പു
36 comments:
നന്ന്..
പക്ഷെ ..ഡപ്ത്ത് ഇനിയും വന്നില്ലല്ലോ അപ്പു
സാധാരണ നമ്മള്‍ ചെയ്യുന്ന ഒരു മിസ്റ്റേക്ക് ആണ് പ്രധാന സബ്ജക്റ്റിനെ ഫോട്ടോയുടെ മദ്ധ്യത്തില്‍ പ്ലേസ് ചെയ്യുക എന്നത്. എടുക്കുന്ന സബ്ജക്റ്റിനെ ഫോട്ടോയില്‍ ഇന്ന സ്ഥലത്തേ പ്ലേസ് ചെയ്യാവൂ എന്നതിന് നിയമമൊന്നുമില്ല. പക്ഷെ, ഏത് സ്ഥലത്താണോ പ്ലേസ് ചെയ്യുന്നത് അതിനനുസരിച്ച് ഫോട്ടോയുടെ സൌന്ദര്യം കൂടുകയോ കുറയുകയോ ചെയ്യും.
1. ഈ ഫ്രെയിമില്‍ ഭംഗിയുള്ള ഒരു മരം, മേയുന്ന ഒരു പശു ഇവ രണ്ടുമാണ് പ്രധാന സബ്ജക്റ്റുകള്‍. ഇതിനെ ഫോട്ടോയുടെ നടുക്ക് പ്ലേസ് ചെയ്തതുകൊണ്ട് സര്‍വ്വസാധാരണമായ ഒരു കാഴ്ചയായി ഇത് മാറി. ഒരു പുതുമയും അവകാശപ്പെടാനില്ലാത്ത ഫ്രെയിം.
2. ചരിഞ്ഞ ചക്രവാളം/ഫീല്‍ഡ്
3. തീര്‍ത്തും വിരസമായ ആകാശം, അതിനു അമിത പ്രാധാന്യവും.
4. നല്ല ഫോട്ടോകള്‍ എടുക്കാന്‍ സ്കോപ്പ് ഉള്ള ഫ്രെയിം. പശു, മരം മാത്രം അങ്ങിനെ.
5. ഒരല്ലം ഇടത്തോട്ട് മാറിയായിരുന്നു ഈ പടം എടുത്തിരുന്നെങ്കില്‍ (പശുവും, മരവും, പുറകില്‍ ചക്രവാളവും ) കൂടുതല്‍ ഡെപ്ത് തോന്നിന്നുക്ക ഒരു പടമായേനേ. - (ഇത് രണ്ടാമത്തെ പടത്തിലെ മരത്തിന്റെ പ്ലേസ്മെന്റില്‍ നിന്ന് കൂടുതല്‍ വ്യക്തമാണ്.)
6. പശു ഫോട്ടോയ്ക്ക് മുഖം തിരിച്ചു നില്‍ക്കുന്നു.
വഴിപോക്കന്‍:
തെറ്റായ സബ്ജക്റ്റ് പ്ലേസ്മെന്റാണ് അതിനു കാരണം. ആദ്യത്തെ പടത്തില്‍ ചെയ്യാവുന്ന നല്ല എഡിറ്റിങ്ങ് ആണ് രണ്ടാമത്തെ പടത്തില്‍ ചെയ്തത്.
7. യഥാര്‍ത്ഥഫോട്ടോയുടെ 75 ശതമാനവും ക്രോപ്പ് ചെയ്ത് കളയേണ്ടി വന്നു രണ്ടാമത്തെ ഭേദപ്പെട്ട ചിത്രമാക്കി മാറ്റാന്‍. ഫോട്ടോയുടെ ക്ലാരിറ്റിയെ അത് ബാധിച്ചു.
വളരെ നല്ല വിശദീകരണം .
റൂള്‍ ഓഫ് തേര്‍ഡ്, പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ഒരു റൂള്‍. നല്ല ഒരു സീന്‍ കണ്ടാല്‍ എത്രയും പെട്ടന്ന് ക്യാമറയില്‍ ആക്കാനുള്ള ആക്രാന്തത്തില്‍ മിക്കവാറും main object നെ നടുവില്‍ത്തന്നെ പ്രതിഷ്ട്ടിക്കും.
scenery/portrait എടുക്കുമ്പോള്‍ intersection ഒഴിവാക്കി മൂന്നു horizontal/vertical planes ആയി പരിഗണിച്ച് ഫ്രെയിം കമ്പോസ് ചെയ്യുന്ന വിധം ഇതോടനുബന്ധിച്ച് ഇവിടെ വായിക്കാം..
കൂടൂതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു, നന്ദി.
ക്യാമറകൈയ്യിലെടുത്ത് ഫോട്ടോയെടൂക്കാന്‍ പഠിക്കുന്ന കാലത്തെ ചിത്രങ്ങള്‍ വീണ്ടും ഇപ്പോള്‍ നോക്കുമ്പോള്‍ എന്തെല്ലാം പഠിക്കുവാനുണ്ട് അല്ലേ കുട്ടൂ !
സൂപ്പര്‍ പരിപാടി.. ഞാനിപ്പൊ എത്തിയതേ ഉള്ളൂ.. എന്നെയും അംഗമാക്കൂ.. പോസ്റ്റൊന്നും വായിച്ചില്ല.. വായിക്കാം..
അതെ അപ്പുവേട്ടാ,
ഞാന്‍ ചാറ്റിലൂടെ പറഞ്ഞില്ലേ...
കുറേ പടങ്ങള്‍ ഹാര്‍ഡ് ഡിസ്കിന്റെ സ്ഥലം മിനക്കെടുത്തി ഇരിക്കുന്നുണ്ട്. ഓരോന്നും കാണുമ്പോള്‍ “ച്ഛേ.. ഇങ്ങനെയല്ല ആ ഫ്രെയിം എടുക്കേണ്ടിയിരുന്നത്..” എന്നു തോന്നാറുണ്ട്.
എത്രയെത്ര നല്ല നല്ല ഫ്രെയിമുകളാണെന്നോ വിട്ടുകളഞ്ഞത്... അതാണ് സങ്കടം...
സാരമില്ല,
നമ്മുടെ ഈ അനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഉപകാരപ്പെടട്ടെ...
ശ്രീലാല്‍, ഐഡി തരൂ
നല്ല വിവരണം.
ഏകലവ്യന്‍ പറഞ്ഞപോലെ, മിക്കവാറും നല്ല ഒരു ദൃശ്യം കാണുമ്പോള്‍ അത് പെട്ടെന്ന് ക്യാമറയില്‍ പകര്‍ത്താനാണ് കൂടുതല്‍ പേരും ആദ്യം ശ്രമിക്കുക. പിന്നെ, അത് കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോഴാണ്, ഇത് വേറെ രീതിയില്‍ എടുത്തിരുന്നെങ്കില്‍ ഇതിലും മെച്ച്മായേനെ എന്നു തോന്നുക.
പിന്നെ റൂള്‍ ഓഫ് തേഡ് എഫക്റ്റ് കിട്ടുന്നതിനായി ചിത്രം ക്രോപ്പ് ചെയ്യുമ്പോള്‍ നല്ല ഒരു ഭാഗം വെട്ടിമാറ്റേണ്ടിവരുകയും, എന്‍ലാര്‍ജ് ചെയ്യുമ്പോള്‍ ക്ലാരിറ്റി നഷ്ടവും സംഭവിക്കാറുണ്ട്.
എന്തായാലും ക്ലാസ്സ് തുടരുക.
sreelalpp@gmail.com
പടം പിടുത്തത്തിന്റെ ബാലപാഠങ്ങൾ....
വളരെ വിജ്ഞാനപ്രദം...
വിമര്‍ശിക്കാന്‍ ആരും വരുന്നില്ലേ?
ക്ഷമിക്കണം.ഇതില്‍ അത്ര വിവരമില്ല.അതിനാല്‍..
മൌനം വിദ്വാനു ഭൂക്ഷണം
ഈ ഫോട്ടം പിടുത്തം ഇത്ര 'കുനിഷ്ട് 'പിടിച്ച പണിയാണോ? ഹരീഷ് പറഞ്ഞത് പോലെ തലയില്‍ മൂളയുള്ളവര്‍ക്കു പറഞ്ഞ പണിയാ ഇത്... ഏതായാലും ഞാനും ഫോട്ടം പിടുത്തം പഠിയ്ക്കാന്‍ തീരുമാനിച്ചു അപ്പുവേട്ടാ...പഠിപ്പിക്കാമോ?
