Tuesday, July 21, 2009

ബേര്‍ഡ് ഫോട്ടോഗ്രാഫി

Photobucket


ഈ പടത്തെപ്പറ്റിയും, പടം എടുത്ത സാഹചര്യങ്ങളെ പറ്റിയും ദീപക് തന്നെ പറയുന്നത് കേള്‍ക്കൂ

ഈ പടം എന്റെ പാനസോണിക് കാമറയില്‍ എടുത്തതാണ് (bridge camera 28-504 effective focal length). സ്ഥലം ഡബ്ലിനിലെ ഒരു പാര്‍ക്ക്‌. സമയം ഉച്ചനേരം. ഞാന്‍ ഫോട്ടോ എടുക്കാന്‍ ആഗ്രഹിക്കുന്ന ഈ കൊക്ക് അകലെ വെള്ളത്തില്‍ ഇരിക്കുന്നത് കണ്ടപ്പോഴാണ് ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നെ കണ്ടതും പറന്നുയര്‍ന്ന കൊക്ക് വീണ്ടും അങ്ങകലെ പറന്നിറങ്ങി ഇരുന്നപോഴാണ് ഈ ഫോട്ടോ എടുത്തത്. എന്റെ ശരീരം ഒളിപ്പിച്ചു ഇന്റെലിജെന്റ്റ്‌ ഓട്ടോമോഡില്‍ (പാനാസോണിക്കില്‍ ഫുള്‍ ഓട്ടോ മോഡിന്റെ പേര് ) ഇട്ടു എടുത്തതാണ്. അതുകൊണ്ട് ഫ്രേമില്‍ വരുന്ന ചില ഇലകളും മറ്റും ഒബ്ജെക്റ്റ്‌ അല്പം ഡിസട്രാക്റ്റ് ആക്കുന്നുണ്ട്‌.അതുപോലെ ഈ വെള്ളത്തില്‍ പലയിടത്തും മറ്റുകിളികള്‍ ഉണ്ടായിരുന്നു. അതും ഒരു പ്രശ്നം ആയിരുന്നു. (കാണാന്‍ അധികം ഭംഗിയില്ലാത്ത ആ കിളികള്‍ എന്നെ കണ്ടാല്‍ പറക്കും എന്നത് ഒരു പ്രശ്നം. രണ്ടു അത്തരം കിളികള്‍ ഫ്രേമില്‍ വന്നാല്‍ ഈ കൊക്കിന്റെ പ്രാധാന്യം ഇല്ലാതെയാവുകയോ ശ്രദ്ധ അതിലേക്കു പോവുകയോ ചെയ്യും. അതാണ് ഇങ്ങനെ പോട്രൈറ്റ് മോഡില്‍ ഫോട്ടോ എടുത്തതിന്റെ ഒരു കാരണം. രണ്ടാമത് ഉയരം കൂടുതലുള്ള കിളികളെ ലാന്‍ഡ്‌സ്കെപ്‌ മോഡില്‍ എടുക്കുന്നതിനെക്കാള്‍ പോട്രൈറ്റ് മോഡില്‍ എടുക്കുന്നത് കൂടുതല്‍ ഭംഗിയാവും എന്നതാണ് അനുഭവം.- ഇതും സന്ദര്‍ഭം അനുസരിച്ചാണ്.അതും പോട്രൈറ്റ് മോഡില്‍ എടുക്കാന്‍ കാരണമായി.

ടെക്നിക്കല്‍ ഡാറ്റ:

ExposureTime - 1/125 seconds
FNumber - 4.20
ExposureProgram - Normal program
ISOSpeedRatings - 125
MeteringMode - Multi-segment
LightSource - Auto
Flash - Flash not fired, compulsory flash mode
ExposureMode - Auto
White Balance - Auto
Contrast - Normal
Saturation - Normal
Sharpness - Normalഈ പടത്തിലെ പ്രശ്നങ്ങളെപ്പറ്റി ദീപക്ക് തന്നെ മുകളില്‍ എഴുതിയിരിക്കുന്നു. ചെറിയ ചില പ്രശ്നങ്ങളൊഴിച്ചാല്‍, നല്ലൊരു പടമാണിത്. എന്റെ നിരീക്ഷണങ്ങള്‍ ചുവടെ:

1. ഉയരം കൂടിയ പക്ഷികളെ വെര്‍ട്ടിക്കല്‍ കോമ്പോസിഷനില്‍ എടുക്കുമ്പോള്‍ ക്രോപ്പിങ്ങ് - പ്രത്യേകിച്ചും പ്രതിബിംബം കൂടി പടത്തില്‍ ഉള്‍പ്പെടുത്തേണ്ടി വരുമ്പോള്‍ - ബുദ്ധിമുട്ടാകും.

2. മുളകളുടെ ഇലകള്‍, ചുള്ളിക്കമ്പുകള്‍, ഫോട്ടോയുടെ മുകളിലെ റോഡ്, മണ്‍തിട്ട, വെള്ളത്തിലെ വെളുത്ത പൊട്ടുകള്‍ - എന്നിവ ഒരല്‍പ്പം ഡിസ്ട്രാക്റ്റിങ്ങ് ആണ്. ഇത് ദീപക്ക് തന്നെ മുകളില്‍ പറഞ്ഞുകഴിഞ്ഞു. ഇലകള്‍ മാത്രമാണെങ്കില്‍ അത്ര പ്രശ്നമുണ്ടാകുമായിരുന്നില്ല. പടവുമായി ബാലന്‍സ് ചെയ്ത് പോയേനേ. Subject Isolation സാധിക്കാതെ വന്നതിന്റെ പ്രശ്നങ്ങളാണിവ.


