പാഠം 3: സബ്ജക്റ്റ് പ്ലേസ്‌മെന്റ്
ഈ ഫോട്ടോ c4Camera-ക്കു അയച്ചുതന്നതിന് ഹരീഷ് തൊടുപുഴയ്ക്ക് ആദ്യമേ നന്ദി പറയട്ടെ. തേക്കടിയിലെ തടാകത്തില്‍ വച്ച് ഹരീഷ് എടുത്തതാണ് ഈ ചിത്രം. അതും ഒരു ബോട്ടില്‍ ഇരുന്നുകൊണ്ട്. കൈയ്യിലുണ്ടായിരുന്ന കിറ്റ് ലെൻസ് ഉപയോഗിച്ചുകൊണ്ട് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡിലാണ് ( F10, 1/250 sec, ISO 400) ഈ പടം എടുത്തിരിക്കുന്നത്. താരതമ്യേന ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ - ഒരു പക്ഷെ ആ ലെന്‍സിന്റെ സ്വീറ്റ് സ്പോട്ട് - foreground മുതല്‍ ബാക്ക്ഗൌന്‍ഡ് വരെ എല്ലാം ഫോക്കസിലാണ്.
മനോഹരമായ തടാകത്തിനരികില്‍, കുടയും ചൂടി കൂനിക്കൂടിയിരുന്ന് ഒരു വൃദ്ധ മീന്‍ പിടിക്കുന്നു. പശ്ച്ചാത്തലത്തിലുള്ള പുല്‍മേടില്‍ നിന്ന് അവരെ പ്രത്യേകം എടുത്തുകാണിക്കുവാന്‍ (Contrast) വളരെ കളര്‍ഫുള്‍ ആയ അവരുടെ വസ്ത്രം സഹായിക്കുന്നു. ഏറെക്കുറെ നിശ്ചലമായ വെള്ളത്തില്‍ അവരുടെ പ്രതിബിംബം കാണാം. ഫ്രെയിമില്‍ എല്ലായിടത്തും തുല്യമായ ലൈറ്റിങ്ങ്. വൈകുന്നേരം നാലുമണിയോടത്തനേരത്ത് ഒട്ടും നിഴലില്ലാതെ ഇത്രയും മനോഹരമായ ലൈറ്റിങ്ങ് എപ്പോഴും സംഭവിക്കുന്ന ഒന്നല്ല. ആകാശം മേഘാവൃതമായിരുന്നു എന്ന് ഊഹിക്കുന്നു. മനോഹരമായ ഒരു പടം എടുക്കാന്‍ വേണ്ടതെല്ലാം അവിടെയുണ്ട്. ഏതൊരു ഫോട്ടോഗ്രാഫര്‍ക്കും ഫോട്ടോ എടുത്ത് അര്‍മ്മാദിക്കാന്‍ സ്കോപ്പുള്ള സിറ്റുവേഷന്‍ ആയിരുന്നു അത് എന്നതില്‍ ഒരു സംശയവുമില്ല.
ഫോട്ടോയില്‍ ഈ സാഹചര്യങ്ങള്‍ എങ്ങിനെ പ്രതിഫലിച്ചു എന്നു നമുക്ക് പരിശോധിക്കാം.
- ഫോട്ടോയില്‍ എല്ലായിടത്തും ഈവന്‍ ലൈറ്റിങ്ങ് കിട്ടിയിട്ടുണ്ട്.
- ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ ഫോട്ടോയില്‍ എല്ലാം ഷാര്‍പ്പായി, ഫോക്കസില്‍ കിട്ടി
- ഫോട്ടോയിലേക്ക് നോക്കുമ്പോള്‍ ആദ്യം ശ്രദ്ധയില്‍പ്പെടുന്നത് മുകളില്‍ വലതുഭാഗത്ത് തുടങ്ങി സ്ത്രീയുടെ പുറകില്‍ വരെ നീണ്ടുകിടക്കുന്ന മണല്‍ത്തിട്ടയാണ്. ഫോട്ടോയിലെ മറ്റുള്ള ഭാഗങ്ങളേക്കാളും തെളിച്ചവും, വലിപ്പവും ആ മണല്‍ത്തിട്ടയ്ക്കുണ്ട്.
- പിന്നെ ശ്രദ്ധയില്‍പ്പെടുന്നത് മീന്‍പിടിക്കുന്ന സ്ത്രീ ആണ്. Dead center placement..! ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്യാത്ത കുറേ ഏരിയയുടെ ഇടയ്ക്ക് പാവമൊരു സ്ത്രീ എന്ന ഒരു തോന്നല്‍ ഉളവാക്കുന്നു ആ കാഴ്ച. സ്ത്രീയ്ക്കു പുറകിലുള്ള ഏരിയ ഈ ഫോട്ടോയില്‍ ഒരു പ്രയോജനവും ചെയ്തില്ലെന്ന് മാത്രമല്ല, അഭംഗിയാവുകയും ചെയ്തു.
- വേറൊന്ന്, വെള്ളത്തിലേക്ക് നീണ്ടുനില്‍ക്കുന്ന ചെറിയ മണല്‍ത്തിട്ടയാണ്. ഫോട്ടോയുടെ പ്രധാന സബ്ജക്റ്റ് ആയ സ്ത്രീയെ നോക്കുമ്പോള്‍ ഒരല്‍പ്പം അലോസരമുണ്ടാക്കുന്നുണ്ട് ആ മണല്‍ത്തിട്ട. അത് ഫോട്ടോയില്‍ Essential Part ആണ് എന്നും തോന്നുന്നില്ല.
- വെള്ളത്തില്‍ നില്‍ക്കുന്ന രണ്ടു മരക്കുറ്റികള്‍ ഒരല്‍പ്പം distracting ആണ്. പക്ഷെ, അതത്ര സാരമുള്ളതല്ല.
ഇനി ഈ ഫോട്ടോയില്‍ ചെയ്യാവുന്ന ഏറ്റവും നല്ല എഡിറ്റിങ്ങ് rule of third പ്രകാരം ക്രോപ്പ് ചെയ്യുക എന്നതാണ്. നമുക്കൊന്ന് ചെയ്തുനോക്കിയാലോ?
ഫോട്ടോയുടെ 75 ശതമാനത്തോളം സ്ഥലം ക്രോപ്പ് ചെയ്തു കളഞ്ഞു എന്ന് മനസ്സിലായല്ലൊ. ഇത് ഫോട്ടോയുടെ ക്ലാരിറ്റിയെ പ്രതികൂലമായി ബാധിച്ചില്ലേ. സ്ത്രീയുടെ പുറകിലെ സ്ഥലം ഇപ്പോഴും distracting ആണ്. അതും ഒഴിവാക്കി ക്ലോസ് ക്രോപ്പിങ്ങ് ചെയ്താല്‍ ഇത്ര ഭംഗിയുണ്ടാകുമെന്ന് തോന്നുന്നില്ല.
Update (14/June/2009 06:45 PM)
ദീപക്കിന്റെ അഭിപ്രായ പ്രകാരം ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.
Update (14/June/2009 08:58 PM)
സപ്തന്‍ ക്രോപ്പ് ചെയ്ത വേര്‍ഷന്‍ കൂടി കാണൂ.
എന്റെ കാഴ്ചപ്പാടില്‍, ഈ ഫോട്ടോയിലെ പിശകുകള്‍ ഇവയാണ്.
- തെറ്റായ subject placement നു ഉത്തമ ഉദാഹരണമാണ് ഈ ഫോട്ടോ. ഈ ഫോട്ടോയുടെ പ്രധാന subject ആയി ഫോട്ടോഗ്രാഫര്‍ എടുക്കാന്‍ ശ്രമിച്ച സ്ത്രീയ്ക്ക് ലഭിക്കേണ്ട പ്രാധാന്യം പുറകിലെ മണല്‍ത്തിട്ടയും, വെള്ളത്തിലെ ചെറിയ തിട്ടയും കവര്‍ന്നെടുത്തു. റൂള്‍-ഓഫ്-തേഡ് പോലുള്ള കമ്പോഷിഷന്‍ ടെക്ക്നിക്ക് ഇതില്‍ ഉപയോഗിക്കാമായിരുന്നു. ഈ ദൃശ്യം കുറച്ചുകൂടി സൂം-ഇന്‍ ചെയ്ത് വെള്ളത്തിലെ തിട്ടയെ ഒഴിവാക്കി ഒരു കോമ്പോസിഷനായിരുന്നില്ലേ കൂടുതല്‍ മനോഹരമാകുക ?
- Many distracting elements in background (സ്ത്രീയുടെ മുന്നിലും പിന്നിലുമുള്ള മണല്‍ത്തിട്ട, മരക്കുറ്റികള്‍ etc.). കോമ്പോസിഷനില്‍ ഒരല്‍പ്പം ശ്രദ്ധിച്ചിരുന്നെങ്കില്‍ കുറെയൊക്കെ ഒഴിവാക്കാമായിരുന്നു.
എന്റെ പരിമിതമായ അറിവു വച്ച് ഇത്രയൊക്കെയേ പറയാനുള്ളൂ.
ബാക്കി വായനക്കാര്‍ പറയൂ.
- കുട്ടു.
for C4Camera.
35 comments:
കുട്ടൂ :)
വളരെ നല്ല അവലോകനം. ഈ സന്ദർഭത്തിൽ ഹരീഷ് ചെയ്യേണ്ടിയിരുന്നത് (പറ്റുമായിരുന്നെങ്കിൽ) ബോട്ട് അവിടെ നിറുത്തി, മുൻവശത്തുകാണുന്ന തിട്ടയുടെ ഒരു വശത്ത് ഇരുന്നുകൊണ്ട് ഒരു സൈഡ് ആംഗീൾ പരീക്ഷിക്കുകയായിരുന്നു. പക്ഷേ അങ്ങനെ ചെയ്യുവാൻ ആ സന്ദർഭത്തിൽ പറ്റിയില്ല എന്നതാണ് ഈ ഫോട്ടോയ്ക്ക് സംഭവിച്ച തകരാറ്.
നടക്കട്ട്..നടക്കട്ട്...വിശകലനങ്ങള്‍ നടക്കട്ടും.......:):)
സബ്ജക്റ്റ് പ്ലേസ്മെന്റ് മാത്രമേ എനിക്ക് പ്രശ്നമായി തോന്നുന്നുള്ളൂ.. അനാവശ്യമായ സ്പേസ് ഒഴിവാക്കുക എന്നതും പ്രധാനം തന്നെ.
ബോട്ട് യാത്രയ്ക്കിടയിൽ ആയതിനാൽ ഹരീഷ്ജിക്ക് പരീക്ഷണം നടത്താനും പറ്റിയിട്ടുണ്ടാവില്ല.
അപ്പൂസ് പറഞ്ഞ ഫ്രെയിം നന്നായിരിക്കും. സമയവും സൌകര്യവും കിട്ടുക്കയാണെങ്കിൽ ഇങ്ങനെയുള്ള ഫ്രെയിമുകൾക്ക് ഏറ്റവും നല്ലത് രാവിലെയോ വൈകുന്നേരമോ ആയിരിക്കും എന്നാണെന്റെ പക്ഷം. രാവിലെയാണെങ്കിൽ തടാകത്തിൽ തട്ടിത്തിളങ്ങുന്ന സൂര്യപ്രകാശവും, തടാകത്തിൽ നിന്ന് ആവി പൊങ്ങുന്നതും ഒക്കെ ഇതേ ഫ്രെയിമിൽ വരുത്തിക്കാമല്ലോ.
ചിത്രത്തിൽ കാണുന്നവരുടെ പുറകിൽ നിന്നും തടാകത്തിലേക്ക് നീളുന്ന ഒരു ഫ്രെയിം - പോർട്രെയ്റ്റും നന്നായിരിക്കും എന്നു തോന്നുന്നു.
കുട്ടു പറഞ്ഞതിൽ “ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ ഫോട്ടോയില്‍ എല്ലാം ഷാര്‍പ്പായി..” - ഇതൊന്ന് വിശദികരിക്കാമോ ? - ഈയൊരു ഫ്രെയിമിൽ പ്രത്യേകിച്ചും.
http://picasaweb.google.com/lh/photo/SN6a0jRyc4RpXOavVBhITA?feat=directlink
http://picasaweb.google.com/lh/photo/IzS6zw-L-9Ni1rtg2NZ9pQ?feat=directlink
ഈ ചിത്രത്തില്‍ ബാക്ക് ഗ്രൌണ്ട് പൂര്‍ണ്ണമായും വാക്കിയിരുന്നെങ്കിലോ അല്ലെങ്കില്‍ ഏറെക്കുറെ അല്പം മാത്രമായി പയോഗിച്ചിരുന്നുവേങ്കിലോ നന്നായിരുന്നു. കുട്ടു ക്രോപ് ചെയ്തതിലും സ്ത്രീയുടെ ഫോട്ടോയെ ചിത്രത്തിലെ മുന്‍ഭാഗത്തെ തിട്ട നന്നായി കാഴ്ചക്കാരന്റെ ശ്രദ്ധ തിരിക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീയാണ് സബ്ജെക്ട് എങ്കില്‍ അര്‍ഹിക്കുന്ന ശ്രദ്ധ കിട്ടില്ലെന്ന് തോന്നുന്നു. ഞാന്‍ ഈ ചിത്രം ക്രോപ് ചെയ്തു ഇട്ടിട്ടുണ്ട്. ഒന്ന് നോക്കുക.
ഈ രണ്ടും മികച്ചതെന്ന് അഭിപ്രായമില്ല. പക്ഷെ ചിത്രത്തില്‍ വൃദ്ധയ്ക്കു കൂടുതല്‍ ശ്രദ്ധ കിട്ടുന്നു എന്ന് തോന്നുന്നു. ഒപ്പം അവരുടെ ചെയ്തിക്കും. (ചൂണ്ടയിടില്‍)
ആദ്യം ഈ ഫ്രേം വരത്തക്ക വിധം ഒന്ന് സൂമിയാല്‍ മതിയായിരുന്നു എന്ന് തോന്നുന്നു.
ഹരീഷിന്റെ കൈയിലെ പുട്ടുകുറ്റിയില്‍ മുന്നൂറു വരെ (75-300mm) ഒതുങ്ങും എന്നറിയാം. ക്രോപ് സെന്‍സര്‍ ക്യാമറ അല്ലെ. അപ്പോള്‍ നാനൂറ്റി അമ്പതിന്റെ റേഞ്ചും (300mm* 1.5 (crop factor) പിടിക്കും. സുഖമായി തള്ളയും ചൂണ്ടയും കയറിക്കൊല്ലും. അത്രയും സൂമി എടുത്താല്‍ പടം ക്ലീയര്‍ ആവും എന്ന് തോന്നുന്നു.
വിവരദോഷം പറഞ്ഞതാണ് എന്ന് കരുതി അറിവുള്ളവര്‍ ക്ഷമിക്കുമല്ലോ. നന്ദി.
“ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ ഫോട്ടോയില്‍ എല്ലാം ഷാര്‍പ്പായി..”
ഇത് ഹൈനമ്പര്‍ അല്ലെ. അല്ലാതെ ലോ ആയിരുന്നെങ്കില്‍ ബാക്ക് ഗ്രൌണ്ട് ബ്ലര്‍ ആവുമായിരുന്നല്ലോ. പക്ഷെ തീര്‍ത്തും ചെറിയ ഓട്ടയിട്ട് പടം എടുത്താല്‍ കാമറ ഷേക്ക് ആവില്ലേ. അതും ഓടുന്ന വള്ളത്തില്‍
ദീപക്, കുട്ടു എഴുതിയത് ശരിതന്നെയാണ്. “ചെറിയ” അപ്പർച്ചർ എന്നുദ്ദേശിച്ചത് ചെറിയ സുഷിരം എന്നാണ്. f/10 എന്നതു ചെറിയ ഫ്രാക്ഷൻ മാത്രമല്ല, ചെറിയ സുഷിരം കൂടിയാണ് എന്നു ശ്രദ്ധിക്കുമല്ലോ. സംശയമുണ്ടെങ്കിൽ ഇതൊന്നു വായിക്കൂ.
f10 അല്ലേ ഉപയോഗിച്ചിരിക്കുന്നത്. (220mm ആണു ഫോക്കല്‍ ലെങ്ത്.)
താരതമ്യേന ചെറിയ - when compare to 5.6 or above - അപ്പര്‍ച്ചര്‍ തിരഞ്ഞെടുത്തതിനാല്‍ DoF കൂടുതലാണ്.
അതോണ്ട് ഫോര്‍ഗ്രൌന്‍ഡ് മുതല്‍ ബാക്ക്ഗ്രൌന്‍ഡ് വരെ എല്ലാം ഷാര്‍പ്പായി ഫോക്കസില്‍ കിട്ടിയിട്ടുണ്ട് എന്നാണ് ഉദ്ദേശിച്ചത്. റീസൈസ് ചെയ്ത് ചെറുതാക്കിയപടത്തില്‍ ഷാര്‍പ്പ്നെസ്സ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. അതാണോ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയത് ?
അതുപോലെ, ദീപക് മറ്റൊന്ന്, വലിയ അപ്പർച്ചർ സുഷിരം ആയിപ്പോയാൽ ബാക്ക്ഗ്രൌണ്ട് ബ്ലർ ആവുകയുമൊന്നുമില്ല, പ്രത്യേകിച്ച് ഈ സീനിൽ. ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് എന്നൊരു സംഭവം ഓരോ അപ്പർച്ചറിനും ഉണ്ട്. ആ പോയിന്റിനുമപ്പുറത്താണ് ഫോക്കസ് പോയിന്റെങ്കിൽ എല്ലാം ഷാർപ്പായി തന്നെ കിട്ടും.
ഇപ്പോഴാണ് ഇതൊരു ചര്‍ച്ചയായത്..
നല്ലത്..
ഹരീഷേ.. ഓടിവരൂ..
ദീപകിന്റെ Horizontal cropping നന്നായിട്ടുണ്ട്. വെര്‍ട്ടിക്കല്‍ അത്ര രസമില്ല. ആ ചൂണ്ട... :(
സൂമിന്‍ ചെയ്ത് എടുക്കേണ്ടതായിരുന്നു...
നന്നായി ഇങ്ങനെ ഒരു അവലോകനം. പലതും മനസ്സിലാക്കാന്‍ പറ്റുന്നു.
വളരെ നല്ല അവലോകനം
അപ്പു ചേട്ടാ
കുട്ടു പറഞ്ഞത് ശരിയാണെന്ന് അറിയാമായിരുന്നു. പക്ഷെ ശ്രീ ലാലിന്റെ കമന്റ് കണ്ടപ്പോള്‍ ഒന്ന് കണ്‍ഫൂസി. എക്സിഫ് കണ്ടില്ലായിരുന്നു. ഞാന്‍ കരുതി വല്ല തീര്‍ത്തും ചെറിയ ഓട്ട ആയിരിക്കും എന്ന്. എങ്കില്‍ ഓടുന്ന വള്ളത്തില്‍ കാമറ ഷേക്ക് ആവില്ലേ എന്ന് ശങ്കിച്ചു.
ഓട്ടയുടെ സംശയം വരാന്‍ ഒരു കാരണം ഉണ്ട്. അടുത്തിടെ കാനോന്‍ കടയില്‍ canon 85mm f1.2 ഒന്ന് കണ്ടു. വാങ്ങിക്കനെന്ന വ്യാജേന ഈ തെണ്ടിത്തിരിയല്‍ ഇടയ്ക്കിടെ ഉണ്ട്. അപ്പോള്‍ ഈ വല്ല്യ ഓട്ട വെച്ച് ട്രൈ ചെയ്തത് എല്ലാം (വല്ല ഓട്ടയില്‍) ചുറ്റും ബ്ലര്‍ ആയി പോകുന്നു. അപ്പോള്‍ ഈ ഡൌട്ട് മനസ്സില്‍ കയറിയതാ കേട്ടോ.
പ്രിയ കുട്ടു
സത്യം തന്നെ. ആ ചൂണ്ടാപോയാല്‍ ആ സ്ത്രീ എന്തിനു അവിടെ ഇരിക്കുന്നു എന്നുപോലും മനസ്സിലാവില്ല. പക്ഷെ ചുറ്റുപാടും ഉള്ള പ്രകൃതി സ്ത്രീയുടെ മേലുള്ള ശ്രദ്ധ മാറ്റുന്നു. പക്ഷെ സ്ത്രീ അവിടെ ഇല്ലായിരുന്നെങ്കില്‍ നല്ല പ്രകൃതി ദൃശ്യമാവുമായിരുന്നു ആ ഫോട്ടോ.
പ്രിയ ഹരീഷേ
അവലോകനം നടത്താന്‍ ഞാന്‍ ആളല്ല. പറഞ്ഞുപോയതാ. കേട്ടോ. പടം കൊള്ളാം. ആട്ടെ.... എവിടെ ഈ സ്ഥലം .
ദീപക്:
തേക്കടിയാണെന്ന് പോസ്റ്റില്‍ എഴുതിയിട്ടുണ്ട് ... കണ്ടില്ലേ?
“പക്ഷെ സ്ത്രീ അവിടെ ഇല്ലായിരുന്നെങ്കില്‍ നല്ല പ്രകൃതി ദൃശ്യമാവുമായിരുന്നു ആ ഫോട്ടോ.“
ഈ കമന്റ് കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചുപോയി... സത്യം...
ദീപക്:
വല്യ ഓട്ടയില്‍ ചുറ്റും ബ്ലര്‍ ആകുന്നു. ശരിതന്നെ.
1.2 അപ്പര്‍ച്ചര്‍ = വലിയ ഓട്ട.
അടുത്തുള്ള ഒബ്ജക്റ്റാണ് ഫോക്കസ് ചെയ്യുന്നതെങ്കില്‍ ചുറ്റുമുള്ളത് എല്ലാം ബ്ലര്‍ഡ് ആകും. പത്രത്തിലെ ഒരു പാരഗ്രാഫിന്റെ പടം എടുത്താല്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ലൈന്‍ മാത്രമായിരിക്കും ഫോക്കസില്‍...
ദീപക്ക് പറഞ്ഞപോലെ ക്രോപ്പി പോസ്റ്റ് ഒന്നുകൂടി അപ്‌ഡേറ്റി...
nalla paripaadi.. eduthu koLamaaya shots vere venamenki para kettaaa :) patthalla pathinaayiramallaaa.....
This blog is one of the brighter ideas to have come up recently in Mablog. Congrats to all the Appuus and Kuttuuus
subject placement correct cheyyaan ammoomme maariyiri enn paranjaa poraarunnuaa..?
chummaa comment trackaan..adikkalum :)
ദീപക്,
ഡെപ്ത് ഓഫ് ഫീൽഡിന്റെ വലിപ്പച്ചെറുപ്പങ്ങൾ നാലു കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
(1)ഉപയോഗിച്ചിരിക്കുന്ന ലെൻസിന്റെ ഫോക്കൽ ദൂരം
(2) ലെൻസിന്റെ അപ്പർച്ചർ
(3) ലെൻസിൽ നിന്നും ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റിലേക്കുള്ള ദൂരം
(4) ഇമേജ് മാഗ്നിഫിക്കേഷന്‍
സമയമുള്ളപ്പോള്‍ കാഴ്ചക്കിപ്പുറം ബ്ലോഗിലെ പുതിയ പോസ്റ്റ് ഒന്നു വായിച്ചു നോക്കിയാല്‍ ഡൌട്ടുകള്‍ മാറിയേക്കും
സപ്തന്റെ കമന്റ്: (മെയിലില്‍ വന്നത്)
ഹരീഷിന്റെ ഈ ഷോട്ടിനെക്കുറിച്ചുള്ള അഭിപ്രായം ഞാൻ ഹരീഷിനെ മെയിൽ വഴി അറിയിച്ചിരുന്നു. അത് മിനുക്കി, കുറച്ച് കൂട്ടി ഇവിടെയിടാം!
ആദ്യമായി ചിത്രത്തിന്റെ കൊമ്പോസിഷൻ. ഹരീഷ് ഈ ചിത്രത്തിന് കൊടുത്തിരിക്കുന്ന തലക്കെട്ട് ‘മീൻപിടുത്തക്കാരി’ എന്നാണ്, അതു കൊണ്ട് ഹരീഷിന്റെ ചിത്രത്തിലെ പ്രധാന വിഷയമായി ഞാൻ ആ സ്ത്രീയെ പരിഗണിക്കുന്നു.
ഇനി ആ ചിത്രത്തിലെന്തൊക്കെയുണ്ടെന്നു നോക്കാം. പല വിഭാഗങ്ങളായി വിഭജിക്കുമ്പോൾ
1. ആദ്യഭാഗത്തിൽ (ഫോർഗ്രൌണ്ടിൽ) ജലം.
2. പിന്നെ ആ തുരുത്തിന്റെ അറ്റം – ജലത്തിലേക്ക് തള്ളി നിൽക്കുന്നു
3. അതിനപ്പുറത്ത് ഒരു മരകുറ്റി ജലത്തിൽ
4. പിന്നെ ചൂണ്ട കമ്പും അതിന്റെ പ്രതിഫലനവും
5. കുടയും സ്ത്രീയും അവയുടെ പ്രതിഫലനവും
6. ഇതിനിടയിൽ കരയും ജലവും കൂടി സൃഷ്ടിച്ചെടുത്ത ശക്തമായ ഒരു ഡിവൈഡിങ്ങ് ലൈൻ
7. പിന്നിലേക്ക് വിശാലമായ കര ഭാഗം( അതിലുമുണ്ട് ഒരു വഴിയും തിരിവും)
ഒന്നുകൂടി ചിത്രത്തിലേക്ക് ശ്രദ്ധിക്കുക, ചിത്രത്തിനെ കീറി (ഫോട്ടോ സ്കോപ്പുള്ള) പല ഭാഗങ്ങളാക്കാൻ നോക്കുകയാണ്. വെള്ളത്തിലേക്ക് തള്ളി നിൽക്കുന്ന കര ഭാഗവും കരയും ജലവും തമ്മിലുള്ള തിരിവും , പിന്നെ ആ സ്ത്രീക്കു പുറകിലുള്ള കരയിലെ വഴിയും- ഇവയൊക്കെ കാരണം ഈ ചിത്രം നാല് ഭാഗങ്ങളായിട്ടാണ് എനിക്ക് തോന്നുന്നത്.
1. ഫോർഗ്രൌണ്ടിലെ ജലം – ആ തുരുത്ത് വരെ
2. തുരുത്തിനും കരക്കുമിടയിലുള്ള ജലം ( ആ കുറ്റിയും പ്രതിഫലനങ്ങളും ഇതിൽ വരും)
3. കരയും സ്ത്രീയും, പില്ലും മരകുറ്റിയും ആ വഴി വരെ
4. വഴിക്കപ്പുറം
ഇതെല്ലാം കൂടി ഒരു ഫ്രെയ്മിൽ അടിച്ചൊതുക്കാൻ നോക്കിയതു കൊണ്ടാണ് അവിടെയുമില്ല, ഇവിടെയുമില്ല എന്ന അവസ്ഥ വന്നത്. പിന്നെ കടുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച സ്ത്രീ – മുഖ്യ വിഷയം – അതിന്റെ ഫ്രയ്മിലുള്ള സ്ഥാനം ചേരാത്തത് – ഇതൊക്കെ കാരണമാണ് നല്ല സ്കോപ്പുള്ള ഒരു സാഹചര്യം വെറുതെ കളഞ്ഞു എന്നു തോന്നിക്കുന്നത്.
നല്ല സ്കോപ്പുണ്ടെന്നു പറഞ്ഞെല്ലോ, എന്തോക്കെയാണ് അവ എന്ന് ഒന്നു നോക്കാം
1. സ്ത്രീ + ഒത്തിരി കര + ഇത്തിരി വെള്ളം (land will be the -ve space and it intensifies the loneliness of the fisherwoman/scales the subjects)
2. സ്ത്രീ + ഇത്തിരി കര + ഒത്തിരി വെള്ളം (water will be the -ve space and it intensifies the loneliness of the fisherwoman, helps guess what she will get as a catch from that vast water space/scales the subject.)
3. സ്ത്രീ + അവരുടെ പ്രതിഫലനം
4. സ്ത്രീ + കമ്പുകൾ , അവയുടെ പ്രതിഫലനം
ഇവയൊക്കെ പെട്ടന്ന് ചിന്തിച്ചെടുക്കാവുന്ന സാധ്യതകളാണ്. . ഇതിൽ 1, 2 കമ്പോസ് ചെയ്യുമ്പോൾ മൂന്നിന്റെ നിയമം (റൂൾ ഓഫ് തേർഡ് – ആ കര-ജലം വിഭജനം) ഉപയോഗിച്ചാൽ നല്ല ശക്തമായ ഫ്രെയിം കിട്ടും എന്ന് വിചാരിക്കുന്നു.
പിന്നെ സങ്കേതികമായി ഹരീഷ് വരുത്തിയ ഒരു പിഴവ് മീറ്ററിങ്ങാണ് – ഇവിടെ സ്പോട്ട് മീറ്ററിങ്ങിന് പകരം മറ്റ്‌റിക്സ് മീറ്ററിങ്ങ് ഉപയോഗിക്കണമായിരുന്നു. പ്രകാശം യൂണിഫോമായിരുന്നതു കൊണ്ട് വലിയ കുഴപ്പമില്ലാതെ കിട്ടി..ആ പ്രതിഫലനം ഉൾപ്പെടുത്തിയ ക്സോസപ്പാണെങ്കിൽ സ്പോട്ട് മീറ്ററിങ്ങ് ഉപയോഗിക്കാമായിരുന്നു. കൂടാതെ ഒരു -.3 എക്സ്പോഷർ കോമ്പൻസേഷൻ കൊടുത്തിട്ടുണ്ട്
(ഇവയൊക്കെ തിരക്കിനിടയിൽ /ഫോട്ടോ എടുത്ത് ഓടുന്നതിനിടയിൽ മറന്നു എന്നാണ് ഹരീഷ് പറഞ്ഞത്)
പിന്നെ ദീപക്കിന്റെ പോലെ ഒരു വെർട്ടിക്കൽ ക്രോപ്പ് ഞാനും ഹരീഷിന് നിർദ്ദേശിച്ചിരുന്നു. ഹൊറിസോണ്ടൽ ക്രോപ്പ് അപ്പുവും കുട്ടുവും ചെയ്തപോലെ തന്നെയാ ഞാനും ചെയ്തത്. ആ ഫോർഗ്രൌണ്ടിലെ ജലത്തിന്റെ ആവശ്യമില്ല. തുരുത്തിന്റെ അറ്റം ഫോർഗ്രൌണ്ടാക്കി, കുറച്ച് കര പുറകിലാക്കിയാണ് ഞാൻ ക്രോപ്പിയത്..
ദീപക്കേ, മടിക്കാതെ അഭിപ്രായങ്ങളെഴുതണം, അതു വിശദമായി…
പ്രിയ കുട്ടു
വളരെ രസകരമായ ഒരു കാര്യം മീന്‍ പിടുത്തക്കാരി ആവുമ്പോള്‍ ചൂണ്ടയുടെ പ്രാധാന്യവും ഒഴിവാക്കാന്‍ പാടില്ലാത്തത് തന്നെയാണ്. ഞാന്‍ വെര്‍ട്ടിക്കല്‍ ക്രോപ് ചെയ്തപ്പോള്‍ പ്രധാനമായും സ്ത്രീയുടെ ഫോട്ടോയുടെ പ്രാധാന്യം മാത്രം കണക്കിലെടുക്കുകയും ചൂണ്ടയെ മുറിയ്ക്കുകയും ചെയ്തിരുന്നു. അതൊരു ആനമണ്ടത്തരം തന്നെ. രണ്ടാമത് ഫോട്ടോയുടെ മുന്‍ ഭാഗത്തുള്ള മണല്‍ത്തിട്ട (നിറയെ പച്ചപ്പുള്ള) അല്പം കൂടുതല്‍ ചിത്രത്തില്‍ തെളിഞ്ഞു നിന്ന് നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നില്ലേ എന്ന് തോന്നിയതുകൊണ്ടാണ് ആ തിട്ടയെ ക്രോപ് ചെയ്തത്.
ഈ ദൃശ്യം കുറച്ചുകൂടി സൂം-ഇന്‍ ചെയ്ത് വെള്ളത്തിലെ തിട്ടയെ ഒഴിവാക്കി ഒരു കോമ്പോസിഷനായിരുന്നില്ലേ കൂടുതല്‍ മനോഹരമാകുക ? കുട്ടു പറഞ്ഞ ഈ കാര്യം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എനിക്കും ഈ ഫോട്ടോയില്‍ അഭംഗിയായി അല്ലെങ്കില്‍ ശ്രദ്ധ മാറ്റുന്ന ഘടകം ആയിട്ട് തോന്നിയതാണ്. ഇനി ഈ തിട്ട സ്ത്രീയില്ലാത്ത ഒരു ചിത്രത്തില്‍ ആയിരുന്നെങ്കില്‍ പൂര്‍ണ്ണമായും ചിത്രത്തിന് ഭംഗി കൊടുത്തേനെ..
അപ്പു ചേട്ടാ
പാഠങ്ങള്‍ പഠിച്ചുവരുന്നതേയുള്ളൂ. ഒരു കാര്യം ഓഫായി പറഞ്ഞുകൊള്ളട്ടെ. ഒരു കൃഷ്ണന്റെയും നിലവിളക്കിന്റെയും ഫോട്ടോ ഒരിക്കല്‍ അപ്പുച്ചേട്ടന്‍ പോസ്റ്റ് ചെയ്തിരുന്നത് ഓര്‍മ്മ കാണുമല്ലോ. അതാണ് എന്റെ കമ്പ്യൂട്ടറിലെ വാള്‍പേപ്പര്‍. കാഴ്ചയ്ക്കിപ്പുറം പഠിച്ചു അതുപോലെരെണ്ണം എടുക്കാന്‍ പറ്റിയാല്‍ ഞാന്‍ ധന്യനായി. ഒരു വെള്ളപുട്ടുകുറ്റി വാങ്ങണം എന്നുണ്ട്. പക്ഷെ വാങ്ങിയത് വെച്ച് അതുപോലെ ഒരണ്ണം എടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാ ആഗ്രഹത്താല്‍ സ്ഥിരം അപ്പുചെട്ടന്റെ ക്ലാസ്സില്‍ എത്താറുണ്ട്. പഠിച്ചു തുടങ്ങിയതെ ഉള്ളൂ.
പിന്നെ കാര്യങ്ങള്‍ ഇവിടെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം കാട്ടുന്നത് ഇവിടെ നടക്കുന്ന ചര്‍ച്ചകളില്‍ വളരെ കാര്യങ്ങള്‍ പഠിയ്ക്കാന്‍ പറ്റുന്നുണ്ട്. ഒപ്പം കുട്ടുവും അപ്പുച്ചേട്ടനും കമന്റുകളോട് സംമനത്തോടെ പ്രതികരിക്കുന്നുമുണ്ട്.
പത്തനംതിട്ടക്കാരനായ ഞാന്‍ തിട്ടയെ ഒഴിവാക്കാന്‍ പറയുന്നതിലെ അനൌചിത്യം.......!!
ഈ ഗംഭീര ഓഫിനു ക്ഷമാപണം
സപ്തന്‍:
വ്യത്യസ്തമായി ക്രോപ്പ് ചെയ്ത പടം ഇട്ട് പോസ്റ്റ് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. മറ്റേത് almost same ആണല്ലൊ.
ദീപക്:
തമ്മില്‍ത്തല്ലലല്ലല്ലോ നമ്മുടെ ലക്ഷ്യം. അതിന്റെ ആവശ്യവും ഇല്ല. നമ്മള്‍ ചര്‍ച്ചചെയ്യുന്നു, അറിവുകളും കാഴ്ചപ്പാടുകളും പരസ്പരം ഷെയര്‍ ചെയ്യുന്നു. എല്ലാരും പഠിക്കുന്നു. ഒരുതരം Collective Learning.... :)
ഒരു പിടിപാടുമില്ലാത്ത വിഷയമാണെങ്കിലും ഒരു അഭിനന്ദനംസ് പറയാതെ പോകാനാവില്ല.
കൃയാത്മകമായെ ഈ പൊസ്റ്റിന്, പോസ്റ്റിലെ ചര്‍ച്ചകള്‍ വായനക്കാരന് എപ്രകാരം ഗുണപ്രദമാവുമെന്ന് കാണിച്ചു തരുന്നതിന്.
കുട്ടുവേ, ദീപക്, സപ്തന്‍ :)ക്രിയാത്മകമായ ഈ ചര്‍ച്ചകള്‍ക്ക് നന്ദി. ഇതിനിടെ ഹരീഷിന്റെ കമ്പ്യൂട്ടര്‍ നാശകോടാലിയിപ്പോയി (പോയതല്ല, പോക്കിയതാണ്. ഈ ഫോട്ടോയെടുത്തപ്പോളുള്ള സിറ്റുവേഷന്‍ ഹരീഷ് ഫോണില്‍ വിവരിച്ചു. അത് നല്ല രസമാണ്.
ഫോട്ടോ എടുക്കുന്ന കാര്യമെങ്ങാനും മീന്‍കാരി അറിഞ്ഞിരുന്നുവെങ്കില്‍ ചീത്തവിളി ഉറപ്പ്. അല്ലെങ്കിലും നാട്ടുകാരെ ഫോട്ടോയിലാക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം. തല്ല്, ചീത്തവിളി എന്തും സംഭവിക്കാം. പോരാത്തതിനു ഫോറസ്റ്റ് ഗാര്‍ഡിന്റെ സംരക്ഷണവും. ഈ ഫോട്ടോ ഹരീഷ് ബോട്ടിലിരുന്ന് എടുത്തതല്ല. കരയില്‍ നിന്നു തന്നെ എടുത്തതാണ്. പക്ഷേ മീന്‍കാരി അറിയാതെ അവരെ ഫ്രെയിമിന്റെ നടുക്കുതന്നെ വച്ചു കാച്ചി.
ശരിയാണ്. നമ്മള്‍ ടെക്നിക്കല്‍ ഡീറ്റയിത്സിനെപ്പറ്റി പറയുന്നു. യഥാര്‍ത്ഥ സിറ്റുവേഷനില്‍ നമ്മള്‍ പറയുന്ന രീതിയിലൊരു ഫ്രെയിം കമ്പോസ് ചെയ്യുവാന്‍ സാധിക്കുമായിരുന്നില്ല.സാരമില്ല ഹരീഷേ, അടൂത്ത തവണ തേക്കടിയില്‍ പോകുമ്പോള്‍ ഒരു മീന്‍കാരി മോഡലിനെ തൊടുപുഴയില്‍ നിന്നു കൊണ്ടുപോകൂ. എന്നിട്ട് ഫോട്ടോ എടുക്കൂ. :)
ആരും അറിയാത്തത് നന്നായി. ഇല്ലെങ്കില്‍ ഹരീഷ് ഭൂതകാലമായി മാറിയേനേ...
ശരിയാണ്. യഥാര്‍ഥ സിറ്റുവേഷനില്‍ എല്ലാ ടെക്ക്നിക്കത്സുംനോക്കി പടം പിടിക്കാനൊന്നും പറ്റിയെന്ന് വരില്ല. പിന്നെ നമുക്ക് ചെയ്യാന്‍ പറ്റുന്നത് കിട്ടിയഫോട്ടോ റിവ്യൂ ചെയ്ത് എന്തൊക്കെ ചെയ്താല്‍ നന്നാകുമായിരുന്നു എന്നൊരു പഠനം. അത്രേള്ളൂ.
അടുത്ത തവണ മീന്‍കാരി മോഡലിന്റെ (തൊടുപുഴയില്‍ നിന്ന് കൊണ്ടുപോകുന്ന കക്ഷി :) ) പടം എടുക്കുമ്പോള്‍ ഈ പാഠങ്ങള്‍ എല്ലാം ഹരീഷിന് ഉപകാരപ്പെടട്ടെ...
Appu & kuttu
ellam kaanunnundu vaayikkunnunudu. comments visadamaayi pinne ezhuthaam. its very good discussions. nadakkatte
ഇങ്ങിനെ ഒരു കീറിമുറിക്കലിലൂടെ മാത്രമേ തെറ്റുകള്‍ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ. സപ്തന്‍ പോസ്റ്റുചെയ്ത ആ ക്രോപ്പ് മറ്റുള്ളവയേക്കാളും കൂടുതല്‍ നന്നായി തോന്നി.
ഹരീഷിന് ശരിയായി കമ്പോസ് ചെയ്യാൻ സമയം കിട്ടിയില്ല എന്ന് പറഞ്ഞിരുന്നു. ഇനി കുറച്ചു സമയത്തിനുള്ളിൽ തന്നെ ഈ റൂൾ ഓഫ് തേർഡ് ഒക്കെ വെച്ച് കമ്പോസ് ചെയ്യാൻ സാധിക്കും എന്ന് വിശ്വസിക്കുന്നു. എല്ലാവരും ഇങ്ങനെയുള്ള തെറ്റുകളിൽ നിന്നാണ് പഠിക്കുന്നത്. ഒരു പ്രൊഫഷൽ ഫോട്ടോഗ്രാഫർ എടുക്കുന്ന എല്ലാ ഷോട്ടുകളും നല്ലതായിരിക്കണമെന്നില്ല, പക്ഷേ നല്ലതു മാത്രമേ വെളിയിൽ കാണിക്കാറൊള്ളൂ.
ഇനിയുള്ള ഫോട്ടൊഗ്രാഫിയുടെ വളർച്ചയിൽ ഒരു അമേച്ച്വർ ഫോട്ടോഗ്രാഫർക്ക് ചെയ്യേണ്ടി വരുന്നത് ‘ ഫ്രെയിം കമ്പോസ്സിങ്ങ്’ മാത്രമായിരിക്കും. ഇപ്പോൾ തന്നെ ഏതാണ്ട് ആ അവസ്ഥയിലായിട്ടുണ്ട്. സ്നോ, സിൽഹൌട്, വൈകുന്നേരം, രാത്രി..അങ്ങനെ പല പല പ്രീ പ്രോഗ്രാമുകൾ നിറഞ്ഞ ഡി എസ് എൽ ആറുകൾ വിപണിയിൽ ലഭ്യമാണ്. അതു കൊണ്ട് ഇങ്ങനെയുള്ള വിശകലനങ്ങൾ ക്യാമറ ഉപയോഗിക്കുന്ന ഒട്ടനവധിയാളുകൾക്ക് ഉപകാരപ്രദമാകും. കമ്പോസിങ്ങിൽ തന്നെയുള്ള റൂൾ ഓഫ് തേർഡ്, ലീഡ് ലൈനുകൾ, പാറ്റേൺ, ടെക്സ്റ്ററുകൾ, പോട്രേറ്റ് ഫോട്ടോഗ്രഫി, ഫ്രെയിം നിറക്കൽ(fill frame), റൂൾ ഓഫ് തേർഡ് - ബ്രേക്കിങ്ങ്, ഡെപ്ത് ഓഫ് ഫീൽഡ് ഉപയോഗം, ഷട്ടർ സ്പീഡ് , ഫില്ല് ഫ്ലാഷ് ഉപയോഗങ്ങൾ ഇവയൊക്കെ ഓരോന്നോരോന്നായി ഇവിടെ ഉദാഹരണം സഹിതം വിവരിക്കാൻ ശ്രമിക്കണം.
ഒരു നിർദ്ദേശമുള്ളത് - വിമർശനത്തിനായി ഫോട്ടോകൾ സ്വീകരിക്കുമ്പോൾ എന്താണ് ഫോട്ടോഗ്രാഫർ മനസ്സിലുദ്ദേശ്ശിച്ചത്, ഫോട്ടോ എടുത്ത സാഹചര്യം ഇവയെ കുറിച്ച് ചെറുതായി ഒന്നു വിശദീകരിക്കണം എന്നാവശ്യപ്പെടണം.
പഴയ ബൂലോക ഫോട്ടോ ക്ലബ് ഒന്നു പൊടി തട്ടിയെടുക്കുന്ന കാര്യം അപ്പുവിനോട് ചർച്ച ചെയ്തു തുടങ്ങിയതായിരുന്നു, അപ്പോഴാ കുട്ടു ഇതുമായി വരുന്നത്. ആരെങ്കിലും നല്ല സമയം ചിലവൊഴിച്ചെങ്കിൽ മാത്രമേ ഇങ്ങനെയുള്ള ബ്ലോഗുകൾ കൊണ്ടു നടത്താൻ സാധിക്കൂ. ഇപ്പോ കുട്ടുവും അപ്പുവും ഹരീഷുമൊക്കെ ആയില്ലേ, പതുക്കെ മത്സരങ്ങൾ, അസ്സൈന്മെന്റ്റുകൾ മറ്റു പല പ്രൊജക്റ്റുകൾ ഇവയൊക്കെ ഫോട്ടോക്ലബിൽ വീണ്ടും തുടങ്ങാം.
ഫോട്ടോഗ്രാഫി മത്സരം ആരംഭിക്കണം സപ്താ. അതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. ബ്ലോഗിൽ ഇങ്ങനെ ഒരു സൌഹൃദ മത്സരം സംഘടിപ്പിക്കുന്നതിനെപ്പറ്റി കൈപ്പള്ളിയുമായി കാര്യമായി ചർച്ചകൾ നടത്തിയിരുന്നു. ഉടൻ തന്നെ അത് ആരംഭിക്കാം എന്നു കരുതുന്നു.
ഫോട്ടോകൾ അയച്ചു തരുന്നവരൊട് ഫോട്ടോ എടുത്ത സാഹചര്യവും അവരുദ്ദേശിച്ചതെന്താണെന്നു വിശദീകരിക്കുവാൻ ആവശ്യെപ്പെടുന്നുണ്ട്. ഇപ്പോൾ തന്നെ കുറെയെറേ ഫോട്ടോകൾ ലഭിച്ചു കഴിഞ്ഞു. അവയിൽ നിന്ന് ഞങ്ങൾ ഉദ്ദേശിക്കുന്ന പാഠങ്ങൾക്ക് പാകമായ രീതിയിലുള്ള ചിത്രങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നതാണ്. സപ്തന്റെ നിർദ്ദേശങ്ങളും സപ്പോർട്ടുകളും തുടർന്നും പ്രതീക്ഷിക്കുന്നു.
ഗൊള്ളാം. പിന്നെ വന്നു കാര്യമായി നോക്കാം
അപ്പു, കുട്ടു; വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!
അവസാനത്തെ വെർട്ടിക്കൽ ക്രോപ്പിംഗ് നന്നായിട്ടുണ്ട്.
ഹരീഷിനെ ഈ വഴി കണ്ടേയില്ലല്ലൊ...
കമ്പൂട്ടര്‍ ശരിയായില്ലേ?
വളരെ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങള്‍!പോസ്റ്റ് പൂര്‍ണമാകുന്നത് അതിന്റെ കമന്റുകള്‍ കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ ആണ്.. നന്ദി
പടമെടുത്ത ഹരീഷ് എവിടെ ? ഓനെ മാത്രം കാണാനില്ലല്ലോ ?
മുന്‍പൊരു ദിവസം ടച്ച് റിവറിന്റെ (തൊടുപുഴ) സൈഡിലിരുന്ന് ടച്ചിങ്ങ്സ് തൊട്ടുനക്കിക്കൊണ്ട് പടം പിടുത്തത്തിന്റെ കമ്പ്ലീറ്റ് ഗുട്ടന്‍സും ഓന് ഞമ്മള് രഹസ്യായിട്ട് പറഞ്ഞ് കൊടുത്തതാ. എന്നിട്ടിപ്പോ ഞമ്മന്റെ പേര് ചീത്താക്കാനായിട്ട് ....ഓനെ ഞമ്മളൊന്ന് നേരിട്ട് കാണട്ടെ. ആ പൂട്ടുകുറ്റി തല്ലിപ്പൊട്ടിച്ചിട്ട് ബാക്കി കാര്യം :)
ടോപ്പിക്ക് :- അപ്പൂ. എല്ലാറ്റിനേം പടം പിടുത്തക്കാരാക്കിയേ അടങ്ങൂ അല്ലേ ? തോട്ടുവക്കത്തിരുന്ന് പെണ്ണൂങ്ങള്‍ക്ക് മാനം മര്യാദയ്ക്ക് ചൂണ്ടയിടാനും പറ്റാണ്ടാകും അല്ലേ ? :)
Post a Comment