ഈ ഫീല്‍ഡില്‍ വെറും ഒരു ശിശുവാണ് ഞാന്‍ . ആയതിനാല്‍ ആധികാരികമായി വിലയിരുത്താന്‍ ഉള്ള കഴിവും ഇല്ല.നിങ്ങളെ പോലുള്ളവര്‍ എടുക്കുന്ന പടങ്ങള്‍ കണ്ടും ബ്ലോഗ് വഴി കിട്ടുന്ന അറിവുകള്‍ മനസ്സിലാക്കിയും ഒക്കെ പടങ്ങള്‍ പിടിക്കുന്നു.
എന്നെപ്പോലെ പടം പിടിക്കാന്‍ താല്പര്യം ഉള്ളവരുടെ ബ്ലോഗുകള്‍ സന്ദര്‍ശിച്ച് നിര്‍ദ്ദേശങ്ങള്‍ തന്നാല്‍ അത് ഞങ്ങളേ പോലെ ഉള്ളവര്‍ക്ക് വളരെ പ്രയോജനം ചെയ്യുകയും ചെയ്യും.
ഫോട്ടോകളും അതിനോട് അനുബന്ധപ്പെട്ട കാര്യങ്ങളും മനസ്സിലാക്കി അവ ആധികാരികമായി നമ്മ്മോടൊപ്പം പങ്കു വെയ്ക്കുകയും ചെയ്യൂന്ന അപ്പുവിന്റെ എല്ലാ ലേഖനങ്ങളും ഞങ്ങളേ പോലെയൂള്ളവര്‍ക്ക് ഒരു മുതല്‍ക്കൂട്ടാണ്.വളരെ നന്ദിയുണ്ട് .
ഇനിയും തുടരുക .
ആദ്യമായി ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍!
ക്രോപ്പ് ചെയ്ത രീതി ഇഷ്ടപ്പെട്ടു; തെറ്റില്ലാത്ത ഒരു കോമ്പോസിഷനായിട്ടുണ്ട്.എന്നിട്ടും ഈ ചിത്രം അത്ര ആകര്‍ഷണീയമായി തോന്നാതിരിക്കുന്നതിന്‍ കാരണം എന്റെ അഭിപ്രായത്തില്‍ വിരസമായ ലൈറ്റിങ്ങ് ആണ്. ഈ ഫോട്ടോ പ്രതിഫലിപ്പിക്കേണ്ടിയിരുന്ന ഗ്രാമത്തിന്റെ ഒരു freshness ഉണ്ടാക്കാനനുയോജ്യമായ വെളിച്ചവിധാനം ഇതില്‍ ഇല്ല. ഒരു morning lightല്‍ രണ്ടാമ്ത്തെ ചിത്രം ഒന്നു സങ്കല്‍പ്പിച്ച് നോക്കൂ!!
രണ്ടാമതായി തോന്നിയത്, റോഡിലൂടെ പോകുന്ന ആ വണ്ടി ഒരു distraction ആണ്. PS ല്‍ ചെറുതായി ഒന്നു ചെയ്താല്‍ ശരിയാക്കാവുന്നതേ ഉള്ളൂ.
yes4sunil@gmail.com
അപ്പു മാഷെ,
സംഗതി ജോറാവുന്നു...ക്ലാസ്സുകള്‍ പുരോഗമിക്കട്ടെ....എല്ലാ ആശംസകളും...
താങ്കള്‍ പറഞ്ഞതിനോട് ഞാന്‍ അഭിപ്രായം പറയുന്നില്ല ഈ ചിത്രം മനോഹരം എന്നേ ഞാന്‍ പറയുന്നുള്ളൂ കുറവുകള്‍ നമുക്ക് കുഴിച്ചിടാം
പ്രദീപ് പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് നന്ദി. വിമര്‍ശനങ്ങള്‍ സ്വീകരിക്കുവാന്‍ തയ്യാറാണെങ്കില്‍ തീര്‍ച്ചയായും അറിയാവുന്ന കാര്യങ്ങള്‍ പറയാം.
സുനില്‍, അഭിപ്രായങ്ങള്‍ക്കു നന്ദി. പറഞ്ഞതെല്ലാം വളരെ ശരിയാണ്. പക്ഷേ ഈ ബ്ലോഗില്‍ വരുന്നതും, ഇനി വരാനിരിക്കുന്നതുമായ ഫോട്ടോകള്‍ ഈ പാഠങ്ങള്‍ക്കുവേണ്ടി പ്രത്യേകമായി എടുത്തതല്ല എന്നു മനസ്സിലാക്കുമല്ലോ. പണ്ടൊക്കെ എപ്പോഴോ എടൂത്ത, ചില ചിത്രങ്ങളാണിതൊക്കെ. സുനില്‍ പറഞ്ഞരീതിയിലുള്ള ലൈറ്റിംഗ് കിട്ടിയാല്‍ നന്നാണ്. പക്ഷേ ഒരിക്കലും ഞാന്‍ അവധിക്കുപോകുന്ന ജൂണ്‍-ജൂലൈ മാസങ്ങളില്‍ കേരളത്തില്‍ അത്തരത്തിലുള്ള ഒരു ലൈറ്റിംഗ് പ്രതീക്ഷിക്കാന്‍ പറ്റില്ല - മഴക്കാലമായതിനാല്‍.
ഈ പാവം എന്നേം കൂടി ചേര്‍ക്ക്..
ഞാന്‍ ഒരു സൈഡില്‍ ഒതുങ്ങി ഇരിക്കത്തേ ഉള്ളു കെട്ടോ..
pdhareesh@gmail.com
സുനില്‍,
സുനില്‍ പറഞ്ഞ ലൈറ്റിംഗിന്റെ കാര്യവും ഈ ചിത്രത്തിലെ പാഠങ്ങളിലൊന്നായി ചേര്‍ക്കാവുന്നതാണ്.
വായിക്കുന്നുണ്ട്. അഭിപ്രായം പറയാന്‍ അറിവില്ലതതുകൊണ്ട് മിണ്ടാതെ നില്‍ക്കുന്നു.
ഫോട്ടോഗ്രാഫിയുടെ എ ബി സി ഡി അറിയില്ല എനിക്കു..
വളരെ നന്ദി..
ഹരീഷ, സുനില്‍:
ഇന്‍വിറ്റേഷന്‍ അയച്ചിട്ടുണ്ട്.
വളരെ നല്ല demonstration.
ഈ സംരംഭത്തിന് എല്ലാ ആശംസകളും.
pradeepelanthoor@gmail.com
നല്ല ക്ലാസ്സ്....
:)
എത്താന്‍ കുറച്ച് late ആയി, ഈ പാവങ്ങളെ കൂടി കൂട്ടണെ..എല്ലാം കണ്ടു പഠിക്കുന്നേ ഉള്ളൂ.അപ്പുമാഷും,സപ്തവര്‍ണങ്ങളും ഞങ്ങളുടെ invisible teachers ആണ്.നന്ദി..
നന്ദി ഇങ്ങനെ ഒരു ഉദ്യമത്തിനു പിന്നിലുള്ള എല്ലാവര്‍ക്കും..
ഈ ബ്ലോഗിൽ മെംബർഷിപ്പിനായി ഇ-മെയിൽ അഡ്രസുകൾ തന്നവരോട് ഒരു കാര്യം ചോദിക്കുവാൻ ഞാനും കുട്ടുവും ആഗ്രഹിക്കുന്നു. നിങ്ങൾ ഇതിൽ Contributing member ആയി ചേർന്നിട്ട് പുതിയ പാഠഭാഗങ്ങൾ സ്വയം തയ്യാറാക്കി അവതരിപ്പിക്കുവാൻ ആണോ ആഗ്രഹിക്കുന്നത് അതോ ഇതിൽ വരുന്ന പാഠഭാഗങ്ങളിൽ നിന്ന് കാര്യങ്ങൾ പഠിക്കുവാൻ മാത്രമോ? സ്വന്തമായി പാഠങ്ങൾ തയ്യാറാക്കുവാൻ ആഗ്രഹമുള്ളവർ മാത്രം Contributers ആയി ചേർന്നാൽ മതിയാകും എന്നാണു ഞങ്ങളുടെ അഭിപ്രായം. അല്ലാത്തവർ Followers ആയി ചേരുന്നതായിരിക്കും നല്ലത്. തെറ്റിദ്ധരിക്കുകയില്ല എന്നു കരുതുന്നു :)
അതുപോലെ ആർക്കെങ്കിലും അവരവർ എടുത്ത ചിത്രങ്ങൾ ഈ ബ്ലോഗിലെ പാഠങ്ങളിൽ ഉൾപ്പെടുത്തി വിശകലനം ചെയ്തുകാണാൻ ആഗ്രഹമുണ്ടെങ്കിൽ അതിന്റെ ഒരു ഒറിജിനൽ ഫയൽ ഈ ബ്ലോഗിന്റെ ഹെഡ്ഡറിൽ കൊടൂത്തിട്ടുള്ള മെയിൽ ഐഡിയിലേക്ക് അയച്ചു തരാവുന്നതാണ്.