ഇനി നമുക്ക് ഈ പടത്തിലെ അനാവശ്യ ഭാഗങ്ങളൊന്ന് ക്രോപ്പ് ചെയ്തു നോക്കാം.

എല്ലാ ക്രോപ്പിങ്ങിലും ചുള്ളിക്കമ്പുകളുടേയും ഇലകളുടേയും ഭാഗങ്ങള്‍ വന്നിട്ടുണ്ട്. കോമ്പോസിഷന്‍ മാക്സിമം നന്നാക്കിയും, അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കിയുമുള്ള ക്രോപ്പിങ്ങ് പരീക്ഷണമാണ് ഇതെല്ലാം. കൂടുതല്‍ നല്ല ക്രോപ്പിങ്ങ് ചെയ്യാം എന്ന് വായനക്കാര്‍ക്ക് തോന്നുന്നുവെങ്കില്‍ ദയവായി ശ്രമിക്കുമല്ലോ.Photobucket

ദീപക്ക് പറഞ്ഞ പോലെ ഒരു വെര്‍ട്ടിക്കല്‍ ക്രോപ്പിങ്ങ്. പ്രതിബിംബം സഹിതം


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു horizontal frame


Photobucket

പ്രതിബിംബം ഒഴിവാക്കിയൊരു vertical frame


Photobucket

കുറച്ചുകൂടി tight ക്രോപ്പിങ്ങ്.പക്ഷികളുടെ ഫോട്ടോ എടുക്കുമ്പോള്‍

1. കഴിവതും raw മോഡില്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുക. എടുക്കുന്ന സമയത്ത് വൈറ്റ് ബാലന്‍സ് തെറ്റാണെങ്കിലും, post processing - ല്‍ കറക്റ്റ് ചെയ്യാന്‍ സാധിക്കും.

2.ക്യാമറ Burst mode - ല്‍ ഇട്ട് ഷൂട്ട് ചെയ്യുക. സെക്കന്റില്‍ 2 ഫ്രെയിം മുതല്‍ 6 ഫ്രെയിം വരെയൊക്കെ സപ്പോര്‍ട്ട് ചെയ്യുന്ന ക്യാമറകള്‍ ഉണ്ട്. ഫോക്കസ് ചെയ്തതിനുശേഷം രണ്ടോ മൂന്നോ സെക്കന്റ് സമയം ബട്ടന്‍ ഞെക്കിപ്പിടിച്ചിരിക്കുക. ഏതെങ്കിലും ഒരു ഫ്രെയിമെങ്കിലും ഷേക്ക് ഇല്ലാതെ കൃത്യമായി കിട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഒന്നും കിട്ടിയില്ലെങ്കിലും നിരാശപ്പെടണ്ട. വീണ്ടും ശ്രമിക്കുക.

3. അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. DOF-നെ വരുതിയില്‍ നിര്‍ത്താന്‍ അത് സഹായിക്കും. Sports മോഡിലും പരീക്ഷിക്കാവുന്നതാണ്.

4. Subject Isolation - പലപ്പോഴും കഴിഞ്ഞെന്ന് വരില്ല. എങ്കിലും ശ്രമിക്കുക.

5. കൃത്യമായി ഫോക്കസ് ചെയ്യുക.

6. ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക - നിരാശകൂടാതെ, ക്ഷമയോടെ ശ്രമിച്ചുകൊണ്ടേയിരിക്കുക.

ആശംസകള്‍..

- കുട്ടു
for c4Camera

24 comments:

Editor, C4Camera July 22, 2009 at 10:02 AM  

ബേര്‍ഡ് ഫോട്ടോഗ്രാഫിയെപ്പറ്റി ഒരല്‍പ്പം

the man to walk with July 22, 2009 at 1:05 PM  

interesting, worth reading

ദീപക് രാജ്|Deepak Raj July 22, 2009 at 3:20 PM  

അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഷൂട്ട് ചെയ്യുന്നതാണ് നല്ലത്. DOF-നെ വരുതിയില്‍ നിര്‍ത്താന്‍ അത് സഹായിക്കും കുട്ടു പറഞ്ഞ ഈ കാര്യം വളരെ സത്യമാണ്. എസ്.എല്‍. ആര്‍ ഉപയോഗിക്കുമ്പോള്‍ ഞാന്‍ അതാണ്‌ ചെയ്യുന്നത്. പക്ഷെ ഈ ക്യാമറയില്‍ ഒറ്റക്കൈയില്‍ പിടിച്ചുള്ള ഇരിപ്പില്‍ ചിലപ്പോള്‍ ക്യാമറ ഷേക്ക്‌ ഉണ്ടാവാറുണ്ട്. (കാമറ ലൈറ്റ്‌ ആണല്ലോ)
ചുറ്റും ഒന്ന് ബ്ലര്‍ ആക്കി എടുത്താല്‍ കൊക്കിനെ കൂടുതല്‍ ശ്രദ്ധിക്കും എന്ന് തോന്നുന്നു.

EKALAVYAN | ഏകലവ്യന്‍ July 22, 2009 at 3:31 PM  

നാലാമത്തെ ക്രോപ്പിംഗ് ആണ് എനിക്ക് ഇഷ്ടപെട്ടത്, വെള്ളത്തിലെ വെള്ള പൊട്ടുകള്‍ അല്‍പ്പം അലോസരപ്പെടുതുന്നുണ്ടെങ്കില്‍ കൂടി. പാറ്റയുടെയും പക്ഷിയുടെയും പടം പിടിക്കുമ്പോള്‍, കുട്ടു പറഞ്ഞ പോലെ "ശ്രമിക്കുക, ശ്രമിക്കുക, ശ്രമിക്കുക - നിരാശകൂടാതെ, ക്ഷമയോടെ ശ്രമിച്ചുകൊണ്ടേയിരിക്കുക" എന്നത് തന്നെയാണ് ഏറ്റവും പ്രധാനമെന്ന് തോനുന്നു. രണ്ടാമത് നമ്മുടെ വസ്ത്ര വിധാനത്തിലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, കടും നിറത്തിലുള്ള വസ്ത്രങ്ങളും മറ്റും ഒഴിവാക്കിയാല്‍നല്ലത്.

കുട്ടു | Kuttu July 22, 2009 at 4:03 PM  

ദീപക്ക്:
വളരെ ശരിയാണ്. ക്യാമറ burst മോഡില്‍ ഇട്ടിട്ട് എടുത്താല്‍ മതി. കുറെയൊക്കെ ശരിക്കും കിട്ടും. ഞാന്‍ പലപ്പോഴും ചെയ്യാറുണ്ട് അത്. പ്രത്യേകിച്ചും പൂമ്പാറ്റകള്‍, തുമ്പി, പക്ഷികള്‍ തുടങ്ങിയവയുടെ പടം എടുക്കുമ്പോള്‍..

ദീപക് രാജ്|Deepak Raj July 22, 2009 at 4:15 PM  

ഏകലവ്യന്‍ പറഞ്ഞ ഒരു കാര്യം വളരെ പ്രാധാന്യമുള്ളതാണ്. പെട്ടെന്ന് പക്ഷികള്‍ക്കും അതുപോലെ മൃഗങ്ങള്‍ക്കും ശ്രദ്ധിക്കാന്‍ കഴിയുന്ന വസ്ത്രധാരണം ഒഴിവാക്കുന്നതും നല്ലതായിരിക്കും. മൃഗശാലകളില്‍ പ്രശ്നമില്ലെങ്കിലും വനത്തിലും പാര്‍ക്കുകളിലും പ്രധാനകാര്യം തന്നെ. അടുത്തിടെ ലെന്‍സ്‌ വാങ്ങാന്‍ പോയതില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ ഉടനെ ഒരു പോസ്റ്റായി ഇടുന്നുണ്ട്. അതും ചിലര്‍ക്ക് ഉപയോഗപ്പെട്ടേക്കും എന്ന് തോന്നുന്നു. ഒരു വൈല്‍ഡ്‌ ലൈഫ്‌/ പക്ഷി ഫോട്ടോ സെറ്റ്അപ്പിനായി ലെന്‍സ്‌ നോക്കുന്നുണ്ട്. അപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ആണത്. ചിലക്കെങ്കിലും ഉപയോഗപ്പെട്ടേക്കും എന്ന് കരുതുന്നു.

ദീപക് രാജ്|Deepak Raj July 22, 2009 at 4:17 PM  

കുട്ടു
തീര്‍ച്ചയായും. തുമ്പികള്‍, ചിത്രശലഭങ്ങള്‍ എന്നിവയെ ഞാന്‍ ഇവിടെ വന്നിട്ട് ഇതുവരെ കണ്ടിട്ടില്ല. ഇനി നാട്ടില്‍ വന്നിട്ട് വേണം ഇവയുടെ ഫോട്ടോകള്‍ എടുക്കാന്‍

കുട്ടു | Kuttu July 22, 2009 at 4:50 PM  

ഒരു കാര്യം പറയാന്‍ വിട്ടുപോയി.

പക്ഷികളുടെ പടം എടുക്കുമ്പോള്‍, ക്യാമറയുടെ ഓട്ടോ ഫോക്കസ് ഉപയോഗിക്കാതെ മാനുവല്‍ മോഡ് ഉപയോഗിക്കുക. ഓട്ടോ-മോഡില്‍ ടെലി-ലെന്‍സ് കറങ്ങിത്തിരിഞ്ഞ് ഫോക്കസ് ചെയ്യുന്ന സമയത്തിന്റെ നാലിലൊന്ന് മതി മാന്വല്‍ മോഡില്‍ ഫോക്കസ് ചെയ്യാന്‍.

ദീപക് രാജ്|Deepak Raj July 22, 2009 at 5:08 PM  

http://brahmasthram.blogspot.com/

പരസ്യം ഇട്ടെന്നു കരുതരുത്. ഇത് വായിക്കുന്ന ചിലര്‍ക്കെങ്കിലും ഉപകാരം ആവും എന്ന് കരുതിയാണ് ഇതിട്ടത്. ഈ പോസ്റ്റ്‌ ഒന്ന് നോക്കുമല്ലോ.

ത്രിശ്ശൂക്കാരന്‍ July 22, 2009 at 5:14 PM  

ബേര്‍ഡ് ഫോട്ടോഗ്രാഫിയെക്കൂറിച്ച് എഴുതിയത് നന്നായി. കുറച്ച് കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാമെന്ന് തോന്നി. നടക്കാന്‍ പോകുമ്പോള്‍ കാണുന്ന പക്ഷികളെ ക്ലിക്കുന്നതും പക്ഷികളെ ക്ലിക്കാന്‍ മാത്രം പോകുന്നതും രണ്ടാണ്. രണ്ടാമത്തേത് അല്‍പ്പം മെനക്കേടുണ്ടെന്ന് മാത്രം.

അത്യാവശം ആവശ്യമുള്ള സാധനങ്ങള്‍ :
1. zoom lens 200-500 range. ഇല്ലെങ്കില്‍ tele converter നല്ല option ആണ്.
2.ഏകലവ്യന്‍ പറഞ്ഞപോലെ വസ്ത്രം. കടുംനിറങ്ങള്‍ ഒഴിവാക്കി കഴിവതും സാഹചര്യങ്ങളുമായി ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രം.
3.tripod, shutter release
200-500 mm ഉള്ള ലെന്‍സുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഷട്ടര്‍ സ്പീഡ് വളരെ കുറയാന്‍ സാധ്യതയുണ്ട്, ഇതൊഴിവാക്കാന്‍ tripod, external shutter release ഉം ഉപയോഗിയ്ക്കാം.ഇതിന്‍ ഒരു പരിഹാരം ISO 400 വരെ ഉപയോഗിയ്ക്കുന്നതാണ്. ചിലര്‍ 1600 വരെ ഉപയോഗിച്ച് നല്ല ചിത്രങ്ങള്‍ എടുത്ത് കണ്ടിട്ടുണ്ട്.
4. polarization filter. പകത്സമയത്ത് ആവശ്യമില്ലാത്ത പ്രകാശത്തെ ഇതൊഴിവാക്കിത്തരും, മാത്രമല്ല colour saturation അല്‍പ്പം കൂടാനും സാധ്യതയുണ്ട്.
5.അതിരാവിലെ,അല്ലെങ്കില്‍ വൈകുന്നേരം 'golden hour' എന്നുവിളിയ്ക്കുന്ന സമയം ആണ് അത്യുത്തമം.
6.ഫോട്ടോ എടുക്കാനുദ്ദേശിയ്ക്കുന്ന പക്ഷികളുടെ പൊതുസ്വഭാവം മനസ്സിലാക്കുന്നത് വളരെ നല്ലത്. ചെറിയ പക്ഷികള്‍ പലപ്പോഴും പെട്ടെന്ന് നീങ്ങിക്കൊണ്ടിരിയ്ക്കും, മറിച്ച് വലിയ പക്ഷികള്‍, കൊക്കിനെപ്പോലെ, കുറെ നേരം അനങ്ങാതെ നിന്നുതരും. ഇന്റര്‍നെറ്റില്‍ നിന്ന് പക്ഷികളെക്കുറിച്ച് മനസ്സിലാക്കുകയും അവയുടെ ചിത്രങ്ങള്‍ കാണുകയും, മറ്റുള്ളവര്‍ ഏടുത്ത ചിത്രങ്ങള്‍ പരിശോധിച്ച് അതുപോലുള്ള ചിത്രങ്ങളോ, അതിനേക്കാള്‍ വ്യത്യസ്തമായ നല്ല ചിത്രങ്ങളോ എടുക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കുക. കാണുക കാണുക, പിന്നെയും കാണുക.
7. raw shoot, burst option എന്നിവ നല്ലതു തന്നെ.പറക്കുന്ന പക്ഷികളെ ചിത്രത്തിലാക്കുവാന്‍ burst shoot അല്ലെങ്ക്ങ്കില്‍ മള്‍ട്ടിപ്പിള്‍ എക്സ്പോഷര്‍ ഉപയോഗിയ്ക്കാം, മാത്രമല്ല,AI Servo തുടങ്ങിയ options പരിശീലിയ്ക്കുകയുമാവാം. അനങ്ങാതിരിയ്ക്കുന്ന പക്ഷികളെ single exposure option നില്‍ തന്നെ ഏടുക്കുന്നതാണ് നല്ലത്. പക്ഷി നല്ല ഫോകസ്സിലായിരിയ്ക്കുന്നതാണ് പ്രധാനം. process ചെയ്യാത്ത raw files computer ല്‍ കൂട്ടാനേ burst shot ഉപകരിയ്ക്കൂ(സ്വന്തം അനുഭവം).
8. Youtube ല്‍ ബേര്‍ഡ് ഫോഒട്ടോഗ്രാഫിയെക്കുറിച്ച് ലഭ്യമായ വീഡിയോകള്‍ കാണുക.
9.ഈ രംഗത്ത് പുതിയ ഒരു കാല്‍‌വെപ്പ് നടത്തിയത് പക്ഷിനിരീക്ഷകരാണ്. spotting scope എന്ന ദൂരദര്‍ശിനിയെ ക്യാമറയോട് ഘടിപ്പിച്ച് അതുവച്ച് 1600-2100 mm വരെയുള്ള ചിത്രങ്ങള്‍ ഏടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
http://www.digiscoped.com/ എന്ന site സന്ദര്‍ശിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും. നല്ല ക്ഷമ വേണ്ട ഒന്നാണ് ഈ രീതി. മാനുവല്‍ ഫോകസ്സിങ്ങ് ആണ് ഉപയോഗിക്കേണ്ടത്. നല്ല ചിത്രങ്ങള്‍ ഈ സൈറ്റില്‍ കാണാന്‍ കഴിഞ്ഞു.
10.പക്ഷികളെ ശല്യപ്പെടുത്താതെ ചിത്രമെടുക്കാന്‍ പരമാവധി ശ്രദ്ധിയ്ക്കണം. പ്രജനന കാലത്ത് പ്രതേകിച്ചും. പക്ഷികളുടെ മുട്ടയും മറ്റും ചിത്രത്തിലാക്കുന്നതും സൂക്ഷിച്ചുവേണം, മനുഷ്യസ്പര്‍ശമേറ്റ മുട്ടകളെ ചില പക്ഷികള്‍ പാടെ ഉപേക്ഷിയ്ക്കുമെന്ന് ചില നിരീക്ഷകര്‍ പറഞ്ഞറിവുണ്ട്.
11.കഴിയുന്നതും പക്ഷിനിരീക്ഷണകേന്ദ്രങ്ങളും bird sanctuary കളും സന്ദര്‍ശിയ്ക്കുക.
12. പക്ഷികള്‍ ഭൂമിയ്ക്ക് ലഭിച്ച വരദാനമാണ്, അവയെ ഫോട്ടോഗ്രാഫിയുടെ പേരില്‍ ശല്യം ചെയ്യുകയോ ഉപദ്രവിയ്ക്കുകയോ ചെയ്യരുത്. പല രാജ്യങ്ങളിലും പക്ഷിസംരക്ഷണ നിയമങ്ങള്‍ ശക്തമാണ്, ചില കാലയളവുകളില്‍ പക്ഷികളുടെ അടുത്ത് പോകുന്നതും ശല്യം ചെയ്യുന്നതും കടുത്ത കുറ്റമാണ്,REF: UK).

പക്ഷികളെ പലരീതിയില്‍ ചിത്രത്തിലാക്കാം. അവയുടെ natural environment ല്‍ ത്തന്നെ കാണിയ്ക്കുന്നതാണ് ഒരു രീതി. അവയൂടെ കൊക്ക്, തല, കണ്ണ് ,ചിറകുകള്‍ എന്നിവ മാത്രം കാണ്‍നിയ്ക്കുന്നതും ഒരു രീതിയാണ്.
അവ പറക്കുമ്പോഴും ലാന്റ് ചെയ്യുന്നതും നല്ല ചിത്രങ്ങളായിരിയ്ക്കും. natural environment ല്‍ കാണുന്ന പക്ഷിയെ crop ചെയ്ത് എടുക്കുന്നത് എനിയ്ക്ക് വ്യക്തിപരമായി താല്‍പ്പര്യമില്ലാത്ത ഒരു കാര്യമാണ്.Distractions crop ചെയ്ത് മാറ്റാം. Someday you will get a close up, then take it എന്നാണെന്റെ പോളിസി.

കുട്ടു | Kuttu July 22, 2009 at 7:16 PM  

സപ്തന്റെ കമന്റ്:

എപ്പോഴെങ്കിലും സമയവും സൌകര്യവും ഒത്തു കിട്ടുമ്പോൾ സാധിക്കാൻ വെച്ചിരിക്കുന്ന ആഗ്രഹങ്ങളിലൊന്നാണ് ബേർഡ് ഫോട്ടോഗ്രാഫി അഥവാ പക്ഷി പടം പിടുത്തം. ഫോട്ടോഗ്രാഫിയിലെ തന്നെ വളരെ വ്യത്യസ്തവും ബുദ്ധിമുട്ടേറിയതുമായ ഒരു മേഖലയാണ് ഈ പക്ഷി പടം പിടുത്തം. ഇത് എനിക്ക് ഒട്ടും പരിചയമില്ലാത്ത മേഖലയാണ്, കൈപ്പള്ളിയെ പോലുള്ള പക്ഷി പ്രേമികൾ കൂടുതൽ ടിപ്പ്സുമായി വരുമെന്ന് പ്രതീക്ഷിക്കാം. ഞാൻ വായിച്ചു മനസ്സിലാക്കിയ കുറച്ച് ടിപ്പ്സ് എഴുതാം.

1. ക്ഷമ, ഉത്സാഹം – ആവശ്യത്തിൽ കൂടുതൽ : അധികം പറയേണ്ട കാര്യമില്ലല്ലോ. പെട്ടന്ന് ചെന്ന് എടുത്തോണ്ടു വരാൻ സാ‍ധിക്കുന്ന കാര്യമല്ല, പക്ഷികളെ നമ്മുടെ ലെൻസിന്റെ പരിധിയിൽ അടുത്തു കിട്ടണം, ലൈറ്റിങ്ങ് നമ്മൾ ഉദ്ദേശിച്ച രീതിയിൽ വരണം (ലഭ്യമായ പ്രകാശത്തിന്റെ അളവ്, ദിശ ഇവയ്ക്കനുസരിച്ച് പടം പിടിക്കാൻ അറിഞ്ഞിരിക്കണം) , നമ്മുക്ക് ആവശ്യമുള്ള സമയം വരെ ലവന്മാർ അടങ്ങിയിരിക്കണം.. അങ്ങനെ ക്ഷമ പരീക്ഷിക്കുന്ന ഒരായിരം കാര്യങ്ങൾ, ഇവയിലൊന്നും തന്നെ നമ്മുടെ കൈയിലല്ല, അതു കൊണ്ട് ക്ഷമയും ഉത്സാഹവും നന്നായിട്ട് വേണം.

2. ട്രൈപോഡ് അല്ലെങ്കിൽ മോണോപോഡ് – നിർബന്ധമായും : നല്ല ഫോക്കൽ ദൂരത്തിൽ സൂം ചെയ്താണ് മിക്ക പക്ഷി ചിത്രങ്ങളും എടുക്കുന്നത്, അതു പോലെ ഇതിന്റെ ലെൻസുകൾക്കു് നല്ല ഭാരവും നീളവും ഉണ്ടാകും. അതു കൊണ്ട് ഷേക്ക് അബ്ദുള്ള വരാൻ സാധ്യത കൂടുതലാണ് – ആയതിനാൽ ട്രൈപോഡ് അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് മോണോപ്പോഡ് ഇല്ലാതെ പക്ഷികളുടെ പടം പിടിക്കാൻ പോയിട്ട് കാര്യമില്ല. ശ്രദ്ധിക്കുക – സാധരണയായി 1/ഫോക്കൽ ദൂരമാണ് മറ്റു സപ്പോർട്ടില്ലാതെ കൈയിൽ ക്യാമറ പിടിച്ച് ഫോട്ടോ എടുക്കുവാൻ സാധിക്കുന്ന ഷട്ടറ് സ്പീഡ് (ഇത് നിയമവൊന്നുമല്ല – ഒരു പൊതു പറച്ചിൽ). അപ്പോൾ പക്ഷി പിടുത്തത്തിൽ 500 മ്ം ലൊക്കെ പിടിക്കുമ്പൊൾ 1/500 താഴെ ഷേക്കാകാൻ നല്ല സാധ്യതയുണ്ട്.


3. നല്ല് ഫോക്കൽ ലെങ്ത്തുള്ള ലെൻസുകൾ : ലവന്മാരെ അടുത്തു കിട്ടാനുള്ള സാധ്യത അനുസരിച്ചുള്ള ലെൻസുകൾ കരുതണം.


4. ഷൂട്ടിങ്ങിന് തിരഞ്ഞെടുക്കുന്ന സമയം : പക്ഷികൾ നല്ല ഊർജ്ജസ്വലരായിരിക്കുന്ന സമയമാണ് തിരഞ്ഞെടുക്കേണ്ടത് , ആ സമയമാണ് പുതച്ചു കിടന്നുറങ്ങാൻ ഏറ്റവും നല്ലത് – പ്രഭാതത്തിലാകുമ്പൊൾ പ്രകാശത്തിനും നല്ല വ്യതിയാനങ്ങൾ ലഭിക്കും. പ്രഭാതത്തിലെ പ്രകാശത്തിന്റെ മേന്മ ഒരു ഫോട്ടോഗ്രാഫർ തീർച്ച്യായും അറിഞ്ഞിരിക്കേണ്ടതാണ്. അതു പോലെ സായാഹ്നങ്ങളിലെ അവന്മാരുടെ settling time.


5. പിന്നെ കാട്ടിൽ പോകുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ - വസ്ത്രങ്ങൾ


6. റോ മോഡ് – മുൻപു പറഞ്ഞിട്ടുണ്ട്

7. Burst/Contuniuos shooting mode, AF-C focusing mode.


8. ഫോക്കസ്സ് കണ്ണുകളിൽ - പക്ഷിയുടെ മുഖം വ്യക്തമായി കാണുന്ന ഫ്രെയിമാണ് ഉദ്ദേശിക്കുന്നതെങ്കിൽ ഫോക്കസ്സ് കണ്ണുകളിൽ ചെയ്യുക. കണ്ണുകളിലാണ് കാഴ്ച്ചക്കാരന്റെ ആദ്യ ശ്രദ്ധ പതിയുന്നത്.

9. ഫില്ല് ഫ്ലാഷ് : കുറച്ച് ഫ്ലാഷ് കൊടുത്താൻ കണ്ണുകൾക്ക് കൂടുതൽ തിളക്കം കിട്ടുമെന്ന് വായിച്ചിട്ടുണ്ട്

അപ്പു July 22, 2009 at 7:28 PM  

കുട്ടു എഴുതിയ കാര്യങ്ങളോട് യോജിക്കുന്നുവെങ്കിലും കൊക്കിന്റെ തൊട്ടുപിന്നിലുള്ള മുളം കമ്പുകളും ഇലകളും ഒരു തരത്തിലും ഈ ഫ്രെയിമില്‍ ഡിസ്ട്രാക്റ്റിംഗ് ആണെന്ന് എനിക്ക് അഭിപ്രായമില്ല (വ്യക്തിപരമായ അഭിപ്രായമാണ്). അതേസമയം അവയെ ഭംഗിയായ ഒരു പൊസിഷനിലേക്ക് ‘ഒതുക്കുവാന്‍’ ക്രോപ്പിംഗില്‍ സാധിക്കുന്നുമില്ല!. ഫ്രെയിമിന്റെ മുകളറ്റത്തുള്ള വഴി ഡിസ്ട്രാക്ഷനാണ് എന്നത് സമ്മതിക്കുന്നു. കമ്പോസിഷന്റെ ടെക്നിക്കല്‍ പെര്‍ഫെക്ഷനേക്കാള്‍ ഫ്രെയിം ഒറ്റ നോട്ടത്തില്‍ എത്ര നാച്ചുറലാണ് എത്രമാത്രം കാഴ്ചക്ക് പ്ലീസിംഗ് ആണെന്ന് എന്നീ കാര്യങ്ങളീലാണ് എനിക്ക് കൂടുതല്‍ ഇഷ്ടം ഓരോ ഫ്രെയിമിനോടും തോന്നാറുള്ളത്.

കുട്ടു | Kuttu July 22, 2009 at 7:58 PM  

അപ്പുവേട്ടാ,
ഡിസ്റ്റ്ട്രാക്റ്റിങ്ങ് എന്ന് പറഞ്ഞത് ഒരു നെഗറ്റീവ് സെന്‍സില്‍ പറഞ്ഞതല്ല. നമ്മുടെ പ്രധാന സബ്ജക്റ്റ് - കൊക്ക് - അതിന്റെ പ്രാധാന്യം ഒരല്‍പ്പമെങ്കിലും അപഹരിക്കാന്‍ ഇലകള്‍, ചുള്ളികള്‍ തുടങ്ങിയവയ്ക്ക് കഴിയുന്നു എന്ന അര്‍ഥത്തില്‍ എടുത്താല്‍ മതി. അവ അവിടെയില്ലെങ്കിലും ഫോട്ടോയുടെ ഭംഗി കൂടുക എന്നല്ലാതെ ഒരിക്കലും കുറയില്ല.

☮ Kaippally കൈപ്പള്ളി ☢ July 22, 2009 at 8:05 PM  

(Ardea cinerea) Adult Male, probably on migratory route back to Europe.

ചിത്രം വലിയ കുഴപ്പം ഇല്ല. പക്ഷെ ശ്രദ്ദേയമായ ഒന്നും ഇതിൽ ഇല്ല. Grey Heron 90% സമയവും ഇങ്ങനെ തന്നെയാണു നിൽക്കുന്നതു്. അപ്പോൾ ഇതിൽ dramatic ആയി ഒന്നുമില്ല. ഇവൻ ഇങ്ങനെ നില്ക്കുന്നതു് എന്തിനാണെന്നു ശ്രദ്ദിച്ചോ. കുറച്ചുകൂടി കാത്തിരുന്നെങ്കിൽ അതും കാണാമായിരുന്നു. ആവ്ശ്യത്തിലേറെ ഭക്ഷണം ഉള്ള ഇടങ്ങളിൽ മാത്രമെ ഇവൻ ഇങ്ങനെ നിൽക്കാറുള്ളു. ഇവന്റെ പ്രകടനം മീൻ പിടിക്കുമ്പോഴാണു് ഏറ്റവും രസകരം.

500mm lense ഉണ്ടായിട്ട് ഈ ചിത്രം എടുത്തു എന്നു് വായിച്ചപ്പോ തന്നെ ഒരു കാര്യം ഉറപ്പിച്ചു. Camoflage ചെയ്യാതെയാണു താങ്കൾ പക്ഷികളുടെ close-up എടുക്കാൻ ശ്രമിക്കുന്നതു് എന്നു. പണ്ടെങ്ങോ എടുത്ത ചിത്രമാണു് ഇതു്. ഇതെടുക്കുമ്പോൾ ഇവൻ എനിക്ക് സുപരിചിതമായിക്കഴിഞ്ഞിരുന്നു. ഏകദേശം രണ്ടാഴ്ച്ചയോളം ഇവനെ എന്നും ഞാൻ കാണുമായിരുന്നു.

പ്രകൃതിയുമായി ലയിച്ചു് ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കു ചിത്രങ്ങൾ മെച്ചപ്പെടും.

Cheers

അപ്പു July 22, 2009 at 8:57 PM  

കൈപ്പള്ളീ, ഒരു പക്ഷിനീരീക്ഷകന്‍ കം ഫോട്ടോഗ്രാഫറുടെ ഇവിടുത്തെ കമന്റുകള്‍ വളരെ ഉപകാരപ്രദമായി. വളരെ നന്ദി.

ദീപക് രാജ്|Deepak Raj July 22, 2009 at 8:57 PM  

പ്രിയ കൈപ്പള്ളി

മുമ്പൊരിക്കല്‍ കുറേനേരം ചിലവിട്ടിരുന്നു. അന്നുകിട്ടിയ കുറെ ചിത്രങ്ങള്‍ ഇവിടെ കാണാം.

നന്ദി.

(ദീപക് രാജ്)

കുഞ്ഞായി July 23, 2009 at 7:08 PM  

മുകളിലെ റോഡ് ചിത്രത്തില്‍ നിന്നും ഒഴിവാക്കിയാല്‍ കൊള്ളാമെന്ന് തോന്നി..അങ്ങനെ ചെയ്ത് കിട്ടിയ ഒന്നാമത്തെ ചിത്രം നന്നായിട്ടുണ്ട്...
ദീപക്:ഇനിയും ഒരുപിടി നല്ല ചിത്രങ്ങളുമായി ഇവിടെ വരാന്‍ കഴിയട്ടെ...ആശംസകള്‍

Rani Ajay July 24, 2009 at 8:28 PM  

Thanks for this informations..

ഗുപ്തന്‍ July 25, 2009 at 10:36 PM  

എനിക്കിതൊക്ക വളരെ ഈസിയായിട്ട് മനസ്സിലായി. ഞാന്‍ ആരാന്നാ വിചാരം..


ഒരു കാര്യം മാത്രം പിടികിട്ടീല്ല. ഈ അപേര്‍ചര്‍ പ്രയോരിറ്റിയാണ് ഇതിനു നല്ലതെന്ന് പറയുന്നതെന്തുകൊണ്ടാണ് ..എന്റെ ഒരു അനുഭവത്തില്‍ (ശ്യോ..!) ഷട്ടര്‍ പ്രയോരിറ്റിയാണ് നല്ലത്. കൈക്ക് വിറയലുണ്ടെങ്കില്‍ പ്രത്യേകിച്ചും :)

കുട്ടു | Kuttu July 25, 2009 at 11:38 PM  

ഗുപ്തന്‍:
DOF കണ്ട്രോള്‍ ചെയ്യാനാണ് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡ് തിരഞ്ഞെടുക്കുന്നത്. എന്നിട്ട് burst മോഡില്‍ ഇട്ട് ഞെക്കിപ്പിടിച്ചാല്‍ മതി മതി.. ഏതെങ്കിലും ഒന്നെങ്കിലും ശരിക്കും പതിയും

ദീപക് രാജ്|Deepak Raj July 26, 2009 at 1:34 AM  

@ഗുപ്തന്‍

പറക്കുന്ന കിളികളെ ഫോട്ടോ എടുക്കുമ്പോള്‍ (പരന്നിറങ്ങുമ്പോഴും പറക്കാന്‍ തുടങ്ങുമ്പോഴും ഉള്‍പ്പടെ ) ഷട്ടര്‍ പ്രയോരിറ്റി തന്നെവേണം. അല്ലെങ്കില്‍ അതിവേഗത്തില്‍ ചലിക്കുന്ന കിളികളുടെ ഫോട്ടോ എടുക്കാന്‍ കഴിയില്ല (എനിക്ക്.) ഒരിടത്തു സെറ്റ് ആയി ഇരിക്കുമ്പോള്‍ അപ്പര്‍ച്ചര്‍ പ്രയോരിറ്റി മോഡില്‍ DOF കണ്ട്രോള്‍ ചെയ്‌താല്‍ കിളി മാത്രം ഫ്രേമില്‍ വ്യക്തമാക്കി കിട്ടുമല്ലോ. പക്ഷെ ഈ ഫോട്ടോയില്‍ അധികം സാഹചര്യം ഇല്ലായിരുന്നു. ഒരുപക്ഷെ എന്റെ മുടിയും മുഖവും കണ്ടപ്പോള്‍ കിളിക്ക് അടങ്ങി ഇരിക്കാന്‍ അല്പം പേടിയുള്ളതുപോലെ തോന്നി. അതുകൊണ്ട് പെട്ടെന്ന് എടുത്തു.

ഗുപ്തന്‍ July 26, 2009 at 2:06 AM  

ദദാണ്!

പറക്കാത്തകിളിയെ പിടിക്കാന്‍ കാമറയെന്തിന്..അമ്പും വില്ലും പോരേ ?

Thamburu .....Thamburatti July 28, 2009 at 12:31 PM  

ക്ലാസ്സില്‍ ഞാനും ചേരുന്നു .ഫോട്ടോഗ്രാഫി ഇഷ്ടമാണ് പക്ഷെ ഫോട്ടോ എടുക്കുമ്പോള്‍ ഇങനെ ഒന്നും ശ്രദ്ധിക്കണം എന്ന് അറിയില്ല .എനിക്ക് അകെ അറിയാവുന്നതു ഫോട്ടോയുടെ കളര്‍ മാറ്റാന്‍ ആണ് .ഫോട്ടോഷോപ്പ് ഡൌണ്‍ലോഡ് ആക്കി ഇട്ടിട്ടുണ്ട് പക്ഷെ അത് എങനെയാ use ചെയ്യുക എന്ന് അറിയില്ല .എന്തായാലും ഞാന്‍ ഇനി മുതല്‍ ക്ലാസ്സിനുണ്ട് .

jyo August 3, 2009 at 3:53 PM  

Amazing snap.

ഡിജിറ്റൽ ഫോട്ടോഗ്രാഫിയുടെ പിന്നിലെ ടെക്നിക്കൽ കഥകൾ - സന്ദർശിക്കൂ

1. കാഴ്ചക്കിപ്പുറം
2. ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടൽ

Followers

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP