Thursday, July 16, 2009

സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി

ഈ പോസ്റ്റിന് സിറ്റി ലൈറ്റ് ഫോട്ടോഗ്രാഫി എന്നു തന്നെ പേരിടാൻ ഒരു കാരണമുണ്ട്. വലിയ സിറ്റികളിലെ രാത്രിക്കാഴ്ചകൾ കൃത്രിമപ്രകാശത്തിന്റെ പ്രഭാപൂരത്തിലായിരിക്കും എന്നറിയാമല്ലോ. അനവധി സ്ട്രീറ്റ് ലൈറ്റുകളുടെയും, മറ്റു ഇലക്ട്രിക് ലൈറ്റുകളുടെയും ഇടമുറിയാതെയുള്ള പ്രകാശധാരയിൽ കുളിച്ചാവും ഏതൊരു മെട്രോപ്പോലിറ്റൻ സിറ്റിയും രാത്രികാലങ്ങളിൽ കാണപ്പെടുക. ഇലക്ട്രിസിറ്റിക്ക് യാതൊരു ക്ഷാമവുമില്ലാതത ഗൾഫ് നാടുകളിൽ രാത്രികാലങ്ങളിലെ സിറ്റിലൈറ്റുകൾ ഒരു കാഴ്ചതന്നെയാണ്. അംബരചുംബികളായ കെട്ടിടങ്ങളുടെ പ്രതിബിംബങ്ങൾ ഉണ്ടാ‍ക്കുവാൻ പാകത്തിന് അവയ്ക്കുമുമ്പിൽ ഒരു ജലാശയമുണ്ടെങ്കിൽ പറയാനുമില്ല!

ദുബായിയിലുള്ള ജോസ് ഏബ്രഹാം എന്ന ഫോട്ടോഗ്രാഫർ അയച്ചു തന്ന ഒരു ചിത്രമാണ് ഈക്കുറി നാം അവലോകനം ചെയ്യുവാൻ പോകുന്നത്. ദുബായിയിലെ ക്രീക്കിന്റെ ഒരു ഭാഗമാണ് രംഗം. ഒരു നദിപോലെ നഗരത്തിനുള്ളിലൂടെ കടന്നുപോകുന്ന ഒരു ജലപാതയാണ് ക്രീക്ക്. ഇതിലെ ജലം കടൽ വെള്ളമാണെന്നുമാത്രം. ദുബായ് ക്രീക്കിനിരുവശത്തുമായി ദേര, ബർദുബായ് എന്നീ നഗരങ്ങൾ സ്ഥിതിചെയ്യുന്നു.



രാത്രികാലങ്ങളിൽ ക്രീക്കിന്റെ ഓരങ്ങളിൽ നിന്നുള്ള കാഴ്ച അതിമനോഹരമാണ്. ഈ ഫോട്ടോയിൽ കാണുന്നത് ബർദുബായ് സൈഡിൽ നിന്നുകൊണ്ട് കാണുന്ന ദേരസിറ്റിയുടെ ഭാഗമാണ്. വൈദ്യുതദീപങ്ങളാൽ അലംകൃതമായി ഈ ഫോട്ടോയിൽ കാണപ്പെടുന്ന കെട്ടിടങ്ങൾ എത്തിസാലാത് ബിൽഡിംഗ്, ലെ മെറിഡിയൻ ഹോട്ടൽ, നാഷനൽ ബാങ്ക് ഓഫ് ദുബായ്, ചേംബർ ഓഫ് കൊമേഴ്സ് തുടങ്ങിയവയാണ്.

ഈ ചിത്രം പകർത്തിയിരിക്കുന്നത് കാനന്റെ ഫുൾ ഫ്രെയിം സെൻസർ ക്യാമറയായ 5D ഉപയോഗിച്ചാണ്. EF 28-70 mm ലെൻസ് 43 mm എന്ന ഫോക്കൽ ലെങ്തിൽ സെറ്റ് ചെയ്തിരിക്കുന്നു. ചിത്രത്തിന്റെ എക്സ്പോഷർ ഡേറ്റ ഇപ്രകാരമാണ്.

  • ISO 400,
  • Shutter speed 1 second,
  • അപ്പർച്ചർ സൈസ് f/4

ക്യാമറ ട്രൈപ്പോഡിൽ ഉറപ്പിച്ചാണ് ഫോട്ടോ എടുത്തത്. കുറഞ്ഞ ലൈറ്റിൽ ഫോട്ടോഗ്രാഫി ചെയ്യുമ്പോഴൊക്കെ ട്രൈപ്പോഡ് ഉപയോഗിക്കുക തന്നെ വേണം. എങ്കിൽ മാത്രമേ shake-free ഇമേജ് ലഭിക്കുകയുള്ളൂ. ഇത്രയും തുറന്ന അപ്പർച്ചറിൽ (f/4) ഇതുപോലെയൊരു സീൻ ഷാർപ്പായി കിട്ടുമോ, ഇതിനേക്കാൾ ചെറിയ ഒരു അപ്പർച്ചർ അല്ലേ ഇവിടെ നല്ലത് എന്നു സംശയം തോന്നുന്നവർ ഹൈപർ ഫോക്കൽ ഡിസ്റ്റൻസ് എന്ന കൺസെപ്റ്റ് വായിച്ചു പഠിക്കുക. മലയാളത്തിൽ അത് വായിക്കുവാൻ താല്പര്യമുള്ളവർക്ക് ഇവിടെ വായിക്കാം.