അപ്പുവേട്ടാ, കുട്ടു,
നല്ല ശ്രമം, അഭിനന്ദനംസ്.!!!
ആരും വിമർശിക്കാൻ വരുന്നില്ലെ എന്ന് ചോദിച്ചത്‌കൊണ്ട്, ഒരു ചോദ്യം :)
ആദ്യത്തെ ഫ്രൈമിൽ കാണുന്ന മരത്തിന്റെ മുഴുവൻ ചിത്രവും നടുഭാഗത്തായി വരുന്നതല്ലെ കൂടുതൽ ഭംഗി ?
പശു അവിടെ ഒരു സെക്കന്ററി ഒബ്ജക്റ്റ് മാത്രമായാൽ, എന്തെങ്കിലും കുഴപ്പമുണ്ടോ?.
റൂൾ ഒഫ് തേഡ് ബ്രേക്ക് ചെയ്യാവുന്ന സ്ഥലങ്ങൾ എതോക്കെ?.
ഓടോ,
ഈ പശുവും അപ്പുവേട്ടനും തമ്മിൽ പിണക്കമാണോ?. പരിഭവം പറഞ്ഞ്‌തിർത്തിരുന്നെങ്കിൽ, ഒരു നല്ല രംഗം കിട്ടുമായിരുന്നില്ലെ?
അപ്പുവേട്ടന്‍ പറഞ്ഞിനു ഒരു അനുബന്ധം:
ഇവിടെ വിശകലനം ചെയ്യാന്‍ വേണ്ടി ഫോട്ടോ അയച്ചുതരുന്നവരുടെ ശ്രദ്ധയ്ക്ക്:
1. ഒറിജിനല്‍ കോപ്പി (എക്സിഫ് ഡാറ്റ സഹിതം) തന്നെ അയച്ചു തരിക.
2. നിങ്ങളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തേണ്ട എങ്കില്‍ ദയവായി അത് മെയിലില്‍ സൂചിപ്പിക്കുക.
സഹായി,
സഹായിയുടെ ചോദ്യം വളരെ പ്രസക്തമാണ്.
വളരെ വിശാലമായ ടോപ്പിക്കാണ് അത്. എങ്കിലും ലളിതമായി ചിലത് പറയാം.
ഒരു വസ്തുവിനെ നാം എങ്ങിനെയാണ് കാണുന്നത്?
നമ്മുടെ കാഴ്ചയെ ദീര്‍ഘചതുരത്തിലുള്ള ഒരു ഫ്രെയിമായി സങ്കല്‍പ്പിക്കുക. ഇനി ഈ ഫോട്ടോയിലേക്ക് വരൂ. തല നിവര്‍ത്തിപ്പിടിച്ച് ഫോട്ടോയില്‍ കാണുന്ന ദൃശ്യം കാണുകയാണെന്ന് സങ്കല്‍പ്പിക്കൂ
ദീര്‍ഘചതുരാകൃതിയിലുള്ള ഫ്രെയിമിന്റെ മധ്യത്തിലൂടെ ചക്രവാളം തിരശ്ചീനമായി കിടക്കുന്നു. മരമാകട്ടെ കൃത്യം (തിരശ്ചീനമായും, ലംബമായും) മധ്യത്തിലും. നമ്മള്‍ കണ്ട ദൃശ്യം ആ ഫോട്ടോയില്‍ കാണുന്നപോലെത്തന്നെയല്ലേ?.
ഫോട്ടോയിലെ ദൃശ്യവും നമ്മുടെ കാഴ്ചയും തമ്മില്‍ യാതൊരു വ്യത്യാസവും ഇല്ലാത്തതിനാല്‍ ഫോട്ടോയ്ക്ക് പുതുമ നഷ്ടപ്പെട്ട്, സാധാരണ ഒരു കാഴ്ച എന്ന നിലയിലേക്ക് തരംതാഴ്ന്നു. നാം കാണുന്നതില്‍ നിന്ന് വ്യത്യസ്തമായി ഫോട്ടോയില്‍ ഒന്നുമില്ല എന്നതു തന്നെ കാരണം
ഇനി വേറൊരു വശം പറയാം.
ഈ സീന്‍ ആദ്യം കണ്ടപ്പോള്‍ മരം മാത്രമേ നമ്മള്‍ ‘ശ്രദ്ധിച്ചിരുന്നുള്ളൂ.‘ പക്ഷെ, അതേ സീന്‍ ഫോട്ടോയില്‍ വന്നപ്പോഴോ? ആ ഫീല്‍ഡില്‍ ഉള്ള എല്ലാ വസ്തുക്കളും നാം കാണും. ഫോട്ടോയുടെ ഏറ്റവും താഴെ ഭാഗം മുതല്‍ (ഫോര്‍ഗ്രൌന്‍ഡ്) മുകള്‍ ഭാഗം (ബാക്ക്ഗ്രൌന്‍ഡ്) വരെ കണ്ണുകള്‍ സഞ്ചരിക്കുന്നു. ചെരിഞ്ഞ് കിടക്കുന്ന ചക്രവാളവും, രണ്ടു പശുക്കളും, പുല്ലും, ടാറ്റ സുമോയും, വിരസമായ ആകാശവും അങ്ങിനെ നമ്മള്‍ കാണുന്നു. അതോടെ, ഈ ഫോട്ടോകൊണ്ട് പറയാന്‍ ശ്രമിച്ചതെന്താണോ ആ മെസ്സേജ് കാഴ്ചക്കാരില്‍ എത്തിക്കുന്നതില്‍ ഫോട്ടോഗ്രാഫര്‍ പരാജയപ്പെടുന്നു.
ഇതിനെ എങ്ങിനെ മറികടക്കാം?
പ്രധാന സബ്ജക്റ്റിന് പ്രാധാന്യം കിട്ടത്തക്കരീതിയില്‍ ആ സബ്ജക്റ്റിനെ ഫ്രെയിമിന്റെ ഒരു പ്രത്യേക സ്ഥലത്ത് നിര്‍ത്തി, അപ്രസക്തമായ കാര്യങ്ങളെയെല്ലാം ഫ്രെയിമിനു പുറത്തോ, ഫ്രെയിമിലെതന്നെ അപ്രധാനമായ സ്ഥലത്തേക്കൊ മാറ്റി റീ-കമ്പോസ് ചെയ്യുകയാണ് ഒരു വഴി.
ഇവിടെയാണ് കോമ്പോസിഷന്റെ പ്രാധാന്യം. കോമ്പോസിഷനു ഉപയോഗിക്കുന്ന ഒരു രീതി മാത്രമാണ് റൂള്‍-ഓഫ്-തേഡ് എന്നും മനസ്സിലാക്കുക. വേറേയും അനവധി രീതികള്‍ ഉണ്ട്. വരും പോസ്റ്റുകളില്‍ അവ നാം പഠിക്കും.
ഇനി,
കുറച്ച് സമയം കുത്തിയിരുന്ന് ആലോചിക്കാന്‍ ഒരു ചോദ്യം തരാം.
ഐശ്വര്യാ റായി സുന്ദരിയാണെന്നതിനു രണ്ടഭിപ്രായമില്ലല്ലോ. എന്തുകൊണ്ട് അവര്‍ സുന്ദരിയായി തോന്നുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും? വേറെ എത്രയോ സ്ത്രീകള്‍ ഉണ്ട്, അവര്‍ക്കാര്‍ക്കും ഐശ്വര്യയുടെ സൌന്ദര്യം ഇല്ല. എന്തെല്ലാം ഘടകങ്ങളാണ് അവരെ വ്യത്യസ്തയാക്കുന്നത് ..? നിങ്ങളുടെ ചിന്തകള്‍ ഇവിടെ കമന്റായി രേഖപ്പെടുത്തുമല്ലോ
ഈ ചോദ്യത്തിന്റെ ഉത്തരം തന്നെയാണ് പെയിന്റിങ്ങുകള്‍, കെട്ടിടങ്ങള്‍, ശില്‍പ്പങ്ങള്‍, ഫോട്ടോകള്‍ തുടങ്ങി പലതിന്റേയും സൌന്ദര്യത്തില്‍ പ്രധാന പങ്കുവഹിക്കുന്നത്.
നന്നായി സുഹൃത്തുക്കളെ ഈ സംരംഭത്തിന് എല്ലാ ആശംസകളും.
Post a Comment