ഈ ചിത്രം പകർത്തിയിരിക്കുന്ന സമയം സന്ധ്യാസമയമാണ്. ത്രിസന്ധ്യ എന്നു പറയാം. സൂര്യാസ്തമയം കഴിഞ്ഞു, എന്നാൽ ചക്രവാളത്തിൽ നിന്ന് പൂർണ്ണമായും പ്രകാശം അപ്രത്യക്ഷമായിട്ടില്ലതാനും. രാത്രികാല സിറ്റി ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ ഒരു സമയമാണിത്. കാരണം, സിറ്റിയിലുള്ള വൈദ്യുതവിളക്കുകൾ പൂർണ്ണമായും കെട്ടിടങ്ങളുടെ ഭിത്തികളെ പ്രകാശിപ്പിക്കുകയില്ല. അതേ സമയം ചക്രവാളത്തിൽ നിന്നുവരുന്ന നേർത്ത സൂര്യപ്രകാശം (ഇത് Reflected and diffused light ആണെന്നോർക്കുക) കെട്ടിടങ്ങളിലുള്ള ലൈറ്റുകളുടെ പ്രകാശത്തെ Compliment ചെയ്യും. ഈ ചിത്രം എടുത്തിരിക്കുന്ന രംഗത്തിന്റെ പ്രത്യേകത, ഇവിടെ സൂര്യാസ്തമയം കഴിഞ്ഞ ചക്രവാളം ഫോട്ടോഗ്രാഫറുടെ പിറകിലാണ് എന്നതാണ്. അതായത് ഈ കെട്ടിടങ്ങൾ പടിഞ്ഞാറോട്ട് മുഖമായാണ് ക്രീക്ക് സൈഡിൽ നിൽക്കുന്നത്. അതുകൊണ്ടാണ് ഇത്രയും ഭംഗിയായി Twilight ഈ ചിത്രത്തിൽ ഉപയോഗിക്കുവാൻ കഴിഞ്ഞിട്ടുള്ളത്.

കാനൻ 5D എന്ന ഈ ക്യാമറ ഒരു 35 mm Full frame സെൻസർ ക്യാമറ ആയതിനാലാണ് 43mm എന്ന ഫോക്കൽ ലെങ്ത് ഉപയോഗിക്കുവാനായത്. Entry level SLR with 1.5 crop factor ആയിരുന്നു എങ്കിൽ, ഇതേ ആംഗിളിൽ ഒരു ചിത്രം ലഭിക്കുവാൻ 28 mm ഫോക്കൽ ലെങ്ത് ഉപയോഗിക്കേണ്ടി വന്നേനേ. ISO 400 @ 1 second എന്ന സെറ്റിംഗ് ആയതിനാൽ നോയിസ് വളരെ കുറവാണെന്നതും ശ്രദ്ധിക്കുക. ടെക്നിക്കലായി മറ്റു പ്രശ്നങ്ങളൊന്നും ഈ ചിത്രത്തിനില്ല.

ഇനി ഈ ചിത്രത്തിന്റെ കമ്പോസിംഗ് ഒന്നു പരിശോധിക്കാം. അവിടെയും കുറ്റങ്ങളായി അധികമൊന്നും പറയാനില്ല. എങ്കിലും എനിക്ക് തോന്നിയ ചിലകാര്യങ്ങൾ പറയട്ടെ. ചിത്രത്തിന്റെ Horizontal orientation അത്ര നേരെയല്ല എന്നതാണ് ആദ്യമായി കണ്ണിൽ പെടുന്ന കാര്യം. ക്രീക്കിലെ ജലത്തിന്റെ അങ്ങേ അരിക് ശ്രദ്ധിക്കൂ. വലത്തേക്ക് പോകും തോറും ഒരു ചെരിവുണ്ട് അല്ലേ? ട്രൈപ്പോഡിൽ ക്യാമറ ഉറപ്പിച്ചപ്പോൾ ഫോട്ടോഗ്രാഫർ ശ്രദ്ധിക്കാതെപോയ വളരെ നേരിയ ഒരു ചെരിവാണത്. ഇത് വളരെ എളുപ്പത്തിൽ ഫോട്ടോഷോപ്പിലെ Rotate image എന്ന ടൂൾ ഉപയോഗിച്ച് പരിഹരിക്കാം. ഇവിടെ 1° Clockwise റൊട്ടേഷൻ നൽകി.

ചിത്രത്തിന്റെ ലംബമായ അരികുകൾ ശ്രദ്ധിച്ചാൽ മറ്റൊരു ലെൻസ് ഡിസ്റ്റോർഷൻ കണ്ണിൽ പെടും. കെട്ടിടങ്ങളുടെ അരികുകളും ഫ്രെയിമിന്റെ അരികും തമ്മിൽ മുകളിലേക്ക് പോകുംതോറും അകന്നുപോകുന്നതായി തോന്നുന്നില്ലേ. ഇതാണ് പെർസ്പെക്റ്റീവ് ഡിസ്റ്റോർഷൻ - കാഴ്ചയിലുണ്ടാകുന്ന ഡിസ്റ്റോർഷൻ. ഇതു പരിഹരിക്കുവാനുള്ള ഒരു ടൂളും ഫോട്ടോഷോപ്പ് ഫിൽറ്ററുകളുടെ കൂട്ടത്തിലുണ്ട്. Lense Correction എന്നാണിതിന്റെ പേര്. ഇത് ഉപയോഗിച്ച് ചിത്രം നേരെയാക്കുക.



ഇനി നമുക്കു വേണ്ട രീതിയിൽ ചിത്രത്തെ ക്രോപ്പ് ചെയ്യാം. ചിത്രത്തിന്റെ ഒറിജിനൽ Aspect ratio ആയ 2:3 തന്നെ ഉപയോഗിക്കുന്നതാണ് ഭംഗി. ഇപ്രകാരം മാറ്റിയെടുത്ത ചിത്രമാണ് താഴെയുള്ളത്. മറ്റു രീതിയിലുള്ള കളർ കറക്ഷനുകളൊന്നും തന്നെ നടത്തിയിട്ടില്ല.



സിറ്റിലൈറ്റ് / രാത്രികാല ചിത്രങ്ങളെടുക്കുമ്പോൾ ഓർത്തിരിക്കേണ്ട കാര്യങ്ങൾ:

  • ഫ്രെയിമിൽ ചലിക്കുന്ന വസ്തുക്കൾ ഇല്ലെങ്കിൽ കുറഞ്ഞ ISO സെറ്റിംഗ് മതിയാവും. നോയിസ് കുറയ്ക്കാൻ ഇത് സഹായകമാണ്.
  • ക്യാമറ ട്രൈപ്പോഡിലോ, മറ്റേതെങ്കിലും ഉറപ്പുള്ള പ്രതലത്തിലോ വച്ച് മാത്രം ലോ-ലൈറ്റ് ഫോട്ടൊഗ്രാഫി ചെയ്യുക.
  • ക്യാമറ അനങ്ങുന്നത് -ട്രൈപ്പോഡിൽ ആണെങ്കിൽ കൂടി - ഒഴിവാക്കാൻ ഒന്നുകിൽ റിമോട്ട് ഉപയോഗിക്കാം. അല്ലെങ്കിൽ സെൽഫ് ടൈമർ സെറ്റ് ചെയ്യാം.
  • Twilight ഉപയോഗിക്കാൻ പറ്റുന്ന സമയമാണെങ്കിൽ അത് ഉപയോഗിക്കുക. പൂർണ്ണമായും രാത്രിയായതിൻ ശേഷം എടുക്കുന്ന ചിത്രങ്ങളേക്കാൾ ഇവ നന്നായിരിക്കും.
  • വൈഡ് ആംഗിൾ ഷോട്ടൂകൾ എടുക്കുമ്പോൾ ചിത്രത്തിന്റെ ഫോർഗ്രൌണ്ടിൽ കുറേ സ്ഥലം വിടുന്നത് ഡെപ്ത് കൂട്ടിക്കാണിക്കുവാൻ ഉപകരിക്കും. എന്നാൽ ചിത്രവുമായി ചേരാത്ത വസ്തുക്കൾ ഈ ഫോർഗ്രൌണ്ടിൽ വരാതെ നോക്കുക.
ഇത്രയുമാണ് ഈ ചിത്രത്തിന്റെ അവലോകനമായി എനിക്ക് പറയുവാനുള്ളത്. ഇനി വായനക്കാരുടെ അഭിപ്രായങ്ങൾ കേൾക്കട്ടെ. ഇവിടെ അഭിപ്രായങ്ങൾ എഴുതുന്നവരാരും “ഞാനൊരു തുടക്കക്കാരനാണ്, അതിനാൽ അഭിപ്രായം പറയാൻ അറിയില്ല” എന്നു വിചാരിക്കേണ്ടതീല്ല. നിങ്ങളുടെ അഭിപ്രായങ്ങൾ തുറന്നെഴുതാം. മറ്റുചിത്രങ്ങളെ നിങ്ങളുടേതായ കാഴ്ചപ്പാടിലൂടെ പഠിക്കുന്നതിലൂടെമാത്രമേ നിങ്ങൾക്കും നല്ല ഫോട്ടോഗ്രാഫർ ആകുവാൻ കഴിയുകയുള്ളൂ എന്നോർക്കുമല്ലോ.

- അപ്പു

26 comments:

Appu Adyakshari July 16, 2009 at 9:02 AM  

നൈറ്റ് / സിറ്റിലൈറ്റ് ഫോട്ടോഗ്രാഫിയെപ്പറ്റി ഒരു പാഠം.

ശ്രീ July 16, 2009 at 9:39 AM  

തുടരട്ടെ... ശ്രദ്ധിയ്ക്കുന്നുണ്ട്

Unknown July 16, 2009 at 11:16 AM  

ഈ ചിത്രത്തില്‍ ഫോക്കസ് പോയിന്റ്‌ എവിടെയാണ് വരുന്നതെന്ന് പറയാമോ. ക്യാമറയില്‍ നിന്നും മറുകരയിലെ ബില്‍ടിങ്ങിലെക്ക് ഏകദേശം എത്ര ദൂരം കാണും? Hyper focal length ഏകദേശം 50 feet ആയിരിക്കുമല്ലോ. DOF പാഠം പ്രാക്ടിക്കല്‍ സൈഡില്‍ നിന്നുകൊണ്ട്‌ ഒന്ന് വിശകലനം ചെയ്യാന്‍ മാത്രം..

Appu Adyakshari July 16, 2009 at 11:22 AM  

ഏകലവ്യൻ, പഠിക്കുന്ന കാര്യങ്ങൾ വീണ്ടൂം കാണുന്ന ചിത്രങ്ങളിൽ സൂക്ഷനിരീക്ഷണം ചെയ്യുന്നതിന് അഭിനന്ദനങ്ങൾ. ക്രീക്കിന്റെ വീതി 50 അടിയല്ല. അതിലും കൂടുതലുണ്ട്. ഏകദേശം 200 - 250 (600 feet) മീറ്ററെങ്കിലും ഉണ്ടാവും ഈ ഭാഗത്ത്. ക്യാമറയുടെ ആംഗിൾ കാരണം വെള്ളത്തിന്റെ ഭൂരിഭാഗം ഫോർഗ്രൌണ്ടിൽ വരാഞ്ഞതാണ് - എന്നാൽ വന്നിട്ടുമുണ്ട്.

ലെൻസിന്റെ ഈ സെറ്റിംഗിലെ ഹൈപ്പർ ഫോക്കൽ ഡിസ്റ്റൻസ് 50 അടിയാണ്. ഫോക്കസ് ചെയ്തിരിക്കുന്ന പോയിന്റ് എതിർവശത്തെ ഏതെങ്കിലും ബിൽഡിംഗിൽ തന്നെയാവും. എവിടെയായാലും ഡെപ്ത് ഓഫ് ഫീൽഡിന്റെ ഫാർ എന്റ് ഇൻഫിനിറ്റി തന്നെ, ഈ ഫ്രെയിമിൽ.

Appu Adyakshari July 16, 2009 at 11:30 AM  

ഏകലവ്യൻ, ഒരു കാര്യം കൂടി പറയട്ടെ. ഇവിടെ ഫോക്കസ് പോയിന്റ് 600 അടി ദൂരെയായിരുന്നു എന്നു കരുതുക. ഫോർഗ്രൌണ്ട് ഷാർപ്നെസ് ആരംഭിക്കുന്നത് 46 അടിയിൽനിന്നാണെന്നും ശ്രദ്ധിക്കൂ. അപ്പോൾ ഈ ഫ്രെയിമിൽ ഫോർഗ്രൌണ്ടിനു പ്രശനമില്ലല്ലോ.

bright July 16, 2009 at 12:40 PM  

@ അപ്പു ,
I think that was not barrel distortion.Just a perspective distortion which is really not a distortion but a physical reality.(like converging railway lines)Barrel distortion is outward bulging of the verticals(just like a barrel)The opposite is pincushion distortion.I think someone using a Canon 5D will have enough sense to get distortion free optics.If he is guilty of using inferior bargain lens along with his 5D,he should be summarily executed for his crime against photography,camera confiscated and given to me;-)

Now jokes apart, my suggestions are

----- since we are already doing long exposure photography why not do an extreme long exposure photography?Use ISO100,f/22.We will get exposure of several seconds.Even better,If you have access to 'variable aperture filter' try exposures of few minutes.

The benefits are(1) the water surface will become smooth and mirror like.The moving water will even out and the reflections will become more prominent and less disturbing.(2)By using small aperture point light sources like the beacon lights will appear star shaped(3) Less flaring or 'blooming' of light sources.

------Try changing the white balance of the picture or even better try different settings for different parts of the photo.(assuming it was shot in RAW.Again shooting only jpegs with a 5D is an unpardonable crime:-)

-----A very dark blue for the sky will be better.

Appu Adyakshari July 16, 2009 at 12:58 PM  

ബ്രൈറ്റ് !

ഇത്രയും ഐഡിയകൾ ഇവിടെ പറഞ്ഞതിനു നന്ദി. എനിക്കും ഈ ഫോട്ടോഗ്രാഫറെ നേരിൽ അറിയില്ല :) മെയിൽ / ഫോൺ വഴിയൂള്ള പരിചയം മാത്രം. കാനൻ 5ഡി വാങ്ങി ഉപയോഗിക്കുന്നയാളുടെ ഫോട്ടോ ഇവാലുവേറ്റ് ചെയ്യാൻ ഇറങ്ങിത്തിരിച്ചത് തന്നെ മടിയോടെയാണ്!

ഒരു കാര്യം മാത്രം ഇക്കൂട്ടത്തിൽ ദുബായിയിൽ എപ്പോഴും നടക്കാത്തതായി ഉണ്ട്. ബ്ലൂ സ്കൈ - അത് നവംബർ - ഡിസംബർ മാസങ്ങളിൽ മാത്രം കിട്ടുന്ന ഒന്നാണ്. അല്ലാത്തപ്പോഴെല്ലാം ഗൾഫ് നാടുകളിൽ നരച്ച, ഒരൽ‌പ്പം പൊടിനിറഞ്ഞ, അന്തരീക്ഷമായിരിക്കും ഉണ്ടായിരിക്കുക.

ജോസ്, ബ്രൈറ്റ് പറഞ്ഞ ബ്രൈറ്റ് ഐഡിയകൾ ഒന്നു ശ്രമിച്ചു നോക്കുമല്ലോ.

കുട്ടു | Kuttu July 16, 2009 at 1:47 PM  

നല്ല പടം.
നന്നായി അവലോകനം ചെയ്തിരിക്കുന്നു.
ഞാന്‍ പറയാന്‍ വന്ന കാര്യം ക്രോപ്പിയപ്പോള്‍ ശരിയാകുകയും ചെയ്തു.

എന്തായാലും, പറയാന്‍ വന്നത് ഇവിടെ പറയാം
1. രണ്ടു വശവും ചെറുതായി ഒന്ന് ക്രോപ്പ് ചെയ്താല്‍ അപൂര്‍ണ്ണമായി നില്‍ക്കുന്ന കെട്ടിടവും, ബോട്ടും എഴിവാക്കാം
2. ഡിസ്റ്റോര്‍ഷന്‍ കറക്റ്റ് ചെയ്യുക.

വേറെ ഒരു കുഴപ്പവും പടത്തിനില്ല. നല്ല പടം. അഭിനന്ദങ്ങള്‍ ജോസ്..

Unknown July 16, 2009 at 1:57 PM  

Thank you Bright for your comments and suggestion. It's a prespective distortion which is not corrected in post processing.

I have taken this shot with a Canon 28-70 2.8L Lens which is considered as one of the best lens from Canon.

I thought of taking long exposure with small apearture at ISO 100 but relectunt when I realized that the illuminated boats anchored by the side of the creek were moving rapidly in the wind. It would not have been possible to capture the edges of the boat with a long exposure. Another concern was the wind which shakes even the sturdiest tripod during a long exposure.

During Nov - Dec. when the sky is blue and the atmosphere is clear and calm, I will be trying your suggestions - followed by some posts for evaluation.

Appu, camera is insignificant when it comes to photography. It is the idea and how you view the scene is more important. So, please don't hesitate to evluate and comment on my pictures.

Thank you both for giving me the tips.

ദീപക് രാജ്|Deepak Raj July 16, 2009 at 4:58 PM  

ഈ ചിത്രത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്നു തോന്നിയില്ല. പ്രത്യേകിച്ചും അല്പം ക്രോപ്പി അവസാനം കൊടുത്ത ചിത്രത്തിന്. എന്റെ ഒരു കാഴ്ചപ്പാട്‌ എഴുതട്ടെ. ആസ്വാദനവും സൗന്ദര്യത്തിന്റെ കാഴ്ചപ്പാടുകളും ഓരോരുത്തരിലും ഓരോന്നായിരിക്കും എന്നത് കണക്കിലെടുക്കുമെന്ന് കരുതുന്നു. ജോസ് ഉപയോഗിച്ച ലെന്‍സില്‍ 24-70mm മുഴുവന്‍ വൈഡ്‌ ആയി (24mm) സെറ്റ് ചെയ്തു ഒരു 16:9 ഫോര്‍മാറ്റില്‍ ഒരു ചിത്രമെടുത്താല്‍ കൂടുതല്‍ നന്നായിരിക്കും എന്ന് എനിക്ക് തോന്നുന്നു. ഇത് എടുത്ത ചിത്രവുമായി നടത്തുന്ന കമന്റല്ല മറിച്ച് എടുക്കുവാന്‍ കഴിയുമായിരുന്ന ഒരു സാധ്യത പറഞ്ഞുവെന്നു മാത്രം. വശങ്ങളില്‍ ദൃശ്യഭംഗിയുള്ളതും ചിത്രത്തിന്‍റെ ഫ്രേമില്‍ ഉള്‍പ്പെടുത്താവുന്നതുമായ കെട്ടിടങ്ങള്‍ ഉണ്ടാവുമെന്ന കണക്കുകൂട്ടലാണ് ഈ കമന്റിനു പിന്നില്‍.

ഓഫ് : യൂ.എ.ഇ.യില്‍ ജോലി ചെയ്തിട്ടുണ്ടെങ്കിലും ദുബായ് കാണാന്‍ കഴിഞ്ഞിട്ടില്ല.

ദീപക് രാജ്|Deepak Raj July 16, 2009 at 4:59 PM  

ഈ ചിത്രങ്ങള്‍ ഒക്കെ കണ്ടുകഴിഞ്ഞപ്പോള്‍ ഇനി ഫോട്ടോ ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടാന്‍ ഉള്ള ധൈര്യം കിട്ടുന്നില്ല.

Unknown July 16, 2009 at 5:19 PM  

ദീപക് രാജ്, തീര്‍ച്ചയായും ബ്ലോഗില്‍ ചിത്രങ്ങള്‍ ഇടേണം. വിരൂപത ഉണ്ടെങ്കില്‍ അല്ലേ സൌന്ദര്യം ഉള്ളൂ...!
ഓ.ടോ: അതുകൊണ്ടല്ല കേട്ടോ ഞാന്‍ ബ്ലോഗ്‌ തുടങ്ങിയത്..!

bright July 16, 2009 at 6:43 PM  

Regarding the blue sky what I meant was camera probably was set to auto white balance.Sky has a muddy look.Auto white balance give 'neither here nor there' results in these kind of mixed lighting. Using daylight white balance might be better.Even better will be using tungsten white balance for the sky(to counter reddish twilight rays reflecting on dust particles in the sky)and daylight white balance for the buildings and lights(for its warm tones).You can easily do it in photoshop.No need to be precise,because there is no single 'correct' white balance for these kind of pictures.One more suggestion will be cropping it in a panoramic format.Remember to try a real panorama next time.

Now that Appu called my ideas bright,I have a reputation to keep;-)

കുട്ടു | Kuttu July 16, 2009 at 7:10 PM  

സപ്തന്റെ കമന്റ്:

ഡിസ്ക്ലെമറുകൾ
-------------
1. എന്റെ അഭിപ്രായം / വിമർശനം വ്യക്തിപരമല്ല.
2. എന്തിനു വേണ്ടി എടുത്ത ചിത്രമാണ് എന്നും അറിയാതെയാണ് ഈ അഭിപ്രായം എഴുതുന്നത്.

കാനോൺ 5 ഡി + 28-70 എഫ് 2.8 എൽ സീരീസിലെ ലെൻസ് – ഇവ രണ്ടും ഉപയോഗിക്കുന്നയാൾ ഇങ്ങനെയൊരു ചിത്രം എടുത്തത് എന്തു ഉദ്ദേശ്ശത്തിനാണെന്ന് മനസ്സിലാകുന്നില്ല. എന്റെ അഭിപ്രായത്തിൽ ഈ ഷോട്ടിൽ സാ‍ങ്കേതികമായി ഒരു തെറ്റുമില്ല, പക്ഷെ ഇതു ഒരു വെറും സാധാ ഷോട്ടാണ്. ഒന്നിനും ഒരു പ്രാധാന്യം കിട്ടാത്ത ഒരു ഷോട്ട്. ആസ്വാദകനിൽ എന്തെങ്കിലും ഒരു ഫീൽ ഉണ്ടാക്കാൻ ഈ ചിത്രത്തിന് കഴിയുമോ എന്നു ഞാൻ സംശയിക്കുന്നു. അപ്പു പോസ്റ്റിൽ എഴുതിയതു പോലെ twilight ഇന്റെ ഒരു ഫീൽ എനിക്ക് ലഭിക്കുന്നില്ല. ഒരു തരം ഫ്ലൂറസെന്റ് വെളിച്ചങ്ങളുടെ വൈറ്റ് ബാലൻസ് മഞ്ഞ മൂടിയ ഒരു ഫീലാണ് എനിക്ക് കിട്ടുന്നത്. ജോസ് പറഞ്ഞതു പോലെ ആ ബോട്ടിന്റെ അറ്റം ഷാർപ്പായി കിട്ടുമ്പോൾ , ഈ ഫ്രെയിമിന് അത് എങ്ങനെ ഭംഗി കൂട്ടുന്നു എന്ന് ഒരു ശങ്ക! പിന്നെ ആകാശം – അതിൻ കുറിച്ച് പറഞ്ഞു കഴിഞ്ഞെല്ലോ.

Appu Adyakshari July 16, 2009 at 7:23 PM  

ഓകെ.... ഓകെ ... സത്യസന്ധമായ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും നന്ദി. ഇനി അടുത്ത തവണ ജോസ് ഒരു പനോരമ ഷോട്ടിനു ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും ഈ സ്ഥലത്തിന്റെ കിടപ്പുവശവും ക്രീക്കിന്റെ ഇരു കരകളിലുമായി മിക്കപ്പോഴും “പാര്‍ക്ക് ചെയ്തിരിക്കുന്ന” പലവിധ ആഡംബര ബോട്ടുകളും കാരണം ഈ ഒരു ഏരിയമാത്രമേ ഇത്രയെങ്കിലും ഒറ്റഫ്രെയിമില്‍ കിട്ടുകയുള്ളൂ എന്ന് എനിക്ക് അറിയാം ജോസേ :) എങ്കിലും ഇവിടെ അഭിപ്രായം പറഞ്ഞ ദീപക് രാജ്, ബ്രൈറ്റ് എന്നിവരുടെ ആഗ്രഹം പോലെ അങ്ങനെയൊരു ഷോട്ടിനു ശ്രമിക്കും എന്നു പ്രതീക്ഷിക്കുന്നു.

ദീപകിനോട് മറ്റൊരു കാര്യം പറയട്ടെ. ഇതു ഫുള്‍ ഫ്രെയിം ക്യാമറ ആയതിനാല്‍, 1.5 ക്രോപ് ഫാക്റ്റര്‍ ഉള്ള സാധാരണ SLR കളീല്‍ നാം കാണുന്ന 28 mm നു Equivalent ആണ് ഈ 43 mm.

സപ്തന്റെ അഭിപ്രായത്തെപ്പറ്റി:

കാനന്‍ 5D കൈവശമുള്ള ആള്‍ എന്തിനാണ് ഈ ഫോട്ടോ എടുത്തത് എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ? അങ്ങനെയുള്ള ഒരാള്‍ എല്ലാ ഫോട്ടോകളും ക്രിയേറ്റീവ് സ്റ്റൈലില്‍ എടുക്കണമെന്നുണ്ടോ സപ്താ! മെഴ്സിഡിസ് ബെന്‍സ് ഉള്ള ഒരാള്‍ നടന്നു പോവുന്നതെന്തിന്, അല്ലെങ്കില്‍ ഓട്ടോ റിക്ഷയില്‍ കയറിയതെന്തിന് എന്നു ചോദിക്കുന്നതുപോലെയാണല്ലോ ഇത് :)

കാനന്‍ 5D വാങ്ങിയ ആള്‍ കൈയ്യില്‍ ആവശ്യത്തിനു കാശുള്ള ഒരു Enthusiast ആണെങ്കിലോ? ഇഷ്ടം പോലെ പരീക്ഷണങ്ങള്‍ അതില്‍ തന്നെ ചെയ്യും അല്ലേ? ജോസ് അങ്ങനെയുള്ള ഒരാളാണെന്നു കരുതുന്നു (ഉറപ്പില്ല കേട്ടോ)

ദീപക് രാജ്|Deepak Raj July 16, 2009 at 8:18 PM  

അപ്പുച്ചേട്ടാ,
Canon 5D ഫുള്‍ഫ്രേം ആയതുകൊണ്ട് 24mm ഒരു വൈഡ്‌ ലെന്‍സ്‌ ആയി ഉപയോഗിക്കാം എന്നറിയാം. കാരണം ഇതേ ലെന്‍സ്‌ കാനന്‍ ക്രോപ് സെന്‍സര്‍ ഉള്ള കാമറയില്‍ ഉപയോഗിക്കുമ്പോള്‍ ഈ പറഞ്ഞ 43mm (Crop factor in canon 1.6X) ആയി പോവും. അങ്ങനെ ഒരു സാഹചര്യത്തില്‍ (using Cropped sensor camera ) കിറ്റ് ലെന്‍സ്‌ (18-55mm) അല്ലെ ഒരു വൈഡ്‌ ആങ്കിള്‍ ഫോട്ടോയ്ക്കായി ഉപയോഗിക്കൂ. (കിറ്റ് ലെന്‍സിന്റെയും ഇവിടെ ഉപയോഗിച്ചിരിക്കുന്ന L സീരീസ്‌ ലെന്‍സിന്റെയും ക്ലാരിറ്റി വെത്യാസം അറിയാഞ്ഞിട്ടല്ല. കൂടുതല്‍ ഏരിയ കവര്‍ ചെയ്യും എന്നരീതിയില്‍ ആണ് പറഞ്ഞത്. അതല്ല 5D ഉപയോഗിക്കുന്നവര്‍ 16-35mm or 17-40mm അള്‍ട്ര വൈഡ്‌ വേണ്ടി വന്നാല്‍ ഉപയോഗിച്ചോളുമല്ലോ) ഈ സാഹചര്യത്തില്‍ ജോസിന്റെ കൈയിലുള്ള ലെന്‍സിന്റെ മാക്സിമം വൈഡ്‌ ആയ 24mm ഉപയോഗിക്കാമായിരുന്നൂ എന്നെ ഞാന്‍ പറഞ്ഞതിന് അര്‍ത്ഥം ഉള്ളൂ. എടുത്ത പ്രദേശത്തിന്റെ വശങ്ങള്‍ അത്ര ഭംഗിയുണ്ടായിരിക്കും എന്ന് കരുതി.

അതുപോലെ സപ്തന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പും പറയട്ടെ. എന്റെ ഫോട്ടോഗ്രാഫി നിലവാരം വെച്ച് നോക്കിയാല്‍ ഒരു പോയിന്റ്‌ ആന്റ് ഷൂട്ട്‌ കാമറ കൊണ്ടുനടക്കാനുള്ള വിവരമേയുള്ളൂ. പിന്നെ ബ്രിഡ്ജ് കാമറയും എസ്.എല്‍.ആര്‍. കാമറയും വാങ്ങിയത് ഉപയോഗിച്ച് പഠിക്കാമല്ലോ എന്നുള്ള ധാരണയും കൊണ്ടാണ്. പലപ്പോഴും കാമറ വാങ്ങുന്നവര്‍ നമ്മുടെ സാഹചര്യം അനുസരിച്ച് വാങ്ങാവുന്നതില്‍ ഏറ്റവും മികച്ചതെന്ന് തോന്നുന്നത് വാങ്ങുകയാണ് പതിവ്‌. പതിയെ പതിയെ പഠിച്ചു നന്നാവാന്‍ ശ്രമിക്കും എന്നതാണ് ശരി. ഒരു എസ്.എല്‍.ആറില്‍ എങ്ങനെ ലെന്‍സ്‌ മാറണം എന്നുപോലും അറിയില്ലായിരുന്നു. കൈയില്‍ കിട്ടിയപ്പോള്‍ പതിയെ പതിയെ പഠിച്ചെടുത്തു. അല്ലെങ്കില്‍ പഠിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോഴും എല്ലാ ഫീചെഴ്സ്സും ഉപയോഗിക്കാന്‍ പൂര്‍ണമായി ഉപയോഗിക്കാന്‍ അറിയില്ല. ഇങ്ങനോക്കയല്ലേ നമ്മള്‍ പഠിയ്ക്കുന്നത്. എല്ലാവരും ഇങ്ങനെ ആണെന്നല്ല എന്റെ കാര്യം പറഞ്ഞുവെന്നെ ഉള്ളൂ. ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവാണ് കാമറ വാങ്ങുന്നതിനുള്ള മാനദണ്ഡം എങ്കില്‍ അപ്പുച്ചേട്ടന്‍ 1Ds Mark3 മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ . ഇപ്പോള്‍ 30D ആണെന്നാണ്‌ അറിവ്‌.

Appu Adyakshari July 16, 2009 at 8:42 PM  

ദീപക് പറഞ്ഞു :“ഫോട്ടോഗ്രാഫിയില്‍ ഉള്ള കഴിവാണ് കാമറ വാങ്ങുന്നതിനുള്ള മാനദണ്ഡം എങ്കില്‍ അപ്പുച്ചേട്ടന്‍ 1Ds Mark3 മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ . ഇപ്പോള്‍ 30D ആണെന്നാണ്‌ അറിവ്‌“

ദീപക്, മനുഷ്യരെ ഓവര്‍ എസ്റ്റിമേറ്റ് ചെയ്യുമ്പോള്‍ ഒരു പരിധിയൊക്കെയാവാം കേട്ടോ! ബ്ലോഗില്‍ ഇനി ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ എനിക്ക് ഭയമാകാന്‍ തുടങ്ങീ. :) സത്യം

കുട്ടു | Kuttu July 16, 2009 at 8:44 PM  

സപ്തന്റെ മറുപടി കമന്റ്:

My comments to response of the comments which i read thru reader!

Appu,
For that combination is a professional one, especially with the 28-70 L series lens of f2.8( this is more professional type used by portrait specialists - normally for amateur enthusiasts, the 2.8 lens will be of 80-200 :), so I was wondering!

Jose,
Can you mention what you wanted to capture in this shot?

As I mentioned before there is no point in discussing without knowing the intention of the photographer. If the photographer wants the boats to be clear in that frame, then he has done it, but if he wanted the city scape to come into picture , then the exposure approach needs to be changed.

Noticed bright's comment on WB. So he also got my feel on the WB in this picture :)

കുട്ടു | Kuttu July 16, 2009 at 8:55 PM  

FYI,
Exif data of this picture:

Make - Canon
Model - Canon EOS 5D
ExposureTime - 1 seconds
FNumber - 4
ExposureProgram - Aperture priority
ISOSpeedRatings - 400
ShutterSpeedValue - 1/1 seconds
ApertureValue - F 4.00
ExposureBiasValue - 0
MeteringMode - Partial
Flash - Flash not fired, compulsory flash mode
FocalLength - 43 mm
ExposureMode - Auto
White Balance - Auto
SceneCaptureType - Standard

പൈങ്ങോടന്‍ July 17, 2009 at 1:07 AM  

പോസ്റ്റും പിന്നെ എല്ലാ കമന്റുകളും വായിച്ചപ്പോല്‍ കുറെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

ഒരു ചെറിയ അപ്പേര്‍ച്ചര്‍ -വലിയ അപ്പേര്‍ച്ചര്‍ നമ്പര്‍- ഉപയോഗിച്ച് ഒരു ലോങ്ങ് എക്സ്പോഷര്‍ ഷോട്ടായിരിക്കും കൂടുതല്‍ നന്നാവുക എന്നാണ് ഞാന്‍ പറയാന്‍ വന്നത്. അത് ബ്രൈറ്റ് പറയുകയും അതിനു കഴിയാതിരുന്ന സാഹചര്യം ജോസ് വിശദീകരിക്കുകയും ചെയ്ത സ്ഥിതിക്ക് ഇനി അതില്‍ പിടിച്ചു തൂങ്ങുനില്ല :)

ഒരു ചിത്രത്തിനെ പല ചതുരങ്ങളായി ഭാഗിച്ച് ഓരോ ചതുരത്തിലും പല വൈറ്റ് ബാലന്‍സും അപ്പേര്‍ച്ചറും,ഷട്ടര്‍ സ്പീഡും സെറ്റ് ചെയ്യാന്‍ കഴിയുന്ന ഒരു ക്യാമറ ഉണ്ടാക്കിയാല്‍ നല്ല മാര്‍ക്കറ്റായിരിക്കുമല്ലേ ഹ ഹ ഹ

Unknown July 17, 2009 at 7:00 AM  

കാനോൻ 5 ഡി ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഉദ്ദേശിച്ചത് ആ ക്യാമറയുള്ളവർ ഒരു പ്രത്യേകനിലവാരത്തിലുള്ള ചിത്രങ്ങളെ എടുക്കാവൂ എന്നൊന്നുമല്ല. എന്റെ ഊഹത്തിൽ ഏതോ അസ്സൈന്മെന്റ് ന്റെ ഭാഗമായി എടുത്ത ചിത്രം പോലെ തോന്നി.

കുട്ടു | Kuttu July 17, 2009 at 9:13 AM  

സപ്തന്‍:
ചിലപ്പോ ഒരു ടെസ്റ്റ് ഷോട്ട് ആയിരിക്കും - സാധാരണ ഒരു സിറ്റിലൈറ്റ് ഷോട്ട്. ഇതില്‍ ആകാശം അത്ര മോശമാണെന്ന അഭിപായം എനിക്കില്ല. ഈ ഒരു ആംബിയന്‍സില്‍ ഉള്ള പടങ്ങള്‍ കണ്ടിട്ടുണ്ട്. Raw കോപ്പി ഉണ്ടെങ്കില്‍ വിവിധവൈറ്റ് ബാലന്‍സുകള്‍ ഫോട്ടോഷോപ്പില്‍ നമുക്കൊന്ന് ചെയ്ത് നോക്കാമായിരുന്നു

ജോസ്:
ഇതിന്റെ Raw കോപ്പി (ഉണ്ടെങ്കില്‍) ഒന്നയച്ചുതരാമോ?

ത്രിശ്ശൂക്കാരന്‍ July 17, 2009 at 3:19 PM  

ഈ ചിത്രം post processing ചെയ്തപ്പോള്‍ Posterization വന്നിട്ടുണ്ടോ എന്ന് തോന്നുന്നു. ആകാശം നോക്കിയാല്‍ കാണുന്നത്.

ഓ .ടോ. മലയാളത്തില്‍ നിന്ന് english ലെക്ക് മാറാന്‍ ഏതെങ്കിലും റ്റോഗിള്‍ കീ ഉണ്ടെങ്കില്‍ പറഞ്ഞുതരണേ..(KEYMAN, MOZHI)

Appu Adyakshari July 18, 2009 at 9:54 PM  

തൃശ്ശൂര്‍ക്കാരാ, മലയാളം ഇംഗീഷ് ടോഗിള്‍ കീ ഗൂഗിള്‍ ഇന്‍ഡിക് ട്രാന്‍സ്‌ലിറ്ററേഷനില്‍ മാത്രമേ കണ്ടിട്ടുള്ളൂ Ctrl + G ആണത്. വരമൊഴിയിലും കീമാനിലും ഇതില്ല. വരമൊഴിയില്‍ ഒരു ഡബിള്‍ ബ്രായ്ക്കറ്റിനുള്ളില്‍ {ഇംഗ്ലീഷ്} എഴുതിയാല്‍ ഇംഗ്ലീഷ് അക്ഷരങ്ങള്‍ തന്നെ കിട്ടും

Viswaprabha July 19, 2009 at 3:53 AM  

കീമാൻ ഉപയോഗിക്കുമ്പോൾ പെട്ടെന്നു് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും ടൈപ്പിങ്ങ് മോഡ് മാറ്റാൻ വളരെ എളുപ്പമാണു്.

കീമാൻ കോൺഫിഗറേഷനിൽ ഇതിനുവേണ്ടി നമുക്ക് ഷോർട്ട്കട്ട് കീ സെറ്റ് ചെയ്തുവെക്കാം.

ടാസ്ക്ബാറിൽ കീമാന്റെ ഐക്കണിൽ റൈറ്റ് ക്ലിക്ക് ചെയ്യുക. എന്നിട്ട് Keyman Configuration... ക്ലിക്ക് ചെയ്യുക. ആദ്യത്തെ ടാബിൽ തന്നെ (installed keyboards) മൊഴി കീമാപ്പ് ടിക്ക് ചെയ്ത് വലതുവശത്ത് അതിനുയോജിച്ച കീ തെരഞ്ഞെടുക്കുക.
അതിനു ശേഷം ഓപ്ഷൻസ് എന്ന രണ്ടാമത്തെ ടാബില്‍ ക്ലിക്ക്‌ ചെയ്തു് keyboard hotkeys toggle keyboard activation എന്നതും അതിനുകീഴെയുള്ള start keyman with windows എന്നതും ടിക്ക് ചെയ്യുക. ഒടുവിൽ OK അമർത്തി കീമാൻ കോൺഫിഗറേഷൻ വിൻഡോ അടയ്ക്കുക.
(മിക്ക അവസരങ്ങളിലും ഇങ്ങനെ കോൺഫിഗറേഷൻ മാറ്റിയാൽ കീമാൻ വീണ്ടും ഉപയോഗിക്കാൻ ഉടനെത്തന്നെ വിൻഡോസ് ഒന്നു റീസ്റ്റാർട്ട് ചെയ്യേണ്ടി വരും. ഇതു് കീമാന്റെ തന്നെ ഒരു പ്രശ്നമാണു്. അതുകൊണ്ട് വിൻഡോസ് ഒന്നു റീസ്റ്റാർട്ട് ചെയ്താൽ തരക്കേടില്ല.)

ഇത്രയും കഴിഞ്ഞാൽ ധൃതിയിൽ ടൈപ്പു ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ മൌസ് ഉപയോഗിക്കാതെ കീബോർഡുകൊണ്ടുതന്നെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മാറിക്കൊണ്ടിരിക്കാം.


ഓരോരുത്തരുടേയും ഇഷ്ടമനുസരിച്ച് മിക്കവാറും ഏതു കീയും ഈ ഷോർട്ട്കട്ട് ആയി ഉപയോഗിക്കാവുന്നതാണു്. എന്നിരുന്നാലും ഏറ്റവും സൌകര്യം എന്ന നിലയ്ക്കു് ഞാൻ നിർദ്ദേശിക്കുക ആൾട്ട്(Alt), ` എന്നീ കീകൾ ആണു്. ` എന്നതു് സാധാരണ US കീബോർഡുകളിൽ Tab കീയ്ക്കു മുകളിൽ, 1 എന്ന കീയുടെ ഇടതുവശത്തു്, Esc എന്ന കീയുടെ കീഴെ ആണു കാണപ്പെടുക. അത്തരം കീബോർഡുകളിൽ ഇടത്തെ തള്ളവിരലും നടുവിരലും ഉപയോഗിച്ച് വളരെപെട്ടെന്നുതന്നെ ഇംഗ്ലീഷും മലയാളവും ടോഗിൾ ചെയ്തുപയോഗിക്കാൻ ശീലമാക്കാം.
(ചില കീബോർഡുകളിൽ ഈ കീ (`) വലത്തേ ഷിഫ്റ്റ് കീയ്ക്കുസമീപമാവും ഉണ്ടാവുക. അത്തരം അവസരങ്ങളിൽ വലത്തേ തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിക്കാം.)

ത്രിശ്ശൂക്കാരന്‍ July 19, 2009 at 10:40 PM  

Thanks, നന്ദി എന്തുകൊണ്ടോ ` ഈ key എന്റെ keyboard ല്‍ work ചെയ്യുന്നില്ല. Combination ഒന്നു മാറ്റി നോക്കിയപ്പോള്‍ ശരിയായി. അപ്പുവിനും വിശ്വപ്രഭയ്ക്കും നന്ദി.

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP